മാത്യൂ ചെമ്പുകണ്ടത്തിൽ
അവൻ യഹൂദനാണെങ്കിൽ നീ അവനെ ജയിക്കുകയില്ല, അവനോട് തോറ്റുപോവുകയേയുള്ളൂ എസ്ഥേർ 6:13
ചരിത്രം ചിലപ്പോൾ ഒരു വട്ടപ്പൂജ്യമാണെന്ന് തോന്നിപ്പിക്കും; എവിടെത്തുടങ്ങിയോ അവിടെത്തന്നെ തിരിച്ചെത്തുന്നു. ബി.സി അഞ്ചാം നൂറ്റാണ്ടിലെ പേർഷ്യൻ സാമ്രാജ്യത്തിൻ്റെയും (ഇന്നത്തെ ഇറാൻ) ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ “ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ”യും രാഷ്ട്രീയ നിലപാടുകൾ താരതമ്യം ചെയ്യുമ്പോൾ, ഈ ചരിത്രപരമായ ആവർത്തനം നമ്മെ തീർച്ചയായും അത്ഭുതപ്പെടുത്തും.
🔷 ബൈബിളിലെ ഇന്ത്യയും
പേർഷ്യൻ സാമ്രാജ്യവും
ബൈബിളിൽ ഭാരതത്തെക്കുറിച്ച് പ്രതിപാദിക്കുന്ന അപൂർവ്വം വചനങ്ങളിലൊന്നാണ് എസ്ഥേറിന്റെ പുസ്തകത്തിലുളളത്. ഇതിലെ ഒന്നാം അധ്യായം ഒന്നാം വാക്യത്തിൽ “ഇന്ത്യമുതല് എത്യോപ്യവരെയുള്ള നൂറ്റിയിരുപത്തിയേഴു പ്രവിശ്യകള് ഭരിച്ചിരുന്ന അഹസ്വേരൂസ്” രാജാവിനെക്കുറിച്ചു പറയുന്നുണ്ട്. ഇന്നത്തെ പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ ഉൾപ്പെടെയുള്ള ഭാരതത്തിന്റെ വടക്കുപടിഞ്ഞാറൻ പ്രദേശങ്ങൾ അന്ന് പേർഷ്യൻ ഭരണത്തിന് കീഴിലായിരുന്നു. ഇന്ത്യ ആ സാമ്രാജ്യത്തിലെ ഏറ്റവും വലിയ പ്രവിശ്യകളിൽ ഒന്നായിരുന്നു. കൂടാതെ, സാംസ്കാരികമായും വ്യാപാര ബന്ധത്തിലും പേർഷ്യയുമായി ഇന്ത്യ അടുത്ത ബന്ധം പുലർത്തിയിരുന്നു. “എത്യോപ്യ മുതൽ ഇന്ത്യ വരെ” എന്ന പ്രയോഗം അക്കാലത്തു പേർഷ്യൻ സാമ്രാജ്യത്തിൻ്റെ അതിർത്തികളായാണ് അടയാളപ്പെടുത്തിയിരുന്നത്.
🔷 ഹാമാന്റെ ഗൂഢാലോചനയും യഹൂദവംശഹത്യയും
അഹസ്വേരൂസിൻ്റെ സൂസനിലുള്ള (Susa, Iran) കൊട്ടാരത്തിൽ അരങ്ങേറിയ ചില സംഭവങ്ങളിൽ ഇന്നത്തെ ഇസ്രായേൽ -ഇറാൻ സംഘർഷത്തിനു ഹേതുവായ കാരണങ്ങൾ ആവർത്തിക്കുന്നതു കാണാം. സാമ്രാജ്യത്തിലെ ഉന്നതസ്ഥാനീയനായിരുന്ന ഹാമാൻ എന്ന വ്യക്തി, അന്തഃപുര വിചാരകനായിരുന്ന മൊർദെഖായി എന്ന യഹൂദനോടുള്ള വ്യക്തിവൈരാഗ്യം മൂലം യഹൂദ ജനതയെത്തന്നെ ഇല്ലാതാക്കാൻ പദ്ധതിയിട്ടു. മൊർദെഖായി തന്നെ കുമ്പിട്ടു വണങ്ങിയില്ല എന്ന നിസ്സാര കാരണത്താൽ പ്രകോപിതനായ ഹാമാൻ, സാമ്രാജ്യത്തിലുള്ള സകല യഹൂദരെയും ഉന്മൂലനം ചെയ്യാൻ രാജാവിൽ നിന്ന് അനുവാദം വാങ്ങി.
