തിരുവനന്തപുരം : ഗവൺമെന്റുകൾ ചെയ്തതിനേക്കാൾ വലിയ സേവനമാണ് സഭകൾ രാജ്യത്തിന് ചെയ്തതെന്ന് ആന്റോ ആന്റണി എംപി. നവോത്ഥാനത്തിന് കാരണമായത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആണ്. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ആതുര സേവനരംഗത്ത്, വിദ്യാഭ്യാസരംഗത്തൊക്കെ കേരളത്തിലേക്ക് ക്രൈസ്തവ സഭ നൽകിയ സംഭാവനകളെ ഒരാൾക്കും വിലകുറച്ചു കാണാൻ കഴിയില്ല. യഥാർത്ഥത്തിൽ കേരളത്തിന്റെ നവോത്ഥാനം എന്താണ്. കേരള നവോത്ഥാനം എന്നു പറയുന്നത് പലരും പലരീതിയിലുള്ള പ്രചരണങ്ങൾ പറയുന്നുണ്ടെങ്കിലും കേരള നവോത്ഥാനം എന്ന് പറയുന്നത് നമ്മൾ വിദ്യാഭ്യാസത്തിലൂടെ നേടിയതാണ്.
ആ നവോത്ഥാനത്തിന്റെ ഫലഭൂയിഷ്ടമായ മണ്ണിലാണ് കേരളം വളർന്നത്, ജാതിമത വ്യത്യാസമില്ലാതെ എല്ലാവർക്കും അക്ഷരങ്ങളെ പരിചയപ്പെടാനും അറിവിന്റെ അടിത്തറയിൽ നിന്ന് കേരളത്തിനകത്തും കേരളത്തിന് പുറത്തും രാജ്യത്തിനകത്തും രാജ്യത്തിന് പുറത്തും ജീവിത വിജയങ്ങൾ കരുപ്പിടിപ്പിക്കാനും കഴിഞ്ഞത് ആ വിദ്യാഭ്യാസ അടിത്തറയാണ്. മുൻപ് ദളിതർക്കും പിന്നോക്ക സമൂഹങ്ങൾക്കും വഴി നടക്കാനോ അവരുടെ ആരാധനാലയങ്ങളിൽ പോയി ഈശ്വരനെ തൊഴാനോ കഴിയാതിരുന്ന ഒരു കാലഘട്ടം ഉണ്ട്. പക്ഷേ അവർക്ക് കടന്നുപോകാൻ കഴിയുമായിരുന്ന ഒരു ഇടം ഉണ്ടായിരുന്നു. ആ ഇടം എന്ന് പറയുന്നത് ക്രൈസ്തവ സമൂഹങ്ങൾ സ്ഥാപിച്ച പള്ളിയോടൊപ്പമുള്ള പള്ളിക്കൂടങ്ങൾ ആണ്.ഇവിടുത്തെ ദളിതർക്കും പിന്നോക്ക വിഭാഗത്തിൽപ്പെട്ടവർക്കും വഴിനടക്കാൻ നിഷേധിക്കപ്പെട്ടവർക്കുമെല്ലാം അക്ഷരങ്ങളെ പരിചയപ്പെടുത്തിയത്, അറിവ് നൽകിയത് ക്രൈസ്തവരാണ്. ആ അറിവിന്റെ അടിത്തറയിൽ നിന്നുകൊണ്ടാണ് ഇന്നത്തെ കേരളം കേരളമായി മാറിയത്.അതുകൊണ്ട് കേരള നവോത്ഥാനം എന്ന് പറയുന്നത് വിദ്യാഭ്യാസത്തിലൂടെ നേടിയതാണ്.വിദ്യാഭ്യാസത്തിലൂടെ നമ്മൾ നേടിയ ആ നവോത്ഥാനത്തിന്റെ നടു നായകത്വം വഹിച്ചത് കേരളത്തിലെ ക്രൈസ്തവ സമൂഹമാണ് എന്നുള്ളതിൽ ആർക്കും നിഷേധിക്കാൻ കഴിയില്ല.ക്രൈസ്തവ സഭ നൽകിയ സംഭാവനകളെ ഒരാൾക്കും വിലകുറച്ചു കാണാൻ കഴിയില്ല.
