മാത്യൂ ചെമ്പുകണ്ടത്തിൽ
ഇറാനിൽ വിപ്ലവകരമായ മാറ്റങ്ങൾ സംഭവിച്ചേക്കും എന്നതിന്റെ സൂചനകളാണ് ഏതാനും ദിവസങ്ങളായി കാണുന്നത്. അരനൂറ്റാണ്ടായി ആയത്തുള്ളമാർ പരമാധികാരം കൈയാളുന്ന രാജ്യം ഇന്നു കലാപങ്ങളുടെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും ലോകതലസ്ഥാനമാണ്. ഷിയാ ഇസ്ലാമിക വിശ്വാസത്തിന്റെ കേന്ദ്രമായ ഈ രാജ്യത്തെ 75,000 മോസ്കുകളിൽ 50,000 എണ്ണത്തിലും വിശ്വാസികൾ ഇല്ലാത്തതിനാൽ പൂട്ടുവീണിരിക്കുന്നു. ഇറാനിൽ ഇസ്ലാം മത വിശ്വാസം ഉപേക്ഷിച്ചവർ പലരും ക്രിസ്തുവിശ്വാസത്തിലേക്കും നിരീശ്വരവാദത്തിലേക്കും പൗരാണിക പേർഷ്യൻ പാഗൻ വിശ്വാസത്തിലേക്കും ചുവടുമാറ്റുന്ന വാർത്തകളും കേൾക്കുന്നു. പേർഷ്യൻ സാമ്രാജ്യത്തിൻ്റെ സഹസ്രാബ്ദങ്ങളായുള്ള സാംസ്കാരിക പെരുമയും പെട്രോളിയം ഉൽപ്പന്നങ്ങളുടെ സമൃദ്ധിയും രാജ്യത്തെ സമ്പന്നമാക്കുന്നില്ല; ജനങ്ങൾ അസംതൃപ്തരും ദരിദ്രരുമാണ്. മധ്യേഷ്യയിലെ മറ്റൊരു ഇസ്ലാമിക് രാജ്യത്തുമില്ലാത്ത വിധം പരാജയപ്പെട്ട വിദേശനയം ഇറാനെ പൂർണമായും ഒറ്റപ്പെടുത്തിയിരിക്കുന്നു. എന്താണ് ഇറാൻ നേരിടുന്ന ആഭ്യന്തരവും വൈദേശികവുമായ ഈ പ്രശ്നങ്ങൾക്ക് അടിസ്ഥാന കാരണം എന്ന അന്വേഷണമാണ് ഈ ലേഖനത്തിന് ആധാരം.
🟥 ഷിയാ – സുന്നി തർക്കവും
കാരണങ്ങളും
ക്രിസ്തുവർഷം 632-ലാണ് ഇസ്ലാം മത സ്ഥാപകനായ മുഹമ്മദ് മരിക്കുന്നത്. തുടർന്ന് സമുദായത്തെ ആര് നയിക്കും എന്നതിനെച്ചൊല്ലി വലിയൊരു തർക്കം അനുയായികൾക്കിടയിലുണ്ടായി. മുഹമ്മദിന്റെ അനുയായിയും സുഹൃത്തുമായ അബൂബക്കർ സിദ്ദീഖിനെ ഒരു വിഭാഗം നേതാവായി തിരഞ്ഞെടുത്തു. അദ്ദേഹത്തിൻ്റെ നേതൃത്യം അംഗീകരിക്കുന്നവരാണ് ”സുന്നികൾ” എന്നറിയപ്പെടുന്ന വിഭാഗം. എന്നാൽ മറ്റൊരു വിഭാഗം കരുതിയത് മുഹമ്മദിന്റെ കുടുംബത്തിലുള്ളവർക്ക് മാത്രമേ അദ്ദേഹത്തിന്റെ പിന്തുടർച്ച അവകാശപ്പെടാൻ കഴിയുകയുള്ളൂ എന്നാണ്. അതിനാൽ മുഹമ്മദിന്റെ രക്തബന്ധത്തിലുള്ള അലി ഇബ്ൻ അബി താലിബ് (Ali ibn Abi Talib) എന്ന വ്യക്തിയെയാണ് ഈ വിഭാഗം പിന്തുണച്ചത്. “അലിയുടെ പക്ഷക്കാർ” എന്ന അർത്ഥത്തിൽ “ഷിയാത്ത് അലി” എന്ന് ഈ വിഭാഗം അറിയപ്പെട്ടു. ”ഷിയാ” എന്നത് ഷിയാത്ത് അലി എന്നതിൻ്റെ ചുരുക്കപ്പേരാണ്. മുസ്ലിംകളിൽ 85 ശതമാനവും സുന്നികളും 15 ശതമാനം മാത്രം ഷിയാക്കളുമാണെന്നാണ് പറയപ്പെടുന്നത്.
