റവ. ജോർജ് വർഗീസ് (ഷാജി കാരയ്ക്കൽ)
കാൽ നൂറ്റാണ്ട് മുൻപ് അമേരിക്കയ്ക്കു മുകളിൽ സൂര്യൻ സാധാരണ പോലെ ഉദിച്ചുയരുന്നേ ഉണ്ടായിരുന്നുള്ള. ഓഫീസ് ജീവനക്കാരും, ഭരണാധിപന്മാരും, നിയമപാലകരുമൊക്കെ ധൃതിയിൽ തങ്ങളുടെ പ്രവർത്തികളിലേക്ക് പ്രവേശിച്ചു തുടങ്ങുന്നു. സ്കൂൾ-കലാശാല വിദ്യാർഥികളും അദ്ധ്യാപകരുമൊക്കെ പഠന പരിപാടികൾ നിർവഹിക്കുന്നു. അന്നത്തെ അമേരിക്കൻ പ്രസിഡൻറ് ജോർജ് ബുഷ് ഫ്ലോറിഡയിൽ സരസോട്ടയിലെ എമ്മ ഇ. ബുക്കർ എലമെൻററി സ്കൂളിലെ അദ്ധ്യാപകരും വിദ്യാർഥികളുമായി സംവദിക്കുകയും പുസ്തക പാരായണം നടത്തുകയും ചെയ്യുമ്പോഴാണ് അമേരിക്കയെ മാത്രമല്ല ലോകത്തെ നടുക്കിയ വാർത്തയെത്തുന്നത് ഭീകര തീവ്രവാദികൾ ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്ററിലും പെന്റഗണിലുമൊക്കെ അക്രമണ പരമ്പര നടത്തിയെന്ന്.
തിരക്കേറിയ അമേരിക്കൻ ഗഗന മണ്ഡലത്തിലെ വ്യോമഗതാഗതം പൂർണ നിശ്ചലതയിലേക്ക്. ലോകം തന്നെ നടുങ്ങിയ ആ ദിവസം—ടെക്സാസിലെ ഹ്യൂസ്റ്റണിൽ ഒരു കൊച്ചു കുഞ്ഞു ജീവന്മരണ പോരാട്ടത്തിലായിരുന്നു. ഘടികാരത്തിന്റെ ഒരോ നിമിഷ ധ്വനിയും മരണത്തിലേക്ക് ആ കുഞ്ഞ് വഴുതുകയാണെന്ന് സ്വന്തക്കാരും ആരോഗ്യ പ്രവർത്തകരുമൊക്കെ കരുതിയിരിക്കുമ്പോഴാണ് എല്ലാ പ്രതീക്ഷകളും കടപുഴക്കി ഈ ദുരന്തവാർത്ത അവരും അറിയുന്നത്. മരണത്തിന്റെയും ജീവിതത്തിന്റെയും ഇടയിൽ ഒരു കുരുന്നിന്റെ ഹൃദയ മിടിപ്പുകൾ തുടർന്നു.
ആറുമാസം പ്രായമുള്ള കരീന ടെക്സസ് ചിൽഡ്രൻസ് ആശുപത്രിയിൽ കരളിന്റെ പ്രവർത്തനം പൂർണമായി നഷ്ടപ്പെടുത്തുന്ന ബിലിയറി അട്രേഷ്യ എന്ന രോഗം ബാധിച്ചു കിടക്കുകയായിരുന്നു. ഡോക്ടർമാർ പറഞ്ഞത് പുതിയൊരു കരൾ കിട്ടിയില്ലെങ്കിൽ 24 മുതൽ 48 മണിക്കൂർ മാത്രമേ അവൾക്ക് ശേഷിക്കുന്നുള്ളൂ എന്നാണ്. അവൾക്കു ജീവിതത്തിലേക്ക് മടങ്ങാനുള്ള ഏക പ്രതീക്ഷ അതു മാത്രമാണെന്നാണ് വിദഗ്ദ്ധ അഭിപപ്രായം।
നൂറുകണക്കിന് മൈൽ അകലെയുള്ള ടെന്നസിയിലെ നാഷ്വില്ലിൽ, മരണത്തിന് കുരുന്നിൽ കരീനയ്ക്ക് അനുയോജ്യമായ ഒരു കരൾ ലഭ്യമായി. സ്വന്തം ദുഃഖത്തിനിടയിലും മറ്റൊരു കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായി ആ കുടുംബം അവയവദാനം ചെയ്യാൻ തീരുമാനിച്ചു. അവളുടെ കരൾ മാത്രമേ അവയവദാനത്തിന് ഉപയുക്തമാകുകയുള്ളൂ എന്നു വിദഗ്ദ്ധർ കണ്ടെത്തിയിരുന്നു. ഏകദേശം ഒരു ചെറുനാരങ്ങയുടെ വലിപ്പത്തിൽ 10 ഔൺസ് മാത്രമുള്ള കരൾ തീരെ ചെറുതായിരുന്നു
