തിരുവനന്തപുരം : ജീവിതപാതയിൽ തനിക്ക് എന്നും കരുത്താകുന്നത് ബൈബിളാണെന്ന് വി ഡി സതീശൻ.
ഞാൻ എപ്പോഴും ഓർക്കും, വത്തിക്കാനിലെ സെൻ്റ്പീറ്റേഴ്സ് ദേവാലയത്തിന്റെ മുകളിൽ മേൽത്തട്ടിൽ അതിമനോഹരമായ വർണ്ണ ചിത്രങ്ങൾ വരച്ചുവെച്ച വൃദ്ധനായ ഒരു കലാകാരൻ ഉണ്ടായിരുന്നു. 90കളിലാണ് മൈക്കലാഞ്ചലോ ആ ചിത്രങ്ങൾ പൂർത്തിയാക്കിയത്. അദ്ദേഹത്തിന് അതികഠിനമായ അസുഖമുണ്ടായിരുന്നു.അതിനെയെല്ലാം അവഗണിച്ചിട്ടാണ് വിശുദ്ധ പത്രോസിന്റെ സിംഹാസന പള്ളിയുടെ ഈ ചുമതല അദ്ദേഹം ഏറ്റെടുത്തത്. അദ്ദേഹം അന്ന് ഒരു വാചകം പറഞ്ഞു. ദൈവം എന്നെ ചില ചുമതലകൾ ഏൽപ്പിച്ചിട്ടുണ്ട്. എനിക്ക് ദൈവം ഏൽപ്പിച്ച ഒരുപാട് പണികൾ ഇനി ചെയ്തുതീർക്കാൻ ഉണ്ട്. ഞാനത് ചെയ്തുതീർത്തിട്ടേ മടങ്ങുകയുള്ളൂ. അതാണ് ദൈവത്തിന്റെ നിയോഗം.
നമുക്കറിയാം ബൈബിൾ ലക്ഷക്കണക്കിന്, കോടിക്കണക്കിന് മനുഷ്യരുടെ, അവരുടെ പ്രയാണത്തിന്റെ പാതയിലെ വെളിച്ചമാണ്. ഒരുപാട് മനുഷ്യർ, അവരുടെ ജീവിതത്തിലെ പ്രതിസന്ധികൾ, സങ്കടങ്ങൾ, പ്രയാസകരമായ നിമിഷങ്ങളെല്ലാം മറികടക്കുന്നത്, പിൻ തിരിഞ്ഞോടാതെ, തളർന്നു വീഴാതെ അവരതിനെ മറികടക്കുന്നത്, ബൈബിളിലെ മനോഹരമായ നമുക്ക് ആശ്വാസം തരുന്ന വാക്കുകളിലൂടെയാണ്. അതിൽ ഈ ദാവീദിന്റെ സങ്കീർത്തനങ്ങൾ എന്ന് പറയുന്നത് ലോകത്തിൽ ഇന്നുവരെ ഇറങ്ങിയതിൽ ഏറ്റവും വലിയ കലാസൃഷ്ടിയാണ്. ഏറ്റവും വലിയ സാഹിത്യസൃഷ്ടിയാണ്. ഏറ്റവും വലിയ കവിതാ സമാഹാരമാണ്. അതിനേക്കാൾ മറ്റൊന്ന് ഇറങ്ങിയിട്ടില്ല. എനിക്ക് സങ്കീർത്തനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗം 120 മുതൽ 134 വരെയുള്ള ആരോഹണ ഗീതത്തിൽ പറയുന്നതാണ് ഇതിലെ 121ആം സങ്കീർത്തനം ആണ് എന്നെ ഏറ്റവും അധികം സ്വാധീനിച്ചിട്ടുള്ളത്.അതിലെ എട്ടു വാചകങ്ങൾ. അതിൽ പറഞ്ഞിരിക്കുന്ന ഒന്നാമത്തെ വാചകം ഞാൻ എന്റെ കണ്ണ് പർവ്വതത്തിലേക്ക് ഉയർത്തുന്നു; എന്റെ സഹായം എവിടെ നിന്ന് വരും, എന്റെ സഹായം ആകാശവും ഭൂമിയും സൃഷ്ടിച്ച യഹോവയിങ്കൽ നിന്ന് വരും. നിന്റെ കാൽ വഴുതാൻ അവൻ സമ്മതിക്കില്ല. നിന്നെ കാക്കുന്നവൻ മയങ്ങില്ല. യിസ്രായേലിന്റെ പരിപാലകൻ മയങ്ങുകയുമില്ല ഉറങ്ങുകയുമില്ല. യഹോവ നിന്റെ പരിപാലകനാണ്. യഹോവ നിന്റെ വലതുഭാഗത്ത് നിന്റെ തണലാണ്. പകൽ സൂര്യൻ എങ്കിലും രാത്രി ചന്ദ്രനെങ്കിലും നിന്നെ ബാധിക്കുകയില്ല. യഹോവ ഒരു ദോഷവും വരാതെ വണ്ണം നിന്നെ പരിപാലിക്കും, നിന്റെ പ്രാണനെ പരിപാലിക്കും. എട്ടാമത്തെ വാചകം യഹോവ നിന്റെ ഗമനത്തെയും ആഗമനത്തെയും ഇന്നുമുതൽ എന്നേക്കും പരിപാലിക്കും. എന്തൊരു അഷ്വറൻസ് ആണ്. എന്തൊരു ഉറപ്പാണ് നമുക്ക് തരുന്നത്.