മാത്യൂ ചെമ്പുകണ്ടത്തിൽ
വിശ്വാസത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ചവരുടെ ചരിത്രമാണ് ക്രൈസ്തവ സഭയുടേത്. റോമാ സാമ്രാജ്യവും ഇസ്ളാമതവും തുടങ്ങി ആധുനിക കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങൾ വരെ സഭയെ തകർക്കാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ, ഭാരതമണ്ണിൽ ക്രിസ്തുസഭ അനുഭവിച്ച സ്വാതന്ത്ര്യം ലോകചരിത്രത്തിൽ തന്നെ സമാനതകളില്ലാത്തതാണ്. കഴിഞ്ഞ 2000 വർഷത്തിനിടയിൽ ലോകത്തിന്റെ വിവിധ കോണുകളിൽ ക്രൈസ്തവ സഭ നേരിട്ട പീഡനങ്ങളുടെ ചരിത്രം പരിശോധിക്കുമ്പോഴാണ് ഭാരതം അവർക്ക് നൽകിയ സുരക്ഷിതത്വം ചർച്ച ചെയ്യേണ്ടതു കാലഘട്ടത്തിന്റെ അനിവാര്യതയായി മാറുന്നത്. കേരളത്തിലെ ക്രൈസ്തവർക്കിടയിൽ പുതിയ രാഷ്ട്രീയ തന്ത്രങ്ങൾ മെനയുന്നവർ സ്വന്തം ഭൂതകാലം വിസ്മരിക്കുകയാണ്. ഇക്കൂട്ടർ പടച്ചുവിടുന്ന കുപ്രചാരണങ്ങളുടെ മുനയൊടിക്കാൻ ചരിത്രത്തിന്റെ ഏടുകൾ മറിച്ചുനോക്കിയേ മതിയാകൂ. ആരാണ് ക്രൈസ്തവരെ വേട്ടയാടിയതെന്നും ആരാണ് അവർക്ക് അഭയം നൽകിയതെന്നുമുള്ള അന്വേഷണത്തിൽ കണ്ടെത്തിയ വസ്തുതകളാണ് ഈ ലേഖനത്തിൽ വിവരിക്കുന്നത്.
🛑ഇസ്ലാം ഇല്ലാതാക്കിയ അറേബ്യയിലെ
ക്രൈസ്തവസഭയുടെ വലിപ്പം അറിയാമോ?
“മുസ്ലിം ആക്രമണം വരെ അറേബ്യൻ പ്രദേശങ്ങളിൽ ക്രൈസ്തവസഭ വളർന്നു വ്യാപിച്ചിരുന്നു” എന്നാണ് തിരുസഭാ ചരിത്രത്തിൽ റവ. ഡോ. സേവ്യർ കൂടപ്പുഴ രേഖപ്പെടുത്തിയത്. “മുസ്ലിം ഭരണകൂടത്തിന്റെ കീഴിൽ പേർഷ്യൻ സുറിയാനി സഭയ്ക്ക് വളരെയധികം പീഡനങ്ങൾ സഹിക്കേണ്ടി വന്നു. ക്രിസ്ത്യാനികളെ “ധിമ്മികൾ” എന്ന പേരിൽ കണക്കാക്കിയതിനാൽ അവർ “സ്ഥലനികുതി” (ഖരാജ്), “തലനികുതി” (ജിസിയ) എന്നിവ നൽകേണ്ടി വന്നു. “ഒമ്പതാം നൂറ്റാണ്ടോടെ അറേബ്യൻ പ്രദേശങ്ങളിൽ ക്രൈസ്തവസഭ അസ്തമിച്ചു” (പേജ് 379-382).
