ഹാപ്പി ബർത്ത് ഡേ പറയുന്നതിന് മുൻപ് ഈ സന്ദേശം ഒന്ന് കേട്ടാലും. സാധാരണ ഒരു ദൈവദാസന് 70 വയസ്സു കഴിയുമ്പോൾ ആശിർവാദം പറയാനോ വിവാഹ ശുശ്രൂഷയിൽ മണവാളനും മണവാട്ടിക്കും ആശീർവാദ പ്രാർത്ഥന ചെയ്യുവാനോ ഉള്ള ശുശ്രൂഷയിലേക്ക് ചുരുങ്ങി പോവാനുള്ള സാധ്യതയാണ് നാം സാധാരണ കാണുന്നത്. സത്യം പറഞ്ഞാൽ ഞാൻ അതിനു മാനസികമായി ഒരുങ്ങിക്കഴിഞ്ഞിരുന്നു.പക്ഷേ ആശയ്ക്കെതിരായി ആശയോട് ഞാൻ തീരുമാനിച്ചുറച്ചിരുന്നു,വിശ്രമിക്കത്തില്ല. ഒതുങ്ങി കൂടുകയില്ല. കൂടുതൽ വേല ചെയ്യും. അങ്ങനെ ഞാൻ എല്ലാ ഞായറാഴ്ചയും ആരാധന കഴിയുമ്പോൾ എന്റെ ബാക്ക് പായ്ക്ക് നിറച്ച് 650 പുസ്തകവും ആയിട്ട് ഞങ്ങളുടെ ഓഫീസിനടുക്കലുള്ള മെട്രോ സ്റ്റേഷനിൽ പോയിട്ട് ഓവർ ബ്രിഡ്ജിന്റെ രണ്ടു വശത്തും നിന്ന് ഞാനും ലില്ലിയും പുസ്തകം വിതരണം ചെയ്തു.

കോവിഡ് വന്ന് ലോക്ക് ഡൗൺ ആയപ്പോൾ അത് നിർത്തേണ്ടി വന്നു. ഞാൻ താമസിക്കുന്നതിന്റെ നാലു വശത്തും വളരെ വലിയ ഐടി കമ്പനികൾ ആണ്. പല ഓഫീസുകളുടെയും വാതുക്കൽചെന്ന് നിന്ന് ഓഫീസ് സമയം കഴിഞ്ഞ് ആൾക്കാർ പുറത്തോട്ട് ഒഴുകി ഇറങ്ങി വരുമ്പോൾ പുസ്തകം ഇംഗ്ലീഷിലും ഹിന്ദിയിലും വിതരണം ചെയ്തു.
എന്റെ നിഘണ്ടുവിൽ ഇല്ലാത്ത രണ്ടു വാക്കുകൾ ആണ് ഇംപോസിബിൾ, റസ്റ്റ് എന്നിവ. രണ്ടും ഞാൻ വെട്ടിക്കളഞ്ഞു. കോവിഡിന് ശേഷം പുസ്തകം കൊടുക്കുവാൻ പ്രയാസമായി. പക്ഷേ ദൈവം മറ്റു മാർഗ്ഗങ്ങൾ കാണിച്ചു തന്നു. ‘ബെറ്റർ ഹാഫ്’ എന്ന ഒരു സിനിമ നിർമ്മിച്ചു. യൂട്യൂബിൽ ഇട്ടു. ആർക്കും കാണാം. ‘ബെറ്റർ ഹാഫ് മലയാളം ക്രിസ്ത്യൻ മൂവി’ എന്ന് ടൈപ്പ് ചെയ്താൽ നിങ്ങൾക്ക് ഈ സിനിമ കാണാം. അസാധാരണമായ ഒരു സിനിമ.
