Mathew Chempukandathil
മിഡിൽ ഈസ്റ്റിലെ രാഷ്ട്രീയ ചുവടുമാറ്റങ്ങൾ ചർച്ച ചെയ്യപ്പെടുമ്പോഴെല്ലാം കേരളത്തിലെ ഇടതുപക്ഷ ബുദ്ധിജീവികൾക്കും കമ്യൂണിസ്റ്റു സഖാക്കൾക്കും ഇറാനോടു ചങ്കിലെ ചൈനയേക്കാൾ പ്രിയമാണ്. അമേരിക്കയെ വെല്ലുവിളിക്കുന്ന ഇറാന്റെ ‘സാമ്രാജ്യത്വ വിരുദ്ധത’യെ വാഴ്ത്തിപ്പാടുമ്പോൾ, ഇറാനിൽ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തെ ചങ്കോടു ചേർത്തുവച്ച കമ്യൂണിസ്റ്റ് സഖാക്കളെ ഇറാൻ എങ്ങനെയാണ് കൊന്നുതള്ളിയതെന്ന ചരിത്രം പലരും സൗകര്യപൂർവ്വം മറക്കുന്നു.
ഇറാനിൽ ഒരു കാലത്തു തലയെടുപ്പോടെ നിന്ന കമ്യൂണിസത്തെ തല്ലിക്കൊന്നു കഴിച്ചുമൂടിയ റിപ്പബ്ളിക് ഓഫ് ഇറാന്റെ ചരിത്രം പരിശോധിച്ചാൽ മാത്രമേ ഇന്നത്തെ ഇന്ത്യൻ കമ്യൂണിസ്റ്റു പാർട്ടിയിലെ ഇറാൻ അനുകൂലികളുടെ നിലപാട് എത്രത്തോളം പരിഹാസ്യമാണെന്നു വ്യക്തമാവുകയുളളൂ.
🟥തുഡെ പാർട്ടിയുടെ
ഉദയവും പതനവും
1941-ൽ രൂപീകരിച്ച തുഡെ പാർട്ടി (Tudeh Party of Iran) മിഡിൽ ഈസ്റ്റിലെ ഏറ്റവും ശക്തമായ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളിലൊന്നായിരുന്നു. ചുരുങ്ങിയ കാലം കൊണ്ടു തൊഴിലാളികൾക്കിടയിലും ബൗദ്ധിക മേഖലയിലും വലിയ സ്വാധീനം ചെലുത്തുവാൻ പാർട്ടിക്കു കഴിഞ്ഞു. റഷ്യയുടെയും ചൈനയുടെയും വലിയ പിന്തുണ ഇവർക്കു ലഭിച്ചു. പ്രധാനമന്ത്രിയായിരുന്ന മുഹമ്മദ് മോസാഡെക്കിന്റെ (Mohammad Mosaddegh) കാലത്ത് എണ്ണക്കമ്പനികൾ ദേശസാൽക്കരിക്കാനുള്ള തീരമാനത്തെ അനുകൂലിച്ചത് രാഷ്ട്രീയമായി പാർട്ടിയെ ഏറെ ശ്രദ്ധേയമാക്കി.
1953-ലെ അട്ടിമറിക്ക് ശേഷം ഷാ ഭരണകൂടം ഇവരെ വേട്ടയാടി. ഇതിൻ്റെ പേരിൽ 1979-ലെ ഇസ്ലാമിക വിപ്ലവത്തിൽ ഷായെ പുറത്താക്കാൻ അയത്തൊള്ള ഖൊമേനിയുമായി അവർ കൈകോർത്തു. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്ര ലക്ഷ്യങ്ങൾ പൂർത്തിയാക്കാൻ കമ്യൂണിസ്റ്റ് ദരശനങ്ങൾക്കു വിരുദ്ധമായി മതമൗലീകവാദവുമായിട്ടാണ് അവർ സന്ധി ചെയ്തത്. ഇത് ഇറാൻ കമ്മ്യൂണിസ്റ്റുകൾ ചെയ്ത ചരിത്രപരമായ വിഡ്ഢിത്തമായിരുന്നു ഇതെന്നു പിന്നീടവർ തിരിച്ചറിഞ്ഞു.
”ശത്രുവിന്റെ ശത്രു മിത്രം” എന്ന നയത്തിൽ ഖൊമേനിയെ പിന്തുണച്ചുവെങ്കിലും അധികാരം കിട്ടിയ ഉടനെ ഖൊമേനി കമ്മ്യൂണിസ്റ്റുകൾക്ക് നൽകിയ സമ്മാനം മരണമായിരുന്നു. 1982-ഓടെ തുഡെ പാർട്ടി ഇറാനിൽ നിരോധിക്കപ്പെട്ടു. പാർട്ടി നേതാവ് നൂറെദ്ദിൻ കിയാനൂരി (Noureddin Kianouri) ഉൾപ്പെടെയുള്ളവരെ ജയിലിലിട്ട് പീഡിപ്പിക്കുകയും നിർബന്ധിതമായി കമ്മ്യൂണിസത്തെ തള്ളിപ്പറയിപ്പിക്കുകയും ചെയ്തു.
