ചാക്കോ കെ.തോമസ്, ബെംഗളൂരു
കൊച്ചി: “ക്രൈസ്തവ വിശ്വാസികൾ ദൈവശക്തിയിൽ അടിയുറച്ചു ഉത്സാഹത്തോടെ മുന്നേറണമെന്നു തിരുവല്ല സെൻറർ പാസ്റ്റർ കുഞ്ഞുമോൻ ജോർജ് പ്രസ്താവിച്ചു. ദി പെന്തെക്കോസ്ത് മിഷൻ എറണാകുളം സെന്ററിന്റെ ആഭിമുഖ്യത്തിൽ എരമല്ലൂർ (NH 66 ന് സമീപം) റ്റി .പി .എം കൺവൻഷൻ ഗ്രൗണ്ടിൽ ആരംഭിച്ച വാർഷിക കൺവെൻഷന്റെ പ്രാരംഭദിന രാത്രി യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അലസത സാത്താന്റെ ആയുധപ്പുരയാണ്. അതിന്മേൽ വിജയം നേടിയവരാണ് യഥാർഥ വിശ്വാസികളെന്നും അദ്ദേഹം പറഞ്ഞു.
ഡെപ്യൂട്ടി ചീഫ് പാസ്റ്റർ എം.ടി. തോമസിന്റെ പ്രാർഥനയോടെയാണ് പ്രാരംഭ ദിന കൺവെൻഷൻ ആരംഭിച്ചത്.
വിവിധ പ്രാദേശിക ഭാഷകളിൽ കൺവൻഷൻ ഗാനങ്ങൾ മിഷൻ പ്രവർത്തകർ ആലപിച്ചു.
സഭയുടെ കേരളത്തിലെ 2026- ലെ കൺവൻഷനുകളുടെ തുടക്കം കുറിക്കുന്നതും പുതിയ ഗാനങ്ങൾ രചിച്ച് സിഡികൾ പുറത്തിറക്കുന്നതും ഈ കൺവെൻഷനിലൂടെയാണ്. ഈവർഷത്തെ 8 പുതിയ ഗാനങ്ങൾ അടങ്ങിയ സിഡി പ്രകാശനം ചെയ്തു.
കൺവെൻഷനിൽ ദിവസവും രാവിലെ 7 ന് വേദപഠനം ,9.30 ന് പൊതുയോഗം, ഉച്ചയക്ക് മൂന്നിന് കാത്തിരിപ്പ് യോഗം, രാത്രി 10 ന് പ്രത്യേക പ്രാർഥന, ശനിയാഴ്ച ഉച്ചയക്ക് മൂന്നിന് യുവജന സമ്മേളനം ,ദിവസവും വൈകിട്ട് 5.45 നു സംഗീത ശ്രുശ്രൂഷ,സുവിശേഷ പ്രസംഗം എന്നിവ ഉണ്ടായിരിക്കും.
സഭയുടെ പ്രധാന ശുശ്രൂഷകർ ദൈവവചനം പ്രസംഗിക്കും. സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് എറണാകുളം സെന്റർ സഭയുടെ കീഴിലുള്ള 27 പ്രാദേശിക സഭകളിലെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത ആരാധനയോടെ കൺവൻഷൻ സമാപിക്കും. കൺവെൻഷനിൽപങ്കെടുക്കുന്നവർക്കായി വൈറ്റില ജനത സഭാ ആസ്ഥാനത്ത് നിന്നും ദിവസവും വൈകിട്ട് 4.30ന് പ്രത്യേക ബസ് സൗകര്യം ക്രമീകരിച്ചിട്ടുണ്ടെന്ന് മിഷൻ പ്രവർത്തകർ അറിയിച്ചു. സെൻറർ പാസ്റ്റർ സണ്ണി ജെയിംസ് അസിസ്റ്റന്റ് സെൻ്റർ പാസ്റ്റർ ഷാജി ജോസഫ് എന്നിവർ കൺവെൻഷന് നേതൃത്വം നൽകും.