🟥അന്ത്യകാല വ്യക്തി:
ഇമാം മഹ്ദിയിലുള്ള വിശ്വാസം
സുന്നി, ഷിയാ വിശ്വാസത്തിൽ അടിസ്ഥാനപരമായി പലതും യോജിച്ചു പോകുന്നുണ്ടെങ്കിലും വിയോജിപ്പുകൾ നിരവധിയുണ്ട്. എന്നാൽ ഷിയാ വിശ്വാസത്തിൽ മാത്രം കാണപ്പെടുന്നതും അവർ അധികം ഊന്നൽ നൽകുന്നതുമായ കാര്യങ്ങളുമുണ്ട്. അതിലൊന്നാണ് “ഇമാം മഹ്ദി” (Imam Mahdi) എന്ന അന്ത്യകാലത്തു പ്രത്യക്ഷനാകുമെന്നു ഷിയാക്കൾ കരുതുന്ന വ്യക്തിയിലുള്ള വിശ്വാസം. മഹ്ദി എ.ഡി. 869-ൽ ജനിച്ചുവെന്നും അഞ്ചാം വയസ്സിൽ അപ്രത്യക്ഷനായെന്നും ഇപ്പോൾ അദൃശ്യനായി നിലകൊള്ളുന്നു എന്നുമാണ് ഷിയാ വിശ്വാസം. അക്രമവും അനീതിയും നിറഞ്ഞ ലോകത്തെ രക്ഷിക്കാനും ഇസ്ലാമിക് ഭരണം സ്ഥാപിക്കാനും ലോകാന്ത്യത്തിൽ നീതിയും സത്യവും നടപ്പാക്കാനും അദ്ദേഹം പ്രത്യക്ഷപ്പെടുമെന്ന് ഷിയാക്കൾ വിശ്വസിക്കുന്നു.
സുന്നി മുസ്ലിങ്ങൾ ഇമാം മഹ്ദിയുടെ ആഗമനത്തിൽ വിശ്വസിക്കുന്നുണ്ടെങ്കിലും അതു ഷിയാ വിശ്വാസത്തിൽ നിന്നും തികച്ചും വിഭിന്നമാണ്. സുന്നികൾക്കു മഹ്ദി ഒരു മറഞ്ഞിരിക്കുന്ന വ്യക്തിയല്ല. അദ്ദേഹം ഇതുവരെ ജനിച്ചിട്ടില്ലെന്നും ലോകാന്ത്യത്തിന് തൊട്ടുമുമ്പുള്ള കാലഘട്ടത്തിൽ ജനിക്കുകയും മുസ്ലിം ലോകത്തിന്റെ നേതാവായി മാറുകയും ചെയ്യുമെന്നും സുന്നികൾ കരുതുന്നു. അതായത്, ഷിയാക്കൾക്ക് മഹ്ദി അപ്രത്യക്ഷനായ ഒരാളുടെ തിരിച്ചുവരവാണെങ്കിൽ സുന്നികൾക്ക് അത് ജനിക്കാനിരിക്കുന്ന ഒരു വ്യക്തിയാണ്. ഖുറാനിൽ ഇമാം മഹ്ദി എന്ന പേരിൽ നേരിട്ടുള്ള പരാമർശമില്ല. എന്നാൽ മഹ്ദി സങ്കല്പം ”ഹദീസ്” (നബിചര്യ) ഗ്രന്ഥങ്ങളിൽ നിന്നാണു വികസിച്ചത് എന്നാണ് പറയപ്പെടുന്നത്.