1988-ൽ നടന്ന രാഷ്ട്രീയ തടവുകാരുടെ കൂട്ടക്കൊല ഇറാന്റെ ചരിത്രത്തിലെ കറുത്ത പാടാണ്. ഖൊമേനിയുടെ ‘ഡെത്ത് കമ്മിറ്റി’കൾ മിനിറ്റുകൾ മാത്രമുള്ള വിചാരണ നടത്തി പതിനായിരക്കണക്കിന് കമ്മ്യൂണിസ്റ്റ്-ഇടതുപക്ഷ പ്രവർത്തകരെയാണ് തൂക്കിലേറ്റിയത്. ഇറാനിലെ ഏകദേശം 32 നഗരങ്ങളിലായി നടന്ന ഈ വധശിക്ഷ മറകൾ അഞ്ച് മാസത്തോളം നീണ്ടുനിന്നു. കമ്മ്യൂണിസം ഒരു മതവിരുദ്ധ ദർശനമാണെന്ന് മുദ്രകുത്തിയാണ് ഇറാൻ കമ്മ്യൂണിസത്തെ വേരടക്കം പിഴുതെറിഞ്ഞത്.
🟥ഇന്ത്യൻ കമ്യൂണിസത്തിന്
അന്നും ഇന്നും ഒരേ നിലപാട്
ഇറാനിൽ കമ്യൂണിസ്റ്റു പാർട്ടി കടുത്ത പ്രതിസന്ധിയിൽ അകപ്പെടുമ്പോൾ സി.പി.ഐ.(എം) ജനറൽ സെക്രട്ടറി ഇ.എം.എസ്. നമ്പൂതിരിപ്പാട് ആയിരുന്നു. 1978 മുതൽ 1992 വരെ അദ്ദേഹം ഈ പദവിയിൽ ഉണ്ടായിരുന്നു.
സി.പി.ഐ-യിൽ അന്ന് ജനറൽ സെക്രട്ടറി സി. രാജേശ്വര റാവു ആയിരുന്നു. 1964 മുതൽ 1990 വരെ അദ്ദേഹമായിരുന്നു സി.പി.ഐയെ നയിച്ചിരുന്നത്.
1979-ലെ ഇസ്ലാമിക വിപ്ലവം ഷാ ഭരണകൂടത്തെ (അമേരിക്കൻ അനുകൂല സർക്കാർ) പുറത്താക്കിയപ്പോൾ ഇന്ത്യൻ കമ്മ്യൂണിസ്റ്റുകൾ അതിനെ സ്വാഗതം ചെയ്തു. ഇതിനെ ഒരു “സാമ്രാജ്യത്വ വിരുദ്ധ വിപ്ലവം” ആയിട്ടാണ് അവർ കണ്ടത്. തുഡെ പാർട്ടി ഖൊമേനിയെ പിന്തുണച്ചതിനെ അന്നത്തെ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് നേതൃത്വവും ശരിവെച്ചിരുന്നു.
1982-83 കാലത്ത് തുഡെ പാർട്ടിയെ നിരോധിക്കുകയും നേതാക്കളെ തടവിലാക്കി ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തപ്പോൾ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടികൾ പ്രതിഷേധമുയർത്തി. അന്താരാഷ്ട്ര കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ഭാഗമായി, ഇറാൻ ഭരണകൂടത്തിന്റെ കിരാത നടപടികളെ അപലപിച്ചുകൊണ്ട് അവർ പ്രസ്താവനകൾ ഇറക്കിയിരുന്നു. എങ്കിലും, ഖൊമേനി ഭരണകൂടം അമേരിക്കയെ പരസ്യമായി വെല്ലുവിളിച്ചിരുന്നതിനാൽ, ഇറാന്റെ “സാമ്രാജ്യത്വ വിരുദ്ധത”യെ പ്രകീർത്തിച്ച്, അവരുടെ കമ്യൂണിസ്റ്റു വിരുദ്ധ നിലപാടുകളെ ഒരു പരിധിക്കപ്പുറം തള്ളിപ്പറയാൻ ഇന്ത്യൻ കമ്യൂണിസ്റ്റു പാർട്ടികൾക്കു മടിയായിരുന്നു. ഒരു വശത്ത് തങ്ങളുടെ സഹോദര പാർട്ടിയായ തുഡെയെ കൊന്നൊടുക്കുമ്പോഴും, മറുവശത്ത് ഇറാന്റെ അമേരിക്കൻ വിരുദ്ധ നിലപാടിനെ അവർക്ക് പൂർണ്ണമായി എതിർക്കാൻ കഴിഞ്ഞില്ല.
