തിരുവല്ല : ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് നൽകുന്ന വിശ്വാസ സ്വാതന്ത്ര്യം ആർക്കും കവർന്നെടുക്കുവാനാകില്ലെന്ന് മലങ്കര മാർത്തോമ സുറിയാനി സഭയുടെ അധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത. മാർത്തോമാ സഭയുടെ വാർഷിക പ്രതിനിധി മണ്ഡലം തിരുവല്ല ഡോ. അലക്സാണ്ടർ മാർത്തോമാ വലിയ മെത്രാപ്പോലീത്ത സ്മാരക ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമാധാനകാംക്ഷികളും രാജ്യസ്നേഹികളും ആയ രാഷ്ട്ര നിർമ്മാണത്തിൽ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ക്രൈസ്തവരെ വേട്ടയാടിയും ഭയപ്പെടുത്തിയും നിശബ്ദരാക്കുന്ന സമകാലിക പ്രവണത നാടിന്റെ നടവഴികളിലൂടെയുള്ള പ്രയാണത്തിന് തടസ്സം സൃഷ്ടിക്കും.
ഒരു സുപ്രഭാതത്തിൽ മുളച്ചു വന്നവരല്ല ഭാരത ക്രൈസ്തവർ. എത്രയെത്ര തലമുറകളായി ഇന്ത്യ നമ്മുടെ മാതൃരാജ്യമാണ്. ദേശീയഗാനം കേട്ടാൽ മനസ്സ് തുറന്നും കാതകൂർപ്പിച്ചും ആദരവോടെ നിൽക്കുകയും കണ്ണുനിറഞ്ഞു പോവുകയും ചെയ്യുന്ന ശക്തരായ രാജ്യസ്നേഹികളായ ഉത്തമ പൗരന്മാരാണ് ഇവിടുത്തെ വിശ്വാസ സമൂഹം എന്നത് ഓർക്കണം. വോട്ടർപട്ടികയിലെ തെറ്റ് ചൂണ്ടി കാണിക്കുന്നവരോട് തിരഞ്ഞെടുപ്പ് കമ്മീഷൻ എന്തിനാണ് അസഹിഷ്ണുത കാണിക്കുന്നത്. സാങ്കേതികത്വത്തിന്റെ പേരിൽ അവകാശം നിഷേധിക്കലല്ല തെറ്റുതിരുത്താൻ അവകാശം നൽകുകയാണ് വേണ്ടത്. രാജ്യത്താകമാനം പ്രത്യേകിച്ചു ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ക്രൈസ്തവർക്കെതിരെ വർദ്ധിച്ചുവരുന്ന ആക്രമണങ്ങളും പോലീസ് നടപടികളും സൃഷ്ടിക്കുന്ന ആശങ്ക ഒട്ടും ചെറുതല്ല. മതപരിവർത്തന നിരോധന നിയമം പലപ്പോഴും ദുരുപയോഗം ചെയ്യുന്നു. ജനസംഖ്യയിൽ കുറവ് വരുന്ന ക്രൈസ്തവരെയും മറ്റു മൈക്രോ മൈനോരിറ്റിയായി പ്രഖ്യാപിച്ചു സംരക്ഷണം നൽകണം. ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് സർക്കാർ എടുത്തിരിക്കുന്ന നയം കേരളത്തിലെ എയ്ഡഡ് വിദ്യാഭ്യാസമേഖലകൾക്ക് പ്രോത്സാഹന ജനകമല്ല. സ്ഥിര നിയമന അംഗീകാരമില്ലാതെ അധ്യാപകരെ ദിവസവേതനക്കാരാക്കി മാറ്റുന്നത് ഗുണനിലവാര തകർച്ചയിലേക്ക് നയിക്കുമെന്നും മെത്രാപ്പോലീത്ത പറഞ്ഞു. ‘അപരന്റെ വേദനയ്ക്ക് നടുവിൽ ചിരിയുടെയും സ്വാന്തനത്തിന്റെയും പൂപന്തൽ നമുക്ക് ഒരുക്കാൻ ആകണം. അപ്പത്തെ വെള്ളത്തിന്മേൽ എറിയുവാനും ഇരുട്ടിന്റെ നടുച്ചുവരുകൾക്കിടയിൽ പ്രകാശത്തിന്റെ മാലാഖമാരാകാനുമുള്ള വിളി നാം കേൾക്കാതെ പോകരുത്’.
