ഒഡിഷ :സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നല്ല നടപ്പിൻ്റെ അടിസ്ഥാനത്തിൽ ഒഡിഷ സർക്കാർ വിട്ടയക്കാൻ സാധ്യതയുള്ള തടവുകാരുടെ പട്ടികയിൽ ദാരാ സിങ്ങിൻ്റെ പേരും പരിഗണനയിലുണ്ടെന്നാണ് വിവരങ്ങൾ സൂചിപ്പിക്കുന്നത്. താൻ കഴിഞ്ഞ 26 വർഷത്തിലേറെയായി ജയിലിലാണെന്നും, മുൻകാല പ്രവൃത്തികളിൽ ആത്മാർത്ഥമായി പശ്ചാത്തപിക്കുന്നുണ്ടെന്നും കാണിച്ച് ദാരാ സിങ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

ഇതേത്തുടർന്ന്, ദാരാ സിങ്ങിൻ്റെ മോചന കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കാൻ ഒഡീഷ സർക്കാരിന്റെ സ്ക്രീനിങ് കമ്മിറ്റിയോട് സുപ്രീം കോടതി നിർദ്ദേശിച്ചു. ഈ വിഷയവുമായി ബന്ധപ്പെട്ട കേസിൽ വരും ദിവസങ്ങളിൽ (ഓഗസ്റ്റ് 19-ന്) സുപ്രീം കോടതി വീണ്ടും വാദം കേൾക്കും. ഓസ്ട്രേലിയൻ മിഷനറിയായ ഗ്രഹാം സ്റ്റെയ്ൻസിനെയും അദ്ദേഹത്തിന്റെ മക്കളായ പത്തുവയസ്സുകാരൻ ഫിലിപ്പ്, ആറുവയസ്സുകാരൻ തിമോത്തി എന്നിവരെയാണ് ദാരാ സിങ്ങിൻ്റെ നേതൃത്വത്തിലുള്ള അക്രമിസംഘം ജീവനോടെ ചുട്ടുകൊന്നത്. മനോഹർപുരിലെ ഒരു സ്റ്റേഷൻ വാഗണിൽ ഉറങ്ങുകയായിരുന്ന ഇവരുടെ വണ്ടിക്ക് തീയിട്ട് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ഈ കേസിൽ ശിക്ഷിക്കപ്പെട്ട മറ്റൊരു പ്രതിയായ മഹേന്ദ്ര ഹെംബ്രമിനെ 25 വർഷത്തെ ജയിൽവാസത്തിന് ശേഷം 2025 ഏപ്രിലിൽ കോടതി മോചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ മുഖ്യപ്രതിയായ ദാരാ സിങ്ങും പുറത്തിറങ്ങാനുള്ള സാധ്യതകൾ തെളിയുന്നത്.