അധികാരത്തിന്റെ ഉന്നതിയിലിരുന്നു ഹാമാൻ തയ്യാറാക്കിയ ആ ‘മരണവാറന്റ്’ പേർഷ്യൻ സാമ്രാജ്യത്തിലുടനീളം ഭീതി വിതച്ചു. മൊർദെഖായിയെ തൂക്കിലേറ്റാൻ 50 മുഴം ഉയരമുള്ള ഒരു തൂക്കുമരവും ഹാമാൻ തയ്യാറാക്കി. എന്നാൽ, അദൃശ്യമായ ദൈവിക ഇടപെടലും രാജ്ഞിയായിരുന്ന എസ്ഥേറിന്റെ ധീരതയും ആ പദ്ധതികളെ തകിടം മറിച്ചു. എസ്ഥേറിന്റെയും മൊർദെഖായിയുടെയും ശവകുടീരങ്ങൾ ഇന്നും ഇറാാനിലെ ഹമദാനിലുണ്ട്.
🔷 എസ്ഥേറിന്റെ ധീരതയും അതിജീവനത്തിന്റെ ‘പൂരീം’ തിരുനാളും
തന്റെ യഹൂദ സ്വത്വം വെളിപ്പെടുത്താതെ പേർഷ്യയുടെ രാജ്ഞിയായി മാറിയ എസ്ഥേർ, ഒരു നിർണ്ണായക ഘട്ടത്തിൽ “ഞാൻ നശിക്കുന്നുവെങ്കിൽ നശിക്കട്ടെ” എന്ന ഉറച്ച തീരുമാനത്തോടെ തൻ്റെ ജനങ്ങൾക്കു വേണ്ടി നിലകൊണ്ടു. ഹാമാന്റെ ക്രൂരമായ പദ്ധതിയെ അവൾ രാജാവിനു മുന്നിൽ തുറന്നുകാട്ടി. ചരിത്രത്തിലെ ഏറ്റവും വലിയ കാവ്യനീതിയായി, മൊർദെഖായിക്കു വേണ്ടി ഹാമാൻ ഒരുക്കിയ അതേ തൂക്കുമരത്തിൽ ഹാമാനും അയാളുടെ പത്തു മക്കളും തൂക്കിലേറ്റപ്പെട്ടു.
ഈ അതിജീവനത്തിന്റെ ഓർമ്മയ്ക്കായാണ് യഹൂദന്മാർ ഇന്നും ‘പൂരീം’ തിരുനാൾ ആഘോഷിക്കുന്നത്. 2026-ലെ പൂരീം ആഘോഷം മാർച്ച് 3-നാണ് എന്നത് ഇന്നത്തെ ഇറാൻ്റെ സാഹചര്യത്തിൽ ഏറെ യാദൃശ്ചികമായി തോന്നാം. ഇസ്രായേലിനെ ഭൂപടത്തിൽ നിന്നു മായിച്ചുകളയും എന്നു പ്രഖ്യാപിച്ചു നടന്നവർ പലരുടെയും കുഴിമാടങ്ങൾ ഉയർന്നിരിക്കുന്ന പശ്ചാത്തലത്തിലാണ് യഹൂദൻ ഇക്കുറി ‘പൂരീം’ തിരുനാൾ ആഘോഷിക്കുന്നത്.
🔷 പേർഷ്യൻ സാമ്രാജ്യവും ഇസ്ളാമിക്
റിപ്പബ്ളിക് ഓഫ് ഇറാനും: ഒരു താരതമ്യം
ഹാമാന്റെ കാലത്തെ പേർഷ്യയും ആധുനിക ഇറാനും തമ്മിലുള്ള സമാനതകൾ പരിശോധിക്കുമ്പോൾ ശ്രദ്ധേയമായ ചില യാഥാർത്ഥ്യങ്ങൾ കാണാം.