പ്രൊഫ. എം തോമസ് മാത്യു ധ്യാന പ്രസംഗം നടത്തി. സഫ്രഗൻ മെത്രാപ്പോലീത്തമാരായ ഡോ. യുവാക്കീം മാർ കൂർലോസ്, ഡോ. ജോസഫ് മാർ ബർന്നബാസ്, എപ്പിസ്കോപ്പമാരായ തോമസ് മാർ തിമോത്തിയോസ്, ഡോ. ഐസക് മാർ ഫിലിക്സ് നോസ്, ഡോ. എബ്രഹാം മാർ പൗലോസ്, ഡോ. മാത്യൂസ് മാർ മക്കാറിയോസ്, ഡോ. ഗ്രിഗോറിയോസ് മാർ സ്റ്റേഫാനോസ്, ഡോ. തോമസ് മാർ തീത്തൂസ്, സക്കറിയാസ് മാർ അപ്രേം, മാത്യൂസ് മാർ സെറാഫീം, ഡോ. ജോസഫ് മാർ ഇവാനിയോസ് എന്നിവർ പങ്കെടുത്തു .
സഭാ കൗൺസിൽ അംഗങ്ങൾ,സഭാ പ്രതിനിധി മണ്ഡല അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ലോകമെങ്ങും നിന്നുമുള്ള പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. രണ്ടാം ദിവസം രാവിലെ സെന്റ് തോമസ് പള്ളിയിൽ നടന്ന വിശുദ്ധ കുർബാന ശുശ്രൂഷയ്ക്ക് ഡോ. ജോസഫ് മാർ ഇവാനിയോസ് എപ്പിസ്കോപ്പ മുഖ്യ കാർമികത്വം വഹിച്ചു.സ്പെഷ്യൽ മണ്ഡലം ചേർന്ന് ഭരണഘടന ഭേദഗതികൾ അവതരിപ്പിച്ചു.
മാർത്തോമാ സഭ ഡൽഹി ഭദ്രാസനത്തിന്റെ ജമ്മു ആൻഡ് കാശ്മീർ മാർത്തോമ്മാ മിഷന്റെ ഇരുപതാമത് വാർഷികാഘോഷവും മിഷൻ ദിനവും സെപ്റ്റംബർ 16,17 തീയതികളിൽ ജമ്മു കാശ്മീർ മാർത്തോമ മിഷൻ സെന്ററിൽ നടത്തും. ഡൽഹി ഭദ്രാസന അധ്യക്ഷൻ സക്കറിയ മാർ അപ്രേം എപ്പിസ്കോപ്പ മുഖ്യ അതിഥി ആയിരിക്കും. പുനരുദ്ധീകരിച്ച മിഷൻ കേന്ദ്രത്തിന്റെയും പുതുതായി നിർമ്മിച്ച ഗസ്റ്റ് റൂമുകളുടെയും കൂദാശ 16നു വൈകുന്നേരം അഞ്ചുമണിക്ക് മാർ അപ്രേം എപ്പിസ്കോപ്പ നിർവഹിക്കും. 17നു രാവിലെ എട്ടുമണിക്ക് വിശുദ്ധ കുർബാന ശുശ്രൂഷയോട് കൂടെ ഇരുപതാം വാർഷിക ആഘോഷങ്ങൾക്ക് സമാപനം കുറിക്കും. 2005 ൽ ഡൽഹി ഭദ്രാസനം ജമ്മു കാശ്മീരിലെ ജമ്മു പരിഭ്രെമാ കേന്ദ്രമാക്കി ആരംഭിച്ചതാണ് ജമ്മു കാശ്മീർ മാർത്തോമ മിഷൻ. ഇരുപതാം വാർഷിക ആഘോഷവേളയിൽ മിഷന്റെ ആദ്യകാല സുവിശേഷകരെ ആദരിക്കും. മാർത്തോമാ സുവിശേഷ പ്രസംഗ സംഘം 137 മത് സ്ഥാപക ദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ 13 ഉമയാറ്റുകര മാർത്തോമ്മാ പള്ളിയിൽ മിഷൻ എക്സ്പോയും ധന്യ സ്മൃതി സംഗമവും സംഘടിപ്പിക്കും.
