വടക്കൻ ത്രിപുരയിലെ ധർമ്മ നഗറിലുള്ള ഹോളിക്രോസ് കോൺവെന്റ് സ്കൂളിൽ സരസ്വതി പൂജ നടത്തണമെന്ന ആവശ്യവുമായി വിശ്വഹിന്ദു പരിഷത്ത്. വ്യാഴാഴ്ച സ്കൂളിന് മുന്നിൽ ബി എച്ച് പി പ്രവർത്തകർ നടത്തിയ പ്രതിഷേധത്തെ തുടർന്ന് ക്രമസമാധാന നില ഉറപ്പാക്കാൻ സ്കൂൾ പരിസരത്ത് കനത്ത പോലീസ് സന്നാഹമാണുള്ളത്. സ്കൂളിലെ ഭൂരിഭാഗം വിദ്യാർത്ഥികളും ഹിന്ദുമതവിശ്വാസികൾ ആണെന്നും അവരുടെ വിശ്വാസങ്ങളെ മാനിക്കാൻ സ്കൂൾ അധികൃതർ തയ്യാറാകണമെന്നുമാണ് വി എച്ച് പി യുടെ ആവശ്യം. വിദ്യാർത്ഥികൾക്ക് സരസ്വതിപൂജ നടത്തുവാൻ ഉള്ള അവകാശമുണ്ടെന്നാണ് ഇവരുടെ വാദം. ഹോളിക്രോസ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചട്ടങ്ങൾ പ്രകാരം ക്യാമ്പസിനുള്ളിൽ മതപരമായ ചടങ്ങുകൾ അനുവദിക്കുവാൻ കഴിയില്ലെന്ന് സ്കൂൾ ഭരണസമിതി വ്യക്തമാക്കി. ഇതൊരു ന്യൂനപക്ഷ സ്ഥാപനമാണെന്നും ക്രിസ്ത്യൻ ഐഡന്റിറ്റിയും ചട്ടങ്ങളും സംരക്ഷിക്കുവാൻ തങ്ങൾക്ക് അവകാശം ഉണ്ടെന്നും അധികൃതർ ചൂണ്ടിക്കാട്ടി.കഴിഞ്ഞ ബുധനാഴ്ച അനുമതി തേടിയെത്തിയ വി എച്ച് പി പ്രവർത്തകരും ഒരു അധ്യാപികയും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെ വ്യാഴാഴ്ച പ്രതിഷേധം ശക്തമായി. വി എച്ച് പി പ്രവർത്തകർക്കൊപ്പം ഒരു വിഭാഗം രക്ഷിതാക്കളും ചേർന്ന് പ്രിൻസിപ്പാളിനെ തടഞ്ഞു വെച്ചതായും റിപ്പോർട്ടുകളുണ്ട്. സംഘർഷം ഒഴിവാക്കുവാൻ സ്കൂൾ വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. പ്രശ്നപരിഹാരത്തിനായി രക്ഷിതാക്കളുടെയും അധ്യാപകരുടെയും അടിയന്തിര യോഗം വിളിച്ചിട്ടുണ്ട്. സമാധാനം നിലനിർത്തുവാൻ പോലീസ് ജാഗ്രത തുടരുകയാണ്. മതാചാരങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നയങ്ങളും തമ്മിലുള്ള ഈ തർക്കം ധർമ്മ നഗർ മേഖലയിൽ വലിയ ചർച്ചകൾക്ക് കാരണമായിട്ടുണ്ട്.വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്വയം ഭരണാധികാരത്തിലും ചട്ടങ്ങളിലും ഉള്ള വിഎച്ച്പിയുടെ കടന്നുകയറ്റമായിട്ട് വേണം ഇതിനെ കണക്കാക്കാൻ.