സൗദി അറേബ്യ ഉൾപ്പെടുന്ന സുന്നി ഇസ്ളാമികലോകവും ഇറാൻ നേതൃത്വം നൽകുന്ന ഷിയാ ഇസ്ലാമിക് ലോകവും തമ്മിൽ മഹ്ദിയെ സംബന്ധിച്ചുള്ള വ്യത്യസ്ത വീക്ഷണങ്ങളാണ് വാസ്തവത്തിൽ ഇസ്ലാമിക ലോകത്തെ വിഭജനങ്ങളുടെ അടിസ്ഥാന കാരണങ്ങളിൽ ഒന്ന്. മഹ്ദി സംബന്ധമായ ഷിയാ ഇസ്ലാമിക് വിശ്വാസം കേവലമൊരു വിശ്വാസമല്ല, ഇറാൻ ഭരണകൂടത്തിന്റെ നിലനിൽപ്പും രാജ്യം പിന്തുടരുന്ന രാഷ്ട്ര തന്ത്രങ്ങളും വിദേശനയവുമെല്ലാം ഇമാം മഹ്ദി എന്ന അന്ത്യകാല വ്യക്തിത്വത്തിലുള്ള വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് നിലകൊള്ളുന്നത്.
🟥 മഹ്ദിയുടെ ആഗമനത്തിന്റെ
ലക്ഷണങ്ങൾ
ഏറെ സംഘർഷഭരിതവും രക്തരൂക്ഷിതവുമായ ഒരു കാലഘട്ടം അറേബ്യൻ ഉപഭൂഖണ്ഡം ഉൾപ്പെടെയുള്ള ഭാഗങ്ങൾ കേന്ദ്രീകരിച്ച് സംഭവിക്കുമെന്നും ഭൂമിയിൽ സമാധാനം നഷ്ടപ്പെട്ട് എങ്ങും അരാജകത്വം കൊടികുത്തി വാഴുമെന്നും ഷിയാകൾ വിശ്വസിക്കുന്നു. സംഘർഷങ്ങളും പോരാട്ടങ്ങളും രക്തച്ചൊരിച്ചിലുകളും കലാപങ്ങളും പതിവാകും. മനുഷ്യരിൽ ആർക്കും പരിഹരിക്കാൻ കഴിയാത്ത വിധം ലോകം അക്രമത്താലും സംഘർഷത്താലും നിറയും. ഈ പശ്ചാത്തലത്തിൽ ഇസ്ലാമിക ചരിത്രത്തിൽ മധ്യകാലഘട്ടങ്ങളിൽ നിലനിന്നിരുന്ന നാല് ഇസ്ലാമിക പ്രവിശ്യകൾ ഉൾപ്പെടുന്ന ഖൊറാസാൻ പ്രദേശങ്ങളിൽ നിന്നും കറുത്ത കൊടിയുയർത്തിയ സൈന്യത്തിന്റെ അകമ്പടിയോടെ ഇമാം മഹ്ദി പ്രത്യക്ഷപ്പെടും. മഹ്ദിയുടെ ആഗമനത്തിനു ശേഷം ലോകത്ത് ഏഴോ എട്ടോ വർഷങ്ങൾ നീതിയുടെയും സമാധാനത്തിന്റെയും ഐശ്വര്യത്തിന്റേതുമായിരിക്കും. തുടർന്ന് ലോകാന്ത്യം സംഭവിക്കും. ഇതാണ് ഇമാം മഹ്ദിയുടെ പ്രത്യക്ഷതയുടെ അടിസ്ഥാനത്തിലുള്ള ഷിയാ വിശ്വാസം.