എ.ഡി. 676-ൽ, ഇന്നത്തെ സൗദി അറേബ്യയുടെ കിഴക്കൻ തീരത്തുള്ള ഖത്തീഫിന് അടുത്തുള്ള ദാരിൻ ദ്വീപിൽ (Tarout) കിഴക്കൻ സഭയുടെ പാത്രിയർക്കായിരുന്ന മാർ ഗീവർഗീസ് ഒന്നാമന്റെ കാലത്ത് ഒരു വലിയ മെത്രാൻ സമ്മേളനം (സിനഡ്) നടന്ന ചരിത്രമുണ്ട്. പേർഷ്യൻ ഗൾഫ് മേഖലയിൽ അക്കാലത്ത് ക്രൈസ്തവർ ഭൂരിപക്ഷമായിരുന്നു. ഖത്തർ, ബഹറിൻ, ഒമാൻ, തുടങ്ങി മക്കയും മദീനയും ഉൾപ്പെടെയുള്ള അറേബ്യൻ പ്രദേശങ്ങളെല്ലാം ക്രൈസ്തവ കേന്ദ്രങ്ങളായിരുന്നു. കുറഞ്ഞത് 25 മെത്രാപ്പോലീത്തമാരും 200 – 300 മെത്രാന്മാരും അന്ന് ആ പ്രദേശങ്ങളിൽ ഉണ്ടായിരുന്നു. ഗൾഫ് രാജ്യങ്ങൾ മുതൽ ഇറാൻ, ചൈന, ഇന്ത്യ, സിലോൺ പ്രദേശങ്ങളെല്ലാം വ്യാപിച്ചിരുന്ന ഒരു ക്രൈസ്തവ സഭ ഈ പ്രദേശത്തുണ്ടായിരുന്നു. ഈ സഭയെക്കുറിച്ചോ അന്നത്തെ ക്രൈസ്തവ സമൂഹത്തെക്കുറിച്ചോ ആരെങ്കിലും ഇന്ന് ഓർമ്മിക്കുന്നുണ്ടോ? അവർക്ക് എന്തു സംഭവിച്ചു? അവരൊന്നും കടലെടുത്തു പോയതല്ല, ഇസ്ലാമിന്റെ വ്യാപനത്തോടെ ക്രൈസ്തവർ നാടുവിടുകയോ നിർബന്ധിത മതപരിവർത്തനത്തിനു വിധേയരാവുകയോ കൊല്ലപ്പെടുകയോ ചെയ്തു.
ഓട്ടോമൻ ഇസ്ലാമിക് സാമ്രാജ്യത്തിലെ വംശഹത്യകളുടെ ചരിത്രം നോക്കുക. അർമേനിയൻ വംശഹത്യയിൽ മാത്രം 15 ലക്ഷം ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്. അസീറിയൻ വംശഹത്യയിൽ ഏകദേശം മൂന്നു ലക്ഷം പേർ കൊല്ലപ്പെട്ടു. ഗ്രീക്ക് വംശഹത്യയിൽ ഏകദേശം എട്ടു ലക്ഷത്തോളം ക്രൈസ്തവർ കൊല്ലപ്പെട്ടു. ഈ കണക്കു പ്രകാരം ഓട്ടോമൻ സാമ്രാജ്യം മാത്രം കൊന്നുതള്ളിയത് ഏകദേശം 25 ലക്ഷം ക്രൈസ്തവരെയാണ്. ഇതു സംഭവിച്ചിട്ട് നൂറു വർഷമേ ആയിട്ടുള്ളൂ.
🛑 ടിപ്പു സുൽത്താൻ കൊന്നൊടുക്കിയത്
എത്ര ക്രൈസ്തവരെ?
പതിനെട്ടാം നൂറ്റാണ്ടിൽ ടിപ്പു എന്ന ക്രൂരനായ ഭരണാധികാരി നടത്തിയ പീഡനത്തിൽ ഇന്ത്യയിൽ മംഗലാപുരത്ത് കാനറ മേഖലയിൽ കൊല്ലപ്പെട്ടത് എത്ര ക്രൈസ്തവർ ആയിരുന്നു? 80,000-ത്തോളം ക്രൈസ്തവരെ ടിപ്പു തടവുകാരായി പിടിച്ച് ശ്രീരംഗപട്ടണത്തേക്ക് കൊണ്ടുപോയെന്നാണ് ചരിത്രം. ഇവരിൽ മൂന്നിലൊന്നു പേർ, ഏകദേശം 20,000 ക്രൈസ്തവർ പട്ടിണിയും രോഗവും കൊണ്ട് മരിച്ചു. ബാക്കിയുള്ളവരെ നിർബന്ധപൂർവ്വം ഇസ്ലാമിലേക്കു മതംമാറ്റി. മലബാറിൽ ടിപ്പു നടത്തിയ തേരോട്ടവും അതിലൂടെ ക്രൈസ്തവർക്കും ഹിന്ദുക്കൾക്കും നേരിട്ട ഭയാനകമായ നഷ്ടവും ചരിത്രത്തിൽ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്.
