
ന്യൂയോർക്ക്: ആഗോള ജനസംഖ്യയിലെ ക്രൈസ്തവരുടെ എണ്ണം സംബന്ധിച്ച വിശദമായ കണക്കുകളുമായി പുതിയ റിപ്പോർട്ട് പുറത്ത്.
സി ഐ ഐ വേൾഡ് ഫാക്ട് ബുക്ക് പ്യുർ റിസർച്ച് യു എൻ വേൾഡ് പോപ്പുലേഷൻ പ്രോസ്പെക്ടസ് എന്നിവയെ ക്രോഡീകരിച്ച് വിഷ്വൽ ക്യാപിറ്റലിസ്റ്റ് എന്ന മാധ്യമമാണ് ഡാറ്റ പുറത്തുവിട്ടിരിക്കുന്നത്.
ഏകദേശം 219 ദശലക്ഷം ക്രൈസ്തവരുമായി അമേരിക്കയാണ് ആഗോള ജനസംഖ്യയിൽ ഏറ്റവും അധികം ക്രൈസ്തവരുള്ള രാജ്യമെന്ന് വിഷ്വൽ ക്യാപിറ്റലിസ്റ്റിന്റെ റിപ്പോർട്ടിൽ പറയുന്നു. 185 ദശലക്ഷം ക്രൈസ്തവ വിശ്വാസികളുമായി ബ്രസീലാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്തുള്ള മെക്സിക്കോയിൽ 118 ദശലക്ഷം ക്രൈസ്തവരുണ്ട്. ആഫ്രിക്കയിൽ ക്രൈസ്തവ ജനസംഖ്യയിൽ കാര്യമായ വർദ്ധനവുണ്ട്. കൊടിയ ക്രൈസ്തവ വിരുദ്ധ പീഡനങ്ങളും കൂട്ടക്കൊലകളും അരങ്ങേറുന്ന നൈജീരിയയാണ് ക്രൈസ്തവ ജനസംഖ്യയിൽ നാലാം സ്ഥാനത്തുള്ളത്. ആഫ്രിക്കയിലെ ഏറ്റവും വലിയ ക്രൈസ്തവ ഭൂരിപക്ഷ രാജ്യം കൂടിയാണ് നൈജീരിയ.105 മില്യൻ ക്രൈസ്തവരും ആയി കോംകോയാണ് തൊട്ടു പിറകെയുള്ളത്. ഉയർന്ന ജനന നിരക്ക് നിലനിൽക്കുന്നതിനാൽ 2050 പിന്നിട്ടാലും ആഫ്രിക്കയിലെ ക്രൈസ്തവ ജനസംഖ്യയിൽ വലിയ വർദ്ധനവ് ഉണ്ടാകുമെന്നാണ് വിഷ്വൽ ക്യാപിറ്റലിസ്റ്റിന്റെ അനുമാനം. നൂറു ദശലക്ഷം ക്രൈസ്തവരുള്ള ഫിലിപ്പിയൻസ് ആണ് ഏഷ്യയിൽ ഏറ്റവും അധികം ക്രൈസ്തവരുള്ള രാജ്യം.ജനസംഖ്യയുടെ 85.3 ശതമാനം ക്രൈസ്തവരുള്ള ഫിലിപ്പൈൻസ്, ആഗോള ക്രൈസ്തവ ജനസംഖ്യയുടെ റാങ്കിൽ ആറാം സ്ഥാനത്താണ്. 72 ദശലക്ഷം ക്രൈസ്തവരുള്ള ചൈനയും 34 ലക്ഷം ഭാരതത്തിലെ ക്രൈസ്തവരുമാണ് ലിസ്റ്റിൽ ആദ്യത്തെ 25ൽ ഇടം നേടിയിരിക്കുന്ന മറ്റു ഏഷ്യൻ രാജ്യങ്ങൾ . ലോകത്തിന്റെ പല പ്രദേശങ്ങളിലും സുവിശേഷം എത്തിക്കുന്നതിന് തീക്ഷ്ണത കാണിച്ച യു കെ ഉൾപ്പെടെയുള്ള പല യൂറോപ്യൻ രാജ്യങ്ങളിലും ക്രൈസ്തവ വിശ്വാസം വലിയ ഒരു പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. മത നിരാസവും മതേതരത്വവും മിക്ക പാശ്ചാത്യ നാടുകളിലെ ക്രൈസ്തവ വിശ്വാസത്തിന് മങ്ങൽ ഏൽപ്പിച്ചിട്ടുണ്ട്. അതേസമയം ക്രൈസ്തവ ജനസംഖ്യ മിക്ക യൂറോപ്യൻ രാജ്യങ്ങളിലും കുറയാതെ ഉണ്ടെങ്കിലും യഥാർത്ഥത്തിൽ വിശ്വാസം അനുഷ്ഠിക്കുന്നവരുടെ എണ്ണം താരതമ്യേന വളരെ കുറവാണ്. മധ്യപൂർവ്വേഷ്യയിൽ ക്രൈസ്തവർക്കെതിരെ കടുത്ത പീഡനങ്ങൾ അരങ്ങേറുന്നുണ്ടെങ്കിലും ക്രൈസ്തവരുടെ എണ്ണം നാൾക്കുനാൾ വർദ്ധിച്ചു വരികയാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
