ഗുവാഹത്തി : കാൻസർ ചികിത്സയിൽ കീമോതെറാപ്പിയുടെ പങ്ക് വലുതാണെങ്കിലും ആരോഗ്യകരമായ കോശങ്ങൾ കൂടി നശിപ്പിക്കപ്പെടുന്നുവെന്നത് പ്രധാനമാണ്. ഇതിനെയെല്ലാം മറികടക്കാൻ ലോകത്തിന്റെ പലഭാഗങ്ങളിലും പുതിയ കാൻസർ ചികിത്സകൾക്കായുള്ള പഠനങ്ങളും നടക്കുന്നുണ്ട്. ഇപ്പോഴിതാ ഇന്ത്യയിൽ നിന്നുള്ള ഒരുകൂട്ടം ഗവേഷകർ അത്തരത്തിലൊരു പരീക്ഷണാത്മക മരുന്ന് വികസിപ്പിച്ചിരിക്കുകയാണ്. ആരോഗ്യകരമായ കോശങ്ങൾക്ക് ഉപദ്രവം കുറച്ച് കാൻസർകോശങ്ങളെ തിരഞ്ഞെടുത്ത് ആക്രമിക്കുന്ന RK-251 എന്ന മരുന്നാണത്.

ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്‌ഡ് സ്റ്റഡി ഇൻ സയൻസ് ആൻഡ് ടെക്നോളജിയിലെ (IASST) ഡോ. അസിസ് ബാലയുടെ നേതൃത്വത്തിൽ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി-ഗുവാഹത്തിയിലെ ഡോ. കെ.പി. ഭാബകുമായി സഹകരിച്ചാണ് ഗവേഷണം നടത്തിയത്. എസിഎസ് ജേർണൽ ഓഫ് മെഡിസിനൽ കെമിസ്ട്രിയിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കാൻസർ ചികിത്സ കൂടുതൽ കൃത്യതയാർന്നതാക്കാനും ആരോഗ്യകരമായ കോശങ്ങൾക്ക് ഉണ്ടാകുന്ന നാശം കുറയ്ക്കാനും പുതിയ മരുന്ന് സഹായിക്കുമെന്ന് ഗവേഷകർ പറയുന്നു. കാൻസർ കോശങ്ങൾക്കൊപ്പം വേഗത്തിൽ വിഭജിക്കുന്ന ആരോഗ്യകരമായ കോശങ്ങൾ കൂടി നശിപ്പിക്കപ്പെടുന്നുവെന്നതാണ് കീമോയുടെ പരിമിതി. പുതിയ മരുന്നിൽ അതുണ്ടാകില്ലെന്നാണ് ഗവേഷകരുടെ വാദം.
കാൻസർ സെല്ലുകളിൽ സാധാരണ കോശങ്ങളെ അപേക്ഷിച്ച് റിയാക്ടീവ് ഓക്സിജൻ സ്‌പീഷിസുകൾ അഥവാ ആർഒഎസ്ഒ ഉയർന്ന അളവിലുണ്ടായിരിക്കും. ഇതു മനസ്സിലാക്കി ഉയർന്ന അളവിൽ ആർഎസ്ഒ ഉള്ള ചുറ്റുപാടിലേക്ക് RK-251 എന്ന മരുന്ന് കടക്കുമ്പോൾ രാസമാറ്റം സംഭവിച്ച് NBDHEX എന്ന് പറയുന്ന കാൻസർ വിരുദ്ധ സംയുക്തത്തെ പുറന്തള്ളുകയാണ് ചെയ്യുന്നത്. കാൻസർ കോശങ്ങളുടെ നിലനിൽപ്പിനും ചികിത്സയെ പ്രതിരോധിക്കാനും കാരണമാകുന്ന പ്രോട്ടീനുകളെ ലക്ഷ്യമിട്ടാണ് NBDHEX പ്രവർത്തിക്കുക. ഇതിലൂടെ കാൻസർ കോശങ്ങൾ മാത്രം തിരഞ്ഞുപിടിച്ച് ആക്രമിക്കപ്പെടുന്ന സാഹചര്യമുണ്ടാവും.
ട്രിപ്പിൾ-നെഗറ്റീവ് ബ്രെസ്റ്റ് കാൻസർ കോശങ്ങൾക്കെതിരെയുള്ള പ്രീക്ലിനിക്കൽ പരീക്ഷണങ്ങളിൽ RK-251 മികച്ച പ്രവർത്തനം കാഴ്ചവച്ചുവെന്നും ഗവേഷകർ പറയുന്നുണ്ട്. അതേസമയം ലാബിലെ പരീക്ഷണം വിജയകരമായെങ്കിലും മനുഷ്യരിലെ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ സുരക്ഷയും ഫലപ്രാപ്‌തിയും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ട്യൂമറുകൾക്കുള്ളിൽ RK-251 പ്രവർത്തിക്കുന്ന രീതിയും എന്തൊക്കെതരം സങ്കീർണതകരളുണ്ടാവും തുടങ്ങിയവ വരുംകാല പ്രീക്ലിനിക്കൽ ട്രയലുകളിൽ പരിശോധിക്കും. മതിയായ ഫലങ്ങൾ ലഭിച്ചതിനുശേഷം മാത്രമേ മനുഷ്യരിൽ പഠനവിധേയമാക്കുകയുള്ളൂ.
പഠനകാലയളവിനൊടുവിൽ പൂർണമായും ഫലപ്രാപ്തി കണ്ടെത്തിയാൽ മാത്രമേ മറ്റു ചികിത്സാരീതികൾക്ക് പകരമാകുമോ എന്നും പറയാൻ കഴിയുകയുള്ളൂ.

