യാങ്കൂൺ: ആഭ്യന്തര സംഘർഷം രൂക്ഷമായ മ്യാൻമറിലെ കച്ചിൻ പ്രവിശ്യയിൽ ക്രൈസ്തവ ആരാധനാലയങ്ങൾ സൈനിക ആവശ്യങ്ങൾക്കായി ഭരണകൂട അനുകൂല സായുധ സംഘങ്ങൾ ദുരുപയോഗം ചെയ്യുന്നതായി മനുഷ്യാവകാശ സംഘടനകളുടെ റിപ്പോർട്ട്. മ്യാൻമർ സൈനിക ഭരണകൂടത്തിന് കീഴിലുള്ള ഷാനി നാഷ്ണാലിറ്റീസ് ആർമി (SNA) ഉൾപ്പെടെയുള്ള സായുധ വിഭാഗങ്ങൾ ക്രൈസ്തവ ആരാധനാലയങ്ങള്‍ താവളങ്ങളാക്കുകയും സൈനിക പരിശീലന കേന്ദ്രങ്ങളാക്കി മാറ്റുകയും ചെയ്യുന്നതായി യു.എസ് ആസ്ഥാനമായുള്ള ‘ബർമ്മ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്’ (BRI) സ്ഥിരീകരിച്ചു.
എസ്എൻഎ (SNA)-യും ബർമീസ് സൈന്യവും ചേർന്നുള്ള സംയുക്ത സേന സെന്റ് ജോസഫ് കത്തോലിക്ക പള്ളി പരിസരം കൈവശപ്പെടുത്തിയിട്ടുണ്ടെന്ന് ക്രൈസ്തവ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. ബാപ്റ്റിസ്റ്റ് പള്ളി സൈനിക പരിശീലന കേന്ദ്രമായി ഉപയോഗിക്കുന്നതായുള്ള റിപ്പോര്‍ട്ടും പുറത്തു വന്നിട്ടുണ്ട്. ഇവിടെ ആറോളം ബാച്ച് റിക്രൂട്ടുകൾക്ക് സൈനിക പരിശീലനം നൽകി.
ക്രിസ്ത്യൻ ഭൂരിപക്ഷ മേഖലയായ കച്ചിൻ സംസ്ഥാനത്ത് ന്യൂനപക്ഷ ആരാധനാലയങ്ങളെ ലക്ഷ്യമിട്ട് നടക്കുന്ന തുടർച്ചയായ ആക്രമണങ്ങളുടെയും കൈയേറ്റങ്ങളുടെയും ഭാഗമാണിതെന്ന് മനുഷ്യാവകാശ സംഘടനകൾ വ്യക്തമാക്കിയിരിന്നു. സംഘർഷത്തെ തുടർന്ന് പ്രദേശത്തെ ഭൂരിഭാഗം കുടുംബങ്ങളും പലായനം ചെയ്തു. സാമ്പത്തിക ബുദ്ധിമുട്ടുകളും യാത്രാവിലക്കുകളും കാരണം പുറത്തുപോകാൻ കഴിയാത്ത എണ്‍പതോളം കച്ചിൻ ക്രിസ്ത്യൻ കുടുംബങ്ങൾ മാത്രമാണ് നിലവിൽ ഈ പ്രദേശത്ത് ശേഷിക്കുന്നത്.