അഞ്ചു പുതിയ പദ്ധതികൾ ബജറ്റിൽ ഉൾപ്പെടുത്തി. മാർത്തോമ യൂണിവേഴ്സിറ്റി തെള്ളിയൂർ എം. സി. ആർ. ഡി. ഓട്ടിസം കോളേജിന് സ്പെഷ്യൽ ഗ്രാൻഡ്, വനിതാ കർഷക അവാർഡ്,ഹൃദയ ശസ്ത്രക്രിയ സഹായ പദ്ധതി,സോളാർ പദ്ധതി എന്നിവയാണ് പുതിയ പദ്ധതികൾ.
മാർത്തോമാ യൂണിവേഴ്സിറ്റി ആരംഭിക്കുന്നതിനായി 25 കോടി രൂപ ബജറ്റിൽ ഉൾപ്പെടുത്തി. തെള്ളിയൂർ എം സി ആർ ഡി യിൽ ഓട്ടിസം കോളജിന് സ്പെഷ്യൽ ഗ്രാൻഡ് ആയി മൂന്ന് ലക്ഷം രൂപ നൽകും. ആഗോള വനിത കർഷക വർഷാചരണം പ്രമാണിച്ച് വനിതാ കർഷക അവാർഡ് നൽകും. ഇതിനായി 25000 രൂപ ചിലവിടും.
മാർത്തോമാ സഭ സെക്രട്ടറിയേറ്റിൽ സോളാർ പാനൽ സ്ഥാപിക്കുന്നതിനായി ഒരുകോടി രൂപ ബജറ്റിൽ വകയിരുത്തി. ഡോ. തിയോഡോഷ്യസ് മാർത്തോമ മെത്രോപോലീത്തായുടെ പട്ടത്ത് സുവർണ്ണ ജൂബിലി പ്രോജക്ടുകളായ അഭയം, ലക്ഷ്യപദ്ധതികൾക്ക് സംഭാവന പ്രതീക്ഷിച്ചു.3.5 കോടി രൂപ വരവും 3.5 കോടി രൂപ ചിലവും പ്രതീക്ഷിച്ചു.ബജറ്റിൽ തുക വക കൊള്ളിച്ചു.
വയനാട് പുനരധിവാസ പ്രവർത്തനങ്ങൾക്ക് വടുവഞ്ചാൽ കേന്ദ്രമാക്കി 3 ഏക്കർ 31 ദശാംശം 5സെന്റ് സ്ഥലത്ത് വീടുകളും സ്വാന്തനപരിചരണ കേന്ദ്രവും ആരംഭിക്കുന്നതിനായുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കി വരുന്നു. ചിലവുകൾക്കായി 3.25കോടി രൂപയും ബജറ്റിൽ ചേർത്തു. വാളകത്ത് ഷോപ്പിംഗ് കോംപ്ലക്സ്, മാർത്തോമ്മാ ഹെറിറ്റേജ് മ്യൂസിയം എസ് സി എസ് ടവർ, ടി കെ റോഡിനും, പുഷ്പഗിരി റോഡിനോടും ചേർന്ന് കൊമേഴ്സ്യൽ കോംപ്ലക്സ്.ചെയർമാൻസ് റോഡിനോടും ചേർന്ന് കൊമേഴ്സ്യൽ കോംപ്ലക്സ് എന്നിവയും ബജറ്റിൽ ഉൾപ്പെടും.
