തിരുവല്ല:സൗദി അറേബ്യയിൽ തടവിൽ കഴിഞ്ഞിരുന്ന മാർത്തോമ്മാ സഭാംഗങ്ങളായ മൂന്ന് പേരെ മോചിപ്പിക്കുന്നതിന് ഇടപെടുകയും അനുകൂലമായ നടപടികൾ സ്വീകരിക്കുകയും ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനും മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പൊലീത്ത നന്ദി അറിയിച്ചു. ഡാനിമോൻ, ലിജു മാത്യു, മാത്യു ചെറിയാച്ചൻ എന്നീ മൂന്ന് മാർത്തോമ്മാ സഭാംഗങ്ങളാണ് സൗദി തടവിൽ നിന്നും മോചിപ്പിക്കപ്പെട്ടത്. ഈ വ്യക്തികളുടെ മോചനം സാധ്യമാക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കേന്ദ്ര സർക്കാരും നിരന്തരമായ നയതന്ത്ര ശ്രമങ്ങളും ഇടപെടലുകളും നടത്തിയിരുന്നു. വിഷയം വിജയകരമായി പരിഹരിച്ചതിൽ നന്ദി രേഖപ്പെടുത്തി മെത്രാപ്പൊലീത്ത പ്രധാനമന്ത്രിക്ക് കത്തയക്കുകയും ചെയ്തു. തടവിലായിരുന്ന മൂന്ന് പേരുടെയും മോചനം അവരുടെ കുടുംബാംഗങ്ങൾക്കും സഭാ സമൂഹത്തിനും വലിയ ആശ്വാസമാണ് നൽകിയിരിക്കുന്നതെന്നും, രാജ്യത്തിനും ജനങ്ങൾക്കും വേണ്ടിയുള്ള പ്രധാനമന്ത്രിയുടെ തുടർ സേവനങ്ങൾക്കായി സഭ പ്രാർത്ഥിക്കുന്നതായും അദ്ദേഹം കത്തിലൂടെ വ്യക്തമാക്കി.