ഇറാനിൽ ഇന്നു കമ്മ്യൂണിസ്റ്റ് താൽപര്യം മരണശിക്ഷ കിട്ടാവുന്ന കുറ്റമാണ്. അവിടെ കമ്മ്യൂണിസ്റ്റ് പാർട്ടി എന്ന പേരുച്ചരിക്കാൻ പോലും ആരും ഇന്നു ധൈര്യപ്പെടില്ല.
🟥 ഇന്ത്യൻ കമ്യൂണിസ്റ്റുകൾ
ചരിത്രത്തിൽ നിന്നു പാഠം പഠിക്കുമോ ?
അമേരിക്കയുടെ ശത്രുവായതു കൊണ്ട് മാത്രം ഒരു മതമൗലികവാദ ഭരണകൂടത്തെ “പുരോഗമന വിപ്ലവകാരികളായി” കാണാൻ ഇവിടുത്തെ സഖാക്കൾ അന്നും ഇന്നും ശ്രമിക്കുന്നു. കേരളത്തിൽ സ്ത്രീസമത്വത്തെക്കുറിച്ച് വാചാലരാകുന്നവർ, ഇറാനിലെ വസ്ത്രധാരണ നിയമങ്ങളെയും മനുഷ്യാവകാശ ലംഘനങ്ങളെയും അമേരിക്കൻ സാമ്രാജ്യത്വ വിരോധത്തിന്റെ പേരിൽ തള്ളിക്കളയുന്നു. റഷ്യയും ചൈനയും മുതലാളിത്ത കച്ചവട കണ്ണുകളോടെ ഇറാനുമായി ചങ്ങാത്തം കൂടിയെങ്കിലും യുദ്ധം തുടങ്ങിയതോടെ ഇസ്ളാമിക ഭരണകൂടത്തെ ഒറ്റപ്പെടുത്തി പഴയ കണക്കുകൾ തീർക്കുകയാണോ എന്നാണ് ഇന്നു പലരും സംശയിക്കുന്നത്.
ടെഹ്റാനിലെ എവിൻ ജയിലിൽ (Evin Prison) മുദ്രാവാക്യം വിളിച്ച് മരിച്ച വീണ കമ്മ്യൂണിസ്റ്റു സഖാക്കളുടെ രക്തത്തിന് കേരളത്തിലെ ഇടതുപക്ഷം ഇന്ന് എന്തെങ്കിലും വില നൽകുന്നുണ്ടോ ?. ഇറാനിലെ മതപുരോഹിത ഭരണകൂടത്തെ വെള്ളപൂശുന്നതിലൂടെ കേരളത്തിലെ കമ്മ്യൂണിസ്റ്റുകൾ യഥാർത്ഥത്തിൽ അവഹേളിക്കുന്നത് ഇറാനിലെ തങ്ങളുടെ മുൻഗാമികളായ വിപ്ലവകാരികളെയാണ്.
ചരിത്രപരമായ വിഡ്ഢിത്തങ്ങൾ ആവർത്തിക്കുന്ന ഒരുകൂട്ടം ആളുകളായി കേരളത്തിലെ ഇടതുപക്ഷം അധഃപതിക്കുന്ന കാഴ്ചയാണ് ഇവിടെ കാണുന്നത്. ഇറാനിലെ കമ്യൂണിസ്റ്റ് വിപ്ലവകാരികൾ ഏത് മതമൗലികവാദത്തിന് മുന്നിലാണോ ജീവൻ വെടിഞ്ഞത്, അതേ മതമൗലികവാദ ഭരണകൂടത്തെ “വിപ്ലവകാരികൾ” എന്ന് വിളിച്ച് ആദരിക്കുന്നതിലൂടെ കേരളത്തിലെ സഖാക്കൾ സ്വന്തം പ്രത്യയശാസ്ത്രത്തെയും രക്തസാക്ഷികളെയും വഞ്ചിക്കുകയാണ്.
അമേരിക്കൻ വിരുദ്ധത എന്ന ഒരൊറ്റ ചിന്തയിൽ അന്ധരായി, സ്വന്തം വർഗ്ഗശത്രുക്കളെ തിരിച്ചറിയാൻ കഴിയാത്തവിധം ഇവർ രാഷ്ട്രീയമായി പാപ്പരായിരിക്കുന്നു. വോട്ടുബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി മതമൗലികവാദ ശക്തികളുമായി സന്ധിചെയ്യുന്ന ഇവിടുത്തെ കമ്യൂണിസ്റ്റു രീതി കാണുമ്പോൾ, ഇറാനിലെ സഖാക്കൾക്ക് സംഭവിച്ച അതേ ദുരന്തത്തിലേക്കാണോ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും നീങ്ങുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ചരിത്രം നൽകുന്ന വലിയ പാഠങ്ങളെ അവഗണിക്കുന്നവർക്ക്, പിന്നീടൊരിക്കൽ അതേ ചരിത്രത്തിന്റെ കുപ്പത്തൊട്ടിയിലായിരിക്കും തങ്ങളുടെ സ്ഥാനമെന്ന് ഓർമ്മിക്കുക.

