മാത്യൂ ചെമ്പുകണ്ടത്തിൽ
ആധുനിക ലോകക്രമത്തിൽ ഇസ്രായേലും ഇറാനും തമ്മിലുള്ള ശത്രുത ഏതൊരു രാഷ്ട്രീയ നിരീക്ഷകനെയും അമ്പരപ്പിക്കുന്ന ഒന്നാണ്. സാധാരണഗതിയിൽ രണ്ട് രാജ്യങ്ങൾ തമ്മിൽ യുദ്ധമുണ്ടാകുന്നതിനു പിന്നിൽ അതിർത്തി തർക്കങ്ങളോ, വംശീയ പ്രശ്നങ്ങളോ, അല്ലെങ്കിൽ പ്രകൃതി വിഭവങ്ങൾക്കുവേണ്ടിയുള്ള മത്സരമോ ഒക്കെ കാരണമാകാറുണ്ട്. എന്നാൽ ഇസ്രായേലും ഇറാനും തമ്മിൽ ഒരു കിലോമീറ്റർ പോലും അതിർത്തി പങ്കിടുന്നില്ല. അവർക്കിടയിൽ വംശീയമായ പോരാട്ടങ്ങളില്ല, വ്യാപാര തർക്കങ്ങളില്ല. എന്താണ് പിന്നെ ഇവർ തമ്മിലുള്ള പ്രശ്നം ? ഇസ്‌ലാമിന്റെ ജന്മഭൂമിയായ സൗദി അറേബ്യ ഉൾപ്പെടെയുള്ള പല അറബ് രാജ്യങ്ങളും ഇസ്രായേലുമായി നയതന്ത്രബന്ധങ്ങൾ സ്ഥാപിക്കുമ്പോഴും, “ഇസ്രായേലിനെ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കുക” എന്ന കടുത്ത നിലപാടിൽ ഇറാൻ ഉറച്ചുനിൽക്കുന്നത് എന്തുകൊണ്ടാണ്?
ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം ഭൗതികമായ രാഷ്ട്രീയ കാരണങ്ങളിലല്ല, മറിച്ച് സഹസ്രാബ്ദങ്ങൾക്കു മുമ്പ് ദാനിയേൽ പ്രവാചകൻ വെളിപ്പെടുത്തിയ ആത്മീയ മണ്ഡലത്തിലെ പോരാട്ടങ്ങളിലാണ് ഒളിഞ്ഞിരിക്കുന്നത് എന്നു കാണാം. ഇന്നുള്ള സംഘർഷം തുടർന്നു പോയാൽ അതിൻ്റെ പരിസമാപ്തി എകാരമായിരിക്കുമെന്നു എസെക്കിയേൽ പ്രവചനത്തിലാണ് വെളിപ്പെടുത്തിയിരിക്കുന്നത്.
ദാനിയേലിന്റെ പുസ്തകം പത്താം അധ്യായത്തിൽ വിവരിക്കുന്ന “പേർഷ്യയുടെ പ്രഭു” (Prince of Persia) എന്ന ആത്മീയ അധികാരവും, ഇസ്രായേലിന്റെ സംരക്ഷകനായ മിഖായേൽ മാലാഖയും തമ്മിലുള്ള പുരാതനമായ ആ ശത്രുതയുടെ ആധുനിക മുഖമാണ് നാം ഇന്ന് കാണുന്നത്. ലൗകികമായ കാരണങ്ങളില്ലാതിരുന്നിട്ടും ഇസ്രായേലിന്റെ അസ്തിത്വത്തെ ഇല്ലാതാക്കാൻ ഇറാൻ ശ്രമിക്കുന്നത്, ആത്മമണ്ഡലങ്ങളിൽ നടക്കുന്ന വലിയൊരു പോരാട്ടത്തിന്റെ ഭൂമിയിലെ പ്രതിഫലനമാണെന്നു മനസ്സിലാക്കേണ്ടതുണ്ട്.
