മാത്യൂ ചെമ്പുകണ്ടത്തിൽ
കേരളത്തിലെ സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം ഉയർത്തുന്ന ചർച്ചകളോടൊപ്പം SFI, DYFl സംഘടനകളുടെ സമരപ്രഖ്യാപന വാർത്തകളും കണ്ടു. വിരമിക്കൽ വിഷയമായതിനാൽ ഈ വIർത്തകളെ ഏറെ കൗതുകത്തോടെയാണ് കാണുന്നത്. നാട്ടിലുള്ള എന്റെ സഹപാടികളിൽ പലരും ഇതിനോടകം വിരമിച്ചുകഴിഞ്ഞു; ബാക്കിയുള്ളവർ അടുത്ത വർഷങ്ങളിൽ വിരമിക്കും. എന്നാൽ ഈയുള്ളവന് വിരമിക്കാൻ 2038 വരെ കാത്തിരിക്കണം! 67-ാം വയസ്സിൽ മാത്രമേ ഇവിടെ അടുത്തൂൺപറ്റാൻ ഇവിടുത്തെ സർക്കാർ അനുവദിക്കൂ. ഞാൻ പെൻഷനാകുമ്പോഴേക്ക് എന്റെ കൂട്ടുകാർ പലരും അകാലവാർദ്ധക്യത്തിനു കീഴ്പ്പെട്ടു കാണും.
ഈ പ്രായത്തിൽ വിരമിക്കുന്നതിനെക്കുറിച്ചു ചിന്തിക്കാൻ പോലും പ്രയാസമാണ്. എന്നാൽ അറുപത്തിയെട്ട് വയസ്സുവരെ ഈ പോക്കു പോകുമോയെന്നും അറിയില്ല. 60 വയസ്സിൽ വിരമിക്കുന്നതു ന്യായമായ സമയമാണെന്നു കരുതുന്നു.
ആധുനിക ആരോഗ്യസംരക്ഷണ സംവിധാനങ്ങളുടെ പുരോഗതി കാരണം മനുഷ്യന്റെ ശരാശരി ആയുസ്സ് വലിയ രീതിയിൽ വർദ്ധിച്ചിട്ടുണ്ട്. പണ്ട് 60–65 വയസ്സുവരെ ജീവിച്ചിരുന്ന സ്ഥാനത്ത് ഇന്ന് ഭൂരിഭാഗം രാജ്യങ്ങളിലും ആളുകൾ 80 വയസ്സോ അതിൽ കൂടുതലോ ജീവിക്കുന്നു. ജനങ്ങൾ കൂടുതൽ കാലം ജീവിക്കുമ്പോൾ കൂടുതൽ വർഷം പെൻഷൻ നൽകേണ്ടി വരുന്നത് സർക്കാരുകൾക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കുന്നത്. അതുകൊണ്ടാണ് ഭൂരിഭാഗം വികസിത രാജ്യങ്ങളിലും പെൻഷൻ ഫണ്ടുകളുടെ ഭാരം കുറയ്ക്കാനായി വിരമിക്കൽ പ്രായം 65 മുതൽ 67 വയസ്സ് വരെയായി ഉയർത്തിയിരിക്കുന്നത്.
ഇന്ത്യയിൽ പൊതുമേഖലയിലും കേന്ദ്ര സർക്കാർ സർവീസുകളിലും 60 വയസ്സാണ് സാധാരണ വിരമിക്കൽ പ്രായം. എന്നാൽ കേരളത്തിൽ ഇത് ഇപ്പോഴും 56 വയസ്സാണ്. പണ്ടത്തെ അപേക്ഷിച്ച് കേരളത്തിൽ 60-65 വയസ്സുള്ളവർ ഇന്ന് കൂടുതൽ ആരോഗ്യവാന്മാരാണ്. കൂടാതെ, സാങ്കേതിക മികവുകൾ കാരണം പ്രായമായവർക്കും ദീർഘകാലം കാര്യക്ഷമമായി ജോലി ചെയ്യാൻ സാധിക്കും. അതിനാൽ, ആയുർദൈർഘ്യം കുറഞ്ഞ കാലത്ത് നിശ്ചയിച്ച 56 വയസ്സ് എന്ന മാനദണ്ഡം മാറ്റി, ഇന്നത്തെ കാലത്തിനനുസരിച്ച് പെൻഷൻ പ്രായം ശാസ്ത്രീയമായി ഉയർത്തേണ്ടത് അനിവാര്യമാണ്.