🟥 മഹ്ദി വിശ്വാസത്തിൽ
അധിഷ്ഠിതമായ ഇറാന്റെ രാഷ്ട്രീയം
ആധുനിക ഇറാന്റെ ഭരണഘടനയുടെയും രാഷ്ട്രീയ സംവിധാനങ്ങളുടെയും നട്ടെല്ലായ ഒരു സിദ്ധാന്തമാണ് “വിലായത്ത് ഇ ഫഖീഹ്” (Velayat-e faqih). പേർഷ്യൻ ഭാഷയിൽ ഇതിനർത്ഥം ”ഇസ്ലാമിക നിയമപണ്ഡിതന്റെ രക്ഷാകർതൃത്വം” (Guardianship of the Islamic Jurist) എന്നാണ്. അപ്രത്യക്ഷനായ പന്ത്രണ്ടാമത്തെ ഇമാം (മഹ്ദി) മടങ്ങിവരുന്നത് വരെ ഭൂമിയിൽ ഇസ്ലാമിക സമൂഹത്തെ നയിക്കാനും ഭരിക്കാനുമുള്ള അധികാരം ഏറ്റവും യോഗ്യനായ ഒരു ഇസ്ലാമിക നിയമപണ്ഡിതനായിരിക്കും എന്നർത്ഥം. മഹ്ദി തിരിച്ചുവരുമ്പോൾ അദ്ദേഹത്തിന് ഭരണം കൈമാറാൻ പാകത്തിൽ ലോകത്തെയും ഇറാനെയും സജ്ജമാക്കുക എന്നതാണ് ഈ ഭരണസംവിധാനത്തിന്റെ ആത്യന്തിക ലക്ഷ്യം.
ഇസ്ലാമിക നിയമപണ്ഡിതന്റെ രക്ഷാകർതൃത്വം എന്ന ആശയത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും ഇതിനെ ഒരു രാഷ്ട്രീയ നയവും ഭരണസംവിധാനവുമായി വികസിപ്പിച്ചത് 1979-ലെ ഇറാൻ വിപ്ലവത്തിന്റെ നേതാവായിരുന്ന ആയത്തുള്ള റൂഹുള്ള ഖൊമേനി (Ruhollah Musavi Khomein) ആയിരുന്നു. അന്ന് ഇറാനിൽ നിലനിന്നിരുന്ന രാജഭരണത്തിന് പകരം മതപണ്ഡിതന്മാർ നയിക്കുന്ന ഒരു ഭരണം വേണമെന്ന് അദ്ദേഹം വാദിച്ചു.
ഇറാൻ ഭരണഘടനയിൽ “പരമോന്നത നേതാവ് ” (Supreme Leader) എന്നൊരു പദവിയുണ്ട്. “വിലായത്ത് ഇ ഫഖീഹ്” എന്ന സിദ്ധാന്തമനുസരിച്ച് പരമോന്നത നേതാവിനു മതപരമായ അധികാരവും രാഷ്ട്രീയ അധികാരവുമുണ്ട്. ജനങ്ങൾ തെരഞ്ഞെടുക്കുന്ന പാർലമെന്റിനും പ്രസിഡന്റിനും മുകളിലായിരിക്കും സുപ്രീം ലീഡറുടെ സ്ഥാനം. സൈന്യം, നീതിന്യായം, വിദേശനയം എന്നിവയുടെ പൂർണ്ണ നിയന്ത്രണം ഇദ്ദേഹത്തിനാണ്. ഇമാം മഹ്ദിയുടെ ഭൂമിയിലെ പ്രതിനിധിയായിട്ടാണ് സുപ്രീം ലീഡർ കണക്കാക്കപ്പെടുന്നത്.
🟥 ജംകാരൻ മോസ്കും
രാഷ്ട്രീയ തീരുമാനങ്ങളും
ഇറാന്റെ ഖ്വോം (Qom) നഗരത്തിലുള്ള ജംകാരൻ മോസ്ക് (Jamkaran Mosque) ഇമാം മഹ്ദി വിശ്വാസവുമായി ബന്ധപ്പെട്ടതും ലോകത്തിലെ ഏറ്റവും വലിയ ഷിയാ മോസ്കുകളിൽ ഒന്നുമാണ്. ഈ മോസ്കിന്റെ വളപ്പിൽ സ്ഥിതിചെയ്യുന്ന ഒരു കിണറാണ് ”ആഗ്രഹക്കിണർ” (Well of Requests). ഷിയാ വിശ്വാസപ്രകാരം ഇമാം മഹ്ദി ഒളിഞ്ഞിരിക്കുന്നത് ഈ കിണറ്റിലാണ്. വിശ്വാസികൾ രോഗശാന്തിക്കും സാമ്പത്തിക പ്രതിസന്ധിക്കും പരിഹാരംതേടി പ്രാർത്ഥനകൾ എഴുതി ഈ കിണറിനുള്ളിൽ ഇടുന്നു. മഹ്ദി അത് വായിച്ച് അനുഗ്രഹിക്കുമെന്നാണ് വിശ്വാസം.
