ഷാജി കാരയ്ക്കൽ
ജെറുസലേം: ബൈബിളിനെ വീണ്ടും സാക്ഷ്യപ്പെടുത്തി പുരാതന മുദ്ര! ജറുസലേമിലെ ദാവീദിന്റെ നഗരത്തിൽ (സിറ്റി ഓഫ് ഡേവിഡ്) നടന്ന ഖനനത്തിനിടെ ഒരു ചെറിയ കളിമൺ മുദ്ര (സീൽ) കണ്ടെടുത്തിരിക്കുന്നു. അതിൽ യെഹൂക്കൽ ബെൻ ഷെലെമ്യാവു എന്ന പേരാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ബൈബിളിലെ യിരേമ്യാവ് പ്രവാചകന്റെ പുസ്തകത്തിൽ (യിരേമ്യാവ് 37:3, 38:1) പരാമർശിക്കപ്പെടുന്ന രാജകീയ ഉദ്യോഗസ്ഥനാണ് യെഹൂക്കൽ. രാജാവ് സെദെക്കിയാവിനും പ്രവാചകനായ യിരേമ്യാവിനും ഇടയിൽ സന്ദേശവാഹകനായിരുന്നു അദ്ദേഹം.

ആദ്യം രാജാവിന്റെ പ്രാർത്ഥന അഭ്യർത്ഥന കൈമാറിയിരുന്നെങ്കിലും പിന്നീട് യിരേമ്യാവിനെതിരെ തിരിഞ്ഞ് അദ്ദേഹത്തെ പീഡിപ്പിക്കാൻ ശ്രമിച്ചവരിലൊരാളായിരുന്നു.
ഈയിടെ കണ്ടെടുത്ത ഈ മുദ്ര യിരേമ്യാവിന്റെ കാലത്ത് ജീവിച്ച ഒരു യഥാർത്ഥ മനുഷ്യന്റെ സാന്നിധ്യം തെളിയിക്കുന്നു. 2500 വർഷത്തിലേറെ പഴക്കമുള്ള ഒരു ചെറിയ കളിമൺ കഷണം ബൈബിളിന്റെ ചരിത്രപരമായ വിശ്വാസ്യതയെ വീണ്ടും ഉറപ്പിക്കുന്നു.
ഇത് ലോകത്തിന് നല്കുന്ന സന്ദേശം എന്താണ്? ബൈബിൾ കെട്ടുകഥകളുടെ സമാഹാരമല്ല. അത് യഥാർത്ഥ മനുഷ്യരുടെ, യഥാർത്ഥ സംഭവങ്ങളുടെ, യഥാർത്ഥ ചരിത്രത്തിന്റെ അവതരണമാണ്. ദൈവത്തിന്റെ വചനത്തെ എതിർത്ത ഒരു മനുഷ്യന്റെ പേരു പോലും മണ്ണിനടിയിൽ നിന്ന് പുറത്തുവന്ന് ഈ വചനസത്യം സാക്ഷ്യപ്പെടുത്തുന്നു.
ദൈവവചനം മാറ്റമില്ല. എന്നും നിലനിൽക്കും. മനുഷ്യൻ വിശ്വസിച്ചാലും ഇല്ലെങ്കിലും ബൈബിൾ സത്യങ്ങൾക്കു മാറ്റമില്ലെന്ന് കാലം തെളിയിക്കുന്നു. ഒരു ചെറിയ മുദ്ര. വലിയൊരു സന്ദേശം.
ദൈവവചനം വിശ്വസനീയമാണ്. ചരിത്രം ഇപ്പോഴും അതിന് സാക്ഷ്യം വഹിക്കുന്നു. ബൈബിളിലെ ഓരോ താളുകളിലും നിറയെ സത്യത്തിന്റെ, പരമാർത്ഥ ചാരിത്രത്തിന്റെ നേർക്കാഴ്ചകളാണ്. നമുക്ക് വിശ്വസിക്കാം.

