വത്തിക്കാൻ : പൊതുസ്ഥലങ്ങളിൽ മുഖം മറയ്ക്കുന്ന വസ്ത്രങ്ങൾ നിരോധിക്കാനും മുസ്ലിം പള്ളികൾക്ക് വിദേശത്തുനിന്ന് ലഭിക്കുന്ന ധനസഹായം നിയന്ത്രിക്കാനും ലക്ഷ്യമിട്ട് ഇറ്റലിയിൽ പുതിയ ബില്ല് അവതരിപ്പിച്ച് ഭരണകക്ഷി. പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ ബ്രദേഴ്സ് ഓഫ് ഇറ്റലി പാർട്ടിയാണ് ഈ ബില്ല് മുന്നോട്ട് വെച്ചിരിക്കുന്നത്. ഫ്രാൻസ് ഉൾപ്പെടെയുള്ള യൂറോപ്പ്യൻ രാജ്യങ്ങളിലെ മാതൃക പിന്തുടർന്നാണ് പ്രധാനമന്ത്രി മെലോണിയുടെ നേതൃത്വത്തിലുള്ള സർക്കാർ പുതിയ ബില്ല് അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. പൊതുസ്ഥലങ്ങളിൽ ബുർഖ, നിഖാബ് തുടങ്ങിയ മുഖം പൂർണ്ണമായി മറയ്ക്കുന്ന വസ്ത്രങ്ങൾ ധരിക്കുന്നത് നിരോധിക്കും. ഇറ്റാലിയൻ സംസ്കാരത്തോടും സുരക്ഷാ മാനദണ്ഡങ്ങളോടും പൊരുത്തപ്പെടാത്ത വസ്ത്രധാരണ രീതികൾ നിയന്ത്രിക്കാനാണ് ഈ നീക്കം. മുസ്ലിം പള്ളികൾക്കും ഇസ്ലാമിക കേന്ദ്രങ്ങൾക്കും വിദേശരാജ്യങ്ങളിൽ നിന്ന് ലഭിക്കുന്ന ഫണ്ട് കർശനമായി നിയന്ത്രിക്കും . മതം, രാഷ്ട്രീയ സ്വാധീനത്തിനായി ഉപയോഗിക്കുന്നത് തടയാനും തീവ്രവാദ ചിന്താഗതികൾ ഇല്ലാതാക്കുവാനുമാണ് ഈ നടപടിയെന്ന് സർക്കാർ വ്യക്തമാക്കുന്നു.നിർബന്ധിത വിവാഹങ്ങൾക്ക് കടുത്ത ശിക്ഷാ നടപടികൾ ബില്ലിൽ ശുപാർശ ചെയ്യുന്നു.ഇറ്റലിയുടെ സാംസ്കാരിക വ്യക്തിത്വവും സ്ത്രീകളുടെ അവകാശങ്ങളും സംരക്ഷിക്കുക എന്നതാണ് ഈ നിയമത്തിന്റെ പ്രധാന ലക്ഷ്യമെന്ന് ഡെപ്യൂട്ടി മിനിസ്റ്റർ ഗലിയാസോ ബിൻഗാമി പറഞ്ഞു. ഇത് മതസ്വാതന്ത്ര്യത്തിന് എതിരല്ലെന്നും എന്നാൽ ഇറ്റാലിയൻ ഭരണഘടനയ്ക്കും നിയമങ്ങൾക്കും വിരുദ്ധമായ രീതിയിൽ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫ്രാൻസ്, ബെൽജിയം, ഡെന്മാർക്ക് തുടങ്ങിയ രാജ്യങ്ങൾ നേരത്തെ തന്നെ സമാനമായ നിരോധനങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇറ്റലിയുടെ പരമാധികാരവും സാംസ്കാരിക മൂല്യങ്ങളും സംരക്ഷിക്കുന്നതിനായി ഈ നിയമം അത്യാവശ്യമാണെന്ന് ഭരണകക്ഷി നേതാക്കൾ അവകാശപ്പെട്ടു.

