മാരാമൺ:ലോകപ്രസിദ്ധമായ മാരാമണ്‍ കണ്‍വന്‍ഷന്റെ 131-ാമത് മഹായോഗം 2026 ഫെബ്രുവരി 08-ാം തീയതി ഞായറാഴ്ച മുതല്‍ 15-ാം തീയതി ഞായറാഴ്ച വരെ മാരാമണ്‍ മണല്‍പ്പുറത്ത് തയ്യാറാക്കിയ വിശാലമായ പന്തലില്‍ നടക്കും. ഫെബ്രുവരി 08-ാം തീയതി ഞായറാഴ്ച 2.30 ന് മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനും മലങ്കരയുടെ 22-ാം മാര്‍ത്തോമ്മായുമായ ഡോ.തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ.ഐസക്ക് മാര്‍ ഫിലക്സിനോസ് എപ്പിസ്‌കോപ്പാ അദ്ധ്യക്ഷത വഹിക്കും. മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയിലെ ബിഷപ്പുമാരെക്കൂടാതെ പ്രൊഫ. ഡോ. ക്ലിയോഫസ് ജെ. ലാറു (യു.എസ്.എ.), റവ. മോളോ വില്‍സന്‍ മെസവാന്‍ഡിലേ (സൗത്ത് ആഫ്രിക്ക), ബിഷപ്പ് ഡോ. പോള്‍ സ്വരൂപ് (ന്യൂഡല്‍ഹി) എന്നിവര്‍ മുഖ്യ പ്രസംഗകരാണ്. വിവിധ സഭകളിലെ മേല്‍പട്ടക്കാരും വചനപ്രഘോഷകരും വിവിധ യോഗങ്ങളില്‍ കണ്‍വന്‍ഷനില്‍ നേതൃത്വം നല്‍കും.

തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ രാവിലെ 7.30 മുതല്‍ 8.30 വരെ ബൈബിള്‍ ക്ലാസ്സുകള്‍ കണ്‍വന്‍ഷന്‍ പന്തലിലും കുട്ടികള്‍ക്കുള്ള യോഗം സി.എസ്.എസ്.എമ്മിന്റെ നേതൃത്വത്തില്‍ കുട്ടിപ്പന്തലിലും നടക്കും. എല്ലാ ദിവസവും രാവിലത്തെ പൊതുയോഗം 9.30 ന് ഗാനശുശ്രൂഷയോടുകൂടി ആരംഭിച്ച് 12 മണിക്ക് അവസാനിക്കും. സായാഹ്നയോഗങ്ങള്‍ വൈകിട്ട് 6 ന് ഗാനശുശ്രൂഷയോടുകൂടി ആരംഭിച്ച് 7.30ന് സമാപിക്കും. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഉച്ചകഴിഞ്ഞ് 2.30ന് കുടുംബവേദി യോഗങ്ങളും ബുധനാഴ്ച 2.30ന് സാമൂഹ്യതിന്മകള്‍ക്കെതിരെയുള്ള യോഗവും ക്രമീകരിക്കും. കുടുംബവേദി യോഗങ്ങളില്‍ ഡോ. ജിറ്റി ജോര്‍ജ് ( കോട്ടയം) റവ. ഫാ. എഡ്വേര്‍ഡ് ജോര്‍ജ് ( മൂവാറ്റുപുഴ ) എന്നിവരും സാമൂഹ്യതിന്മകള്‍ക്കെതിരെയുള്ള പ്രത്യേക സമ്മേളനത്തില്‍ ബിഷപ്പ് ടോണി നീലങ്കാവിലും പ്രസംഗിക്കും. വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ വൈകിട്ട് 4 ന് യുവവേദി യോഗങ്ങള്‍ പന്തലില്‍ നടത്തുന്നതാണ്. ബുധന്‍ മുതല്‍ ശനി വരെ വൈകിട്ട് 7.30 മുതല്‍ 9 വരെയുള്ള സമയം ഭാഷാ അടിസ്ഥാനത്തിലുള്ള മിഷന്‍ ഫീല്‍ഡ് കൂട്ടായ്മകള്‍ ഹിന്ദി & ഒഡിയ, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ക്രമത്തില്‍ പ്രത്യേക യോഗങ്ങളായി ക്രമീകരിച്ചിരിക്കുന്നു.