എന്റെ ജീവിതത്തിൽ ഒരു പൊതുപ്രവർത്തകൻ എന്ന തരത്തിൽ എന്നെ ഏറ്റവും സ്വാധീനിച്ചിട്ടുള്ള ഈ എട്ടു വാചകങ്ങൾ 121 ആം സങ്കീർത്തനത്തിലെ വാചകങ്ങളാണ്. എന്തോ ഒരു കരുത്താണ് ഇത് തരുന്നത്. ചിലപ്പോൾ ചിലർ ചോദിക്കും – സഹപ്രവർത്തകർ എന്താണ് ഇത്ര കോൺഫിഡെൻസ്. ഈ ആത്മവിശ്വാസത്തെ ചിലർ അഹങ്കാരമായി തെറ്റിദ്ധരിക്കും. ആത്മവിശ്വാസവും അഹങ്കാരവും തമ്മിൽ നേർത്ത വരമ്പു മാത്രമേയുള്ളൂ. ആത്മവിശ്വാസം എന്നു പറയുന്നത് ഈ കരുത്താണ്. അവൻ വലതുഭാഗത്തുണ്ട് എന്നുള്ള ധൈര്യമാണ്.നമ്മൾ നടക്കുമ്പോൾ നമ്മുടെ വഴികാട്ടിയായി നമ്മുടെ മുന്നിലുണ്ട്. അന്ധകാരത്തിലൂടെ കടന്നുപോകുമ്പോൾ വെളിച്ചം പകരാൻ അവൻ കൂടെയുണ്ട് എന്നതാണ് നമ്മുടെ ആത്മവിശ്വാസം. അതാണ് ജീവിതത്തിലെ പ്രതിസന്ധികളെ മറികടക്കാൻ ഏത് പ്രതികൂലമായ സാഹചര്യം വന്നാലും അതിനെ അനുകൂലമാക്കി മാറ്റി എനിക്ക് തരാൻ അവൻ എന്റെ കൂടെയുണ്ട് എന്ന വിശ്വാസമാണ്. ആ വിശ്വാസമാണ് ഇതിന്റെയെല്ലാം അടിത്തറ.
അമേരിക്കൻ പ്രസിഡന്റുമാർ സത്യപ്രതിജ്ഞ ചെയ്യുന്നത് വലതു കൈ ബൈബിളിൽ വച്ചുകൊണ്ടാണ്.അതുകഴിഞ്ഞിട്ട് അവരുടെ ഒരു ഇനാഗുറൽ സ്പീച്ച് ഉണ്ട്. ആ ഇനാഗുറൽ സ്പീച്ച് ബൈബിളിൽ അവരെ സ്വാധീനിച്ചിട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗം പറഞ്ഞു കൊണ്ടാണ്. എനിക്ക് തോന്നുന്നു ബെഞ്ചമിൻ ഹാരിസൺ എന്ന് പറയുന്ന 23ആമത്തെ അമേരിക്കൻ പ്രസിഡന്റ് തന്റെ ഇനാഗുറൽ സ്പീച്ചിൽ പറഞ്ഞത് ഞാൻ ഇപ്പോൾ പറഞ്ഞ 121 ആം സങ്കീർത്തനമാണ്, അദ്ദേഹത്തെ ഏറ്റവും സ്വാധീനിച്ചിട്ടുള്ളതായി പറഞ്ഞത്.അവിടെ അവരുടെ കറൻസിയിൽ 91ാം സങ്കീർത്തനം ആണ്. അതായത് ‘എന്റെ സങ്കേതവും കോട്ടയും അവൻ ആകുന്നു, ഞാൻ ആശ്രയിക്കുന്ന ദൈവവും അവൻ ആകുന്നു’ എന്ന് പറയുന്ന 91ാം സങ്കീർത്തനം( IN GOD WE TRUST ) എന്നാണ് കറൻസിയിൽ എഴുതിയിരിക്കുന്നത്. പണമൊന്നുമല്ല നിന്നെ സ്വാധീനിക്കുന്നത്. നിന്നെ സ്വാധീനിക്കുന്നത് അവനാണ്. നിന്റെ സങ്കേതവും കോട്ടയും ഞാൻ ആശ്രയിക്കുന്ന ദൈവമാകുന്നു ഈ പണത്തിനേക്കാൾ വലുതെന്ന് കറൻസിയിൽ എഴുതി വെച്ചിരിക്കുകയാണ്.