സാധാരണ സാഹചര്യമായിരുന്നെങ്കിൽ, ഒരു പ്രത്യേക വിമാനം അത് വേഗത്തിൽ ഹ്യൂസ്റ്റണിലെത്തിച്ചേനേ. പക്ഷേ അന്ന് 2001 സെപ്റ്റംബർ 11 ആയിരുന്നു. ഭീകരാക്രമണങ്ങളെ തുടർന്ന് രാജ്യത്തുടനീളമുള്ള എല്ലാ സാധാരണ വിമാന സർവീസുകളും നിർത്തിവെച്ചിരുന്നു. ആകാശം ശൂന്യമായിരുന്നു. സമയം തീർന്നുകൊണ്ടിരുന്നു.
അടുത്തതായി സംഭവിച്ചത് ഇന്നും ഒരു അത്ഭുതമാണ്
എല്ലാ ജനവിഭാവങ്ങൾക്കിടയിലും, അമേരിക്കയെക്കുറിച്ച്, അതിന്റെ രാഷ്ട്രീയവും നയങ്ങളുമൊക്കെ സംബന്ധിച്ച് അഭിപ്രായ ഭിന്നതകൾ ഏറെയുണ്ട്. എന്നാൽ ഇവിടുത്തെ ജനത ഒരിക്കലും സഹജീവികൾക്ക് അവർ ഏത് വർഗ വർണ ദേശവാസികളായാലും സഹായമെത്തിക്കാൻ ഏതറ്റം വരെ പോകുമെന്നതിന് തെളിവുകളേറെയാണ്. ചില വർഷങ്ങൾക്ക് മുൻപ് ശിരസ് ചേർന്നിരുന്ന ദരിദ്ര കുടുംബത്തിലെ ഫിലിപ്പീൻ ഇരട്ടകുട്ടികളെ വേർപിരിക്കാനുള്ള അതിസങ്കീർണമായ ശസ്ത്രക്രിയ സകല ചിലവുകളും വഹിച്ച് ന്യൂയോർക്കിൽ എനിക്ക് വ്യക്തിപരമായി പരിചയമുള്ള ന്യൂറോസർജന്റെ നേതൃത്വത്തിൽ നടന്നത് ലോകമാദ്ധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. നമ്മുടെ സമൂഹം പലപ്പോഴും ഏറെ പിന്നിലാണെന്നത് ഏറെ ദുഖകരമാണ്. സഹായമെത്തിക്കാൻ ഒരൽപ്പം വ്യക്തിപരമായ അസൌകര്യമുണ്ടായൽ കൈമലർത്തി വേണ്ടി വന്നാൽ ഒരു ക്ഷമാപണത്തിൽ ഒതുക്കി രക്ഷപ്പെടുന്ന മലയാളി മനസ്സിൽ നിന്ന് ഏറെ വ്യത്യസ്തമാണ് അമേരിക്കൻ സന്മനസുകൾ. സ്നേഹിതനല്ല, അനിഷ്ഠമുള്ളവൻ പോലും ഒരു കാതം നടക്കാൻ ആവശ്യപ്പെട്ടാൽ രണ്ടു കാതം നടക്കുക കൈമുതലുള്ള സമൂഹമാണിത്.
ടെന്നസി അവയവദാന സേവന സംഘവും അതിന്റെ ചുമതലക്കാരിയായ ജിൽ ഗ്രാൻഡാസും ആ കരൾ നാഷ്വില്ലിൽ കുടുങ്ങിക്കിടക്കുന്നത് അംഗീകരിച്ചില്ല. അവർ വീണ്ടും വീണ്ടും ഫോൺ ചെയ്തു. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ, ടെന്നസി എയർ നാഷണൽ ഗാർഡ്, മറ്റു പലരും ഒരേയൊരു ലക്ഷ്യത്തോടെ ഒന്നിച്ചു പ്രവർത്തിച്ചു—ഈ കുഞ്ഞിനെ രക്ഷിക്കുക.