ഫെബ്രുവരി 13 ബുധനാഴ്ച രാവിലെ 9.30 ന് നടത്തപ്പെടുന്ന എക്യുമെനിക്കല്‍ സമ്മേളനത്തിന് വിവിധ സഭാ മേലദ്ധ്യക്ഷന്മാര്‍ പങ്കെടുക്കും. ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവാ മുഖ്യ സന്ദേശം നല്‍കും. ഉച്ച കഴിഞ്ഞുള്ള സാമൂഹ്യ തിന്മകള്‍ക്കെതിരെയുള്ള പ്രത്യേക സമ്മേളനത്തില്‍ ബിഷപ്പ് ടോണി നീലങ്കാവില്‍ മുഖ്യ സന്ദേശം നല്‍കും.
വ്യാഴാഴ്ച ഉച്ച കഴിഞ്ഞു 2.30 മുതല്‍ 4 മണി വരെ സന്നദ്ധ സുവിശേഷക സംഘത്തിന്റെയും വെള്ളിയാഴ്ച ഉച്ച കഴിഞ്ഞു 2.30 മുതല്‍ 4 മണി വരെ സേവികാസംഘത്തിന്റെയും പ്രത്യേക യോഗങ്ങളും നടത്തപ്പെടും. ശനിയാഴ്ച ഉച്ച കഴിഞ്ഞ് 2.30 മുതല്‍ 4 മണി വരെ മാര്‍ത്തോമ്മാ സുവിശേഷപ്രസംഗസംഘം പ്രസിഡന്റ് ഡോ. ഐസക് മാര്‍ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പായുടെ അദ്ധ്യക്ഷതയില്‍ കൂടുന്ന മിഷനറി സമ്മേളനത്തില്‍ പ്രൊഫ. ഡോ. ക്ലിയോഫസ് ജെ. ലാറു പ്രസംഗിക്കും.
കണ്‍വന്‍ഷനോടനുബന്ധിച്ച് ജനുവരി 31 ശനിയാഴ്ച പരിസ്ഥിതി സൗഹൃദ സന്ദേശ ജലയാനം സംഘത്തിന്റെ ജന്മഗൃഹമായ കല്ലിശ്ശേരി കടവില്‍ മാളികയില്‍ നിന്നും ചെറുകോല്‍പ്പുഴ കടവില്‍ നിന്നും ആരംഭിച്ച് മാരാമണ്‍ കണ്‍വന്‍ഷന്‍ നഗറില്‍ സമാപിക്കും. പരിസ്ഥിതി സൗഹൃദ സമ്മേളനം വൈകിട്ട് 4 മണിക്ക് മാരാമണ്‍ മണല്‍പ്പുറത്ത് മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് അഭിവന്ദ്യ ഡോ. ഐസക് മാര്‍ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പായുടെ അദ്ധ്യക്ഷതയില്‍ വൈകിട്ട് 4.30ന് നടത്തപ്പെടും.
പൂര്‍ണ്ണസമയ സുവിശേഷവേലയ്ക്ക് സമര്‍പ്പിക്കുന്ന 12 വയസ്സിന് താഴെയുള്ള കുട്ടികളുടെ പ്രതിഷ്ഠാശുശ്രൂഷ ഫെബ്രുവരി 13-ാം തീയതി വെള്ളിയാഴ്ചയും 12 വയസ്സിന് മുകളിലുള്ള പ്രതിഷ്ഠാ ശുശ്രൂഷ ഫെബ്രുവരി 14-ാം തീയതി ശനിയാഴ്ചയും രാവിലെ 7.30 ന് കോഴഞ്ചേരി സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളിയില്‍ നടത്തപ്പെടും.
മാരാമണ്‍ മണല്‍പ്പുറത്തേക്കുള്ള താല്ക്കാലിക പാലങ്ങളുടെ നിര്‍മ്മാണം അവസാനഘട്ടത്തിലാണ്. പന്തലിന്റെ പണികള്‍ പുരോഗമിക്കുന്നു. ഓലമേയല്‍ ജനുവരി 29 രാവിലെ 7 മണിയ്ക്ക് സുവിശേഷസംഘം പ്രസിഡന്റ് ഡോ. ഐസക് മാര്‍ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പായുടെ പ്രാര്‍ത്ഥനയോടെ ആരംഭിക്കും. ഫെബ്രുവരി 4 ന് പൂര്‍ത്തീകരിക്കും. ഈ വര്‍ഷവും കുട്ടിപന്തല്‍ ഓല മേയുന്നത് കുട്ടികളുടെ സഹകരണത്തിലാണ്.
