മാത്യൂ ചെമ്പുകണ്ടത്തിൽ
മൂന്നാം ദിനവൃത്താന്തം അധ്യായം 1
♦️ ഹമ്മാസിന്റെ അതിക്രമവും
മഹാസംഹാരവും
- അക്കാലത്ത് യിസ്രായേലിൽ ഭരണം നടത്തിയിരുന്ന ബെന്യാമീൻ നെതന്യാഹുവിന്റെ മൂന്നാം വാഴ്ചയുടെ പതിനഞ്ചാം ആണ്ടിൽ, കിഴക്കൻ ദേശങ്ങളിലെ ഗസ്സയിൽ പാർത്തുവന്ന ഹമ്മാസ് എന്ന അക്രമിസംഘം തങ്ങളുടെ ഹൃദയങ്ങളിൽ വൈര്യം നിറച്ച്, യിസ്രായേലിന്റെ ദേശത്തേക്ക് അതിക്രമിച്ചു കയറുവാൻ തുനിഞ്ഞു.
- കിഴക്ക് ജോർദ്ദാൻ മുതൽ പടിഞ്ഞാറ് കടൽ വരെയുള്ള ദേശങ്ങളിൽ നിന്ന് യിസ്രായേൽ മക്കളെ തുരുത്തിയോടിക്കാൻ അവർ തക്കം പാർത്തിരിക്കുന്നതറിഞ്ഞിട്ടും യിസ്രായേൽമക്കൾ ആലസ്യത്തിൽ മുഴുകിയിരിക്കുന്നതായി ഹമ്മാസിന് അറിവ്വുകിട്ടി.
- അവർ ഗസ്സ താഴ്വരയിൽ തക്കം പാർത്ത് ഒളിവിലിരുന്നപ്പോൾ, തങ്ങളുടെ നേതാവായ സിൻവാറിന്റെ ദുഷ്ടവാക്കുകൾ കേട്ടു. പത്താം മാസം, ഏഴാം ദിവസം, ശബത്തിന്റെ വിശുദ്ധി കളങ്കപ്പെടുത്തി, മഹാഘോഷത്തോടെ ഹമ്മാസുകാർ യസ്രായേല്യരുടെ അതിർത്തി ഭേദിച്ചെത്തി.
- അവർ ഊക്കോടെ കടന്നുവന്ന്, യുദ്ധത്താലും ക്രൂരതയാലും ആയിരത്തി ഇരുനൂറോളം യിസ്രായേൽ മക്കളെ വാളിൻ്റെ വായ്ത്തലയിൽ വീഴ്ത്തി. ഇരുനൂറ്റമ്പതോളം ഭടന്മാരെയും സ്ത്രീകളെയും ശിശുക്കളെയും ബലമായി പിടിച്ചുകൊണ്ടുപോയി, അവരെ തടവുകാരാക്കി ഗസ്സയിലേക്ക് കൊണ്ടുപോയി.
- കുറേപ്പേർ മരുഭൂമിയിൽ ചൂരച്ചെടുകൾക്കു പിന്നിലൊളിച്ചു. അവരാണ് ഇക്കാര്യം സകലരോടും വിളിച്ചു പറഞ്ഞത്. തടവിലാക്കപ്പെട്ടവരിൽ പലർക്കും അപ്പവും വെള്ളവും തടഞ്ഞു. അവരിൽ പലരും പട്ടിണിയിൽ വയറ് മുതുകിൽ ഒട്ടി മരിച്ചു. യിസ്രായേൽ മക്കളുടെ പുതിയ തലമുറകളോ അവരുടെ പിതാക്കന്മാരോ ഇത്ര വലിയ സംഹാരം ഇന്നു വരെ കണ്ടിട്ടില്ലെന്ന വർത്തമാനം നാട്ടിലെങ്ങും ഉയർന്നു.