♦️ ദാനിയേൽ പ്രവാചകനുണ്ടായ
വലിയ യുദ്ധത്തെ സംബന്ധിച്ച ദർശനം
ഇറാൻ – ഇസ്രായേൽ സംഘർഷത്തിൻ്റെ യഥാർത്ഥ പശ്ചാത്തലം നമുക്കു കാണാൻ കഴിയുന്നത് സഹസ്രാബ്ദങ്ങൾക്ക് മുമ്പ് ദാനിയേൽ പ്രവാചകൻ ദർശിച്ച അദൃശ്യമായ ആത്മീയ യുദ്ധക്കളത്തിലാണെന്നും അതിനാൽ ഇസ്രായേലും ഇറാനും തമ്മിലുള്ള ശത്രുത കേവലം രാഷ്ട്രീയമല്ല, മറിച്ച് ആത്മീയമാണെന്നും ബൈബിൾ പണ്ഡിതന്മാരും അന്ത്യകാല സംഭവങ്ങളുടെ (Eschatology) പഠിതാക്കളും വിശ്വസിക്കുന്നു.
അന്നത്തെ ഇറാനിലെ ഭരണാധികാരിയായിരുന്ന പേര്‍ഷ്യൻ രാജാവായ സൈറസിന്റെ ഭരണത്തിൻ്റെ മൂന്നാം വര്‍ഷത്തിൽ ദാനിയേൽ പ്രവാചകനുണ്ടായ ദർശനത്തിലാണ് ഇസ്രായേൽ – ഇറാൻ സംഘർഷം വിവരിക്കന്നത്. “പേര്‍ഷ്യാ രാജാവായ സൈറസിന്റെ മൂന്നാം ഭരണവര്‍ഷം, ബല്‍ത്തെഷാസര്‍ എന്നു വിളിക്കുന്ന ദാനിയേലിന് ഒരു വെളിപാടുണ്ടായി. അത് സത്യവും വലിയ യുദ്ധത്തെക്കുറിച്ചുള്ളതും ആയിരുന്നു. ഒരു ദര്‍ശനത്തിലൂടെ അതിന്റെ അര്‍ഥം ഗ്രഹിക്കാന്‍ അവനു കഴിഞ്ഞു” (ദാനിയേല്‍ 10 : 1). പേർഷ്യൻ രാജാവായ സൈറസിന്റെ (Cyrus the Great) മൂന്നാം ഭരണവർഷം 536 BC ആണെന്നു കണക്കാക്കുന്നു. ബാബിലോൺ പ്രവാസത്തിന് ശേഷം യഹൂദന്മാർ ജറുസലേമിലേക്ക് മടങ്ങിപ്പോയി ദേവാലയ നിർമ്മാണം ആരംഭിച്ചതിന് ശേഷമുള്ള കാലഘട്ടമായിരുന്നു ഇത്.
♦️ ടൈഗ്രീസിൻ്റെ കരയില്‍ നിന്നു.
ദാനിയേല്‍ കണ്ടത് എന്ത് ?
പേർഷ്യയിൽ ടൈഗ്രീസ് നദിയുടെ കരയില്‍ നിൽക്കുന്ന സന്ദർഭത്തിലാണ് ദാനിയേലിനു ദർശനം ലഭിക്കുന്നത്. ദാനിയേലിന്റെ പ്രാർത്ഥനയ്ക്ക് മറുപടിയുമായി വരുന്ന സ്വർഗീയ ദൂതനെ ഇരുപത്തിയൊന്ന് ദിവസം “പേർഷ്യയുടെ പ്രഭു” (Prince of Persia) എന്ന അന്ധകാരശക്തി തടഞ്ഞുവെച്ചതായി രേഖപ്പെടുത്തിയിരിക്കുന്നു. ഇവിടെ ‘പ്രഭു’ എന്നത് ഒരു മനുഷ്യ രാജാവിനെയല്ല, മറിച്ച് പേർഷ്യൻ സാമ്രാജ്യത്തെ (ഇന്നത്തെ ഇറാൻ) സ്വാധീനിക്കുന്ന അദൃശ്യമായ അന്ധകാരശക്തികളുടെ അധികാരത്തെയാണ് സൂചിപ്പിക്കുന്നത്.