ഇറാന്റെ മുൻ പ്രസിഡന്റായിരുന്ന അഹമ്മദി നെജാദ് (Mahmoud Ahmadinejad) വലിയ മഹ്ദി ഭക്തനായിരുന്നു. അദ്ദേഹം സുപ്രധാന തീരുമാനങ്ങൾ എടുത്തിരുന്നത് ഈ മോസ്കിൽ പോയി കത്തെഴുതി മഹ്ദിക്ക് സമർപ്പിച്ചു പ്രാർത്ഥിച്ച ശേഷമായിരുന്നു എന്നു പറയപ്പെടുന്നു. കൂടാതെ അദ്ദേഹത്തിന്റെ ഭരണകാലത്ത് ഈ മോസ്കിന് വലിയ സാമ്പത്തിക സഹായങ്ങൾ നൽകുകയും രാജ്യത്തിന്റെ ബജറ്റിൽ നല്ലൊരു തുക ഈ വിശ്വാസപ്രചാരണത്തിനായി ചെലവഴിക്കുകയും ചെയ്തിട്ടുണ്ട്.
🟥 ഇറാന്റെ മഹ്ദി കേന്ദ്രീകൃതമായ
അന്ത്യകാല വിദേശനയം
ഇറാൻ ഭരണകൂടത്തിന്റെ വിദേശനയത്തെ പല രാഷ്ട്രതന്ത്രജ്ഞരും വിശേഷിപ്പിക്കുന്നത് “അന്ത്യകാല വിദേശനയ”മെന്നാണ് (apocalyptic foreign policy). മഹ്ദിയുടെ ആഗമനത്തിനായി ലോകത്ത് അരാജകത്വം നടമാടേണ്ടതുണ്ട്. അതിനായി ഭൂമിയിൽ കൃത്രിമമായി അസമാധാനവും അരാജകത്വവും സൃഷ്ടിക്കുന്ന ദൗത്യമാണ് രാജ്യം ചെയ്യേണ്ടത്. “നന്മ”യുടെ പക്ഷത്തുള്ള ഇറാനും സഖ്യകക്ഷികളും “തിന്മ”യുടെ പ്രതീകമായ അമേരിക്കയും ഇസ്രായേലും തമ്മിൽ ഒരു അന്തിമയുദ്ധം അനിവാര്യമാണെന്ന് ഇറാൻ്റെ ആത്മീയ രാഷ്ട്രീയ നേതൃത്വം കരുതുന്നു. ഇതിനു വേണ്ടിയാണ് ഇസ്രായേലിനും അമേരിക്കയ്ക്കും എതിരെ വിവിധ ഭീകര സംഘടനകളെ അവർ സൃഷ്ടിച്ചെടുത്ത് അവർക്കു വേണ്ടതെല്ലാം നൽകി മധ്യപൗരസ്ത്യ ദേശത്ത് അസമാധാനം സൃഷ്ടിക്കുന്നതിന് ഇറാൻ പരിശ്രമിക്കുന്നത്. ഹിസ്ബുള്ള, ഹമാസ്, ഹൂതികൾ എന്നീ തീവ്രവാദ സംഘടനകളെ മഹ്ദിയുടെ ആഗമനം ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇറാൻ വളർത്തിയെടുത്തത്. അതിനാൽ ഇസ്ലാമിക് തീവ്രവാദത്തിന് ഇസ്ലാമതത്തിലെ അന്ത്യകാല ദർശനവുമായി അഭേദ്യമായ ബന്ധമുണ്ട് എന്നതാണ് വസ്തുത.