♦️ അന്ന് പേർഷ്യൻ സാമ്രാജ്യത്തിൽ ഹാമാൻ എന്ന വ്യക്തിയാണ് യഹൂദ വിദ്വേഷം പടർത്തിയതെങ്കിൽ, ഇന്ന് “ഇസ്ളാമിക് റിപ്പബ്ളിക് ഓഫ് ഇറാൻ” അതു ഭരണകൂടത്തിൻ്റെ നയമായി സ്വീകരിച്ചിരിക്കുന്നു.
1979-ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം ഇറാന്റെ ഭരണം കയ്യാളുന്ന അയത്തുള്ളമാരുടെ നേതൃത്വത്തിലുള്ള ഭരണകൂടം ഇസ്രായേലിനെ “സാത്താൻ” എന്ന് വിളിച്ചുകൊണ്ട് അതിനെ ഭൂമുഖത്ത് നിന്ന് തുടച്ചുനീക്കണമെന്നാണ് ആഹ്വാനം മുഴക്കിയത്. ഹാമാന്റെ അതേ വംശഹത്യാപരമായ മനോഭാവമാണ് ഇവിടെയും ദൃശ്യമാകുന്നത്
♦️ ഹാമാൻ, അഹസ്വേരൂസ് രാജാവിന്റെ പേരിൽ കൽപ്പനകൾ അയച്ച് യഹൂദരെ വധിക്കാൻ ഒരു തീയതി നിശ്ചയിച്ചു. ഇത് ഭരണകൂടത്തിന്റെ മറവിൽ നടന്ന ഗൂഢാലോചനയായിരുന്നു.
ഇറാൻ നേരിട്ട് യുദ്ധം ചെയ്യുന്നതിനേക്കാൾ ഉപരിയായി, ഹിസ്ബുള്ള, ഹമാസ്, ഹൂതികൾ തുടങ്ങിയ പ്രോക്സി ഗ്രൂപ്പുകൾ വഴി ഇസ്രായേലിനെ ആക്രമിക്കാൻ ശ്രമിക്കുന്നു. ഇത് ഹാമാൻ ഉപയോഗിച്ച അതേ കുടിലതന്ത്രങ്ങളുടെ ആധുനിക രൂപമാണ്.
♦️ ഹാമാൻ തന്റെ അധികാരം സുരക്ഷിതമാണെന്ന് കരുതിയ നിമിഷമാണ് തകർക്കപ്പെട്ടത്. മൊർദെഖായിയെ തൂക്കിക്കൊല്ലാൻ ഹാമാൻ ഒരുക്കിയ അതേ തൂക്കുമരത്തിൽ ഹാമാൻ തന്നെ തൂക്കിലേറ്റപ്പെട്ടു.
ഇസ്രായേലിനെ തകർക്കാൻ ഇറാൻ നടത്തുന്ന ശ്രമങ്ങൾ ഇറാന്റെ ആഭ്യന്തര തകർച്ചയിലേക്കും അന്താരാഷ്ട്ര തലത്തിൽ ഒറ്റപ്പെടലിനും കാരണമായി. ഹാമാന്റെ അന്ത്യം പോലെ തന്നെ, ആധുനിക ഇറാനിലെ ഭരണാധികാരികളും തങ്ങൾ എല്ലാ നിലയിലും സുരക്ഷിതരാണെന്നു കരുതിയിരുന്നപ്പോഴാണ് ഓർക്കാപ്പുറത്ത് അന്ത്യം സംഭവിച്ചത്.
♦️ അന്ന് എസ്ഥേർ നീതിക്ക് വേണ്ടി ശബ്ദമുയർത്തിയതുപോലെ, ഇന്നും ഇറാനിലെ കടുത്ത നിയമങ്ങൾക്കിടയിൽ നീതിക്കും സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടുന്ന അനേകം ‘എസ്ഥേർമാരെ’ നമുക്ക് കാണാൻ സാധിക്കും. പേർഷ്യയുടെ രാജ്ഞിയായി മാറിയ എസ്ഥേർ, ഒരു നിർണ്ണായക ഘട്ടത്തിൽ “ഞാൻ നശിക്കുന്നുവെങ്കിൽ നശിക്കട്ടെ” എന്ന ഉറച്ച തീരുമാനത്തോടെ നീതിക്ക് വേണ്ടി നിലകൊണ്ടു. ഹാമാന്റെ ക്രൂരമായ പദ്ധതിയെ രാജാവിനു മുന്നിൽ തുറന്നുകാട്ടാൻ അവൾക്ക് സാധിച്ചു.
