ഭോപ്പാൽ: മധ്യപ്രദേശിലെ സിദ്ധി
ജില്ലയിൽ പ്രാർത്ഥനായോഗം നടത്തിവന്ന വിശ്വാസികൾക്കുനേരെ തീവ്ര വലതുപക്ഷ സംഘടനകളുടെ ഇടപെടലും തുടർന്ന് പോലീസ് നടപടിയും. ബഹ്രി പോലീസ് സ്റ്റേഷൻ പരിധിയിലെ ബൈപാസ് മേഖലയിൽ നടന്നആരാധനയ്ക്കിടെ രാജേന്ദ്ര ബഹാദൂർ സിംഗ്, രാജ്പതി സിംഗ്, ഗിബ്സൺ തോമസ് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്ത് ജയിലിലടച്ചത്.
ബജ്റംഗ്ദൾ പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് സ്ഥലത്തെത്തി വിശ്വാസികളെ അറസ്റ്റ് ചെയ്തത്.
പ്രാർത്ഥനയ്ക്കായി ഉപയോഗിച്ചിരുന്ന ബൈബിളുകളും പുസ്തകങ്ങളും പോലീസ് പിടിച്ചെടുത്തു. നിർബന്ധിത മതപരിവർത്തനം നടക്കുന്നുവെന്ന അടിസ്ഥാനരഹിതമായ ആരോപണമാണ് ബജ്റംഗ്ദൾ പ്രവർത്തകർ ഉന്നയിക്കുന്നത്. എന്നാൽ, ഇത് ആത്മീയ കൂട്ടായ്മ മാത്രമായിരുന്നുവെന്നും ആരെയും പ്രലോഭിപ്പിച്ചോ നിർബന്ധിച്ചോ മതപരിവർത്തനം നടത്തിയിട്ടില്ലെന്നും വിശ്വാസികൾ വ്യക്തമാക്കുന്നു.മധ്യപ്രദേശ് മതസ്വാതന്ത്ര്യ നിയമപ്രകാരം മൂവർക്കുമെതിരെ കേസെടുത്തിട്ടുണ്ടെങ്കിലും, നിർബന്ധിത പരിവർത്തനം നടന്നിട്ടുണ്ടോ എന്ന കാര്യത്തിൽ പോലീസിന് ഇതുവരെ വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടില്ല. ഈ ആരോപണങ്ങൾ സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കുകയാണെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.
ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിനും ആരാധനാ സ്വാതന്ത്ര്യത്തിനും നേരെയുള്ള ഇത്തരം കടന്നുകയറ്റങ്ങൾ സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ കടുത്ത ആശങ്ക സൃഷ്ടിക്കുന്നുണ്ട്. നിരപരാധികളായ വിശ്വാസികൾക്ക് നീതി ലഭ്യമാക്കണമെന്നും ഇത്തരം കള്ളക്കേസുകൾ പിൻവലിക്കണമെന്നും ക്രൈസ്തവ സമൂഹം ആവശ്യപ്പെട്ടു.

