വാർത്ത: ഷാജൻ ജോൺ ഇടയ്ക്കാട്
ഉത്സവങ്ങളുടെ നഗരമായ എഡ്മണ്ടനിൽ ഇന്ത്യ പെന്തകോസ്ത് ദൈവസഭ ഇരുപതാമത് കുടുംബ സംഗമം വ്യാഴാഴ്ച ആരംഭിക്കും
എഡ്മണ്ടൺ : അമേരിക്കയിലും കാനഡയിലുമുള്ള ഇന്ത്യ പെന്തെകോസ്ത് ദൈവസഭയുടെ ഇരുപതാമത് ദേശീയ കുടുംബ സംഗമത്തിന്റെ ഒരുക്കങ്ങൾ
കാനഡയിലെ ഉത്സവങ്ങളുടെ നഗരമായ ആൽബർട്ടയിലെ എഡ്മണ്ടണിൽ പൂർത്തിയായി. റിവർ ക്രീ റിസോർട്ടിൽ ജൂലൈ 17 വ്യാഴാഴ്ച മുതൽ 20 ഞാറാഴ്ച വരെ കോൺഫറൻസ് നടക്കും.ജൂലൈ 17 വ്യാഴാഴ്ച വൈകിട്ട് 6.30 ന് നടക്കുന്ന പ്രാരംഭ സമ്മേളനത്തിൽ നാഷണൽ ചെയർമാൻ പാസ്റ്റർ സാം വർഗീസ് കോൺഫറൻസ് ഉദ്ഘാടനം ചെയ്യും. “ഇതാ ! അവിടുന്ന് വാതിൽക്കൽ”
(Look ! He is at the Door) എന്നതാണ് കോൺഫറൻസിൻ്റെ മുഖ്യ ചിന്താവിഷയം.
പാസ്റ്റർമാരായ കെ ജെ തോമസ് കുമിളി, പാസ്റ്റർ പി റ്റി തോമസ്, പാസ്റ്റർ നിരൂപ് അൽഫോൺസ്, സിസ്റ്റർ അക്സാ പീറ്റേഴ്സൺ, സിസ്റ്റർ രേഷ്മ തോമസ് തുടങ്ങിയവരെ കൂടാതെ വടക്കേ അമേരിക്കയിലും കാനഡയിലുമുള്ള മറ്റ് നിരവധി ദൈവദാസന്മാർ സമ്മേളനത്തിൽ വിവിധ സെഷനുകളിൽ ദൈവവചനം ശുശ്രൂഷിക്കും.
പൊതുയോഗം, സെമിനാർ, മിഷൻ സമ്മേളനം, ബിസിനസ് മീറ്റിംഗ്, സിസ്റ്റേഴ്സ് മീറ്റിംഗ്, കാത്തിരിപ്പ് യോഗം, ബൈബിൾ സ്റ്റഡി, ഉണർവ് യോഗം, മീഡിയ സെമിനാർ, ഔട്ട് റീച്ച് മിനിസ്ട്രി, ഇംഗ്ലീഷ് – ഹിന്ദി സെഷനുകൾ,സംയുക്ത സഭായോഗം, കർതൃമേശ എന്നിവ കോൺഫറൻസിൽ നടക്കും.
നാഷണൽ ചെയർമാൻ പാസ്റ്റർ സാം വർഗീസ്, നാഷണൽ സെക്രട്ടറി ബ്രദർ ഫിന്നി എബ്രഹാം, നാഷണൽ ട്രഷറാർ ബ്രദർ ഏബ്രഹാം മോനീസ് ജോർജ്, യൂത്ത് കോർഡിനേറ്റർ റോബിൻ ജോൺ, വുമൺസ് കോർഡിനേറ്റർ സിസ്റ്റർ സൂസൻ ജോൺസൺ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങളാണ് നടന്നുവരുന്നത്.
കാനഡയിൽ ആദ്യമായി നടത്തുന്ന കോൺഫ്രൻസ് ചരിത്ര മുഹൂർത്തമാക്കുവാനും വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കടന്ന് വരുന്ന ആയിരകണക്കിന് വിശ്വാസികളെ സ്വീകരിക്കുവാനും നാഷണൽ – ലോക്കൽ തലത്തിൽ പ്രവർത്തിക്കുന്ന വിവിധ കമ്മറ്റികൾ സജീവമായി പ്രവർത്തിച്ചു വരുന്നു. മുന്നൊരുക്കങ്ങളുടെ ഭാഗമായി അമേരിക്കയിലും കാനഡയിലുമുള്ള വിവിധ നഗരങ്ങളിൽ കോൺഫറൻസിൻ്റെ പ്രചാരണ യോഗങ്ങൾ ഈ വർഷം ക്രമീകരിച്ചിരുന്നു. ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ നിരവധി പ്രാർത്ഥനാ മീറ്റിംഗുകളും നടത്തി.
ഒരു വർഷത്തെ പ്രാർത്ഥനാപൂർവ്വമായ ഒരുക്കങ്ങളുടെ പ്രതിഫലനം കോൺഫറൻസിൽ ഉണ്ടാവുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു.
അമേരിക്കയിലും കാനഡയിലുമായി നൂറുകണക്കിന് ഇന്ത്യ പെന്തകോസ്ത് ദൈവസഭകളിൽ നിന്നുള്ള ആയിരക്കണക്കിന് വിശ്വാസികൾ ഈ മഹാ സമ്മേളനത്തിൽ പങ്കെടുക്കും. കാനഡയിലുള്ള വിവിധ പ്രാദേശിക സഹോദരി സഭകളിൽ നിന്നും പൊതുയോഗങ്ങളിൽ വിശ്വാസികളും ശുശ്രുഷകരും സംബന്ധിക്കുമെന്നു സംഘാടകർ കരുതുന്നു.
ഇന്ത്യ പെന്തകോസ്ത് ദൈവസഭ ഫാമിലി കോൺഫറൻസിന്റെ കഴിഞ്ഞ 20 വർഷത്തെ ചരിത്രം ഉൾപ്പെടുത്തിയ സുവനീർ പ്രകാശനം സമ്മേളനത്തിൽ നിർവഹിക്കും. കോൺഫറൻസിനോട് അനുബന്ധിച്ച് വിവിധ യോഗങ്ങൾ ഉണ്ടായിരിക്കും. പ്രാദേശികമായി ക്രമീകരിക്കുന്ന പരസ്യയോഗങ്ങളും ട്രാക്ട് വിതരണവും ഈ കോൺഫറൻസിന്റെ ഒരു പ്രത്യേകതയാണ്.
അമേരിക്കൻ ഐക്യ നാടുകളിലേക്ക് കുടിയേറി പാർത്ത ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ വിശ്വാസികളുടെ ഈ കൂടി വരവ് ഭാരതത്തിന് വെളിയിൽ നടത്തപ്പെടുന്ന ഇന്ത്യ പെന്തകോസ്ത് ദൈവസഭയുടെ ഏറ്റവും വലിയ സമ്മേളനമാണ്.