കന്യാകുമാരി മുതൽ കാസർഗോഡ് വരെ യാത്ര ചെയ്തു. ഓരോ 50 കിലോമീറ്റർ കഴിയുമ്പോഴും മിനി ബസ് നിർത്തി, ഒരാൾ ഒരു പാട്ടുപാടി. ഞാൻ പ്രസംഗിച്ചു. ലില്ലിയും കൂടെയുള്ളവരും ‘അത്ഭുതങ്ങളുടെ താക്കോൽ എന്ന പുസ്തകവും ‘ദൈവപൈതലാകുന്നതിനുള്ള ദൈവീകപദ്ധതി’ എന്ന പുസ്തകവും ഒന്നിച്ച് അച്ചടിച്ചത് വിതരണം ചെയ്തു.
2025 മാർച്ച് മാസത്തിൽ ഇതേപോലെ കന്യാകുമാരി മുതൽ കാശ്മീർ വരെ ഒരു മിനി ബസ്സിൽ യാത്ര ചെയ്തു. ഞാൻ പ്രസംഗിച്ചു, മറ്റുള്ളവർ അതാതു നാട്ടുകാരുടെ ഭാഷയിൽ അതേ പുസ്തകം വിതരണം ചെയ്തു. മദ്യം, മയക്കുമരുന്ന്,മൊബൈൽ ഫോണിന് അടിമയാകുന്നതിലുള്ള അപകടം എന്ന് ട്രാക്റ്റും വിതരണം ചെയ്തു.
പ്രായം ശരീരത്തെ പിടിച്ചു കുലുക്കാൻ ശ്രമിച്ചു എങ്കിലും പ്രായത്തിന്റെ കൈ തട്ടി മാറ്റി നടന്ന് ഓടി.പ്രായത്തിൽ ലില്ലിയും പുറകെ ഉണ്ടെങ്കിലും ഞങ്ങൾ രണ്ടുപേരും തളർന്നിട്ടില്ല. തളർന്നിരുന്നില്ല. നടപ്പുനിർത്തിയില്ല.ഇപ്പോഴും നടക്കുന്നു.
ഏപ്രിൽ 13. ഞാൻ 85ആം വയസ്സിലേക്ക് കയറുന്നു. കുറേ സ്വപ്നങ്ങൾ ഉണ്ട്. കഴിഞ്ഞ ചില സ്വപ്നങ്ങൾ. ഈ വർഷത്തെ ചിലത്.
2026ൽ കേരളത്തിലെ ചില സ്ഥലങ്ങളിൽ കൺവെൻഷനു പ്രസംഗിച്ചു.
ഒറീസ, ബംഗാൾ, യുപി, ആസാം എന്നീ ഭാഷക്കാരോട് സുവിശേഷം പ്രസംഗിക്കുവാൻ, ആളാം പ്രതി വേല ചെയ്യുവാൻ 25 പരം പേരെ ഒരുക്കിയെടുക്കുന്ന പ്രവർത്തനത്തിൽ പങ്കാളിയായി. അവർക്ക് ക്ലാസ് എടുത്തു. ആ ഭാഷകളിൽ 15,000 പുസ്തകങ്ങൾ കൊടുത്തു. കൊടുത്ത വിവരം പറയാൻ സാധിക്കില്ല.
ജയിൽവാസം അനുഭവിച്ച മർദ്ദനമേറ്റ വീടും സ്വത്തും നഷ്ടമായ 100 സുവിശേഷകർക്ക് ക്ലാസ് എടുത്തു. ഇനിയും ചില പദ്ധതികൾ കൂടിയുണ്ട്.
ഹിമാലയത്തിന്റെ തിരുനെറ്റി എന്ന് വിളിക്കുന്ന ലേ ലഡാക്കിൽ ജൂൺ മാസത്തിൽ പോയി സുവിശേഷം പ്രസംഗിക്കണം. അവിടുത്തെ മോർവിയൻ ക്രിസ്ത്യൻ ചർച്ചിലെ എന്റെ സ്നേഹിതൻ എലൈജ ഗർഗനിൽ നിന്ന് കർതൃമേശ സ്വീകരിക്കണം.