🛑 കമ്മ്യൂണിസ്റ്റുകാരുടെ കീഴിൽ എത്ര ക്രൈസ്തവർ കൊല്ലപ്പെട്ടിട്ടുണ്ട്?
നൂറുവർഷം പോലും ഭൂമുഖത്ത് നിലനിൽക്കാതെ നശിച്ചുപോയ ഒരു പ്രത്യയശാസ്ത്രമാണ് കമ്മ്യൂണിസം. കമ്മ്യൂണിസ്റ്റുകാരുടെ കീഴിൽ എത്ര ക്രൈസ്തവർ കൊല്ലപ്പെട്ടിട്ടുണ്ട്? സോവിയറ്റ് യൂണിയൻ, ചൈന, കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിൽ ഈ പ്രസ്ഥാനം കൊന്നുതള്ളിയത് ദശലക്ഷക്കണക്കിന് ക്രൈസ്തവരെയാണ്. 1917 മുതൽ 1991 വരെയുള്ള കാലഘട്ടത്തിൽ 1.5 മുതൽ 2 കോടി ക്രൈസ്തവരെങ്കിലും കമ്മ്യൂണിസ്റ്റ് ഭീകരതയാൽ കൊല്ലപ്പെട്ടുകാണും എന്നാണ് കണക്കാക്കുന്നത്.
സ്റ്റാലിന്റെ ഭരണകാലത്ത് ഒരു ലക്ഷത്തിനു മുകളിൽ വൈദികർ സോവിയറ്റ് യൂണിയനിൽ വെടിയേറ്റും തടവറയിലും കൊല്ലപ്പെട്ടു. വൈദികരെയും സന്യാസിനികളെയും പരസ്യമായി വധിച്ചു; സൈബീരിയയിലെ ലേബർ ക്യാമ്പുകളിലേക്ക് ക്രിസ്ത്യാനികളെ നാടുകടത്തി അവിടെ പട്ടിണിക്കിട്ടു കൊന്നു. ഇതെല്ലാം ഏതാനും പതിറ്റാണ്ടുകൾക്കു മുമ്പായിരുന്നു സംഭവിച്ചത്.
ചൈനയിൽ മാവോയും കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളായ പോളണ്ട്, ഹംഗറി, റൊമാനിയ, അൽബേനിയ എന്നിവിടങ്ങളിൽ കമ്മ്യൂണിസ്റ്റ് ഭരണാധികാരികളും കൊതിതീരെ ക്രൈസ്തവരെ പീഡിപ്പിച്ചു കൊന്നു. ലോകത്തിലെ ആദ്യത്തെ നിരീശ്വരവാദ രാജ്യമായി 1967-ൽ കമ്മ്യൂണിസ്റ്റ് സർക്കാർ പ്രഖ്യാപിച്ചത് എക്കാലത്തും ക്രൈസ്തവ ഭൂരിപക്ഷ രാജ്യമായിരുന്ന അൽബേനിയയെ ആയിരുന്നു. ഇതിനു നേതൃത്വം നൽകിയ എൻവർ ഹോക്സയെ (Enver Hoxha) ആരും മറന്നു കാണില്ല.
🛑 റോമാ സാമ്രാജ്യം കൊന്നൊടുക്കിയത്
എത്ര ക്രൈസ്തവരെ?
