തിരുവല്ല:65 വയസ്സുവരെ മലയാള മനോരമയിൽ പത്ര പ്രവർത്തനം നടത്തിയ ക്രിസ് തോമസ് എഴുപത്തിയഞ്ചാം വയസ്സിൽ, ഇപ്പോൾ ബൈബിൾ സ്കൂൾ വിദ്യാർഥി. പ്രാർത്ഥിക്കുവാനും പ്രസംഗിക്കുവാനും പഠിച്ചു എന്ന് ക്രിസ്തോമസ് പറയുന്നു.
നവംബർ നാലിലെ ഫെയ്സ്ബുക്ക് കുറുപ്പിലാണ് അദ്ദേഹം തന്റെ അനുഭവം പങ്കുവെച്ചത്.
ക്രിസ്തോമസ് പറയുന്നു:
നിങ്ങൾക്ക് വേറെ ഒരു പണിയുമില്ലേ? കേട്ടവർ കേട്ടവർ ചോദിച്ചത് ഇത് മാത്രം. 65 വയസ്സു വരെ ജോലി ചെയ്ത് പുറത്തിറങ്ങിയിട്ടു വർഷം പത്താകുന്നു! മുതു കൂത്ത് എന്നല്ലാതെ എന്തു പറയാൻ? കൊമ്പാടി എ.എം.എം ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ടിൽ ആറു മാസ കോഴ്സിൽ വിശുദ്ധ വേദം പഠിക്കയാണു ഞാൻ. (ഡിസംബർ പകുതിയോടെ ഇതു പൂർത്തിയാക്കിയിട്ടു വേണം പരണത്തു വച്ച മലയാളം എം.എ പഠനം പുനരാരംഭിക്കാൻ …..).
കാരണഭൂതൻ മാർതോമാ സഭയിലെ തീത്തോസ് തിരുമേനിയാണ്. ഭിന്ന ശേഷിക്കാരായ കുട്ടികളെ പരിശീലിപ്പിക്കുന്ന തെള്ളിയൂർ എം.സി. ആർ.ഡിയുടെ ഡയറക്ടർ ബോർഡ് ആണു വേദി. യോഗം തുടങ്ങുന്നതിനു മുൻപ് തിരുമേനി വെടി പൊട്ടിച്ചു. ക്രിസ് തോമസ് പ്രാർഥിച്ചാട്ടെ…. പൊതു വേദിയിൽ പ്രാർഥിക്കുന്നതു പോകട്ടെ, വാ തുറക്കുന്നതു തന്നെ ഇഷ്ടമില്ലാത്തയാളാണ് ഞാൻ. ഓക്വേർഡ് സൈലൻസിന് അന്ത്യം കുറിച്ചു വിനോദ് ഈശോ അച്ചൻ പ്രാരംഭ പ്രാർഥന ഏറ്റെടുത്തു. കുറപ്പുഴയിലെ സഹവികാരി എന്ന നിലയിൽ എൻ്റെ ബലഹീനത അച്ചന് അറിയാമായിരുന്നു.
വർഷം രണ്ടു മൂന്നു കഴിഞ്ഞു….. പ്രാർഥിക്കാൻ പഠിക്കണമെന്ന മോഹവുമായാണ് പി.സി ജയിംസ് അച്ചൻ്റെ മടയിൽ ചെന്നു കയറിയത്. കോഴ്സ് പകുതി പിന്നിട്ടപ്പോൾ ജയിംസ് അച്ചനു പകരം ഡയറക്ടറായി ജേക്കബ് ജോർജ് അച്ചനെത്തി. പുതിയ ഭരണസമിതി ചുമതലയേറ്റു. 1970ൽ അടൂർ യൂത്ത് സെന്ററിൽ നടന്ന ദ്വിവാര സംഗീത ക്യാംപിൽ സഹപാഠിയായി തുടങ്ങി ഇന്നും അടുത്ത കൂട്ടുകാരനായി തുടരുന്ന രാജു വെണ്ണിക്കുളമാണ് വൈസ് പ്രസിഡന്റ്. ട്രഷററായി ചുമതലയേറ്റ പി. പി. അച്ചൻകുഞ്ഞിനേയും എത്രയോ വർഷങ്ങളായി അടുത്തറിയാം.
എ.എം.എം ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കമ്മിറ്റി അംഗമായി എന്നെ ഇപ്പോൾ നോമിനേറ്റ് ചെയ്തിരിക്കുന്നു. വിദ്യാർഥിക്ക് ഒരു ഡബിൾ പ്രമോഷൻ കിട്ടിയ സുഖം!
ചെറുപ്പക്കാരായ സഹപാഠികളെ ഒഴിവാക്കി എടുത്ത ചിത്രത്തിൽ എനിക്കൊപ്പമുള്ളത് ജോർജ് തോമസാണ്. ഇ. എസ്. ഐയിൽ ഉദ്യോഗസ്ഥനായിരുന്ന ഈ അയിരൂർ സ്വദേശി ഇടവക മിഷൻ ഭാരവാഹിയും ഗിദയോൻസിൻ്റെ സജീവ പ്രവർത്തകനുമാണ്.
എഴുതി തീർക്കും മുൻപ് ഒരു കൊച്ചു തമാശ : ചിത്രത്തിൽ എൻ്റെ വലതു വശത്തു കാണുന്നബാഗിന് കൊച്ചു മക്കൾ നൽകിയ വിശേഷണം….. അപ്പച്ചൻ്റെ സ്കൂൾ ബാഗ്!
ശേഷവിശേഷം : നാളെ (നവംബർ 4) ഇൻസ്റ്റ്യൂട്ടിൽ പുതിയ കോഴ്സ് ആരംഭിക്കയാണ്. അതിൻ്റെ വിവരങ്ങൾ ഇതൊപ്പം. ചേരാൻ ഞാൻ പറയില്ല. ചേർന്നാൽ നിങ്ങൾക്കു കൊള്ളാം. എന്നാൽ ഒരു കാര്യം പറയാം. ഞാൻ ഹാപ്പിയാണ്. പ്രാർഥിക്കാൻ പഠിച്ചു….. പ്രസംഗിക്കാനും.
സ്തുതിയായിരിക്കട്ടെ.

