ഭുവനേശ്വർ/ഒഡീഷ: 1999-ൽ
ഓസ്ട്രേലിയൻ മിഷനറി ഗ്രഹാം സ്റ്റെയിൻസിനെയും അദ്ദേഹത്തിന്റെ രണ്ട് ആൺമക്കളെയും കൊലപ്പെടുത്തിയ കേസിൽ ഉൾപ്പെട്ട ജുവനൈൽ കുറ്റവാളിയായിരുന്ന ചെങ്കു ഹൻസ്ദ ക്രൈസ്തവ വിശ്വാസംസ്വീകരിച്ചു. ക്രൈസ്തവ വിശ്വാസം തനിക്ക് ആന്തരിക സമാധാനവും സൗഖ്യവും നൽകിയതായി അദ്ദേഹം പറഞ്ഞു. ഒഡീഷയിൽവച്ച് പത്രപ്രവർത്തകനായ ദയാശങ്കർ മിശ്രയുമായി നടത്തിയ വീഡിയോ അഭിമുഖത്തിലാണ് ചെങ്കു താൻ ക്രൈസ്തവവിശ്വാസത്തിലേക്ക് കടന്നുവന്ന വിവരം പരസ്യമായി പ്രഖ്യാപിച്ചത്.
ശിക്ഷിക്കപ്പെട്ട സമയത്ത് പ്രായപൂർത്തിയാകാത്തതിനാൽ ഒമ്പത് വർഷം ജയിലിൽ കഴിഞ്ഞ ചെങ്കു, ക്രിസ്തുമതത്തിലേക്ക് കടന്നുവരാനുള്ള തന്റെ തീരുമാനം ആരുടെയും സമ്മർദ്ദത്തിന്റെയോ സ്വാധീനത്തിന്റെയോ ഫലമല്ല, മറിച്ച് വ്യക്തിപരമായ ദുഃഖത്തിന്റെയുംആത്മപരിശോധനയുടെയും ഫലമാണെന്ന് അഭിമുഖത്തിൽ പറഞ്ഞു. “ഒരു ക്രിസ്ത്യാനിയാകുന്നതിൽ എനിക്ക് സന്തോഷമുണ്ട്,” അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു, “ബജ്റംഗ്ദൾ ആളുകൾക്ക് അവർ എന്താണ് ചെയ്യുന്നതെന്ന് അറിയില്ല. നിർബന്ധിത മതപരിവർത്തനമില്ല.”
ഒഡീഷ ആസ്ഥാനമായുള്ള കത്തോലിക്കാ വൈദികനായ ഫാ. അജയ് കുമാർ സിംഗ്, ചെങ്കുവിന്റെ ആത്മീയ പരിവർത്തനത്തെക്കുറിച്ച് കൂടുതൽ ഉൾക്കാഴ്ചകൾ നൽകി. ചെങ്കുവിന്റെ ജയിൽവാസകാലത്ത് ഒരു പുരോഹിതനും അദ്ദേഹത്തിന് കൗൺസിലിംഗ് നൽകിയിരുന്നില്ലെന്ന് ഫാ. അജയ് പറഞ്ഞു. ജയിൽ മോചിതനായ ശേഷം ചെങ്കു വളരെയധികം കഷ്ടപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ആദ്യ ഭാര്യയെയും സഹോദരിമാരെയും മറ്റ് കുടുംബാംഗങ്ങളെയും ചെങ്കുവിന് നഷ്ടപ്പെട്ടു. ഇത് അദ്ദേഹത്തെ വളരെയധികം അസ്വസ്ഥനാക്കി,’ ഫാ.അജയ് വെളിപ്പെടുത്തി.
സമാധാനത്തോടെ ജീവിക്കണമെങ്കിൽ അക്രമം ഉപേക്ഷിക്കാൻ ആവശ്യപ്പെടുന്ന ശക്തമായ ഒരു ആന്തരിക ശബ്ദം ചെങ്കു കേട്ടു. അങ്ങനെയാണ് ഒഡീഷയിലെ കിയോഞ്ജർ ജില്ലയിലെ ക്രൈസ്വ സമൂഹത്തിലേക്ക് ചെങ്കു വീണ്ടുമെത്തുന്നത്. ആ ആന്തരിക ശബ്ദം ഒടുവിൽ അദ്ദേഹത്തെ ക്രിസ്തുമതം സ്വീകരിക്കാൻ പ്രേരിപ്പിച്ചു,’ ഫാ. അജയ് വിശദീകരിച്ചു. ക്രൈസ്തവ വിശ്വാസത്തെ തകർക്കാൻ ശ്രമിച്ച സാവൂൾ പൗലോസായി മാനസാന്തരപ്പെട്ടതിന് സമാനമായി ചെങ്കുവിനെപ്പോലെ ക്രൈസ്തവരെ പീഡിപ്പിച്ച പലരും ഇന്ന് സത്യം തിരിച്ചറിഞ്ഞ് ക്രൈസ്തവ വിശ്വാസത്തിലേക്ക് കടന്നുവരുന്നുണ്ടെന്ന് ഫാ. അജയ് പറഞ്ഞു. 2008-ലെ കാണ്ഡമാൽ അക്രമത്തിന് ശേഷം ഒഡീഷയിൽ നിന്നുള്ള നേതാവായ നാഗാർജുന പ്രധാൻ ക്രിസ്തുമതം സ്വീകരിച്ചത് ഇതിന് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാണിച്ചു. ചെങ്കു ഹൻസ്ദയുടെയും നാഗാർജുന പ്രധാന്റെയും മാനസാന്തരങ്ങൾ മനുഷ്യന്റെ മാറ്റത്തിനുള്ള കഴിവിന്റെ ഹൃദയസ്പർശിയായ ഓർമപ്പെടുത്തലായി നിലകൊള്ളുന്നു.