ഒരു വലിയ കാര്യം ഞാൻ വായിച്ചിട്ടുള്ളത് 1971ൽ അപ്പോളോ 15 എന്നുള്ള പേടകത്തിൽ ജയിംസ് ഇർവിൻ എന്ന് പറയുന്ന ഒരു സഞ്ചാരി ബഹിരാകാശത്തേക്ക് പോയി. അദ്ദേഹത്തെ വലിയൊരു സുവിശേഷകൻ ആക്കണം എന്നായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം. പക്ഷേ അദ്ദേഹം പൈലറ്റ് ആകാൻ പഠിച്ചു. അതിനുശേഷം ജോലിക്ക് ചേർന്നു. വലിയ ഈശ്വര നിഷേധിയും ദൈവനിഷേധിയും ഒക്കെയായിരുന്നു അദ്ദേഹം. എന്നിട്ടാണ് നേരെ ഈ ബഹിരാകാശ സഞ്ചാരിയായി ചന്ദ്രനിൽ ചെന്ന് ഇറങ്ങുന്നത്. യൂട്യൂബിൽ നോക്കിയാൽ കാണാം അദ്ദേഹം ചന്ദ്രനിലൂടെ നടക്കുന്നത്. പക്ഷേ അവിടെവെച്ച് പെട്ടെന്ന് ഒരു ഹൃദയാഘാതം ഉണ്ടായി. ഭയങ്കരമായ മാസീവായിട്ടുള്ള ഒരു ഹാർട്ട് അറ്റാക്ക്.n അദ്ദേഹം പിന്നെ എഴുതിയിട്ടുള്ളത് ഞാൻ അപ്പോൾ എന്റെ അമ്മ പഠിപ്പിച്ച 121ആം സങ്കീർത്തനം വായിച്ചു എന്നാണ്. അദ്ദേഹം ദൈവത്തിനെ ഫീൽ ചെയ്തു എന്നാണ്.തിരിച്ചുവന്നു.അദ്ദേഹത്തിന്റെ ഭാര്യ പിന്നീട് എഴുതിയിരിക്കുന്നത് ഞാൻ വായിച്ചിട്ടുണ്ട്. അദ്ദേഹം ശരിക്കും ദൈവത്തെ തൊട്ടറിഞ്ഞു.അദ്ദേഹം തന്റെ വലതു ചുമലിലൂടെ പതുക്കെ നോക്കി ദൈവത്തെ. കൂടെയുണ്ട് അദ്ദേഹത്തിന് ദൈവത്തിന്റെ സാന്നിധ്യം ദൈവത്തിന്റെ തലോടൽ തനിക്ക് ഉള്ളതായി ചന്ദ്രനിൽ വെച്ച് അനുഭവപ്പെട്ടു എന്നാണ് അദ്ദേഹം എഴുതിയിരിക്കുന്നത്.നമുക്ക് എല്ലാവർക്കും അനുഭവപ്പെടും. അദ്ദേഹത്തിന് മാത്രമല്ല,നമുക്കെല്ലാവർക്കും അത് അനുഭവപ്പെടും എന്നുള്ള കാര്യത്തിൽ യാതൊരു സംശയവുമില്ല. നമ്മുടെ പ്രാർത്ഥനകൾ, നമ്മുടെ ചിന്തകൾ,നമ്മുടെ വിശ്വാസം അതാണ് എല്ലാവർക്കും കരുത്തു പകരേണ്ട ഒന്ന്.