15-ാം തീയതി ഞായറാഴ്ച രാവിലെ 7.30 ന് മാരാമണ്‍, കോഴഞ്ചേരി, ചിറയിറമ്പ് പള്ളികളില്‍ വച്ച് വി. കുര്‍ബ്ബാനയ്ക്ക് അഭിവന്ദ്യ തിരുമേനിമാര്‍ നേതൃത്വം നല്‍കും. ഞായറാഴ്ച ഉച്ച കഴിഞ്ഞ് 2.30 ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ. ഐസക് മാര്‍ ഫിലക്സിനോസ് എപ്പിസ്‌കോപ്പാ അദ്ധ്യക്ഷത വഹിക്കും. മാര്‍ത്തോമ്മാ സഭയുടെ പരമാദ്ധ്യക്ഷന്‍ ഡോ.തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തായുടെ സമാപന സന്ദേശത്തോടു കൂടി 131-ാമത് മാരാമണ്‍ കണ്‍വന്‍ഷന്‍ സമാപിക്കും.
ഉദ്ഘാടന യോഗത്തിലും വെള്ളി, ശനി, ഞായര്‍ രാവിലത്തെ യോഗങ്ങളിലും സ്‌തോത്രകാഴ്ച ശേഖരിക്കും. മറ്റു യോഗങ്ങളില്‍ സംബന്ധിക്കുന്നവര്‍ക്ക് പന്തലില്‍ ക്രമീകരിച്ചിരിക്കുന്ന പെട്ടികളില്‍ സ്‌തോത്രകാഴ്ച അര്‍പ്പിക്കാവുന്നതാണ്. യോഗത്തില്‍ സംബന്ധിച്ച് സ്‌തോത്രകാഴ്ച അര്‍പ്പിക്കുവാന്‍ സാധിക്കാത്തവര്‍ക്ക് പേമെന്റ് ഗേറ്റ് വേ സംവിധാനത്തിലൂടെ ആ സമയം തന്നെ ഓണ്‍ലൈനായി സ്‌തോത്രകാഴ്ച അര്‍പ്പിക്കുന്നതിനുള്ള സൗകര്യം ക്രമീകരിച്ചിട്ടുണ്ട്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ വകുപ്പുകളും ത്രിതല പഞ്ചായത്തുകളും കണ്‍വന്‍ഷന്‍ ക്രമീകരണങ്ങളില്‍ നിര്‍ലോഭം സഹകരിക്കുന്നു. കണ്‍വന്‍ഷന്‍ നഗറില്‍ ശുദ്ധജലം ലഭ്യമാക്കുന്നതിനും നദിയിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനും റോഡുകളുടെ അറ്റകുറ്റ പണികള്‍ നടത്തുന്നതിനും വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ആവശ്യമായ ക്രമീകരണം ചെയ്യുന്നു. കെ.എസ്.ആര്‍.ടി.സി. കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് പ്രത്യേകം ബസ് സര്‍വ്വീസ് ക്രമീകരിച്ചിരിക്കുന്നു. പോലീസ്, അഗ്നിശമന സേന, ആരോഗ്യവകുപ്പ്, ടെലികോം, വൈദ്യുതി തുടങ്ങിയ വകുപ്പുകളും കണ്‍വന്‍ഷന്‍ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്നു.
മാരാമണ്‍ മഹായോഗത്തില്‍ ജനലക്ഷങ്ങളാണ് പങ്കെടുക്കുന്നത്. യാതൊരു പരിസ്ഥിതി മലിനീകരണവും സംഭവിക്കാത്തവിധത്തില്‍ ഹരിത നിയമാവലി അനുസരിച്ച് കണ്‍വന്‍ഷന്‍ ക്രമീകരിക്കാന്‍ സംഘാടകസമിതി ശ്രദ്ധിക്കുന്നു. പമ്പാനദിയും മണല്‍തിട്ടയും പരിസരപ്രദേശങ്ങളും മാലിന്യവിമുക്തമായി സൂക്ഷിക്കുവാനുള്ള ക്രമീകരണങ്ങള്‍ കണ്‍വന്‍ഷന്‍ സംഘാടകരും പ്രാദേശിക ഭരണകൂടവും പങ്കുചേരുന്നു.