ഇസ്രായേലിനെതിരെയുള്ള നിരന്തരമായ ആക്രമണങ്ങളും മധ്യേഷ്യയിലെ സംഘർഷങ്ങളും അന്ത്യകാലത്തെ ത്വരിതപ്പെടുത്താനുള്ള ഇറാന്റെ രാഷ്ട്രീയനയത്തിന്റെ ഭാഗമാണ്. മഹ്ദി വരുന്നതിന് മുമ്പ് ജെറുസലേം മുസ്ലിങ്ങളുടെ നിയന്ത്രണത്തിൽ വരണമെന്ന് ഇവർ വിശ്വസിക്കുന്നു. ഇതിന് നേതൃത്വം നൽകുന്നതിനും വിവിധ തീവ്രവാദ ഗ്രൂപ്പുകൾക്ക് സൈനിക പരിശീലനവും സാമ്പത്തിക സഹായവും ആയുധങ്ങളും നൽകുന്നതിനും വേണ്ടി ഇറാനിൽ രൂപീകരിച്ച സൈനിക വിഭാഗമാണ് “ഖുദ്സ് ഫോഴ്സ്” (Quds Force). പരമോന്നത നേതാവിനു മാത്രമാണ് ഇവർ റിപ്പോർട്ട് നൽകേണ്ടത്. എന്നാൽ ഈ സംഘത്തെ അമേരിക്ക, ഇസ്രായേൽ, കാനഡ, ബഹ്റൈൻ, സൗദി എന്നീ രാജ്യങ്ങളെല്ലാം തീവ്രവാദ ഗ്രൂപ്പുകളായിട്ടാണ് കണക്കാക്കിയിരിക്കുന്നത്.
🟥 ഇറാനും സൗദിയും
തമ്മിലുള്ള തർക്കം
സൗദി അറേബ്യ സുന്നി ഇസ്ലാമിന്റെ കേന്ദ്രമായും ഇറാൻ ഷിയാ ഇസ്ലാമിന്റെ കേന്ദ്രമായും അറിയപ്പെടുന്നു. സൗദി അറേബ്യയിലെ മക്കയും മദീനയും കേന്ദ്രീകരിച്ച് ഒരു ഷിയാ മുന്നേറ്റം ഉണ്ടാക്കിയെടുക്കുക എന്നത് ഇറാന്റെ അന്ത്യകാല വിദേശനയത്തിന്റെ ഭാഗമാണ്. യമനിലെ ഹൂതി വിമതർക്ക് ഇറാൻ നൽകുന്ന പിന്തുണയുടെ പ്രധാന ലക്ഷ്യം സൗദി അറേബ്യയുടെ സുരക്ഷ തകർക്കുക എന്നതിനാണ്. ഹൂതികൾ പലപ്പോഴും മക്കയെ ലക്ഷ്യമാക്കി മിസൈലുകൾ വിക്ഷേപിച്ചതായി സൗദി ആരോപിച്ചിട്ടുണ്ട്. ഇത് മുസ്ലിം ലോകത്തിന് മുന്നിൽ സൗദി അറേബ്യയെ ഒരു ദുർബല രാജ്യമായി ചിത്രീകരിക്കാനും പുണ്യസ്ഥലങ്ങൾ സംരക്ഷിക്കാൻ സൗദിക്ക് കഴിയില്ല എന്ന് ലോകത്തെ ബോധ്യപ്പെടുത്താനുമുള്ള ഇറാന്റെ തന്ത്രമായും വിലയിരുത്തപ്പെടുന്നു. കൂടാതെ ഹജ്ജ് കർമ്മത്തിനിടയിൽ ഇറാൻ തീർത്ഥാടകർ നടത്തുന്ന പ്രതിഷേധങ്ങൾ പലപ്പോഴും വലിയ സംഘർഷങ്ങൾക്ക് കാരണമായിട്ടുണ്ട്. 1987-ൽ ഇപ്രകാരമൊരു സംഘർഷത്തിൽ നൂറുകണക്കിന് ആളുകൾ കൊല്ലപ്പെട്ടിരുന്നു.