ഇസ്രായേലിനെ നശിപ്പിക്കാൻ ഇറാൻ നടത്തുന്ന നീക്കങ്ങൾ പുരാതനമായ ശത്രുതയുടെ തുടർച്ചയാണെന്ന് ദാനിയേൽ പ്രവചനത്തിൻ്റെ പഠനത്തിലൂടെ മനസ്സിലാക്കാൻ കഴിയുന്നു. പേർഷ്യയുടെ അന്ധകാരശക്തികൾ ദൂതനെ തടഞ്ഞപ്പോൾ, അവനെ സഹായിക്കാൻ എത്തിയത് ഇസ്രായേലിന്റെ സംരക്ഷകനായ മുഖ്യദൂതനായ മിഖായേലാണ്. “മുഖ്യ പ്രഭുക്കന്മാരിൽ ഒരുവനായ മിഖായേൽ എന്നെ സഹായിക്കാൻ വന്നു” (ദാനിയേൽ 10:13) എന്ന് ദൂതൻ വ്യക്തമാക്കുന്നു.
♦️ ഇസ്രായേലിനു
മിഖായേലിൻ്റെ കാവൽ
ഇസ്രായേൽ എന്ന രാഷ്ട്രം കേവലം സൈനിക ശക്തിയാലല്ല, മിഖായേലിന്റെ നേതൃത്വത്തിലുള്ള സ്വർഗീയ കാവലിലാണ് നിലനിൽക്കുന്നതെന്ന് ദാനിയേൽ പ്രവചനം അടിവരയിടുന്നു. ”മിഖായേൽ” മാലാഖയുടെ പേരു തന്നെ ദൈവത്തിന്റെ അതുല്യമായ അധികാരത്തെ പ്രഖ്യാപിക്കുന്ന ഒരു ചോദ്യമാണ്. “ദൈവത്തെപ്പോലെ ആരുള്ളൂ?” (מיכאל- Who is like God?) എന്നാണ് ഈ പേരിന്റെ അർത്ഥം.
പേർഷ്യൻ ശക്തികൾ ഇസ്രായേലിന്റെ നാശത്തിനായി നിലകൊള്ളുമ്പോൾ, സ്വർഗീയ മണ്ഡലങ്ങളിൽ മിഖായേൽ അവർക്കെതിരെ പോരാടിക്കൊണ്ടിരിക്കുന്നു. അന്ത്യകാലത്ത് ഈ ആത്മമണ്ഡലത്തിൽ നിലനിൽക്കുന്ന ഈ ശത്രുത അതിന്റെ പരകോടിയിലെത്തുമെന്ന് ദാനിയേൽ പ്രവചിക്കുന്നു. ഭൗതിക കണ്ണുകൾക്ക് ദൃശ്യമാകുന്ന മിസൈലുകൾക്കും യുദ്ധതന്ത്രങ്ങൾക്കും പിന്നിൽ, ദൈവജനത്തെ (ഇസ്രായേൽ ) ഭൂമുഖത്തുനിന്ന് തുടച്ചുനീക്കാൻ ശ്രമിക്കുന്ന പുരാതനമായ അന്ധകാരശക്തിയുടെ തന്ത്രങ്ങളുണ്ട്.
ലോകചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ലാത്ത വിധം വലിയൊരു കഷ്ടതയിലൂടെ സമീപഭാവിയിൽ ഇസ്രായേൽ കടന്നുപോകേണ്ടി വരുമെന്നു എസെക്കിയേൽ പ്രവചനം 38,39 അധ്യായങ്ങളെ അടിസ്ഥാനമാക്കി മനസ്സിലാക്കാം. എന്നാൽ മിഖായേലിന്റെ നേതൃത്വത്തിലുള്ള സ്വർഗീയ കാവൽ അവരെ ഒരു ‘ശേഷിപ്പായി’ കാത്തുസൂക്ഷിക്കുമെന്നും ദർശനം വ്യക്തമാക്കുന്നു. ഇസ്രായേൽ ജനതയുടെ വലിയ സംരക്ഷകൻ മിഖായേലാണ്. അതിനാൽ ”നിന്റെ ജനത്തിന് കാവൽ നിൽക്കുന്ന മഹാപ്രഭു” എന്നാണ് മിഖായേലിനെ വിളിക്കുന്നത്.
♦️ ദൈവമഹത്വത്തിന്റെ
വെളിപ്പെടുത്തൽ
ഇസ്രായേലിനെതിരെയുള്ള ലോകരാഷ്ട്രങ്ങളുടെ വൻ സഖ്യം ഭാവിയിൽ രൂപപ്പെടും. അപ്പോൾ മാനുഷികമായ എല്ലാ പ്രതിരോധങ്ങളും പരാജയപ്പെടുന്ന അന്തിമഘട്ടത്തെ ബൈബിൾ ‘യാക്കോബിന്റെ കഷ്ടകാലം’ എന്ന് വിശേഷിപ്പിക്കുന്നു. “മഹത്തും അതുല്യവുമാണ് ആദിവസം. അതു യാക്കോബിന് അനര്‍ഥകാലമാണ്; എങ്കിലും അവന്‍ രക്‌ഷപെടും. (ജറെമിയാ 30 : 7)
ഇത്തരമൊരു നിർണ്ണായക ഘട്ടത്തിൽ ദൈവം അത്ഭുതകരമായി ഇടപെടുന്നത് ഇസ്രായേലിനെ രക്ഷിക്കാൻ മാത്രമല്ല, മറിച്ച് സകല ജാതികളും സത്യദൈവത്തെ തിരിച്ചറിയുന്നതിനും കൂടിയാണ്.
”ഇങ്ങനെ ഞാൻ എന്നെത്തന്നെ മഹത്വപ്പെടുത്തുകയും ശുദ്ധീകരിക്കുകയും ചെയ്യും; അനേകം ജാതികൾ കാണകെ ഞാൻ എന്നെത്തന്നെ വെളിപ്പെടുത്തും; ഞാൻ യഹോവ എന്ന് അവർ അറിയും” (എസെക്കിയേൽ 38:23).
ദാനിയേൽ പത്താം അധ്യായത്തിൽ വിവരിക്കുന്ന ആത്മീയ പോരാട്ടം ആത്മ മണ്ഡലത്തിൽ തുടരുന്ന ഒരു യുദ്ധത്തിന്റെ നേർചിത്രമാണ്. ഇറാൻ-ഇസ്രായേൽ സംഘർഷം ഒരു ആഗോള യുദ്ധത്തിലേക്ക് നീങ്ങിയാൽ, അത് ബൈബിൾ പ്രവചിച്ച സമാധാനമില്ലാത്ത കാലഘട്ടത്തിന്റെ തുടക്കമായേക്കാം. മിസൈലുകളും പ്രതിരോധ സംവിധാനങ്ങളും ഭൗതികമാണെങ്കിലും, ആത്മീയ കണ്ണുകളാൽ നോക്കുമ്പോൾ ഇത് പ്രവചനങ്ങളുടെ പൂർത്തീകരണവും ആത്മമണ്ഡലങ്ങളിൽ നടക്കുന്ന പോരാട്ടത്തിന്റെ ഭൂമിയിലെ പ്രതിഫലനവുമാണ്.