മറ്റൊരു സ്വപ്ന പദ്ധതി ആണ് ടീമിലെ 40 വയസ്സിന് താഴെയുള്ള 80 കഴിവുള്ള യുവ സുവിശേഷകരെ ഡൽഹിയിൽ വിളിച്ചുവരുത്തി ഒക്ടോബർ 29 മുതൽ 10 ദിവസം ഞാനും ലില്ലിയും ക്ലാസ് എടുത്തിട്ട് ഞങ്ങളുടെ ആത്മാവിൽ കുറച്ച് അവരിൽ ആക്കാൻ ശ്രമിക്കും. സംഖ്യാപുസ്തകം. 11:16-17 . “അപ്പോൾ യഹോവ മോശയോട് കൽപ്പിച്ചത്; യിസ്രായേൽ മൂപ്പന്മാരിൽ വച്ച് ജനത്തിന്റെ പ്രമാണികളും മേൽവിചാരകന്മാരും എന്നു നീ അറിയുന്ന 70 പുരുഷന്മാരെ സമാഗമന കൂടാരത്തിനരികെ നിന്നോട് കൂടെ നിൽക്കേണ്ടതിന് എന്റെ അടുക്കൽ കൂട്ടിക്കൊണ്ടു വരിക. അവിടെ ഞാൻ ഇറങ്ങി വന്നു നിന്നോട് അരുളിച്ചെയ്യും. ഞാൻ നിന്റെ മേൽ ഉള്ള ആത്മാവിൽ കുറെ എടുത്ത് അവരുടെ മേൽ പകരും. നീ ഏകനായി വഹിക്കാതിരിക്കേണ്ടതിന് അവർ നിന്നോട് കൂടെ ജനത്തിന്റെ ഭാരം വഹിക്കും…….”
പത്തു ദിവസം ടീമിലെ മിടുക്കരായ യുവതി യുവാക്കൾ, ഞങ്ങൾ മരിച്ചു അടക്കപ്പെട്ടു കഴിയുമ്പോഴും ഈ 80 പേർ പിജിയും ലില്ലിയുമായി വടക്കേ ഇന്ത്യയിൽ നിറഞ്ഞു നിൽക്കണം.
2027ൽ അടുത്ത 80 പേർ.
നിങ്ങൾ അനേകർ, ഞങ്ങൾ രണ്ടുപേർക്കും ആയി പ്രാർത്ഥിച്ചും പക്ഷവാദം ചെയ്തും ഈ നിലയിൽ എത്തിച്ചു. ഈ പ്രവർത്തനം തുടരട്ടെ. ഭാരതം ദൈവശബ്ദം കേൾക്കട്ടെ. കന്യാകുമാരി മുതൽ കാശ്മീർ വരെ ഭാരതം ദൈവശബ്ദം കേൾക്കട്ടെ. ഒരാൾക്കോ ഒരു സഭയ്ക്കോ ഒരു സംഘടനയ്ക്കോ ഇത് ചെയ്തു തീർക്കുവാൻ സാധ്യമല്ല. എന്നാൽ നാം ഒന്നിച്ച് ശ്രമിച്ചാൽ ഭാരത സുവിശേഷീകരണം സാധ്യമാണ്. നാം താമസിച്ചുപോയി. അല്ല; വളരെ താമസിച്ചുപോയി. നമുക്ക് ഉണരാം. പോകാം. അയയ്ക്കാം.
ഇന്ത്യയുടെ ഒരു പടം വാങ്ങി നിങ്ങൾ ദയവു ചെയ്തു ഭിത്തിയിൽ തൂക്കിയിട്ട് ഓരോ സ്റ്റേറ്റിലും കൈ വെച്ച് ആ സ്റ്റേറ്റിനു വേണ്ടി പ്രാർത്ഥിക്കണം. ദശാംശം നിങ്ങൾ കൊടുക്കുന്നതു കൂടാതെ നമ്മുടെ വരുമാനത്തിന്റെ ഒരു ശതമാനം കൂടി സുവിശേഷത്തിന്റെ വേലയ്ക്ക്, സുവിശേഷം കേട്ടിട്ടില്ലാത്തവരുടെ ഇടയിൽ പ്രവർത്തിക്കുന്നവർക്കായി കൊടുക്കാം.
നിങ്ങളുടെ വടക്കേ ഇന്ത്യയിലെ മിഷനറി
സഹോദരൻ. പി ജി വർഗീസ്.

