മുംബൈ. മഹനേഹ്-ദാൻ ഫെല്ലോഷിപ്പ് നെരൂൾ ചർച്ചിൻ്റെ ശുശ്രൂഷകനായി പാസ്റ്റർ ബ്ലെസ്സൺ വർഗ്ഗീസ് നിയമിതനായി. 32 വർഷത്തെ സ്‌തുത്യർഹമായ ശുശ്രൂഷക്കു ശേഷം പാസ്റ്റർ കെ.സി ജേക്കബ് വിരമിച്ചതോടെയാണ് പാസ്റ്റർ ബ്ലെസ്സൺ സഭയുടെ ചുമതലയേറ്റത്. ജൂൺ 22ന് പ്രസ്ബിറ്ററി ചെയർമാൻ പാസ്റ്റർ. പി.റ്റി.വർഗ്ഗീസ്, നാഷണൽ പ്രസിഡന്റ് പാസ്റ്റർ.പി.സ്.സ്കറിയ എന്നിവരുടെ സാനിധ്യത്തിൽ ദൈവസഭയുടെ ഇന്റർനാഷണൽ പ്രസിഡന്റ് പാസ്റ്റർ ഡോ.എബി റ്റി. മാമ്മൻ ഇൻസ്റ്റലേഷൻ ശുശ്രൂഷ നിർവ്വഹിച്ചു. കർത്താവ് തന്റെ രക്തം കൊടുത്ത് വിലക്ക് വാങ്ങിയ സഭയെ മേയ്‌പാൻ പരിശുദ്ധാത്മ ശക്തിയും ദൈവകൃപയും സഭാ ശുശ്രൂഷകന്മാർക്ക് ആവശ്യമാണെന്നും, ശുശ്രൂകന്മാർ കണക്കു ബോധിപ്പിക്കേണ്ടുന്നവർ ആകയാൽ അവർ ഞരങ്ങിക്കൊണ്ടല്ല സന്തോഷത്തോടെ ജാഗരിപ്പാൻ ഇടവരേണ്ടതിനു സഭാജനങ്ങൾ തങ്ങളെ നടത്തുന്നവരെ അനുസരിച്ചു കീഴടങ്ങിയിരിക്കേണ്ടത് ആവശ്യമാണെന്നും ഡോ.മാമ്മൻ തൻറെ പ്രസംഗത്തിൽ ഓർമിപ്പിച്ചു.
ഫെലോഷിപ്പ് മാനേജിങ് കമ്മിറ്റി മെംബേർസ് ആയ പാസ്റ്റർ തോമസ്‌കുട്ടി കൊൽക്കത്ത, പാസ്റ്റർ കെ. രാജൻ താനെ, എന്നിവരും സന്നിഹിതരായിരുന്നു. അറുനൂറിലധികം സഭാ കൂടിവരുകളും, ബൈബിൾ കോളേജുകളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും, ജീവകാരുണ്യ പ്രവർത്തങ്ങളും ഉള്ള ഒരു പ്രസ്ഥാനമാണ് മഹാനേഹദാൻ ഫെല്ലോഷിപ്പ്.
മുംബൈയിലെ പ്രസ്‌തമായ റ്റാറ്റാ മെമ്മോറിയൽ ഹോസ്‌പിറ്റലിൽ ഉണ്ടായിരുന്ന ഉന്നതജോലി രാജിവെച്ചാണ് പാസ്റ്റർ ജേക്കബ് & പ്രസന്ന ദമ്പതികൾ 1993-ൽ നെരൂളിൽ പ്രവർത്തനം ആരംഭിച്ചത്. അനേക ഉത്തരേന്ത്യൻ മിഷനറിമാരെ വാർത്തെടുത്ത പാസ്റ്റർ ജേക്കബിനും കുടുംബത്തിനും സഭ ഊഷ്‌മളമായ യാത്രയയപ്പും അന്നേ ദിവസം തന്നെ നൽകുകയുണ്ടായി. മക്കൾ റൂബി & ജോൺസൺ (എറണാകുളം), ഷാരോൺ (കാനഡ), ഹാബേൽ (മുംബൈ), എന്നിവരും മാതാപിതാക്കളെപ്പോലെ ആത്മിക പ്രവർത്തനങ്ങളിൽ വ്യാപൃതരാണ്.
പുതുതായി ചുമതലയേറ്റ പാസ്റ്റർ ബ്ലെസ്സൺ & ജിനു വർഗ്ഗീസ് വേദശാസ്ത്രത്തിലും കൗൺസിലിംഗിലും ബിരുദാനന്തര ബിരുദ്ധമുള്ളവരും, ബൈബിൾ കോളേജ് അധ്യാപകരും മഹനേഹ്-ദാൻ ഫെലോഷിപ്പിൻ്റെ സ്ഥാപകനും പ്രസ്‌ബിറ്ററി ചെയർമാനുമായ പാസ്റ്റർ പി.റ്റി വർഗ്ഗീസിന്റെ ഇളയ മകനുമാണ്.