ആധുനിക ഇറാനിലും ഭരണകൂടത്തിന്റെ കടുത്ത നിലപാടുകൾക്കിടയിലും നീതിക്കും സ്വാതന്ത്ര്യത്തിനും വേണ്ടി ശബ്ദമുയർത്തുന്ന അനേകം ‘എസ്ഥേർമാരെ’ നമുക്ക് കാണാം. കൂടാതെ അന്താരാഷ്ട്ര തലത്തിൽ ഇസ്രായേൽ നേരിടുന്ന വെല്ലുവിളികളും അവയെ പ്രതിരോധിക്കുന്ന ചാരസംഘങ്ങളുടെ പ്രവർത്തനരീതിയും എസ്ഥേറിന്റെ പുസ്തകം നൽകുന്ന അതിജീവനത്തിന്റെ പാഠങ്ങളുമായി ചേർന്നുനിൽക്കുന്നു.
🔷 പേർഷ്യൻ മണ്ണിലെ ആ പഴയ തൂക്കുമരം ഇറാൻ്റെ രാഷ്ട്രീയ നേതൃത്വം കണ്ടില്ല!
എസ്ഥേറിന്റെ പുസ്തകവും ആധുനിക ഇറാന്റെ രാഷ്ട്രീയവും തമ്മിലുള്ള താരതമ്യം നമ്മെ എത്തിക്കുന്നത് ഒരു വലിയ സത്യത്തിലേക്കാണ്. യഹൂദ ജനതയെ വംശീയമായി ഇല്ലാതാക്കാൻ ഹാമാൻ ശ്രമിച്ചപ്പോൾ, ദൈവികമായ ഇടപെടലും എസ്ഥേറിന്റെ ധീരതയും ആ പദ്ധതിയെ തകർത്തു. ഇന്നത്തെ ഇറാൻ ഭരണകൂടവും ഖമനിയെപ്പോലെയുള്ള നേതാക്കളും പഴയ ഹാമാനെപ്പോലെ യഹൂദ വംശഹത്യക്കു തയ്യാറാക്കിയ പദ്ധതികൾ അവരുടെ തന്നെ നാശത്തിനു കാരണമായി. ഹാമാനു സംഭവിച്ചതു പോലെ കുടുംബത്തോടൊപ്പമാണ് അലി ഖമനി ഉൾപ്പെടെ ഇറാനിലെ പല രാഷ്ട്രീയ, സൈനിക നേതാക്കളും പട്ടടയിലേക്കു പോയത്.
അയത്തുള്ള ഖമേനിയുടെ നേതൃത്വത്തിലുള്ള ഇറാൻ ഭരണകൂടം പഴയ ഹാമാന്റെ വഴിയിലൂടെ സഞ്ചരിച്ചപ്പോൾ പേർഷ്യൻ മണ്ണിലെ ആ പഴയ തൂക്കുമരം ഇന്നുമവിടെ നിൽക്കുന്നതു കാണാൻ അവർക്കു കഴിഞ്ഞില്ല. കാലം മാറുന്നു, കഥാപാത്രങ്ങൾ മാറുന്നു, പക്ഷേ ചരിത്രം വീണ്ടും ആവർത്തിക്കുന്നു. എസ്ഥേറിന്റെ പുസ്തകം വെറുമൊരു പഴങ്കഥയല്ല, അതു ജീവിക്കുന്ന യാഥാർത്ഥ്യമാണ്.
മൊർദെഖായിയെയും യഹൂദജനതയെയും നശിപ്പിക്കാൻ കുതന്ത്രങ്ങളൊരുക്കിയ ഹാമാന് ഒടുവിൽ ലഭിച്ച ഒരുപദേശമുണ്ട്: “അവൻ യഹൂദനാണെങ്കിൽ നീ അവനെ ജയിക്കുകയില്ല, അവനോട് തോറ്റുപോവുകയേയുള്ളൂ” (എസ്ഥേർ 6:13).
ഖമനയിയും കൂട്ടരും എസ്ഥേറിൻ്റെ പുസ്തകം വായിച്ചിരുന്നെങ്കിൽ അവരുടെയും ഇറാൻ്റെയും ചരിത്രം മറ്റൊന്നാകുമായിരുന്നില്ലേ ?

