
ബെംഗളൂരു : ഇന്ത്യാ പെന്തെക്കോസ്ത‌് ദൈവസഭ(ഐപിസി) കർണാടക സംസ്ഥാന പ്രസിഡന്റായി പാസ്റ്റർ ഡോ. വർഗീസ് ഫിലിപ്പ്, സെക്രട്ടറി പാസ്റ്റർ വർഗീസ് മാത്യൂ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. പാസ്റ്റർമാരായ കെ.വി. ജോസ് (വൈസ് പ്രസിഡന്റ്), പി.പി.പോൾസൺ ( ജോയിന്റ് സെക്രട്ടറി), സജി തോമസ് പാറേൽ (ട്രഷറർ) എന്നിവരാണ് മറ്റു ഭാരവാഹികൾ. ശുശ്രൂഷകരും വിശ്വാസികളുമായി 24 പേരെ എക്സിക്യൂട്ടിവ് അംഗങ്ങളായും തിരഞ്ഞെടുത്തു.
എതിരില്ലാതെ തിരഞ്ഞെടുത്ത പുതിയ ഭാരവാഹികളുടെ പേരുകൾ ഇലക്ഷൻ കമ്മീഷണർ പി.വി.മാത്യൂസ് പ്രഖ്യാപനം നടത്തി.
ഹൊറമാവ് അഗര ഐ.പി.സി ഹെഡ്ക്വാർട്ടേഴ്സ് ഹാളിൽ ജൂലൈ 1 ന് നടന്ന തെരഞ്ഞെടുപ്പ് യോഗത്തിൽ അഡ്ഹോക്ക് കമ്മിറ്റി ചെയർമാൻ ഡോ. കാച്ചാണത്ത് വർക്കി അധ്യക്ഷനായിരുന്നു.
ഐപിസി ദേശീയ പ്രസിഡന്റ് പാസ്റ്റർ ടി.വത്സൻ ഏബ്രഹാം എക്‌സികൂട്ടിവ് അംഗങ്ങൾക്കും കൗൺസിൽ അംഗങ്ങൾക്കും സത്യപ്രതിജ്ഞാ വാചകം സൂമിലൂടെ ചൊല്ലി കൊടുത്തു. ജനറൽ സെക്രട്ടറി പാസ്റ്റർ ബേബി വർഗീസ് അനുഗ്രഹ പ്രാർഥനയും നടത്തി.
പുതിയ ഭരണസമിതി കർണാടക ഐപിസിയുടെ സുവിശേഷീകരണത്തിനായി 8 കോടി രൂപയുടെ പദ്ധതികൾ ആസൂത്രണം ചെയ്ത ബജറ്റ് സെക്രട്ടറി ഡോ. പാസ്റ്റർ വർഗീസ് ഫിലിപ്പ് അവതരിപ്പിച്ചു. പാസ്റ്റർ വർഗീസ് മാത്യൂ നന്ദിയും സീനിയർ ജനറൽ മിനിസ്റ്റർ പാസ്റ്റർ റ്റി.ഡി.തോമസ് സമാപന പ്രാർഥനയും നടത്തി.
ബ്രദർ പി.വി.മാത്യൂസ് ഇലക്ഷൻ കമ്മീഷണറും പാസ്റ്റർ കെ.പി ജോർജ് റിട്ടേണിംഗ് ഓഫീസറും എബി ജോർജ് ഇലക്ഷൻ ഓഫീസറും ആയിരുന്നു.