കാലഗണന പ്രകാരം റോമാ സാമ്രാജ്യത്തിന്റെ ക്രൈസ്തവപീഡനം മുതലാണ് ഈ ലേഖനം ആരംഭിക്കേണ്ടത്. എന്നാൽ ഇസ്ലാമിന്റെയും കമ്മ്യൂണിസ്റ്റുകളുടെയും പീഡനം വെച്ചുനോക്കുമ്പോൾ റോമാ സാമ്രാജ്യം കൊന്നുതള്ളിയത് വളരെ കുറച്ചു ക്രൈസ്തവരെ മാത്രമാണ്. 250 വർഷത്തെ കാലയളവിൽ അങ്ങേയറ്റം മൂന്നു ലക്ഷം ക്രൈസ്തവർ മാത്രമാണ് റോമാ സാമ്രാജ്യത്തിൽ കൊല്ലപ്പെട്ടത് എന്നാണ് ചരിത്രം! റോമാ സാമ്രാജ്യത്തിന്റെ അധഃപതനത്തെ സംബന്ധിച്ചു ഗവേഷണം നടത്തിയിട്ടുള്ള ബ്രിട്ടീഷ് ചരിത്രകാരൻ എഡ്വേർഡ് ഗിബ്ബൺ (Edward Gibbon) പറയുന്നത് റോമാ സാമ്രാജ്യത്തിൽ മൂവായിരത്തിനും പതിനായിരത്തിനും ഇടയിൽ ക്രൈസ്തവർ മാത്രമേ കൊല്ലപ്പെട്ടു കാണുകയുള്ളൂ എന്നാണ്.
🛑 ഹിന്ദു രാജാക്കന്മാരുടെ കീഴിൽ ക്രൈസ്തവർ സംരക്ഷിക്കപ്പെട്ടു
കഴിഞ്ഞ 2000 വർഷത്തെ ചരിത്രത്തിൽ ഇന്ത്യയിൽ ഒരിടത്തും ഹൈന്ദവ രാജാക്കന്മാർ ക്രൈസ്തവരെ ശത്രുക്കളായി കാണുകയോ വിശ്വാസത്തിന്റെ പേരിൽ അവരെ കൊല്ലുകയോ ചെയ്തിട്ടില്ല. ക്രൈസ്തവരെ തങ്ങളുടെ പ്രജകളായി കണ്ടുകൊണ്ട് വിശ്വാസം പ്രചരിപ്പിക്കാനും കൃഷിയും കച്ചവടവും നടത്താനും വേണ്ട എല്ലാവിധ സൗകര്യങ്ങളും നൽകി ബഹുമാനിക്കുക മാത്രമാണ് ഹിന്ദു രാജാക്കന്മാർ ചെയ്തിട്ടുള്ളത്. ലോകത്തിന്റെ പല ഭാഗങ്ങളിലും ക്രൈസ്തവർ പീഡിപ്പിക്കപ്പെട്ടപ്പോൾ ഇന്ത്യയിലെ ഹിന്ദു രാജാക്കന്മാർ അവർക്ക് അഭയം നൽകി സംരക്ഷിച്ചതാണ് ചരിത്രത്തിൽ കാണുന്നത്.
എ.ഡി 52-ൽ കേരളത്തിലെത്തിയ ക്രിസ്തുശിഷ്യനായ മാർത്തോമ്മാ ശ്ലീഹായ്ക്ക് അക്കാലത്തെ ഭരണാധികാരികളായിരുന്ന ചേര രാജാക്കന്മാരിൽ നിന്ന് വലിയ പിന്തുണ ലഭിച്ചുകാണും. അതിനാലാണല്ലോ ഹൈന്ദവരിൽ നിന്നും അനേകർ വിശ്വാസം സ്വീകരിച്ചു ക്രിസ്ത്യാനികളാകാൻ ഇടയായത്. കേരളത്തിൽ ഹിന്ദു രാജാക്കന്മാർ ക്രൈസ്തവർക്ക് ഉയർന്ന പദവികളും സ്ഥാനമാനങ്ങളും നൽകിയിരുന്നു. തരിസാപ്പള്ളി ചെപ്പേടും ജൂത ചെപ്പേടുമെല്ലാം രാജ്യത്തെ മതസൗഹാർദ്ദത്തിന്റെ ഉദാഹരണങ്ങളാണ്. മാർത്താണ്ഡവർമ്മയും ശക്തൻ തമ്പുരാനും ക്രൈസ്തവരെ കൂടെനിർത്തിയ ഭരണാധികാരികളായിരുന്നു. മഹോദയപുരത്തെ ചേര രാജാവ് നൽകിയ വീരരാഘവ പട്ടയവും മറ്റ് അവകാശങ്ങളും ചരിത്രത്തിൽ രേഖപ്പെടുത്തിയ വസ്തുതകളാണ്. വിജയനഗര രാജാവും ക്രൈസ്തവർക്കു വേണ്ട സൗകര്യങ്ങൾ ചെയ്തുകൊടുത്തിരുന്നു. ഇതെല്ലാം ഭാരതത്തിലെ ഹിന്ദുക്കളിലും ഹിന്ദു രാജാക്കന്മാരിലും നിലനിന്ന ‘സർവ്വധർമ്മ സമഭാവന’ എന്ന ഹൈന്ദവ തത്വത്തിന്റെ പ്രതിഫലനമായിരുന്നു.
