മാത്യൂ ചെമ്പുകണ്ടത്തിൽ
“നന്ദഗോവിന്ദം ഭജൻസ്” എന്ന ഹിന്ദു ഭക്തിഗായക സംഘം ഒരു അമ്പലത്തിൽ സംഘടിപ്പിച്ച ഭജനയിൽ പാടിയ “ഈ പരദേവനഹോ നമുക്ക്” എന്ന അതിപുരാതനമായ ഒരു ഗാനം ഇന്ന് വളരെ വിവാദമായിരിക്കുകയാണ്. “ക്രൈസ്തവ ഗാനം” എന്നു പറയപ്പെടുന്ന ഈ ഗാനം എത്രമേൽ ക്രൈസ്തവികമാണെന്ന് ആരെങ്കിലും പരിശോധിച്ചോ ? അക്കാര്യമൊന്നും പരിശോധിക്കാതെയാണ് ഈ ഗാനമിന്നു വിവാദമായിരിക്കുന്നത്. ഈ ഗാനത്തെക്കുറിച്ചോ ഇതിലെ കാവ്യബിംബങ്ങളിൽ ക്രൈസ്തവദർശനങ്ങൾ എത്രമേൽ ഉണ്ടെന്നോ പരിശോധിക്കാതെ ഇതിനെ “കുന്തിരിക്കം ഭജൻസ്” എന്നു വിളിച്ചുകൊണ്ട് ഈ ഗാനത്തിനു പിന്നിൽ എന്തോ വലിയ ക്രൈസ്തവ അജണ്ട ഒളിച്ചു കടത്തുന്നു എന്നൊക്കെയാണ് ചിലർ പറയുന്നത്. (ഗാനത്തിൻ്റെ പൂർണ്ണരൂപം കമൻ്റ് ബോക്സിൽ കാണുക)
സാധാരണഗതിയിൽ ബൈബിളിലെ സങ്കീർത്തനങ്ങളെ ആസ്പദമാക്കി രചിക്കപ്പെടുന്ന ഗാനങ്ങൾ ക്രൈസ്തവ ആരാധനകളിൽ ഉപയോഗിക്കാറുണ്ട്. എന്നാൽ 68-ാം സങ്കീർത്തനത്തെ ആസ്പദമാക്കി വിദ്വാന്‍കുട്ടി എന്ന യുസ്തോസ് യോസഫ് രചിച്ചത് എന്നു പറയപ്പെടുന്ന ഈ കീർത്തനത്തിലെ വരികൾ പരിശോധിച്ചാൽ, അതിന്റെ ഭാഷാശൈലിയിലും ബിംബകല്പനകളിലും ഒരു ശതമാനം പോലും ക്രിസ്തീയത പ്രകടമാകുന്നില്ല എന്നാണ് എൻ്റെ അഭിപ്രായം.
ഗാനത്തിന്റെ തുടക്കത്തിൽ തന്നെ “പരദേവൻ” എന്ന പ്രയോഗമാണ് ഉപയോഗിച്ചിരിക്കുന്നത്. കേരളീയ ഹൈന്ദവ പാരമ്പര്യത്തിൽ കുടുംബപരദേവതയെയോ കുലദൈവത്തെയോ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ഈ പദം ബൈബിളിനെ അടിസ്ഥാനമാക്കി രചിക്കുന്ന ക്രൈസ്തവ ഗാനങ്ങളിൽ തികച്ചും അന്യമാണെന്നോർക്കണം.
രണ്ടാം ചരണത്തിലെ “നിൻ കാൽ ചോരയിൽ ചവിട്ടുവാൻ”, “നായ്ക്കളുടെ നാവ് ആസ്വദിപ്പാനും” തുടങ്ങിയ വരികൾ ഏതോ ഉഗ്രമൂർത്തികളെയോ മറ്റു യുദ്ധദേവതകളെയോ ആണ് ഓർമ്മിപ്പിക്കുന്നത്. സമാധാനത്തിന്റെ രാജാവും ഉറവിടവുമായ യേശുക്രിസ്തുവിനെക്കുറിച്ചുള്ള സ്തുതികളിൽ ഇത്രയും രൗദ്രമായ ശൈലികൾ കടന്നുവരുന്നത് തികച്ചും അസ്വാഭാവികമാണ്. ശത്രുക്കളുടെ തല തകർക്കുന്ന ദൈവസങ്കല്പം യഹൂദ സങ്കൽപ്പത്തിൽ ഉണ്ടെങ്കിലും ക്രൈസ്തവർ ഈ ആശയം സ്വീകരിക്കാറില്ല.