- അസംഖ്യം ജനങ്ങളുടെ സംഹാരത്തിൽ, യിസ്രായേൽ ദേശമാകെ വലിയൊരു വിലാപം ഉണ്ടായി. ജനങ്ങൾ തങ്ങളുടെ ഭവനങ്ങളിൽ തലമുടി പിച്ചിപ്പറിച്ചും തെരുവുകളിൽ വിലാപവും പൊഴിച്ചു. യുവാക്കളും യുവതികളും നിലത്തു നിന്നും പൂഴി വാരിയെടുത്ത് തലയിലിട്ട് അലമുറയിട്ടു. ജനമെല്ലാം ചാരം പുതച്ച് ചാക്കുവസ്ത്രം ധരിച്ചും കൊണ്ട് തങ്ങളുടെ ദൈവമായ യഹോവയുടെ മുമ്പാകെ വലിയ നിലവിളി കഴിച്ചു.
- രാജാവായ ബെന്യാമീൻ ഈ ക്രൂരത കണ്ടപ്പോൾ അവന്നു സഹിച്ചില്ല, അവൻ തന്റെ വസ്ത്രം കീറി, കണ്ണുകൾ ജ്വലിച്ചു, ചുണ്ടുകൾ വിറച്ചു. അവൻ തന്റെ സൈന്യാധിപന്മാരോടു കൽപ്പിച്ചു: “നമ്മുടെ ദേശത്തിനു നേരേ ഈ ദുഷ്ടത ചെയ്ത ഹമ്മാസ് ഗോത്രത്തോട് നിങ്ങൾ പ്രതികാരം ചെയ്യുവിൻ. ആ ദുഷ്ടരെ രക്തപ്രതികാരത്തോടെ പാതാളത്തിലേക്കു തള്ളുവിൻ, അവർ ബലമായി പിടിച്ചുകൊണ്ടുപോയവരെ മടക്കിക്കൊണ്ടുവരിക, ഇനി പ്രതികാരത്തിൻ്റെ നാളുകൾ”
- അവൻ മൊസ്സാദ് എന്ന പതിയിരുപ്പുകാരും ഒറ്റുകാരുമായവരുടെ സംഘത്തെ ശത്രുദേശങ്ങളിലേക്കയച്ചു. അവരുടെ നീക്കങ്ങൾ അജ്ഞാതമായിരുന്നു. മുഖ്യദൂതനായ മിഖായേലിൻ്റെ തുണ അവർക്കു കിട്ടിക്കാണുമെന്ന് സകലരും കരുതി. ശത്രുവിൻ്റെ ഒളിയിടങ്ങൾ സമയാസമയം അവർ ബെന്യാമീനെ അറിയിച്ചുകൊണ്ടിരുന്നു.
- അനന്തരം, ഗസ്സയുടെ ആകാശത്തേക്കു തീപ്പന്തങ്ങൾ പറന്നിറങ്ങി. ആകാശത്തോളം ഉയർന്നിരുന്ന ഭവനങ്ങളും നിർമ്മിതികളും തകർത്തു ചാമ്പലാക്കി. ജനങ്ങൾ ഭയവിഹ്വലരായി നാനാദിക്കിലേക്കും ചിതറിയോടി. കല്ലിന്മേൽ കല്ലു ശേഷിക്കാതെ ഗസ്സയെ യിസ്രായേൽ മക്കൾ മുടിച്ചു.
- പ്രവാചകന്മാർ അരുളിച്ചെയ്ത പ്രകാരം, ഗസ്സ എന്ന താഴ്വര മുഴുവൻ യുദ്ധത്താൽ ചാരക്കൂമ്പാരമായി ഭവിച്ചു. നഗരങ്ങൾ തകർന്നു. പാതകൾ ശൂന്യമായി, തെരുവുകളിൽ ഭക്ഷണത്തിനുവേണ്ടിയുള്ള ദീനവിലാപം മുഴങ്ങി.
