പുരുഷനും സ്ത്രീയും തമ്മിലുള്ളതു മാത്രമാണ് വിവാഹം
വത്തിക്കാൻ: പത്രോസ് ശ്ലീഹായുടെ പിൻഗാമി എന്ന നിലയ്ക്ക് വിശ്വാസികളുടെ പിതാവായി നിലകൊണ്ടു മറ്റുള്ളവരെ വിശ്വാസത്തിലേക്ക് ദൃഢപ്പെടുത്തുക എന്നതിലാണ് കൂടുതൽ പ്രാധാന്യം നൽകുന്നതെന്നു ലെയോ പതിനാലാമൻ പാപ്പ.ഒരു ലോക നേതാവ് എന്ന നിലയിൽ തനിക്ക് ഏറെ ഉത്തരവാദിത്വങ്ങൾ ഉണ്ട്. എന്നാൽ അതിനേക്കാൾ എല്ലാം ഉപരിയായി തന്റെ അടിസ്ഥാനപരവും പ്രഥമവുമായ ഉത്തരവാദിത്വം വിശ്വാസത്തിൽ കത്തോലിക്കാ സഭയെ നയിക്കുക എന്നതിനാണെന്നും പാപ്പ ഊന്നിപ്പറഞ്ഞു. കത്തോലിക്കാസഭയിൽ നടക്കുന്ന ധ്രുവീകരണ പ്രവർത്തനങ്ങളെ തുടരാൻ അനുവദിക്കുകയില്ലായെന്നും എൽ ജി ബി ടി വിഷയത്തിൽ സഭയുടെ പ്രബോധനം മാറ്റമില്ലാതെ തുടരുമെന്നും പാപ്പ കൂട്ടിച്ചേർത്തു. പാപ്പയുടെ ജീവചരിത്രക്കുറിപ്പായ ‘സിറ്റിസൺ ഓഫ് ദി വേൾഡ് മിഷനറി ഓഫ് ട്വന്റി ഫസ്റ്റ് സെഞ്ച്വറി’ എന്ന പുസ്തകത്തെ സംബന്ധിച്ച് ക്രൂസ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു പാപ്പ തന്റെ വ്യക്തമായ നിലപാട് വെളിപ്പെടുത്തിയത്. പുരുഷനും സ്ത്രീയും തമ്മിലുള്ള വിവാഹബന്ധത്തിൽ അധിഷ്ഠിതമാണ് പരമ്പരാഗത കുടുംബസങ്കല്പമെന്നും പാപ്പ പറഞ്ഞു. എൽ ജി ബി ടി വിഷയത്തെ കൈകാര്യം ചെയ്യുന്നത് സഭയ്ക്കുള്ളിൽ തന്നെ വലിയ വിഭാഗീയതയുടെ വിഷയമാണെന്നും കൂട്ടിച്ചേർത്തു. സ്വവർഗ്ഗ ബന്ധങ്ങളുടെ വിഷയത്തിൽ സഭ നിലപാട് മാറ്റണമെന്ന് ആഗ്രഹിക്കുന്നവർ നിരവധിയാണെന്നും സഭയിൽ മാറ്റങ്ങൾ ചിന്തിക്കുന്നവർ അതിനുമുമ്പ് സ്വന്തം മനോഭാവങ്ങളെയാണ് മാറ്റേണ്ടതെന്നും പാപ്പ വ്യക്തമാക്കി. വിവാഹത്തെയും ലൈംഗികതയെയും സംബന്ധിച്ച് സഭാ പഠനങ്ങൾ അടുത്തകാലത്തൊന്നും മാറില്ലെന്നും പാപ്പ ഉറപ്പിച്ചു പറഞ്ഞു. വടക്കൻ യൂറോപ്പിൽ സ്വവർഗ ബന്ധങ്ങൾ അനുകൂലിക്കുന്ന തരത്തിൽ ആശിർവാദ ചടങ്ങുകൾ നടത്തുന്ന സഭാ വിഭാഗങ്ങളുടെ നിലപാടിനെ പാപ്പ എതിർക്കുകയും ചെയ്തു. സഭ ഏതെങ്കിലും തരത്തിലുള്ള ഐഡന്റിറ്റിയുടെ അടിസ്ഥാനത്തിലല്ല ആരെയും സ്വാഗതം ചെയ്യുന്നതെന്നും എല്ലാവരും ക്ഷണിക്കപ്പെട്ടവരാണെന്നും അദ്ദേഹം പറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ യുഗത്തിൽ വ്യാജ പ്രചാരണങ്ങളെ കുറിച്ച് എല്ലാവരും ബോധവാന്മാരായിരിക്കണമെന്നും മനുഷ്യരുടെയും മനുഷ്യത്വത്തിന്റെയും മൂല്യം പൂർണ്ണമായും അവഗണിച്ചുകൊണ്ട് എ ഐ യുടെ സാധ്യതകളിൽ നിക്ഷേപം നടത്തുന്ന അതിസമ്പന്നരെക്കുറിച്ച് താൻ ആശങ്കാകുലനാണെന്നും ആരും ഇതിനെതിരെ പ്രതികരിച്ചില്ലെങ്കിൽ ഒരുപക്ഷേ നമ്മളും ഇതിന്റെ ഇരകളായി മാറാമെന്നും പാപ്പ പറഞ്ഞു. ആർക്കും വിശ്വാസത്യങ്ങളെ കുറിച്ച് സംശയങ്ങൾ ദൂരീകരിക്കാൻ ഉപകാരപ്പെടുന്ന എ ഐ പോപ്പിനെ നിർമ്മിക്കുന്നതിന്റെ അനുവാദത്തിനായി തന്നെ സമീപിച്ചവരോട് ഒരിക്കലും അത് അനുവദിക്കാൻ കഴിയില്ല എന്നായിരുന്നു ലെയോ പാപ്പയുടെ മറുപടി. ഒരു അവതാറായി പ്രതിനിധീകരിക്കപ്പെടേണ്ട ഒന്നല്ല മാർപാപ്പയുടെ പദവി എന്നും പാപ്പ പറഞ്ഞു.