സർക്കാർ ഉദ്യോഗസ്ഥർ വിരമിക്കുന്നതിനു തുല്യമായി നമ്മുടെ നാട്ടിലെ കർഷകർക്കും കർഷക തൊഴിലാളികൾക്കും പെൻഷൻ പ്രായം 55-60 വയസ്സായി നിശ്ചയിക്കണം. എങ്കിൽ മാത്രമേ തൊഴിലിന്റെ മഹത്വവും സാമൂഹിക നീതിയും ശരിയായ രീതിയിൽ സമതുലിതമാവുകയുള്ളൂ.
ഒറ്റയടിക്ക് സർക്കാർ ഉദ്യോഗസ്ഥരുടെ പെൻഷൻ പ്രായം ഉയർത്തിയാൽ കേരളത്തിൽ യുവജന സംഘടനകളുമായി വലിയ സംഘർഷത്തിന് അതു കാരണമാകും. അതിന് പകരമായി യൂറോപ്യൻ രാജ്യങ്ങളെപ്പോലെ പെൻഷൻ പ്രായം ഉയർത്താൻ വ്യക്തമായ ഒരു ടൈംലൈൻ ഏർപ്പെടുത്തുകയാണ് വേണ്ടത്. ഉദാഹരണത്തിന്: 2028-ൽ പെൻഷൻ പ്രായം 57 ആക്കുക. 2030-ൽ അത് 58 ആക്കുക. 2035-ൽ ഘട്ടഘട്ടമായി 60 വയസ്സിലേക്ക് എത്തിക്കുക.
സംസ്ഥാനത്തിൻ്റെ വരുമാനത്തിൽ 70% വരെ ശമ്പളം, പെൻഷൻ ഇനത്തിൽ ചെലവഴിക്കുന്നതായി ധവളപത്രത്തിൽ പറയുന്നു. ഇതു കുറയ്ക്കാൻ ഉദ്യോഗസ്ഥരുടെ എണ്ണത്തിലും കുറവു വരുത്തണം. 1950- കളിലെ ഓഫീസ് സംവിധാനം മാറിയെന്നു സർക്കാർ തിരിച്ചറിയണം. ഉദ്യോഗസ്ഥരുടെ എണം അടുത്ത പത്തു വർഷത്തിനുള്ളിൽ പകുതിയാക്കുന്നതും പരിഗണിക്കണം.
സർക്കാർ ഉദ്യോഗം മാത്രമേ ആകെയൊരു കരിയറുള്ള എന്ന തെറ്റിദ്ധാരണ തിരുത്താൻ എല്ലാ വിദ്യാർത്ഥി-യുവജന സംഘടനകളും തയ്യാറാകണം. ഇത് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (AI) യുഗമാണെന്ന് തിരിച്ചറിയുക. സമരം, കല്ലേറ്, ലാത്തിയടി, ജലപീരങ്കി എന്നിവ ഏറ്റുവാങ്ങി ‘പാറ്റാ ജനറേഷന്’ പേരുദോഷം കേൾപ്പിക്കാൻ നിങ്ങൾ ശ്രമിക്കരുത്. മാറുന്ന ലോക യാഥാർഥ്യങ്ങൾ നമ്മുടെ യുവജനങ്ങൾ തിരിച്ചറിഞ്ഞാൽപിന്നെ കേരളത്തെ പിടിച്ചാൽ കിട്ടില്ല!