അവസാനം അനുമതിയെത്തി, ഒരിക്കലും നടക്കാൻ സാധ്യതയില്ലാത്തവ നടന്നു. 118-ാം എയർലിഫ്റ്റ് വിങ്ങിലെ ഒൻപത് സൈനികർ ടൺ കണക്കിന് ഭാരം വഹിക്കാൻ നിർമിതമായ വലിപ്പമുള്ള C-130 ഹെർക്കുലീസ് വിമാനത്തിൽ കയറി. ആ വലിയ ചരക്കുവിമാനത്തിൽ അന്ന് വഹിച്ചത് —ഐസിൽ സൂക്ഷിച്ചിരുന്ന ആ വിലപ്പെട്ട 10 ഔൺസ് കരളായിരുന്നു.
രാജ്യം മുഴുവൻ കനത്ത ജാഗ്രതയിലായിരുന്ന സമയത്ത് നിയന്ത്രിത വ്യോമപരിധിയിലൂടെ അവർ പറന്നു. ഹ്യൂസ്റ്റണിൽ ഇറങ്ങിയ ഉടൻ, ഒരു നിമിഷം പോലും പാഴാകാതിരിക്കാനായി വിമാനത്തിന്റെ എഞ്ചിൻ ഓഫ് ചെയ്യാതെയായിരുന്നു അവർ കരൾ കൈമാറിയത്. അവിടെനിന്ന് ഒരു ആംബുലൻസ് അത് ടെക്സസ് ചിൽഡ്രൻസ് ആശുപത്രിയിലേക്ക് അതിവേഗം എത്തിച്ചു. ഡോ. ജോൺ ഗോസും സംഘവും ശസ്ത്രക്രിയയ്ക്കായി തയ്യാറായി കാത്തുനിന്നിരുന്നു.
കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയിച്ചു.
ഇരുപത്തഞ്ച് വർഷങ്ങൾക്കുശേഷം, കരീന ഇപ്പോൾ നിയമം പഠിക്കുന്ന ആരോഗ്യവതിയായ ഒരു യുവതിയാണ്. ജീവിതം നിറഞ്ഞുനിൽക്കുന്ന അവൾ, തന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ച ആളുകളെ കണ്ടുമുട്ടിയിട്ടുണ്ട്—ഡോ. ഗോസിനെയും അന്നേ ദിവസം ഇത്രയും ശക്തമായി പോരാടിയ അവയവദാന സംഘത്തിന് നേതൃത്വം നല്കിയ ജിൽ ഗ്രാൻഡാസും ഉൾപ്പെടെ അനേകരെ.
അപരിചിതരായ ചിലർ ഇരുട്ടിന് ജയിക്കാൻ അവസരം നൽകാതെ നിന്ന കഥ അവൾക്കറിയാം.
രാജ്യം മുഴുവൻ ദുഃഖത്തിലും ആശയക്കുഴപ്പത്തിലും മുങ്ങിയിരുന്ന ആ സമയത്തും ചിലർ പ്രതീക്ഷ തിരഞ്ഞെടുക്കുകയായിരുന്നു. ദുഃഖത്തിലായിരുന്ന ഒരു കുടുംബം ജീവന്റെ തുടിപ്പുകൾ ദാനം ചെയ്തു. ഒരു സൈനികസംഘം പറന്നു. ഡോക്ടർമാർ ശസ്ത്രക്രിയ നടത്തി. ഒരു കുഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചുവന്നു.
അതെ, അത്ഭുതങ്ങൾ സംഭവിക്കും—ഏറ്റവും കഠിനമായ ദിവസങ്ങളിലും. ചിലപ്പോൾ അവ ഏറ്റവും ചെറിയ പായ്ക്കേജിലാണ് എത്തുന്നത്; എന്നാൽ അവയെ കൊണ്ടുവരുന്നത് ലോകത്തിലെ ഏറ്റവും വലിയ മനസ്സുകളായിരിക്കും

