Rev.Jacob Mathew Pullad
മാരാമണ്ണിലെ ‘കുട്ടികളുടെ യോഗം’ എന്തുകൊണ്ട് ബാലശുശ്രൂഷാസംഘത്തെ ഏൽപ്പിച്ചിരിക്കുന്നു?
സി. എസ്. എസ് .എം. അഥവാ ബാലശുശ്രൂഷാസംഘം മിസ്റ്റർ ജോബായസ് പിയേഴ്സിനാൽ 1867ൽ ഇംഗ്ലണ്ടിൽ ആരംഭിച്ചു. 1901ൽ മിസ്റ്റർ ആർ .റ്റി. ആർച്ചിബാൾഡ് പ്രസ്ഥാനത്തിൻ്റെ പ്രവർത്തനത്തിന് ഇന്ത്യയിൽ ആരംഭം കുറിച്ചു. 1905ൽ കേരളത്തിലും ഒരു ശാഖ ആരംഭിച്ചു. കേരളത്തിലെ സഭകളോട് ചേർന്ന് പ്രവർത്തനങ്ങൾ പുരോഗമിച്ചു. മാരാമൺ കൺവെൻഷനോട് അനുബന്ധിച്ചുള്ള മീറ്റിങ്ങുകൾക്ക് മിസ്റ്റർ ആർച്ചിബാൾഡ് തന്നെ നേരിട്ട് നേതൃത്വം നൽകിയിരുന്നു.
ഡോ. എബ്രഹാം മാർത്തോമ്മാ മെത്രാപ്പോലീത്താ അദ്ദേഹത്തെ വേണ്ടവിധം പ്രോത്സാഹിപ്പിച്ചു. 1919 ൽ മിസ്റ്റർ ആർച്ചിബാൾഡ് എഴുതിയ ഒരു ഡയറിക്കുറിപ്പ് ഇപ്രകാരമാണ് ,
“Cssm conference Thiruvalla ,October 1919:-
Historical occasion after which past and present Children’s
Missionaries from different language areas met for the first time. We lived together for a week in the house of the Suffragan Bishop of the Reformed Syrian (Mar Thoma )Church'” ബംഗാളിന്റെ ചുമതലയിൽ 1906ൽ നിയമിക്കപ്പെട്ട റവ. ആർ.സി.ബിശ്വാസിൻ്റെയും കേരളത്തിന്റെറ ചുമതലയിൽ 1907ൽ നിയമിക്കപ്പെട്ട മാരാമൺ ആഞ്ഞിലിവേലിൽ റവ.എ .വി .ജോർജിൻ്റെയും ( സി .എം. എസ്. വൈദികൻ) ഫോട്ടോകൾക്കിടയിൽ സ്വന്തം കൈപ്പടയിൽ വിശദവിവരങ്ങളും ആ കുറിപ്പുകൾക്കൊപ്പം രേഖപ്പെടുത്തിയിട്ടുണ്ട്.

അദ്ദേഹം കൺവെൻഷനിൽ പ്രസംഗിക്കുകയും ബാല ശുശ്രൂഷാ സംഘത്തിലേക്ക് പ്രവർത്തകരായി മാരാമണ്ണു നിന്നും പലരെ കണ്ടെത്തുകയും നിയമിക്കുകയും ചെയ്തു. മാരാമൺ കളത്രയിൽ കെ ജെ തോമസ് അച്ചൻ (സീനിയർ) എപ്രകാരമാണ് സ്വാധീനിക്കപ്പെട്ടതെന്ന് അദ്ദേഹത്തിന്റെ സഹോദരി അച്ചൻ്റെ ജീവചരിത്രക്കുറിപ്പിൽ എഴുതിയിട്ടുണ്ട്.
