കോട്ടയം: അന്ധവിശ്വാസങ്ങൾ ഉപേക്ഷിച്ചെങ്കിൽ മാത്രമേ മനുഷ്യത്വത്തിന്റെ മഹത്വം ലഭിക്കുകയുള്ളൂ എന്ന് ബിഷപ്പ് മാർ തോമസ് തറയിൽ പറഞ്ഞു. നിഖ്യാ വിശ്വാസപ്രമാണത്തിന്റെ ആയിരത്തിഎഴുന്നൂറാം വാർഷികത്തോടനുബന്ധിച്ച് കോട്ടയത്തു നടന്ന സി എസ് ഐ സഭയുടെ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വിശ്വാസപ്രമാണം എത്രമാത്രം നമ്മുടെ ജീവിതത്തിൽ പ്രസക്തമാണ്. യഥാർത്ഥത്തിൽ ആദിമ സഭയുടെ പിതാക്കന്മാർ ഒരുമിച്ചിരുന്ന് പരിശുദ്ധാത്മാവിനാൽ പ്രേരിതരായി വിശ്വാസത്തെ നിർവചിക്കുമ്പോൾ അത് എത്രമാത്രം പ്രധാനപ്പെട്ട ഒരു കാര്യമായി അവർ കണ്ടു എന്നുള്ളതാണ്. കാരണം വിശ്വാസം വ്യക്തമായിരിക്കണം.അവ്യക്തമായ വിശ്വാസങ്ങൾ അന്ധവിശ്വാസങ്ങളിലേക്ക് നയിക്കും. അത് ഒരുവന്റെ മാനസികവും അതുപോലെ സാമൂഹികവുമായ ജീവിതത്തെ വികലമാക്കും എന്നുള്ളതിന് ഒത്തിരി ഏറെ ഉദാഹരണങ്ങളുണ്ട്. എന്റെ ഇപ്പോഴത്തെ ആത്മാർത്ഥമായ ചിന്ത ഇൻഡ്യാ മഹാരാജ്യത്തെ ജനങ്ങൾ ഒരുപോലെ മാനുഷികമായ മഹത്വത്തിൽ ജീവിക്കുന്ന ഒരു കാലം വരണമെങ്കിൽ അവരുടെ വിശ്വാസങ്ങൾ വിശദീകരിക്കപ്പെടുക തന്നെ വേണം. വിശ്വാസങ്ങൾ വിശദീകരിക്കപ്പെടാതെ, വിശ്വാസങ്ങൾ വ്യക്തമാക്കാതെ, വിശ്വാസങ്ങൾ കുറച്ചൂടെ മാനവികമാകാതെ ഒരിക്കലും നമ്മുടെ സാധാരണ ജീവിതം നന്നാവില്ല. നമ്മുടെ ഇന്ത്യ മഹാരാജ്യം വലിയ രാജ്യമാകുന്നുയെന്നും നമ്മൾ അമേരിക്കയുടെ ഒപ്പം എന്നൊക്കെ പറഞ്ഞ് വീമ്പടിക്കുമ്പോൾ ഒരു ദിവസം ജോലി ചെയ്താൽ മാത്രം ഭക്ഷണം കിട്ടുന്ന ലക്ഷക്കണക്കിന് ആൾക്കാർ നമ്മുടെ ഇന്ത്യയിലെ ഗ്രാമങ്ങളിൽ ഉണ്ട് എന്നുള്ളത് ഒരു യാഥാർത്ഥ്യമാണ്. അവരുടെയൊക്കെ പ്രശ്നം എന്താണ് ? മനുഷ്യന്റെ മഹത്വം അംഗീകരിക്കപ്പെടുന്നില്ല. മനുഷ്യന്റെ മഹത്വം അംഗീകരിക്കപ്പെടണമെങ്കിൽ അവന്റെ വിശ്വാസങ്ങൾ കൃത്യമാവണം. ദൈവത്തിൽ വിശ്വസിക്കുന്നവൻ മനുഷ്യനെ അംഗീകരിക്കാതിരിക്കാനാവില്ല. പ്രത്യേകിച്ച് ക്രൈസ്തവ വിശ്വാസത്തിൽ പിതാവായ ദൈവത്തെ ഏറ്റു പറയുന്നവന് മനുഷ്യന്റെ മഹത്വം അംഗീകരിക്കാതിരിക്കാൻ ആയിട്ട് സാധിക്കുകയില്ല.