ഗാനത്തിൽ പറയുന്ന “ബാശാൻ ദേശം”, “ബന്യമീൻ പ്രഭുക്കൾ”, “യൂദജനപ്രഭുക്കൾ” എന്നിവയെല്ലാം യഹൂദ ചരിത്രവുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. ഇവിടെ യേശുക്രിസ്തുവിനെയോ ക്രിസ്തീയമായ സഭയെയോ കുറിച്ചുള്ള പരാമർശങ്ങൾ യാതൊന്നുമില്ല. ക്രൈസ്തവ വിശ്വാസത്തിന് തീർത്തും അന്യവും അപ്രസക്തവുമാണ് ഈ പദപ്രയോഗങ്ങൾ. ഒരു പഴയ നിയമ ചരിത്രവിവരണത്തിനപ്പുറം ഇതിൽ ക്രൈസ്തവ മൂല്യങ്ങൾ കാണാൻ പ്രയാസമാണ്.
ഗാനത്തിന്റെ ആറാം ചരണത്തിൽ മാത്രമാണ് “യേശുവിന്നു ജയം” എന്ന വരി കടന്നുവരുന്നത്. എന്നാൽ ഇത് ഗാനത്തിന്റെ ഇതിവൃത്തവുമായി ഒരു ബന്ധവുമില്ലാതെ, അവസാനം ആരോ നിർബന്ധിച്ച് എഴുതിച്ചതോ പിന്നീട് ആരോ ഇത് എഴുതിച്ചേർത്തതോ ആണെന്നു തോന്നുന്നു. അതുവരെ പാടിക്കൊണ്ടുവന്ന ‘പരദേവനും’ ‘ജഗൽപതിയും’ യേശുവാണെന്ന് പെട്ടെന്നൊരു സാക്ഷ്യം നൽകാൻ വേണ്ടി മാത്രം ഉപയോഗിച്ച ഈ വരിയാണ് ഈ കൃതിയിൽ ആകെക്കൂടി കാണുന്ന ക്രൈസ്തവബിംബം. ഇത് മൊത്തം കവിതയുടെ ഒരു ശതമാനത്തിൽ മാത്രം പ്രകടമാകുന്ന കാര്യമാണ്. ഈ വരികളില്ലെങ്കിൽ ഈ ഗാനത്തിനു ക്രൈസ്തവ വിശ്വാസവുമായി യാതൊരു ബന്ധവും സ്ഥാപിക്കാൻ ആർക്കും കഴിയില്ല.
പുരാണ കാവ്യങ്ങളുടെ ശൈലി കടമെടുത്തുകൊണ്ട് എഴുതപ്പെട്ട ഒരു പഴയ നിയമ കീർത്തനമാണിതെന്നു തോന്നുന്നു. ഇതിലെ യഹൂദ ഗോത്രനാമങ്ങളെ മാറ്റിനിർത്തിയാൽ, ഇതൊരു അക്രൈസ്തവ ഭക്തിഗാനമായി ആരും തെറ്റിദ്ധരിച്ചേക്കാം. അവസാനത്തെ പാദത്തിൽ വരുന്ന ‘യേശു’ എന്ന പേര് മാറ്റിനിർത്തിയാൽ ഇതിലൊരു ക്രിസ്തീയ ഗാനത്തിന്റെ യാതൊരു ലക്ഷണവും പ്രകടമല്ല. ചുരുക്കത്തിൽ, എന്താണ് കവി ഈ കവിതയിൽ ഉദ്ദേശിച്ചത് എന്നതു പോലും ആർക്കും മനസ്സിലാകുന്നില്ല.
♦️ ആരായിരുന്നു വിദ്വാന്‍കുട്ടി എന്ന യുസ്തോസ് യോസഫ്
പാലക്കാട് മഞ്ഞപ്പുറം ഗ്രാമത്തില്‍ ബ്രാഹ്മിണരായ വെങ്കിടേശ്വര ഭാഗവതരുടേയും, മീനാക്ഷിയുടേയും മകനായി 1835 സെപ്റ്റംബര്‍, നാലിനു ജനിച്ച രാമയ്യന് ആണ് പില്ക്കാലത്ത് വിദ്വാന്‍കുട്ടി, യുസ്തോസ് യോസഫ്, യുയോരാലിസന്‍ എന്നീ പേരുകളില്‍ പിന്നീട് അറിയപ്പെട്ടു. ഈ കുടുംബം മുഴുവൻ സി.എം.എസ് (CMS) മിഷനറിമാരുമായുള്ള ബന്ധത്തിൽ പ്രൊട്ടസ്റ്റൻ്റ് സഭയുടെ ഭാഗമായി. സി.എം.എസ് സഭയിലെ ഒരു പട്ടക്കാരനായി മാറിയ യുസ്തോസ് ജോസഫ് പിന്നീട് സ്വന്തം സഭ സ്ഥാപിച്ചു. ‘യൂയേശു സഭ’ അഥവാ ‘ആറു വർഷ സഭ’ എന്നാണ് ഇതിൻ്റെ പേര്.