ഇന്ത്യയിലെ വിദ്യാഭ്യാസ പൊതു സ്ഥാപനങ്ങളിൽ വിദ്യാഭ്യാസ ആതുര മേഖലയിലെ സ്ഥാപനങ്ങളിൽ ഏതാണ്ട് 30 ശതമാനം സ്ഥാപനങ്ങൾ, രണ്ടര ശതമാനം മാത്രം വരുന്ന ഈ ക്രൈസ്തവ സമൂഹത്തിന്റേതാണ്. എനിക്ക് 30% എന്നുള്ള കണക്ക് കിട്ടിയത് പാർലമെന്റിൽ നിന്നാണ്.നമ്മൾ ആരും ഈ കണക്കൊന്നും അത്ര നോക്കാറില്ല. രാജ്യത്ത് നടക്കുന്ന ദേവാലയ ആക്രമണങ്ങൾ, സ്ഥാപനങ്ങൾ ആക്രമണങ്ങൾ,പ്രാർത്ഥന കൂട്ടായ്മകൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾ വർധിക്കുകയാണ്. 2018ൽ 428 ആക്രമണങ്ങൾ പാർലമെന്റിൽ ഞാൻ ഉന്നയിച്ചപ്പോൾ, അപ്പുറത്തുനിന്ന് ഒരാൾ എഴുന്നേറ്റു ചോദിച്ചു, “നിങ്ങൾ രണ്ടര ശതമാനം മാത്രമുള്ള ആളുകൾ 30% സ്ഥാപനങ്ങൾ കൊണ്ടു നടക്കുകയാണ്. അത് പാകിസ്ഥാനിലോ ബംഗ്ലാദേശിലോ നടക്കുമോ” . ഞാൻ പറഞ്ഞു ഈ 30% സ്ഥാപനങ്ങളാണ് അപ്പുറത്തിരിക്കുന്ന ഓരോ ആളുകൾക്കും ഇന്നിവിടെ ഇരിക്കാനും അക്ഷരങ്ങളെ പരിചയപ്പെടുത്താനും ലോകത്തെ പരിചയപ്പെടുത്താനും സഹായിച്ച സ്ഥാപനങ്ങൾ. ആ സ്ഥാപനങ്ങളാണ് എന്ന് പറയേണ്ടി വന്നു. എന്നാൽ അക്രമങ്ങളുടെ എണ്ണം കുറയുന്നില്ല; വർദ്ധിച്ചുകൊണ്ടേയിരിക്കുന്നു.2023 ജനുവരിയിൽ ഇതു പാർലമെന്റിൽ പറയുമ്പോൾ ആ വർഷം നടന്നത് 2028 ആക്രമണങ്ങളാണ്. അതിനുശേഷം മണിപ്പൂരിൽ ആക്രമിച്ചത് 543 ക്രൈസ്തവ ദേവാലയങ്ങളാണ്.അപ്പോൾ നമ്മുടെ രാജ്യത്തിന്ന് ഭരണഘടന ഉറപ്പു നൽകുന്ന വിശ്വാസ സ്വാതന്ത്ര്യം, മതന്യൂനപക്ഷങ്ങൾക്കുള്ള അവകാശങ്ങൾ അത് നേടിയെടുക്കാൻ വേണ്ടി ഇന്ന് പെടാപ്പാട് പെടുന്ന കാഴ്ചയാണ് കാണുന്നത്.
ആസാമിൽ പാർലമെന്റ് കമ്മിറ്റിയുടെ ഭാഗമായി അവിടെ ചെന്നപ്പോൾ ജെസ്യൂട്ട് സമൂഹം നടത്തുന്ന യൂണിവേഴ്സിറ്റിയിലേക്ക് പോയി. ലോകത്തെ ഏറ്റവും പ്രശസ്തമായ ഏൽ യൂണിവേഴ്സിറ്റിയുടെ ക്യാമ്പസിൽ നിൽക്കുകയാണെന്നാണ് എനിക്ക് തോന്നുന്നത്. 350 ഏക്കറിൽ ഒരു തേയിലത്തോട്ടമാണ്. ഓരോ മുട്ടക്കുന്നും ഓരോ ഡിപ്പാർട്ട്മെന്റ് ആണ്. എന്തു മനോഹരമായിട്ടാണ് ലോകം അറിയുന്ന സ്ഥാപനമായി ഇതൊക്കെ കൊണ്ടു നടക്കുന്നത്.അപ്പോൾ ഇന്ത്യയുടെ പുരോഗതിയിൽ,കേരളത്തിന്റെ പുരോഗതിയിൽ ഈ സഭയും സമൂഹവും നൽകിയ ശക്തമായ സംഭാവനകൾ ആർക്കും വിസ്മരിക്കാൻ കഴിയില്ല.
വാർഷിക ബഡ്ജറ്റിന്റെ മൂന്നിരട്ടിയാണ് ഇന്ന് പ്രവാസികൾ കേരളത്തിലേക്ക് അയയ്ക്കുന്ന പണം. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഒരു ലക്ഷത്തി ഇരുപതിനായിരം കോടി ഉറുപ്പികയാണ് ബാങ്കുകളിലൂടെ പ്രവാസികൾ കേരളത്തിലേക്ക് അയച്ചത്. ഈ കടന്നുപോയ ആളുകളൊക്കെ എന്തിന്റെ പേരിലാണ് കേരളം വിട്ടു കടന്നു പോയത്. അവർ കടന്നുപോയത്, അവർ നേടിയെടുത്ത വിദ്യാഭ്യാസം, അവർ നേടിയെടുത്ത അറിവ് അതിന്റെ അടിത്തറയിൽ നിന്നുകൊണ്ടാണ് കേരളം വിട്ട് കടന്നുപോയത്. ആ കടന്നുപോയ ആളുകൾക്ക് ആർക്കും ഈ ക്രൈസ്തവ സമൂഹവും അവരുടെ സ്ഥാപനങ്ങളും വിസ്മരിച്ചുകൊണ്ട് മുന്നോട്ടുപോകാൻ കഴിയില്ല.
കഴിഞ്ഞ പാർലമെന്റ് ബഡ്ജറ്റ് സമ്മേളനത്തെ അധികരിച്ച് സംസാരിക്കുമ്പോൾ ഞാൻ ഈ വിവരം പാർലമെന്റിൽ പറഞ്ഞു. സാമൂഹ്യ മാറ്റങ്ങൾ കൊണ്ടുവരുന്നത്, വിദ്യാഭ്യാസം കൊണ്ടുവരുന്നത്,നാട്ടിൽ മാറ്റങ്ങൾ കൊണ്ടുവരുന്നത് ഗവൺമെന്റ് മാത്രമല്ല ഗവൺമെന്റിനേക്കാൾ കൂടുതലായി അത് ചെയ്ത ക്രൈസ്തവ സമൂഹം ഉണ്ട്.