നമ്മുടെ ഇന്നത്തെ കാലഘട്ടത്തിൽ വിശ്വാസത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ചോദ്യങ്ങൾ എന്തായിരിക്കും. നമ്മുടെ ജനം ഒക്കെ നല്ല വിശ്വാസമുള്ളവരാണ്. ദേവാലയങ്ങൾ ഒക്കെ നിറഞ്ഞുതന്നെയാണിരിക്കുന്നത്. ഒന്നും കുഴപ്പങ്ങൾ ഇല്ല. പക്ഷേ വലിയൊരു കുറവ് ഒരു എക്ലൈസിയോളജിക്കൽ ക്രൈസിസ് ഇന്നുണ്ട്. ഇന്ന് നമുക്ക് പിതാവിനെകുറിച്ചും പുത്രനെകുറിച്ചും പരിശുദ്ധാത്മാവിനെക്കുറിച്ചൊക്കെ ഏകദേശം ധാരണ ഉണ്ടെങ്കിലും സഭയെ കുറിച്ച് വല്ലാത്ത ഒരു അവ്യക്തത ഇപ്പോഴും ഉണ്ട്.ഈ സഭക്ക് എന്താണ് കാര്യം. എന്നോട് ഒരു ചെറുപ്പക്കാരൻ ചോദിച്ചു, “ പിതാവേ, ഈശോ നമ്മളെ എല്ലാവരെയും രക്ഷിച്ചോ, രക്ഷിച്ചില്ലേ, ” ഞാൻ പറഞ്ഞു, രക്ഷിച്ചു. അവൻ പിന്നെയും ചോദിച്ചു. “സംശയമൊന്നുമില്ലല്ലോ”. ഇല്ല എന്ന് ഞാൻ പറഞ്ഞു. “എന്നാ പിന്നെ നിങ്ങളൊക്കെ എന്തിനാ ഞങ്ങളുടെ പുറകെ നടക്കുന്നത് ”. ഈ സഭ പിന്നെ എന്തിനാണ്? അത് വളരെ ലോജിക്കൽ ആയിട്ടുള്ള ഒരു ചോദ്യമാണ്. ഞാൻ പറഞ്ഞു, “മോന് ഈ രക്ഷ അതൊക്കെ അങ്ങോട്ട് പിടികിട്ടിയിട്ടില്ല”. അപ്പോൾ അവൻ ചോദിച്ചു, ‘എന്നതാണത്’. ഞാൻ പറഞ്ഞു, “ഈശോയുടെ കാലത്ത് നടന്നത് നീതികരണമാണ്. ഇപ്പോൾ നടക്കുന്നത് വിശുദ്ധീകരണമാണ്. ഇനിയും സഭയുടെ മഹത്വീകരണം നടക്കാൻ പോകുന്നു”. അവന് അത്ര ബോധ്യപ്പെട്ടില്ലത്. അവനത്ര പിടിച്ചിട്ടില്ല എന്റെ ഉത്തരവും. കാരണം സാധാരണ യുക്തിയിലൂടെ ദൈവത്തെ മനസ്സിലാക്കാൻ ആയിട്ട് ശ്രമിക്കുന്ന ഒരു ജനത്തിന്റെ മുൻപിൽ ഈ സഭ എന്താണെന്ന് ശരിയായിട്ട് പഠിപ്പിക്കാൻ നമ്മൾ പലപ്പോഴും പരാജയപ്പെട്ടു പോകുന്നുണ്ട്.

