ബി ജോൺ വടക്കേപറമ്പിൽ തോണിയാമല
മാധ്യമങ്ങൾക്ക് എന്തും, എവിടെയും, എങ്ങനെയും ആകാം എന്നൊരു മനോഭാവം വളർന്നുവരുന്നുണ്ട്! മാധ്യമങ്ങളുടെ ഇത്തരം തെറ്റായ പ്രവണതകൾ മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
മുഖ്യമന്ത്രിയോ മന്ത്രിമാരോ ജനസേവന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമ്പോൾ, അവരെ ശല്യപ്പെടുത്തുന്നതോ അവരുടെ പ്രവർത്തനങ്ങൾക്ക് തടസ്സമാകുന്നതോ ആയ രീതിയിലുള്ള മാധ്യമ ഇടപെടലുകൾ ഒഴിവാക്കുക. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഇത്തരം അനാവശ്യ മാധ്യമ ഇടപെടലുകൾക്ക്ക് എതിരെ ജനങ്ങൾ പ്രതികരിച്ചു തുടങ്ങി.
പ്രത്യേകിച്ച് ന്യൂജൻ തലമുറയുടെ വലിയൊരു വിഭാഗം ഇന്ന് പരമ്പരാഗത ദൃശ്യ-പത്ര മാധ്യമങ്ങളെ ഒന്നും ആശ്രയിക്കുന്നില്ല, ശ്രദ്ധിക്കുന്നു പോലുമില്ല. “കൊക്രോച്ച് പാർട്ടി” ഐക്യപ്പെട്ടതുപോലെ, ജനങ്ങൾ കൂട്ടായി തീരുമാനിച്ചാൽ സകല ദൃശ്യ-പത്ര മാധ്യമങ്ങളെയും ബഹിഷ്കരിക്കാനും അവഗണിക്കാനും കഴിയും.
മാധ്യമങ്ങളുടെ അനാവശ്യമായ കടന്നുകയറ്റം മൂലം സാധാരണക്കാരായ പലരുടെയും പ്രതീക്ഷകളും അവകാശങ്ങളും പോലും തടസ്സപ്പെടുന്ന സാഹചര്യങ്ങൾ ഉണ്ടാകുന്നുവെന്ന വിമർശനം ഗൗരവമായി പരിഗണിക്കേണ്ടതാണ്.
മാധ്യമ പ്രവർത്തനത്തിന്റെ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനൊപ്പം, ഭരണപ്രവർത്തനങ്ങൾ തടസ്സപ്പെടാത്ത തരത്തിൽ ആവശ്യമായ മാർഗനിർദ്ദേശങ്ങൾ നൽകുന്നതിനെക്കുറിച്ച് മനുഷ്യാവകാശ കമ്മീഷനും കോടതികളും പരിഗണിക്കേണ്ടതുണ്ട്.
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും മറ്റും മാധ്യമങ്ങളെ കാണുന്നതിനായി പ്രത്യേക സമയവും സംവിധാനവും നിശ്ചയിക്കുക. ആ സമയത്തു മാത്രമേ അവർക്കു അതിന് അവകാശമുള്ളൂ. അടിയന്തര സാഹചര്യം വന്നാൽ പ്രത്യേകം വിളിക്കുക. അല്ലങ്കിൽ ബന്ധപ്പെട്ട ഓഫീസുകളിൽ നിന്നും പ്രിന്റഡ് പത്രകുറിപ്പ് നൽകുക.
ജനങ്ങളാണ് ജനപ്രതിനിധികളെ തിരഞ്ഞെടുക്കുന്നത്. മുൻപ് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ പ്രവർത്തനങ്ങളിൽ തൃപ്തരാകാതെ വന്നപ്പോൾ ജനങ്ങൾ പുതിയ ആളുകളെ തിരഞ്ഞെടുത്തു. പുതിയ ജനപ്രതിനിധികളുടെ പ്രവർത്തനങ്ങളും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതായി തോന്നിയാൽ, അതിന്റെ മറുപടി ജനങ്ങൾ അടുത്ത തിരഞ്ഞെടുപ്പിൽ അതിനു മറുപടി നൽകും.
അത്രയേ ഉള്ളൂ!!
ജനാധിപത്യത്തിൽ മാധ്യമങ്ങൾക്ക് നിർണായകമായ ഒരു സ്ഥാനമുണ്ട്. എന്നാൽ മാധ്യമ സ്വാതന്ത്ര്യം എന്നത് ജനപ്രതിനിധികളുടെ പ്രവർത്തന സ്വാതന്ത്ര്യത്തെ അനാവശ്യമായി തടസ്സപ്പെടുത്താനുള്ള അവകാശമല്ല.
വാർത്തകൾ റിപ്പോർട്ട് ചെയ്യട്ടെ. ചോദ്യങ്ങൾ ചോദിക്കട്ടെ. തെറ്റുകൾ ചൂണ്ടിക്കാണിക്കട്ടെ. എന്നാൽ അനാവശ്യമായ കുത്തിത്തിരിപ്പുകളും കടന്നുകയറ്റങ്ങളും ഒഴിവാക്കേണ്ടതുണ്ട്.
കാരണം, ജനപ്രതിനിധികളും മനുഷ്യരാണ്.
അവർക്കും അവരുടെ ഉത്തരവാദിത്തങ്ങൾ നിർവഹിക്കാൻ ആവശ്യമായ മര്യാദയും പ്രവർത്തനസ്വാതന്ത്ര്യവും ലഭിക്കേണ്ടതുണ്ട്.
ഒരു സർക്കാർ അധികാരത്തിൽ എത്തിയിട്ട് അധികം നാളുകൾ ആയില്ല. എങ്ങനെയെങ്കിലും ഭരണത്തിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും സർക്കാരിനെ താഴെയിറക്കുകയും ചെയ്യുക എന്ന കുബുദ്ധിയുള്ള ചില അധികാരമോഹികൾ സ്വന്തം പാർട്ടിയിൽ തന്നെയുണ്ടെന്ന ചർച്ചകളും ഉയരുന്നുണ്ട്.
അധികാരത്തിനായുള്ള ആഗ്രഹം കൊണ്ട് ഉറക്കം നഷ്ടപ്പെട്ടിരിക്കുന്ന ഇത്തരം ചിലർ, ഇനി ഇതേ രീതിയിൽ മാധ്യമങ്ങളെ ഉപയോഗിച്ച് സർക്കാരിനെതിരെ ആസൂത്രിതമായ നീക്കങ്ങൾ നടത്താൻ ശ്രമിക്കുകയാണോ എന്നൊരു ചിന്തയും ജനങ്ങളിൽ ചിന്തിക്കുന്നു.