- അനന്തരം, യിസ്രായേല്യർ തങ്ങളുടെ വാളുകൾ ഉറയിൽനിന്നെടുത്തു. അവർ ഹമ്മാസ് ഗോത്രക്കാർ ഒളിച്ചിരുന്ന ഗസ്സയുടെ താഴ്വരയിലേക്ക് അതിശക്തമായി പ്രവേശിച്ചു. മണ്ണിനടിയിൽ മാളങ്ങളിൽ കഴിഞ്ഞിരുന്ന ഒളിയുദ്ധമുറ അഭ്യസിച്ച അഭ്യാസികളിൽ ഏറെയും വാളിനും കുന്തത്തിനും ഇരയായി.
- ആ യുദ്ധത്തിന്റെ അന്ത്യത്തിൽ, ഹമാസ് ഗോത്രത്തിന്റെ നേതാവായ സിൻവാറിനെ യിസ്രായേല്യർ കണ്ടെത്തി. അവന്റെ നാളുകൾ തികഞ്ഞിരുന്നു. അവൻ അവിടെ സംഹരിക്കപ്പെട്ടു. അവൻ്റെ അകമ്പടി നായകരും പിൻഗാമികളും കൊല്ലപ്പെട്ടു. അവന്റെ അന്ത്യം കണ്ടപ്പോൾ, യിസ്രായേല്യർക്ക് നേരിയ ആശ്വാസം ലഭിച്ചു.
അധ്യായം 2
♦️വടക്കൻ മലകളിലെ ഇസ്ബുള്ളയുടെ
കോപവും പേർഷ്യൻ ശിങ്കിടികളുടെ സർവ്വനാശവും
- യിസ്രായേൽ സൈന്യം തെക്കുവശത്ത് ഹമാസ് ഗോത്രത്തോട് യുദ്ധം ചെയ്തുകൊണ്ടിരിക്കുമ്പോൾ, വടക്കൻ അതിർത്തിയിൽനിന്നും ലെബനോൻ ദേശത്തെ ദേവദാരു മരങ്ങൾ സ്ഥിതി ചെയ്യുന്ന മലകളിൽനിന്നും മറ്റൊരു വലിയ കോപം യിസ്രായേൽ മക്കൾക്കു നേരേ ഉണർന്നു.
- പേർഷ്യൻ രാജാവിന്റെ (ഇറാൻ) കൽപ്പനകൾ അനുസരിച്ചുവന്ന ഇസ്ബുള്ള എന്ന ദുഷ്ടശക്തി യിസ്രായേലിലേക്കു അതിക്രമിച്ചു കയറാൻ പതിയിരുന്നു. അവരുടെ നേതാവായ നസറുള്ള കൽപ്പിച്ചു: യിസ്രായേല്യരെ ഇരുഭാഗത്തുനിന്നും ആക്രമിക്കുവിൻ. അവരുടെ ഭവനങ്ങളെ തകർത്തു കൽക്കൂമ്പാരമാക്കുവിൻ, ജോർദ്ദാൻ നദി മുതൽ ജൂതനെ ഓടിച്ച് കടലിൽ ചാടിക്കുവിൻ. അവരുടെ സ്ത്രീകളെയും കന്യകകളെയും കുട്ടികളെയും അടിമകളാക്കി ലെബനോനിലേക്കു കൊണ്ടുവരുവിൻ. പ്രയപൂർത്തിയായ പുരുഷന്മാരെ വാളിൻ്റെ വായ്ത്തലയാലും കുന്തമുനകളാലും ഒടുക്കിക്കളയുവിൻ. ജൂതനെ ഇല്ലാതാക്കാൻ ഇതിലേറെ നല്ലൊരു കാലം വന്നണയില്ലല്ലോ.
- ഇതറിഞ്ഞ് ബെന്യാമീൻ്റെ കോപം ആളിക്കത്തി. അവൻ ഇസ്ബുള്ളയെ വിരോധിക്കാൻ പതിയിരുപ്പുകാരോടു കൽപ്പിച്ചു. ഇസ്ബുള്ള അവരുടെ നാശത്തിനായി വിനാശകരമായ ആയുധങ്ങൾ സംഭരിച്ചുവെച്ചിരുന്നതിനാൽ, തങ്ങളുടെ കൈകളാൽ തന്നെ അവർ തകർക്കപ്പെട്ടു. അവരുടെ ഇരിപ്പിടങ്ങൾക്കും ആസനങ്ങൾക്കും താഴെ സംഭരണം ചെയ്ത സ്ഫോടകങ്ങൾ പൊട്ടിത്തെറിച്ച്, കടിപ്രദേശം തകർന്ന് അനേകർ നശിച്ചു.