കഴിഞ്ഞ രണ്ടായിരം കൊല്ലത്തെ ഇന്ത്യാ ചരിത്രത്തിൽ ക്രൈസ്തവരെ ഞെട്ടിച്ച ആദ്യ സംഭവം അരങ്ങേറിയത് 1999-ലാണ്. ഗ്രഹാം സ്റ്റെയിൻസ് എന്ന ഓസ്ട്രേലിയൻ മിഷണറിയെയും രണ്ട് മക്കളെയും ജീവനോടെ കത്തിച്ചതാണ് ആ സംഭവം. പിന്നീട് 2008-ൽ ഒഡീഷയിൽ കണ്ഡമാലിൽ ക്രൈസ്തവർക്കെതിരെ കലാപം നടന്നു. അന്നത്തെ കലാപത്തിൽ 39 പേർ കൊല്ലപ്പെട്ടുവെന്ന് ഔദ്യോഗിക രേഖ പറയുന്നു. എന്നാൽ 100 പേർ കൊല്ലപ്പെട്ടുവെന്നാണ് മനുഷ്യാവകാശ സംഘടനകൾ പറയുന്നത്. പ്രാദേശിക വിഷയങ്ങളായിരുന്നു ഈ രണ്ടു സംഭവങ്ങൾക്കും കാരണമായത്.
2023-ൽ നടന്ന മണിപ്പൂർ കലാപത്തിൽ 200 പേർ കൊല്ലപ്പെട്ടെന്നാണ് പറയപ്പെടുന്നത്. അതായത് ഒറീസയിലും മണിപ്പൂരിലും ഉൾപ്പെടെ കഴിഞ്ഞ രണ്ടായിരം കൊല്ലത്തെ ചരിത്രത്തിൽ ഇന്ത്യയിൽ കൊല്ലപ്പെട്ടത് 300 പേരായിരുന്നു എന്നതാണ് ഏവരും മനസ്സിലാക്കേണ്ട യാഥാർത്ഥ്യം.
ലോകം മുഴുവനും പീഡനത്തിനു മുന്നിൽ ക്രൈസ്തവർ നിരായുധരായി നിന്ന ചരിത്രമാണുള്ളത്. എന്നാൽ മണിപ്പൂരിൽ പീഡനമുണ്ടായ ഉടൻ ക്രൈസ്തവരായ കുക്കികൾ എന്തുകൊണ്ട് ആയുധമെടുത്തു പോരാടി എന്നത് ക്രൈസ്തവ സഭയെക്കുറിച്ച് അറിവുള്ള ആരെയും ആശങ്കപ്പെടുത്തുന്ന കാര്യമാണ്. ആയുധമെടുത്തു പോരാടിയിരുന്നെങ്കിൽ ഓട്ടോമൻ സാമ്രാജ്യത്തിലും കമ്മ്യൂണിസ്റ്റ് ഭീകരതയിലും പകുതി ക്രൈസ്തവരെങ്കിലും രക്ഷപ്പെടുമായിരുന്നു, എന്നാൽ അതല്ലല്ലോ ക്രൈസ്തവസഭ വിശ്വസിക്കുന്നതും പിൻപറ്റുന്നതുമായ ഉപദേശം.
🛑 പോർച്ചുഗീസുകാരും
ഗോവൻ മതപീഡനവും
വിശ്വാസ സംരക്ഷണം എന്ന പേരിൽ പോർച്ചുഗീസ് ഭരണകൂടം നടത്തിയ മതപീഡനം ഹിന്ദുക്കൾ നിശബ്ദമായി സഹിച്ച കാഴ്ചയാണ് ഗോവൻ മതപീഡനത്തിന്റെ ചരിത്രം പരിശോധിക്കുമ്പോൾ കാണുന്നത്. ഗോവയിൽ 1560 മുതൽ 1821 വരെ ഏകദേശം 250 കൊല്ലമാണ് ഇവിടെ ഹിന്ദുക്കൾ പീഡിപ്പിക്കപ്പെട്ടത്. മുന്നൂറിലേറെ ക്ഷേത്രങ്ങൾ ഈ കാലയളവിൽ നശിപ്പിക്കപ്പെട്ടു.