ഇറാൻ സൗദിയുമായി നടത്തുന്ന ഇത്തരം സംഘർഷങ്ങളാണ് വാസ്തവത്തിൽ ഇറാനെ മറ്റ് ഇസ്ലാമിക് രാജ്യങ്ങളുടെ സൗഹൃദങ്ങളിൽ നിന്ന് അകറ്റിനിർത്തുന്നത്. അറബ് സുന്നി ലോകം ഇറാനെ പൂർണ്ണമായും കൈയൊഴിഞ്ഞു. യു.എ.ഇ, ബഹ്റൈൻ രാജ്യങ്ങൾ ഇസ്രായേലുമായി “എബ്രഹാം ഉടമ്പടി”യിൽ (Abraham Accords) എത്തിച്ചേരാൻ കാരണമായതും ഇറാന്റെ ഭീഷണിയെ നേരിടാൻ വേണ്ടിയായിരുന്നു.
🟥 ഇറാനികളുടെ ക്രിസ്തുവിലേക്കുള്ള പരിവർത്തനം
ഇമാം മഹ്ദിയുടെ ആഗമനത്തിന്റെയും അന്ത്യകാല വിദേശനയത്തിന്റെയും പേരുപറഞ്ഞ് ഭരണകൂടം തങ്ങളുടെ വിഭവങ്ങൾ വിദേശ തീവ്രവാദ സംഘടനകൾക്ക് നൽകുന്നതിനെതിരെ ഇറാൻ ജനത കടുത്ത പ്രതിഷേധത്തിലാണ്. “ഗാസയ്ക്കല്ല, ലെബനനല്ല, എന്റെ ജീവിതം ഇറാന് വേണ്ടി” എന്നതാണ് ഇറാനികൾ ഉയർത്തുന്ന മുദ്രാവാക്യം. സാമ്പത്തിക തകർച്ചയും ഹിജാബ് വിരുദ്ധ സമരക്കാർക്ക് നേരെയുണ്ടായ ക്രൂരതകളും ജനങ്ങളെ മതഭരണകൂടത്തിന്റെ ബദ്ധശത്രുക്കളാക്കി മാറ്റിയിരിക്കുന്നു.
ഇമാം മഹ്ദിക്ക് വേണ്ടിയുള്ള കാത്തിരിപ്പ് നിരാശയിൽ അവസാനിക്കുന്നതാണ് ഇറാനിൽ ഇപ്പോൾ കാണുന്നത്. എന്നാൽ ഇറാനിയൻ ജനതയുടെ ആത്മീയ ദാഹത്തെ തൃപ്തിപ്പെടുത്തും വിധം യേശുക്രിസ്തുവിന്റെ സ്വപ്നദർശനം ഉണ്ടായെന്ന് പലരും സാക്ഷ്യപ്പെടുത്തുന്നു. ഇറാനിൽ ഏകദേശം മുപ്പതുലക്ഷം ക്രൈസ്തവരുണ്ട് എന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മതവിശ്വാസം ഇല്ലാതാകുന്നതോ മതം മാറുന്നതോ വധശിക്ഷ ലഭിക്കാവുന്ന കുറ്റമായിട്ടും ഇറാനിൽ ക്രൈസ്തവ വിശ്വാസം വളരുകയാണ്. സംഘടിതമായി ആരുമിവിടെ സുവിശേഷ പ്രവർത്തനങ്ങൾ നടത്തുന്നല്ല. എന്നാൽ വ്യക്തിപരമായി ക്രിസ്തുദർശനം ഉണ്ടായെന്നു പറഞ്ഞാണ് പലരും ഇറാനിൽ ക്രിസ്ത്യാനികളാകുന്നത്.
പേർഷ്യൻ വീടുകളിൽ നിന്നുയരുന്ന ത്രിത്വസ്തുതികൾ രാജ്യത്തു മാറ്റത്തിന്റെ കൊടുങ്കാറ്റായി മാറുകയാണ്.