- ഇസ്ബുള്ളക്കാർ യിസ്രായേലിൻ്റെ വടക്കൻ നഗരങ്ങളിലേക്ക് അഗ്നിജ്വാലകൾ അയയ്ക്കുകയും യിസ്രായേൽ ജനതയുടെ സമാധാനം കെടുത്തുകയും ചെയ്തു. ഇസ്ബുള്ള അയച്ച ആഗ്നേയാസ്ത്രങ്ങളെ യിസ്രായേൽ യോദ്ധാക്കൾ ഇരുമ്പുമറ തയ്യാറാക്കി മാനത്തുവച്ചുതന്നെ വീര്യം കെടുത്തി ചാരമാക്കി.
- എന്നാൽ, യിസ്രായേൽ സൈന്യം ശക്തിയോടെ വടക്കോട്ടു തിരിഞ്ഞു. അവർ ഇസ്ബുള്ളയുടെ നേതാവായ നസറുള്ളയെ അവന്റെ ഒളിയിടത്തിൽ കണ്ടെത്തി. അവൻ ദൈവത്തിന്റെ യിസ്രായേലിനെതിരെ കൈയുയർത്തിയതിനാൽ, അവന്റെ അന്ത്യം അടുത്തു എന്ന് അവർ അറിഞ്ഞു. അവൻ്റെ ഇരിപ്പിടത്തിനു മുകളിലേക്ക് ആകാശത്തു നിന്നും ഉഗ്രശബ്ദത്തോടെ കന്മഴയും തീമഴയും പെയ്തു. അവനും കിങ്കരന്മാരിൽ കുറേപ്പേരും പട്ടടയിലമർന്നു. ഇസ്ബുള്ളയുടെ നാശം സർവ്വലോകത്തും ഞെട്ടലുണ്ടാക്കി. എങ്ങും യിസ്രായേൽ മക്കളോടു വലിയ ഭീതി പരന്നു.
- യിസ്രായേൽ നാലു ദിക്കിൽ നിന്നും ആക്രമിക്കപ്പെടുമ്പോഴും ശലോമോൻ രാജാവിൻ്റെ ഉത്തമഗീതത്തിൽ എഴുതിയതുപോലെ, യിസ്രായേൽ മക്കളിൽ യുദ്ധമുഖത്ത് നിലയുറപ്പിക്കാത്തവരും യുദ്ധം അഭ്യസിക്കാത്തവരും മലയിടുക്കുകളിൽ മാൻപേടയെന്നപോലെ
യഹോവയുടെ സന്നിധിയിൽ
അഭയം തേടി. - ലെബനോൻ താഴ്വരയിൽ നസറുള്ള സംഹരിക്കപ്പെട്ടതോടെ അവന്റെ സൈന്യം ചിതറിപ്പോകുകയും, ലെബനോൻ മലകൾ ശാന്തമാകുകയും ചെയ്തു. അങ്ങനെ യിസ്രായേലിന്റെ വടക്കൻ അതിർത്തിയിൽ സമാധാനം പുനഃസ്ഥാപിക്കപ്പെട്ടു.
- ഇതേസമയം, പേർഷ്യൻ രാജാവിനുവേണ്ടി വനങ്ങളിലും മലകളിലും പ്രവർത്തിച്ചുവന്ന അവന്റെ കുറെ ശിങ്കിടികളും കൂട്ടാളികളും ഒരുമിച്ചുകൂടി. എന്നാൽ, അവരുടെ രഹസ്യസ്ഥലങ്ങൾ ആകാശത്തുനിന്നു അഗ്നിയിക്കി യിസ്രായേൽ മക്കൾ തകർത്തു.