കണ്‍വന്‍ഷന്റെ അനുഗ്രഹത്തിനായി ഇടവകകളിലെ ഇടവകമിഷന്റെ നേതൃത്വത്തില്‍ ആത്മിയസംഘടനകളുടെ സഹകരണത്തില്‍ പള്ളികളിലും, ജനുവരി 30 മുതല്‍ ഫെബ്രുവരി 7 വരെ വൈകുന്നേരം 4.30 മുതല്‍ 6.00 വരെ ഒരുക്കപ്രാര്‍ത്ഥന സമീപ സെന്ററുകളുടെ നേതൃത്വത്തില്‍ മാരാമണ്‍ മണല്‍പ്പുറത്തും സംഘടിപ്പിക്കും. ജനുവരി 31ന് വൈകുന്നേരം 8 മുതല്‍ 8.30 വരെ മാര്‍ത്തോമ്മാ സഭയിലെ എല്ലാ കുടുംബങ്ങളും കുടുംബപ്രാര്‍ത്ഥനയില്‍ സമയം വേര്‍തിരിച്ച് കണ്‍വന്‍ഷനായി പ്രാര്‍ത്ഥിക്കും. ഫെബ്രുവരി 1 ന് രാത്രി 8 ന് ഓണ്‍ലൈനായി ആഗോള പ്രാര്‍ത്ഥന സംഗമം ക്രമീകരിച്ചിട്ടുണ്ട്.
പമ്പാനദിയിലെ മാരാമണ്‍ മണല്‍പ്പരപ്പില്‍ ഒരുലക്ഷം പേരെ ഉള്‍ക്കൊള്ളാവുന്ന പന്തലിന്റെ നിര്‍മ്മാണം ആരംഭിച്ചു ഫെബ്രുവരി ആദ്യവാരം പൂര്‍ത്തിയാക്കും. മണല്‍പ്പുറത്തേക്കുള്ള 3 താല്ക്കാലിക പാലങ്ങളുടെ നിര്‍മ്മാണവും പുരോഗമിക്കുന്നു. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി വലിയ മൈറ്റല്‍ സ്റ്റീല്‍ പൈപ്പുകളും ബെയ്‌ലിന്റെ പാലത്തിന്റെ മാതൃകയിലുള്ള ഇരുമ്പു ഗാര്‍ഡറുകളും ഉപയോഗിച്ചുള്ള ചെലവുകുറഞ്ഞ സാങ്കേതിക വിദ്യയിലാണ് പാലങ്ങള്‍ നിര്‍മ്മിക്കുന്നത്.
കണ്‍വന്‍ഷന്റെ മലയാളം പാട്ടുപുസ്തകം 20 രൂപ നിരക്കിലും ഇംഗ്ലീഷിലേക്ക് ട്രാന്‍സ്ലിറ്ററേറ്റ് ചെയ്ത പാട്ടുപുസ്തകം 30 രൂപ നിരക്കിലും കണ്‍വന്‍ഷന്‍ ഗാനമടങ്ങിയ പെന്‍ഡ്രൈവ് 400 രൂപ നിരക്കിലും സി.ഡി. 100 രൂപ നിരക്കിലും മാരാമണ്‍ മണല്‍പ്പുറത്ത് ലഭിക്കും.
മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ മിഷനറി പ്രസ്ഥാനമായ സുവിശേഷ പ്രസംഗസംഘമാണ് കണ്‍വന്‍ഷന്‍ സംഘടിപ്പിക്കുന്നതും ആതിഥേയത്വം നല്‍കുന്നതും. 1888 സെപ്റ്റംബര്‍ 5 ന് കല്ലിശ്ശേരി കടവില്‍ മാളികയില്‍ സമാരംഭിച്ച മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗ സംഘം ഭാരതത്തിലെ ആദ്യത്തെ തദ്ദേശീയ മിഷനറി പ്രസ്ഥാനമാണ്. ജനറല്‍ സെക്രട്ടറി റവ.എബി കെ. ജോഷ്വാ (ജനറല്‍ കണ്‍വീനര്‍), ലേഖക സെക്രട്ടറി പ്രൊഫ.എബ്രഹാം പി. മാത്യു, സഞ്ചാര സെക്രട്ടറി റവ.ജിജി വര്‍ഗീസ്, ട്രഷറാര്‍ ഡോ.എബി തോമസ് വാരിക്കാട്, കണ്‍വീനര്‍മാരായ ശ്രീ. സാം ചെമ്പകത്തില്‍, ശ്രീ. റ്റിജു എം. ജോര്‍ജ്ജ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു. കണ്‍വന്‍ഷന്‍ ക്രമീകരണത്തിനായി 24 സബ് കമ്മറ്റികള്‍ നേതൃത്വം നല്‍കുന്നതായി ചുമതലക്കാര്‍ അറിയിച്ചു.

