പെന്തെക്കോസ്ത് മീഡിയ അസോസിയേഷന്റെ അഞ്ചാമത് കോൺഫ്രൻസിന് അനുഗ്രഹീത സമാപനം
കോട്ടയം : സത്യസന്ധതയും
സമഗ്രതയുമാണ് ഒരു യഥാർത്ഥ മാധ്യമ പ്രവർത്തകൻ്റെ അടിസ്ഥാന ഗുണമെന്ന് മുൻ ചീഫ് സെക്രട്ടറിയും ഗ്രന്ഥകാരനുമായ ഡോ. ജിജി തോംസൺ ഐ എഎസ് പ്രസ്താവിച്ചു.
ലോകമെങ്ങുമുള്ള മലയാളി പെന്തെക്കോസ്ത‌് മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും കൂട്ടായ്യായ ഗ്ലോബൽ മലയാളി പെന്തക്കോസ്ത് മീഡിയ അസോസിയേഷൻ നടത്തിയ അഞ്ചാമത് മീഡിയ കോൺഫറൻസിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നിർമിത ബുദ്ധിക്ക് ലേഖനമെഴുതാം, പക്ഷേ സത്യനിഷ്‌ഠ പുലർത്താൻ കഴിഞ്ഞെന്ന് വരില്ല. അൽഗോരിതങ്ങൾക്ക് വിവരങ്ങൾ പ്രചരിപ്പിക്കാം, ജ്ഞാനം സൃഷ്ടിക്കാൻ കഴിയില്ല. ധാർമിക ധൈര്യം മനുഷ്യ ഹൃദയങ്ങളിൽ നിന്നാണ് വരുന്നത്. ആരും കാണാത്തപ്പോൾപ്പോലും ശരിയായി ചെയ്യുന്നതാണ് സമഗ്രത അഥവാ സത്യസന്ധത (Integrity). ക്രിസ്ീയ മൂല്യങ്ങൾ മാധ്യമ പ്രവർത്തനങ്ങൾക്ക് ശക്തമായ അടിത്തറ നൽകുന്നു എന്നും സത്യത്തിനുവേണ്ടി ത്യാഗംസഹിക്കുന്നവരാണ് യഥാർത്ഥ പത്ര പ്രവർത്തകർ എന്നും ഡോ. ജിജി തോംസൺ പറഞ്ഞു.
സെപ്റ്റംബർ 10 മുതൽ 12 വരെ സൂം പ്ലാറ്റ്ഫോമിൽ നടത്തിയ മീഡിയ കോൺഫറൻസ് ഡബ്ലു. എം. ഇ ജനറൽ പ്രസിഡന്റ് ഡോ. ഒ എം രാജുക്കുട്ടി ഉദ്ഘാടനം ചെയ്തു. മീഡിയ അസോസിയേഷൻ ചെയർമാൻ പാസ്റ്റർ പി ജി മാത്യൂസ് അധ്യക്ഷത വഹിച്ചു. മുതിർന്ന പത്രപ്രവർത്തകനും മലയാള മനോരമ മുൻ എഡിറ്റോറിയൽഡയറക്ടറുമായ ജോസ് പനച്ചിപ്പുറം, 24ന്യൂസ് ചാനൽ എഡിറ്റർ ഇൻ ചാർജ് പി പി ജെയിംസ്, പ്രമുഖ പ്രഭാഷകരും എഴുത്തുകാരുമായ ഡോ.മാത്യു വർഗീസ് ഒക്ലഹോമ, ജോർജ് കോശി മൈലപ്ര, റവ. ജോർജ് മാത്യു പുതുപ്പള്ളി, സി വി മാത്യു എന്നിവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തി. പാസ്റ്റർ ബാബു ജോർജ് പത്തനാപുരം, പാസ്റ്റർ സാംകുട്ടി ചാക്കോ നിലമ്പൂർ എന്നിവർ അധ്യക്ഷത വഹിച്ചു. പാസ്റ്റർ സാംസൺ കോട്ടൂർ, ഡോ. ബ്ലെസൻ മേമന, റീത്ത മാനുവൽ സിൽവേര എന്നിവർ ഗാനങ്ങൾ ആലപിച്ചു. ജനറൽ സെക്രട്ടറി ഷിബു മുള്ളംകാട്ടിൽ സ്വാഗതവും മീഡിയ കൺവീനർ സജി മത്തായി കാതേട്ട് നന്ദിയും പറഞ്ഞു. പാസ്റ്റർ അനീഷ് കൊല്ലംകോട്, ഫിന്നി പി മാത്യു, ഷാജൻ ജോൺ ഇടയ്ക്കാട് എന്നിവർ യോഗ നടപടികൾ നിയന്ത്രിച്ചു.
ടോണി ഡി ചെവ്വൂക്കാരൻ, പാസ്റ്റർ ജെ ജോസഫ്, ചാക്കോ കെ തോമസ് എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു.
രാജൻ ആര്യപ്പള്ളി, റോജിൻ പൈനുംമൂട്, ഡോ. സാം കണ്ണംപളളി, സാം കൊണ്ടാഴി എന്നിവർ വിവിധ പരിപാടികൾ അവതരിപ്പിച്ചു.
പാസ്റ്റർമാരായ സി പി മോനായി, സാം മുഖത്തല, സണ്ണി പി സാമുവേൽ, കെ ജെ ജോബ്, വി പി ഫിലിപ്പ്, ഡോ.ബിനു ഡാനിയേൽ എന്നിവർ പ്രാർത്ഥന നയിച്ചു. ഫിന്നി ജോൺസൺ ടെക്നിക്കൽ കോർഡിനേറ്ററായി പ്രവർത്തിച്ചു.
ഇന്ത്യ, ഗൾഫ്, യു എസ് എ, കാനഡ, യൂറോപ്പ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള ക്രൈസ്തവ എഴുത്തുകാരും മാധ്യമ പ്രവർത്തകരും അഭ്യുദയ കാംക്ഷികളും മീഡിയ കോൺഫറൻസിൽ പങ്കെടുത്തു.