- ഈ കാലത്ത് ദമ്മേശേക്ക് തലസ്ഥാനമായിട്ടുള്ള സിറിയ എന്ന പുരാതന രാജ്യത്തിന്റെ ഭരണാധികാരി ആസാദ് പേർഷ്യൻ രാജാവിനെ പിന്തുണച്ചതിനാൽ ബെന്യാമീൻ്റെ തന്ത്രങ്ങളിൽ അവൻ വീണു. അൻ്റെ ജനം അവനെതിരേ തിരിഞ്ഞു, അവന് രാജ്യം നഷ്ടമായി. അവൻ തന്റെ സിംഹാസനത്തിൽനിന്ന് താഴെ വീണു. അന്തഃപുരങ്ങളിൽ അലമുറയുയർന്നു. അവൻ കുടുംബത്തോടൊപ്പം മാഗോഗ് ദേശത്ത് അഭയംതേടി.
- യിസ്രായേലിന്റെ പഴയ പ്രവാചകന്മാർ അരുളിച്ചെയ്തതുപോലെ, ദമ്മേശേക്ക് എന്ന പുരാതന നഗരം നാശത്തിൽ അകപ്പെട്ടു. അത് തരിശുനിലവും കെട്ടിടങ്ങൾ ചാരക്കൂമ്പാരവുമായി ഭവിച്ചു. അതിന്റെ സൗന്ദര്യവും ശക്തിയും എന്നെന്നേക്കുമായി നഷ്ടപ്പെട്ടു.
അധ്യായം 3
♦️പേർഷ്യൻ ശക്തികളുടെയും
ഹൂത്തികളുടെയും അന്ത്യവും
മഹായുദ്ധത്തിൻ്റെ ഒടുക്കവും
- വടക്കും തെക്കുമുള്ള ശത്രുക്കൾ ക്ഷയിച്ചുതുടങ്ങിയപ്പോൾ, ചെങ്കടലിലൂടെ കിഴക്ക് പടിഞ്ഞാറ് നാടുകളിലേക്കു പോകുന്ന കപ്പലുകളെ ആക്രമിച്ചിരുന്ന, ദക്ഷിണ ദേശമായ യമനിൽ വസിച്ചിരുന്ന ഹൂതി ഗോത്രത്തിന്റെമേൽ യിസ്രായേലിന്റെ കോപം ജ്വലിച്ചു. അവർ തക്കം വരുമ്പോൾ യിസ്രായേൽ മക്കൾക്കു നേരേ തീപ്പന്തങ്ങൾ എറിഞ്ഞു കൊണ്ടിരുന്നു.
- അവരും പേർഷ്യൻ രാജാവിനുവേണ്ടി പ്രവർത്തിച്ചുകൊണ്ട്, കച്ചവട കപ്പലുകൾക്ക് ഭീഷണി മുഴക്കി. ഓരോ ദിക്കിലേക്കും കടൽ യാത്ര പോയിരുന്ന മാലൂമികൾ കരഞ്ഞും മാറത്തടിച്ചും ഈ വൈതരിണി നേരിട്ട് തളർന്നു. അപ്പോൾ, പടിഞ്ഞാറൻ ദേശങ്ങളിലെ കപ്പൽപടയും ഉണർന്നു, അവർ പടക്കോപ്പുകളണിഞ്ഞു. അവർ ചെങ്കടലിലേക്ക് യുദ്ധക്കപ്പലുകൾ അയയ്ക്കുകയും, ഹൂത്തികൾ അയച്ച അഗ്നിയസ്ത്രങ്ങളെ ആകാശത്തുവെച്ച് തകർക്കുകയും ചെയ്തു.
- അനന്തരം, ഹൂതികളുടെ ശക്തി തകരുകയും, ചെങ്കടലിലൂടെയുള്ള കച്ചവടമാർഗ്ഗം വീണ്ടും തുറക്കപ്പെടുകയും ചെയ്തു. ലോകമെമ്പാടുമുള്ള മാലൂമികൾ ആശ്വാസത്തോടെ യിസ്രായേലിൻ്റെ ദൈവത്തിനു നന്ദി പറഞ്ഞു.
