വത്തിക്കാൻ: ട്രമ്പിന്റെ ഗാസ സമാധാന പദ്ധതി യാഥാർത്ഥ്യബോധത്തോടെ ഉള്ളതാണെന്ന് കരുതുന്നതായും ഹമാസ് അത് അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ലയോ പതിനാലാമൻ മാർപാപ്പ. കാസിൽ ഗാണ്ടുൾഫോയിൽ നിന്നും മടങ്ങുന്നതിനു മുമ്പ് വില്ലാ ബാർബറയ്ക്ക് പുറത്ത് കാത്തുനിൽക്കുന്ന മാധ്യമപ്രവർത്തകർക്ക് നൽകിയ മറുപടിയിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ഇതുകൂടാതെ ഗാസാ തീരത്തേക്ക് സാധനസാമഗ്രികളുമായി അടുക്കുന്ന കപ്പലുകൾ, യുഎസിന്റെ ആണവ നിലപാടിനെ കുറിച്ചുള്ള ആശങ്കകൾ, അബോർഷൻ അനുകൂലിയായ സെനറ്ററിന് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം നൽകാനുള്ള തീരുമാനം തുടങ്ങിയ വിവാദ വിഷയങ്ങളിലും പാപ്പ തന്റെ അഭിപ്രായം വ്യക്തമാക്കി. ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹൂവിന്റെ അംഗീകാരത്തോടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഗാസയ്ക്കായി വൈറ്റ് ഹൗസിൽ അവതരിപ്പിച്ച 20 ഇന സമാധാനപദ്ധതികളെ കുറിച്ചാണ് ലയോ പതിനാലാമൻ പാപ്പ ശുഭപ്രതീക്ഷ പ്രകടിപ്പിച്ചത്. വെടി നിർത്തലും ബന്ദികളെ മോചിപ്പിക്കുന്നതുമടക്കം സുപ്രധാന ഉപാധികളുടെ അടിസ്ഥാനത്തിലുള്ള പദ്ധതിയോട് ഹമാസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