പ്രതിരോധത്തിനായി ശിവാജി 1667-ൽ ഗോവ ആക്രമിച്ചതും 1683-ൽ സംഭാജി മഹാരാജ് പോർച്ചുഗീസുകാരെ ആക്രമിച്ചതും ചെറുത്തുനിൽപ്പിന്റെ ഭാഗമായിട്ടായിരുന്നു. ഗോവൻ പീഡനം നടന്ന് 100 കൊല്ലങ്ങൾ കഴിഞ്ഞായിരുന്നു ശിവജിയുടെ ആക്രമണം. എന്നാൽ ചെറുത്തുനിൽപ്പിനു പോലും തയ്യാറാകാതെ ആയിരക്കണക്കിന് ഹിന്ദുക്കൾ ഗോവയിൽ നിന്ന് അന്യദേശങ്ങളിലേക്ക് രക്ഷപ്പെടുന്നതാണ് കാണുന്നത്. ഗോവൻ പീഡനത്തിന് പ്രതികാരം ചെയ്യാൻ ഹിന്ദുക്കൾ ശ്രമിച്ചിരുന്നെങ്കിൽ ഇന്ത്യൻ ക്രിസ്ത്യാനിറ്റിയുടെ ചരിത്രം മറ്റൊന്നാവുമായിരുന്നു എന്ന് ആരും മറക്കരുത്.
🛑 വട്ടന്മാരായ ചിലർ നടത്തുന്ന
ആക്രമണങ്ങളെ
ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പറഞ്ഞത് ഒരു വസ്തുതയാണ്. “വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ക്രൈസ്തവർക്ക് നേരെ വട്ടുള്ള ചിലരാണ് ആക്രമണങ്ങൾ നടത്തുന്നത്”. ഇതിനെ പർവ്വതീകരിച്ച് ഇന്ത്യയിൽ ആകമാനം ക്രൈസ്തവരെ ഹിന്ദുക്കൾ പീഡിപ്പിക്കുന്നു എന്നു ദേശീയവിഷയമാക്കി പ്രചരിപ്പിക്കുന്നതു രാഷ്ട്രീയ തന്ത്രം മാത്രമാണ്. വിശ്വാസത്തിനു വേണ്ടിയുള്ള പീഡനം എന്താണെന്ന് കേട്ടറിവുപോലുമില്ലാത്ത ചില ന്യൂജനറേഷൻ ക്രൈസ്തവ വിഭാഗങ്ങൾ കമ്മ്യൂണിസ്റ്റുകളുടെയും ഇസ്ലാമിസ്റ്റുകളുടെയും കൂടെനിന്നു കഥയറിയാതെയാണ് തുള്ളുന്നത്.
ലോകത്തിൽ ക്രൈസ്തവർ പീഡനം നേരിടാത്ത ഒരു സ്ഥലവും ഉണ്ടാകില്ല. അത് സഭയുടെ ആരംഭം മുതലുള്ളതും അന്ത്യത്തോളം തുടരുന്നതുമായിരിക്കും. “വിശ്വാസത്തിൽ നിലനിൽക്കണമെന്നും നിരന്തര പീഡനങ്ങളിലൂടെ ആയിരിക്കും നമ്മൾ ദൈവരാജ്യത്തിൽ പ്രവേശിക്കുക” എന്നും ആദിമസഭ മുതൽ ഉയർന്നുകേട്ട വചനമാണ് (അപ്പ. പ്രവർത്തികൾ 14:22). സഭയുടെ ഉടയവനായ ഈശോമിശിഹാ സഭയെ സംരക്ഷിക്കും. ഇടത്, ഇസ്ളാമിക് കൂട്ടുകെട്ടിൻ്റെ വ്യാഖ്യാനങ്ങൾക്കനുസരിച്ച് തുള്ളുന്നവർ ഇനിയെങ്കിലും അവരുടെ ചരിത്രവും തനിനിറവും മനസ്സിലാക്കണം.