- പിന്നീട്, മഹാശക്തിയായിരുന്ന പേർഷ്യൻ രാജാവിന്റെ (ഇറാൻ)മേൽ യുദ്ധം ചെയ്യാനുള്ള സമയം ആഗതമായി. യിസ്രായേല്യരും, പടിഞ്ഞാറൻ ദേശങ്ങളിലെ സൈന്യങ്ങളും പേർഷ്യയുടെ രഹസ്യകേന്ദ്രങ്ങളെയും, അവരുടെ അണുശക്തി കൂടാരങ്ങളെയും ആയുധപ്പുരകളെയും ആക്രമിച്ചു തകർത്തു കളഞ്ഞു.
- പേർഷ്യൻ സാമ്രാജ്യത്തിൽ വലിയൊരു അന്തചരിദ്രം ഉണ്ടായി. ജനങ്ങൾ തന്നെ തങ്ങളുടെ രാജാവിനെതിരെ തിരിഞ്ഞു. ആ ദേശം മുഴുവൻ കലാപവും ആഭ്യന്തരകലഹവും ഉണ്ടായി.
- യിസ്രായേലിന്റെ ശത്രുക്കളും കിരാതന്മാരുമായ ഹമ്മാസുകാർക്കും ഇസബുള്ളക്കും ഹൂത്തികൾക്കും സഹായം നൽകിയിരുന്ന പേർഷ്യൻ ശക്തി ഇതോടെ ക്ഷയിച്ചു പോയി. അതിന്റെ അധികാരക്കൊടി അവിടെനിന്നും നീങ്ങിപ്പോയി.
- ഈ നാളുകളിൽ, യാങ്കികളുടെ ദേശത്തിന്റെ ഭരണസിംഹാസനം മാറിമറിഞ്ഞ് ട്രംപു എന്ന അധികാരി വീണ്ടും അധികാരത്തിൽ തിരിച്ചു വന്നു. അവൻ യെഹൂദാഗോത്രത്തോട് തനിക്ക് വലിയ പ്രസാദമുണ്ട് എന്ന് പ്രസ്താവിക്കുകയും അവർക്ക് തണലേകുകയും ചെയ്തു. അവൻ്റെ മുൻഗാമികൾ തടഞ്ഞുവച്ച ആയുധങ്ങൾ അവൻ യിസ്രായേലിന്നു അയച്ചു കൊടുത്തു.
- ട്രംപുവിന്റെയും ബെന്യാമീൻ രാജാവിന്റെയും ആലോചന പ്രകാരം, രണ്ടായിരത്തി ഇരുപത്തിയഞ്ചാം ആണ്ടിൽ, പത്താം മാസം, ഏഴാം ദിവസം സന്ധ്യയോടെ, ഈ മഹായുദ്ധത്തിന് വിരാമം കുറിച്ചു.
- അങ്ങനെ, യിസ്രായേല്യരുടെ കൈകൾ ശക്തി പ്രാപിച്ചു. അവർ തങ്ങളുടെ ശത്രുക്കളിൽനിന്നും വിമോചിതരായതിൽ ആശ്വസിച്ചു. രണ്ടു കൊല്ലങ്ങൾ കൊണ്ട് യിസ്രായേൽ മക്കൾ ശത്രുക്കൾക്കു മേൽ വലിയൊരു സംഹാരം നടത്തി വിജയം ആഘോഷിച്ചു.
- മുഖ്യദൂതനായ മീഖായേൽ ദൈവത്തിൻ്റെ യിസ്രായേലിനു മുൻപടയും പിൻപടയുമായി നിലയുറപ്പിച്ചത് സകലരും കണ്ടു. ഈ സംഭവങ്ങളെല്ലാം, അന്നുമുതൽ ലോകാവസാനം വരെയുള്ള യിസ്രായേല്യരുടെ ദിനവൃത്താന്തപുസ്തകത്തിലും രാജാക്കന്മാരുടെയും വീരൻമാരുടെയും പുസ്തകങ്ങളിലും എഴുതപ്പെട്ടിരിക്കുന്നു.

