ലണ്ടൻ: യുകെയിലെ ഏറ്റവും വലിയ
ക്രിസ്തീയ സംഗീതോത്സവമായ ‘ബിഗ് ചർച്ച് ഫെസ്റ്റിവൽ’ വേദിയിലുണ്ടായ അപ്രതീക്ഷിത അപകടത്തിൽ ആത്മീയ ശുശ്രൂഷകനായ പാസ്റ്റർ റോബർട്ട് ഗുവാൻകോ (41)അന്തരിച്ചു. സംഭവത്തിൽ ആറ് പേർക്ക് പരിക്കേറ്റു. വെസ്റ്റ് സസെക്സിലെ വിസ്റ്റൺ എസ്റ്റേറ്റിൽ മുപ്പതിനായിരത്തോളം വിശ്വാസികൾ ഒത്തുചേർന്ന വേദിയിൽ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3:30 ഓടെയായിരുന്നു നാടിനെ നടുക്കിയ ദുരന്തം.

ഈസ്റ്റ്ബോണിലെ ജീസസ് ദി ലിവിങ് വാട്ടർ ചർച്ച് സഭാ ശുശ്രൂഷകനാണ് ഫിലിപൈൻസ് വംശജനായ പാസ്റ്റർ റോബർട്ട്. ഇദ്ദേഹത്തിന് ഭാര്യയും ഒരു മകളുമുണ്ട്.
ഫെസ്റ്റിവൽ വേദിക്ക് സമീപം സ്ഥാപിച്ചിരുന്ന കൂറ്റൻ തടി സൈൻബോർഡ് അപ്രതീക്ഷിതമായി വീശിയടിച്ച ശക്തമായ കാറ്റിൽ തകർന്ന് താഴെ നിന്നവരുടെ മേലേക്ക് പതിക്കുകയായിരുന്നു. സൈൻബോർഡിനടിയിൽ കുടുങ്ങിയ പാസ്റ്റർ റോബർട്ട് സംഭവസ്ഥലത്തുതന്നെ മരണമടഞ്ഞു.
ഗുരുതരമായി പരിക്കേറ്റ രണ്ടുപേരടക്കം നാല് പേരെ എയർ ആംബുലൻസിലും റോഡ് മാർഗ്ഗവുമായി സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടം നടന്ന ഉടൻതന്നെസമീപത്തുണ്ടായിരുന്ന മുപ്പതിലധികം വിശ്വാസികളും വളണ്ടിയർമാരും ഒത്തുചേർന്ന് ഭാരമേറിയ പലകകൾ ഉയർത്തിമാറ്റിയാണ് അടിയിൽപ്പെട്ടവരെ പുറത്തെടുത്തത്.
ദുരന്തത്തെത്തുടർന്ന് വാരാന്ത്യത്തിൽ നടക്കേണ്ടിയിരുന്ന ഫെസ്റ്റിവലിന്റെ എല്ലാ ശുശ്രൂഷകളും സംഗീത പരിപാടികളും സംഘാടകർ പൂർണ്ണമായി റദ്ദാക്കി.
സംഭവത്തിൽ സസെക്സ് പോലീസും ഹെൽത്ത് ആൻഡ് സേഫ്റ്റി എക്സിക്യൂട്ടീവും സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

