ദുബായ്: കുട്ടികളിലെ സോഷ്യൽ മീഡിയ ഉപയോഗം എല്ലാ രാജ്യങ്ങളിലെയും സജീവ ചർച്ചാ വിഷയമാണ്. സോഷ്യൽ മീഡിയ തുടർച്ചയായി ഉപയോഗിക്കുന്ന കുട്ടികളിൽ നിരവധി പ്രശ്നങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
സംസാരിക്കാൻ വൈകുന്നത്, പഠനത്തിൽ മികവില്ലത്തത്, ഓർമക്കുറവ് എന്നിവയെല്ലാം ആശങ്കയായി നിൽക്കുന്നു. പല രാജ്യങ്ങളിലും ഇതിനകം കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിരോധിച്ചിട്ടുണ്ട്. ഓസ്ട്രേലിയയും ബ്രിട്ടനുമെല്ലാം ഇതിൽപ്പെടും.
എന്നാൽ നിരോധനത്തിന് പകരം നിയന്ത്രണമാണ് വേണ്ടതെന്നും ആധുനിക ലോകത്തിന് ഒപ്പം സഞ്ചരിക്കാൻ കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗം വേണ്ടതാണെന്നും അഭിപ്രായമുള്ളവരുമുണ്ട്. ഇതിനിടെയാണ് യുഎഇ പുതിയ തീരുമാനം എടുത്തിരിക്കുന്നത്. കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കാനാണ് യുഎഇ മന്ത്രിസഭയുടെ ഇന്നത്തെ തീരുമാനം.
കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി 15 വയസ്സായി യുഎഇ നിശ്ചയിച്ചു. ഇതോടെ ഇത്തരമൊരു നിയമപരമായ നിയന്ത്രണം ഏർപ്പെടുത്തുന്ന ആദ്യ അറബ് രാജ്യമായി യുഎഇ മാറി. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന യുഎഇ കാബിനറ്റ് യോഗമാണ് ഈ സുപ്രധാന തീരുമാനത്തിന് അംഗീകാരം നൽകിയത്. ഡിജിറ്റൽ ലോകത്ത് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം.

