ന്യൂയോർക്ക്: അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിന് മുന്നറിയിപ്പുമായി ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലിന് നേതൃത്വം നൽകുന്ന അംബാസിഡർ വിനായക് ശ്രീകാന്ത് പ്രധാൻ രംഗത്ത് വന്നിരിക്കുകയാണ്. വ്യാപകമായ ഡിജിറ്റൽ തട്ടിപ്പുകളിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് അധികൃതരുടെ മുന്നറിയിപ്പ്. കോൺസുലേറ്റ് ഉദ്യോഗസ്ഥർ എന്ന് തെറ്റിദ്ധരിപ്പിച്ച് നടത്തുന്ന തട്ടിപ്പ് കോളുകളെ കുറിച്ച് ജാഗ്രത പാലിക്കാനും ഇന്ത്യയിലേക്ക് പ്രവേശിക്കുന്ന വിദേശികൾക്ക് നിർബന്ധിത ഈ അറൈവൽ കാർഡ് ഏർപ്പെടുത്തിയതിനെക്കുറിച്ചും കോൺസുലേറ്റ് അറിയിച്ചു. തട്ടിപ്പുകാർ കോൺസുലേറ്റിന്റെ പേര് ദുരുപയോഗം ചെയ്ത് ഫോണിലൂടെ വ്യക്തിഗത വിവരങ്ങൾ ചോദിക്കുകയോ പണം ആവശ്യപ്പെടുകയോ ചെയ്യുന്നുണ്ടെന്ന് അംബാസിഡർ വിനായക് ശ്രീകാന്ത് പ്രധാൻ മുന്നറിയിപ്പ് നൽകി. കോൺസുലേറ്റ് ഒരിക്കലും ഫോൺ വഴി അത്തരം വിവരങ്ങളോ പണമോ ആവശ്യപ്പെടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൃത്യമായ വിവരങ്ങൾക്കായി ഔദ്യോഗിക വെബ്സൈറ്റും സോഷ്യൽ മീഡിയയും മാത്രം ആശ്രയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രധാന അറിയിപ്പുകൾ ഇങ്ങനെയാണ്.(1) കോൺസുലേറ്റിന്റെ പേര് ദുരുപയോഗം ചെയ്യുന്ന തട്ടിപ്പ് കോളുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കോൺസുലേറ്റ് ഒരിക്കലും ഫോണിലൂടെ വ്യക്തിഗത വിവരങ്ങളോ പണമോ ആവശ്യപ്പെടില്ല.(2) ഓവർസീസ് സിറ്റിസൺഷിപ്പ് ഓഫ് ഇന്ത്യ കാർഡ് അഥവാ ഓ സി ഐ കാർഡ് ഉടമകൾ ഉൾപ്പെടെ ഇന്ത്യയിലേക്ക് പ്രവേശിക്കുന്ന എല്ലാ വിദേശ പൗരന്മാർക്കും നിർബന്ധിത ഈ അറൈവൽ കാർഡ് ഏർപ്പെടുത്തിയതായി കോൺസുലേറ്റ് അറിയിച്ചു. ഈ ഓൺലൈൻ പ്രക്രിയ യാത്രക്കാർക്ക് വേഗത്തിലുള്ള ഇമിഗ്രേഷൻ ക്ലിയറൻസ് നൽകാൻ ലക്ഷ്യമിടുന്നു. (3)ഓ സി എ കാർഡ് ഉടമകൾക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ വിസ ആവശ്യമില്ലെന്ന് കോൺസുലേറ്റ് വ്യക്തമാക്കി. നയങ്ങളിൽ മാറ്റങ്ങൾ വരുത്തിയെന്ന ഊഹാപോഹങ്ങൾ തെറ്റാണെന്നും അവരുടെ അവകാശങ്ങൾ മാറ്റമില്ലാതെ തുടരുമെന്നും അവർ കൂട്ടിച്ചേർത്തു. യുഎസിൽ ഇന്ത്യക്കാരെ ലക്ഷ്യമിട്ടുള്ള തട്ടിപ്പ് കോളുകൾ വർധിക്കുന്നതിനിടയിലാണ് ഇന്ത്യൻ കോൺസുലേറ്റ് ജനറലിന്റെ മുന്നറിയിപ്പ് വരുന്നത്. തട്ടിപ്പുകാർ പലപ്പോഴും ഔദ്യോഗിക നമ്പറുകൾ സ്കൂപ്പ് ചെയ്ത് നാടുകടത്തൽ അല്ലെങ്കിൽ നിയമനടപടികൾ ഭീഷണിപ്പെടുത്തി സുപ്രധാന ഡേറ്റയോ പണമോ ആവശ്യപ്പെടുന്നു. മുൻപും ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ രംഗത്ത് വന്നിട്ടുണ്ട്. എന്താണ് ഓവർസീസ് സിറ്റിസൺഷിപ്പ് ഓഫ് ഇന്ത്യാ കാർഡ് അഥവാ ഓ സി എ കാർഡ് എന്നും ഈ അറൈവൽ കാർഡ് എന്നും നോക്കാം.ഇന്ത്യൻ പൗരത്വം ഇല്ലാത്ത ഇന്ത്യൻ വംശജർക്ക് ഇന്ത്യയിൽ ദീർഘകാലം താമസിക്കാനും ജോലി ചെയ്യാനും പഠിക്കാനും അനുവദിക്കുന്ന ഒരു പ്രത്യേക സംവിധാനമാണ് ഓവർസീസ് സിറ്റിസൺഷിപ്പ് ഓഫ് ഇന്ത്യ കാർഡ്. ഇത് ഉപയോഗിച്ച് ഇന്ത്യൻ വംശജരായ വിദേശികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഇന്ത്യയിൽ സ്ഥിരമായി താമസിക്കാം. ഇന്ത്യൻ പൗരത്വം തിരികെ നൽകാതെ തന്നെ ഇന്ത്യയിലേക്ക് എളുപ്പത്തിൽ വരാനും പോകാനും വേണ്ടിയാണ് ഇത് നടപ്പിലാക്കിയത്. ഓ സി ഐ കാർഡ് ഉള്ളവർക്ക് ടൂറിസം, ജോലി,പഠനം എന്നിവയ്ക്കായി പ്രത്യേകം വിസ എടുക്കേണ്ടതില്ല.അവർക്ക് ജീവിതകാലം മുഴുവൻ ഇന്ത്യയിലേക്ക് എത്ര തവണ വേണമെങ്കിലും വരാനും പോകാനും സാധിക്കും. ഇന്ത്യയുടെ പഴയ പേപ്പർ ഡിസ് എംപാർക്കേഷൻ അറൈവൽ ഫോമിന് പകരം ഉള്ള ഒരു ഡിജിറ്റൽ സംവിധാനമാണ് ഈ അറൈവൽ കാർഡ്.വിദേശയാത്രക്കാർക്കും ഓ സി എ ഉടമകൾക്കും ഇത് ബാധകമാണ്. എന്നാൽ ഇന്ത്യൻ പൗരന്മാർക്ക് ഇതിന്റെ ആവശ്യമില്ല. 2025 ഒക്ടോബർ ഒന്നു മുതൽ ഇന്ത്യയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ഈ ഓൺലൈൻ ഫോം നിർബന്ധമായും സമർപ്പിക്കണം. ഇത് ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായ അതിർത്തി മാനേജ്മെന്റ് സംവിധാനം നവീകരിക്കുന്നതിന്റെ ഭാഗമാണ്.

