കാൽഗരി: കാനഡയിലെ മലയാളി പെന്തെക്കോസ്ത് വിശ്വാസികളുടെ ഏറ്റവും വലിയ ആത്മീയ സംഗമമായ Pentecostal Conference of Indo-Canadians (PCIC) 2026 ഓഗസ്റ്റ് 13 മുതൽ 16 വരെ ആൽബർട്ടയിലെ കാൽഗരിയിൽ നടക്കും. സമ്മേളനത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകർ അറിയിച്ചു.
“സൈന്യത്താലല്ല, ശക്തിയാലല്ല, എന്റെ ആത്മാവിനാലത്രേ” (സെഖര്യാവ് 4:6) എന്നതാണ് ഈ വർഷത്തെ സമ്മേളനത്തിന്റെ മുഖ്യവിഷയം. പരിശുദ്ധാത്മാവിന്റെ നടത്തിപ്പിലും ശക്തിയിലും അധിഷ്ഠിതമായ ആത്മീയ ജീവിതം, സഭയുടെ വളർച്ച, കുടുംബ നവീകരണം, യുവജന ശുശ്രൂഷ, മിഷൻ പ്രവർത്തനം എന്നിവയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് സമ്മേളനത്തിലെ വിവിധ സന്ദേശങ്ങളും സെമിനാറുകളും ക്രമീകരിച്ചിരിക്കുന്നത്.

സമ്മേളനത്തിന്റെ നാഷണൽ കൺവീനറായി പാസ്റ്റർ വിൽസൺ കടവിൽ, സെക്രട്ടറിയായി പാസ്റ്റർ മനീഷ് തോമസ്, ട്രഷററായി ഡോ. തോമസ് വർഗീസ് എന്നിവർ നേതൃത്വം നൽകുന്നു. ഇവരോടൊപ്പം വിവിധ കമ്മിറ്റികളിലെ പ്രവർത്തകരും സന്നദ്ധ പ്രവർത്തകരും സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനായി പ്രവർത്തിച്ചുവരുന്നു.
പ്രധാന ശുശ്രൂഷകരായി പാസ്റ്റർ അനീഷ് തോമസ് (കേരള), പാസ്റ്റർ ഫെയ്ത് ബ്ലസൻ (പള്ളിപ്പാട്), പാസ്റ്റർ ജോഷ് മാത്യു (ന്യൂജേഴ്സി), ഡോ. ദീപക് മാത്യു (വാൻകൂവർ) എന്നിവർ ദൈവവചനം ശുശ്രൂഷിക്കും. കൂടാതെ ഡോ. ടോം ഫിലിപ്പ് (ഹൂസ്റ്റൺ) ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
സമ്മേളനത്തിന്റെ വിവിധ വിഭാഗങ്ങളുടെ ഏകോപനത്തിന് പാസ്റ്റർ വിൽസൺ സാമുവൽ മീഡിയ കോ-ഓർഡിനേറ്ററായി പ്രവർത്തിക്കുന്നു. പ്രയർ കോ-ഓർഡിനേറ്റർമാരായി പാസ്റ്റർമാരായ സാമുവൽ, ഡാനിയേൽ, എബ്രഹാം തോമസ്, ബിനു ജേക്കബ് എന്നിവർ പ്രവർത്തിക്കുന്നു. വിവിധ പരിപാടികളുടെ ഏകോപനത്തിനായി പാസ്റ്റർ നെൽസൺ ഫിലിപ്പും പാസ്റ്റർ സാം എബ്രഹാമും സേവനം ചെയ്യുന്നു. ലേഡീസ് കോ-ഓർഡിനേറ്ററായി സിസ്റ്റർ ഷെർലി കുരിയാച്ചൻ പ്രവർത്തിക്കുന്നു.
ഇവരോടൊപ്പം കാനഡയിലെ വിവിധ പ്രൊവിൻസുകളെ പ്രതിനിധീകരിച്ച് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും സെൻട്രൽ കമ്മിറ്റി അംഗങ്ങളുമായി ചേർന്ന് സമ്മേളനത്തിന്റെ വിവിധ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു. പ്രാദേശിക സഭകളുമായുള്ള ഏകോപനം, വിശ്വാസികളുടെ പങ്കാളിത്തം ഉറപ്പാക്കൽ, സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിനാവശ്യമായ വിവിധ പ്രവർത്തനങ്ങൾ എന്നിവയിൽ ഈ പ്രതിനിധികൾ നിർണായക പങ്ക് വഹിക്കുന്നു.
എല്ലാ പ്രായവിഭാഗങ്ങൾക്കും അനുയോജ്യമായ രീതിയിലാണ് സമ്മേളന പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. 3 മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്കും, 13 മുതൽ 18 വയസ്സ് വരെയുള്ള കൗമാരക്കാർക്കും, 18 വയസ്സിന് മുകളിലുള്ള യുവജനങ്ങൾക്കും പ്രത്യേകം ഇംഗ്ലീഷ് സെഷനുകൾ, ബൈബിൾ പഠനങ്ങൾ, ആത്മീയ പരിശീലനങ്ങൾ എന്നിവ ഉണ്ടായിരിക്കും.
കുടുംബജീവിതം, യുവജന നേതൃത്വം, സഭാവളർച്ച, സുവിശേഷവ്യാപനം, മിഷൻ പ്രവർത്തനം തുടങ്ങിയ വിഷയങ്ങളിൽ പ്രത്യേക സെമിനാറുകൾ, അനുഭവസമ്പന്നരായ ദൈവദാസന്മാരുടെ ശുശ്രൂഷകൾ, മിഷനറി മീറ്റിംഗുകൾ, പുതിയ ശുശ്രൂഷകരെ പരിചയപ്പെടുത്തുന്ന പ്രത്യേക പരിപാടികൾ എന്നിവയും സമ്മേളനത്തിന്റെ പ്രധാന ആകർഷണങ്ങളായിരിക്കും.
കാനഡയുടെയും അമേരിക്കയുടെയും വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികളും ശുശ്രൂഷകരും കുടുംബസമേതം ഈ ആത്മീയ സംഗമത്തിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു. ആത്മീയ ഉണർവും കൂട്ടായ ആരാധനയും വിശ്വാസികളുടെ ഐക്യവും അനുഭവിക്കുവാൻ എല്ലാ പെന്തെക്കോസ്ത് വിശ്വാസികളെയും PCIC 2026 കാൽഗരി സമ്മേളനത്തിലേക്ക് ഹൃദയപൂർവം സ്വാഗതം ചെയ്യുന്നതായും സംഘാടകർ അറിയിച്ചു.