1875-ൽ ക്രിസ്തുവിന്റെ രണ്ടാം വരവ് ഉണ്ടാകുമെന്ന് അദ്ദേഹം പ്രവചിച്ചു.
ഈ പ്രവചനത്തെ തുടർന്ന് നിരവധിയാളുകൾ തങ്ങളുടെ സ്വത്തുക്കൾ വിറ്റുപെറുക്കി ഇദ്ദേഹത്തോടൊപ്പം ചേർന്നു.
എന്നാൽ 1881 ആയിട്ടും പ്രവചനം നടക്കാതെ വന്നതോടെ ഈ കൾട്ടു പ്രസ്ഥാനം തകരുകയും അദ്ദേഹം ഒറ്റപ്പെടുകയും ചെയ്തു. ഇതിനാലാണ് ഇക്കൂട്ടരെ ‘ആറു വർഷ സഭക്കാർ’ എന്ന് വിളിക്കുന്നത്.
പ്രവചനം പരാജയപ്പെട്ടതിനെത്തുടർന്ന് സാമൂഹികമായി ഒറ്റപ്പെട്ട നിലയിലായിരുന്നു അദ്ദേഹത്തിന്റെ അവസാന കാലഘട്ടം. ഈ കാലത്ത് എന്നോ ആയിരിക്കാം അദ്ദേഹം ഈ ഗാനം എഴുതിയത് എന്നു സംശയിക്കുന്നവരും ഉണ്ട്. 1887-ൽ അദ്ദേഹം അന്തരിച്ചു.
ഏതായാലും ഈ ഗാനത്തെ കുന്തിരിക്കവുമായി ചേർത്ത് പരിഹസിക്കുന്നവർ ഓർമിക്കുക, യുസ്തോസ് യോസഫ് കുന്തിരിക്കം പുകയ്ക്കുന്ന സഭയുടെ ഭാഗമായിരുന്നില്ല. ചിക്കൻ മസാലയുമായി ഇതിനെ ചേർത്തു പറയുന്നവർ മനസ്സിലാക്കുക, ചിക്കൻ കഴിക്കാത്ത ബ്രാഹ്മിണൻ ആയിരുന്നു യുസ്തോസ് യോസഫ്.
ഈ പരദേവനഹോ നമുക്ക്… പരിത്രാണനത്തിന്നധിപൻ മരണത്തിൽ നിന്നൊഴിവ് കർത്തനാമഖില ശക്ത നിൻ തിരുകരത്തിലുണ്ടനിശം
നാഥനതേ തന്നരികളിൻ (2) വൻ തലയെ തകർക്കും പിഴച്ചു നടക്കുന്നവന്റെ മുടികൾ വൻ തലയെ തകർക്കും
പിഴച്ചു നടക്കുന്നവന്റെ മുടികൾ മൂടിയ നെറുകയെത്തന്നെ മുടിക്കും ആദിനാഥനുരു ചെയ്തതാമനിശം
കണ്ടു നിൻ സഞ്ചാരമിവർ എൻ പരാനാമഴക് വിശുദ്ധസ്ഥലത്ത് നടക്കുന്നതിനെ എൻ പരാനാമഴക്
വിശുദ്ധസ്ഥലത്ത് നടക്കുന്നതിനെ മുന്നിൽ പാടുന്നവർ പിന്നിൽ മീട്ടുന്നവർ ചേർന്നു തപ്പടിക്കും കന്നിമാർ നടുവിൽ
അംഗവരെ കല്ലേറ്റുന്ന യൂദജനപ്രഭുക്കൾ സെബൂലപ്രഭുക്കൾ നഫ്താലി പ്രഭുക്കൾ യൂദജനപ്രഭുക്കൾ സെബൂലപ്രഭുക്കൾ നഫ്താലി പ്രഭുക്കൾ-
ബലമേകനാഥനടിയാർക്കു ചെയ്ത കൃപയോർത്തു നീ സതതം
ശ്രീയെറുശലേമിലുള്ള നിൻ മന്ദിരം നിമിത്തം അരചർ നിനക്ക് ഭയന്ന് തിരുമുൽ നിൻ മന്ദിരം നിമിത്തം അരചർ നിനക്ക്
ഭയന്ന് തിരുമുൽക്കാഴ്ച കൊണ്ടുവരും
യേശുവിന്നു ജയം യേശുവിന്നു ജയം യേശുവിന്നു ജയം