“കേരളത്തിൽ ബാലശുശ്രൂഷാസംഘം പ്രവർത്തനം ആരംഭിച്ച പരേതനായ മിസ്റ്റർ ആർ .ടി. ആർച്ചിബാൾഡ് ഒരു സ്വന്തം മകനെ പോലെ സ്നേഹിച്ച് ആത്മീയ പ്രചോദനം നൽകിയ ഓർമ്മ അവസാനം വരെ അദ്ദേഹം നിലനിർത്തിപ്പോന്നു .മാരാമൺ കൺവെൻഷൻ യോഗങ്ങളിൽ മുൻനിരയിൽ സശ്രദ്ധം ദൂതുകൾ ആസ്വദിക്കുന്ന ഒരു വ്യക്തിയായിട്ടാണ് മിസ്റ്റർ ആർച്ചിബാൾഡ് അദ്ദേഹത്തെ ആദ്യം പരിചയപ്പെട്ടതും പിന്നീട് ശുശ്രൂഷയ്ക്ക് വിളിച്ചതും”. അച്ചനെ കൂടാതെ മല്ലപ്പള്ളി പള്ളിക്കാപറമ്പിൽ പി .വി. ജോർജ് അച്ചനും കോഴഞ്ചേരി കോലത്ത് കെ.സി മാത്യു അച്ചനും മറ്റ് പലരും സി.എസ്. എസ്.എം. പ്രവർത്തനത്തിനായി ആർച്ചിബാൾഡിനാൽ പ്രോത്സാഹിക്കപ്പെട്ടിട്ടുണ്ട്. തുടർച്ചയായി കൺവെൻഷനിൽ കുട്ടികളുടെ മീറ്റിംഗിൽ സംബന്ധിച്ചിരുന്ന മിസ്റ്റർ ആർച്ചിബാൾഡ് ബൈബിൾ ക്ലാസുകളും പ്രധാന പ്രസംഗങ്ങളും നടത്തി കൺവൻഷനെ ധന്യമാക്കി.

മാരാമൺ കൺവൻഷനോടനുബന്ധിച്ച് കുട്ടികളുടെ യോഗം കുട്ടികളുടെ പന്തലിൽ വെച്ചും കോഴഞ്ചേരി പള്ളി അങ്കണത്തിൽ വെച്ചും നടത്തിയിരുന്നു. പള്ളി അങ്കണത്തിലെ മീറ്റിംഗുകൾ ഇപ്പോൾ ഇല്ലായെങ്കിലും സൺഡേ സ്കൂൾ സമാജം മണൽപ്പുറത്തെ മീറ്റിങ്ങുകൾ ഏറ്റെടുക്കാതെ സി എസ് .എസ് .എം തന്നെ നടത്തുവാൻ ക്രമീകരണം ചെയ്തിരിക്കുന്നതിന്റെ ചരിത്ര പശ്ചാത്തലം വിസ്മരിക്കുവാൻ പാടില്ല. ആ കുട്ടിപ്പന്തലിലെ മണൽപ്പുറത്ത് നിന്ന് ബിഷപ്പുമാരും വൈദികരും സുവിശേഷകരും സന്യസ്ഥരും ആയി എത്രയോ വ്യക്തികൾ എഴുന്നേറ്റിരിക്കുന്നു. അതെ ആ കുട്ടിപ്പന്തൽ ദൈവരാജ്യത്തിന്റെ നേഴ്സറി എന്ന് തന്നെ പറയാം.
1945ൽ ഇന്ത്യയിലെ ശുശ്രൂഷ തികച്ച് ഇംഗ്ലണ്ടിലേക്ക് പോയ മിസ്റ്റർ ആർച്ചിബാൾഡ് 1950-ൽ അവിടെ വച്ച് അന്തരിച്ചു.ഇംഗ്ലണ്ടിലെ Stroud , Rodbotough Church സെമിത്തേരിയിൽ അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നു. ഏറ്റവും അവസാനം അദ്ദേഹം ഉച്ചരിച്ച വാക്ക് ‘the children’ എന്നായിരുന്നവെന്ന് പ്രിയ പത്നി ഏലിസബെത്ത് ആർച്ചിബാൾഡ് രേഖപ്പെടുത്തിയിരിക്കുന്നു.