സഭയെ ഇപ്പോഴും ഒരു മാനുഷികഘടകമായിട്ട് മാത്രം കാണുകയാണ്.അച്ചന്മാരും മെത്രാന്മാരും എല്ലാരും കൂടി ഉണ്ടാക്കിയിരിക്കുന്ന ഒരു പ്രസ്ഥാനം.അവരങ്ങനെ ഓരോ സമയത്തും ഇങ്ങനെ ഓരോന്നൊക്കെ പറയും. എന്തു പറഞ്ഞാലും ഇല്ലേലും നമ്മുടെ ഒരു വിശ്വാസം അതങ്ങ് പോകും. എന്നല്ലാതെ ഈ സഭയെന്ന് പറയുന്നത് മിശിഹായുടെ തുടർച്ചയാണെന്ന്. ‘Church is the continuation of Jesus Christ in history’. Church is the body of Christ’. ഇങ്ങനെയൊക്കെയുള്ള അടിസ്ഥാനപരമായ ഒരു കാഴ്ചപ്പാട് നമുക്ക് നഷ്ടപ്പെട്ടു പോവുകയാണ്. പുൾട്ടൻ ജഷീൻ ഒക്കെ എത്ര മനോഹരമായിട്ട് സഭയെക്കുറിച്ച് പറയുന്നത്.അദ്ദേഹം പറയുന്നുണ്ട് ഒരു പുസ്തകത്തിൽ, നമ്മൾ കർത്താവിനു 33 വർഷത്തെ ആയുസേ കൊടുത്തിട്ടുള്ളൂ. പക്ഷേ ഈ പുത്രൻ അനാദി മുതലേ ഉണ്ട്. അത് നമ്മൾ പരിഗണിച്ചിട്ടില്ല.അവൻ മരിച്ചു എന്നുള്ളത് എല്ലാവർക്കും നല്ല ഉറപ്പാണ്. അതുകൊണ്ടാണ് ഏറ്റവും കൂടുതൽ മനുഷ്യർ ദുഃഖവെള്ളിയാഴ്ച പള്ളിയിൽ വരുന്നത്. കാരണം അവർക്ക് ഉറപ്പുള്ള ഒരു സമയമാണത്. ഉയിർപ്പ് അത്ര അങ്ങോട്ട് ബോധിച്ചിട്ടില്ല. ഈശോ ഉയിർത്തിട്ട് അവൻ അവിടെ പോയി അതൊരു മൂന്നാമത്തെ തലമാണ്. അവൻ സ്വർഗ്ഗത്തിലേക്ക് കരേറി. അത് നിഖ്യാ വിശ്വാസപ്രമാണത്തിലുണ്ട്. പിതാവിന്റെ വലതുഭാഗത്ത് ഉപവിഷ്ടനായി. ഫുൾടൈൻ ജഷീൻ പറയുന്നു, അവൻ നാലാമത് വേറൊരു ശരീരം കൂടി എടുത്തു. അത് പെന്തക്കോസ്ത് തിരുനാളിലാണ്. ആ ശരീരത്തിന്റെ പേരാണ് സഭ . മനോഹരമായി അദ്ദേഹമത് അവതരിപ്പിക്കുന്നുണ്ട്. നമുക്ക് ഒരു എക്ലൈസിയോളജിക്കൽ ക്രൈസിസ് ഇന്നുണ്ട്. ഞാൻ നിഖ്യാവിശ്വാസപ്രമാണം ശരിയായ രീതിയിൽ മനസ്സിലാക്കാൻ പരിശ്രമിക്കുമ്പോൾ ഈശോമിശിഹായെ രക്ഷകൻ ആയിട്ട് ഏറ്റുപറയുമ്പോൾ ആ ഈശോമിശിഹാ ഇന്ന് സഭയിലൂടെ ജീവിക്കുന്നുണ്ടെന്നും അവിടെയാണ് നമ്മളീ ആരാധനാ സമൂഹമായിട്ട് തുടരുന്നത് എന്നും ഒക്കെയുള്ള അടിസ്ഥാനപരമായ കാഴ്ചപ്പാടുകളിൽ കൂടി നമുക്ക് വളരാനായി സാധിക്കേണ്ടതാണ്.

അതല്ലെങ്കിൽ ഈ വിശ്വാസം എന്ന് പറയുന്നത് ഒരു ഉപകാരമുള്ള ഒരു സംഭവം എന്നുള്ള നിലയിൽ മാത്രം ഞാൻ കാണുന്നു.സുവിശേഷത്തെ ഒക്കെ ചുരുക്കി ചുരുക്കി ഒരു പ്രോസ്പിരിറ്റി ഗോസ്പലായി സൂക്ഷിക്കുകയും ചെയ്യുന്ന എനിക്ക് പ്രയോജനം ഉള്ളടത്തോളം ഈ ദൈവം കൊള്ളാം.അതിന്റെ അപ്പുറത്തേക്ക് വിശ്വാസത്തിന്റെ കൃത്യത ഒന്ന് എനിക്ക് വിഷയമല്ലാതെയായി മാറുന്നു എന്നുള്ളതാണ് വാസ്തവം.
