തിരുവല്ല : എക്യുമെനിസം സാധ്യതകൾക്ക് വഴിയൊരുക്കുമെന്ന് ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത. കേരള കൗൺസിൽ ഓഫ് ചർച്ചസിന്റെ ആസ്ഥാനമന്ദിരമായ ഡോ.ജോസഫ് മാർത്തോമ്മാ എക്യുമെനിക്കൽ സെന്ററിന്റെ സമർപ്പണ ശുശ്രൂഷ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കെസിസി പ്രസിഡന്റ് അലക്സിയോസ് മാർ യൗസേബിയോസ് അധ്യക്ഷത വഹിച്ചു.
ഡോ.ഗീവർഗീസ് മാർ കുറിലോസ് ഡോ.ജോസഫ് മാർത്തോമ്മാ അനുസ്മരണ പ്രഭാഷണം നടത്തി. വിശാല സഭാ ഐക്യത്തിന്റെ സമകാലിക മാതൃകയാണ് ജോസഫ് മാർത്തോമ്മാ എന്നും നവീകരണവും പാരമ്പര്യവും ഒരുപോലെ കൂട്ടിയിണക്കി എന്നതിലു പരി സംഘർഷഭരിതമായ കാലഘട്ടത്തിൽ മണിപ്പുരിലും ശ്രീലങ്കയിലും ഉൾപ്പെടെ അനുരഞ്ജനത്തിന്റെ പാലം പണിത മഹാത്മാവാണ് അദ്ദേഹം എന്നും അനുസ്മരണ പ്രഭാഷണത്തിൽ മാർ കുറിലോസ് പറഞ്ഞു.
സിറിൽ മാർ ബസേലിയോസ് മെത്രാപ്പൊലീത്ത, മാർ സാമുവൽ തെയോഫിലോസ് മെത്രാപ്പൊലീത്ത, മാർ ഔഗിൻ കുര്യാക്കോസ്, ബിഷപ് ഡോ.ഉമ്മൻ ജോർജ്, ബിഷപ് ഡോ. ജോർജ് ഈപ്പൻ, ബിഷപ് സുന്ദർ സിങ്, മേജർ ബാബു പി.പൗലോസ്, ജനറൽ സെക്രട്ടറി ഡോ.പ്രകാശ് പി.തോമസ്, ട്രഷറർ റവ.ഡോ.ടി.ഐ.ജയിംസ് എന്നിവർ പ്രസംഗിച്ചു.
