ഇംഫാൽ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനു പിന്നാലെ കുക്കി മേഖലയിൽ തുടരുന്ന സംഘർഷത്തിന് അയവില്ല. പ്രധാനമന്ത്രിയെ വരവേൽക്കാൻ ചുരാചന്ദ്പൂരിൽ ഉയർത്തിയ ചിത്രങ്ങൾ നശിപ്പിച്ച ഏതാനും പേരെ പൊലിസ് പിടികൂടിയ സംഭവത്തെ തുടർന്നാണ് ഇപ്പോഴത്തെ സംഘർഷം.
പിടികൂടിയ യുവാക്കളെ ഇനിയും വിട്ടുകിട്ടാത്തതിനെ തുടർന്ന് റോഡ് ഉപരോധം ഉൾപ്പടെ തുടരുകയാണ്. മോദിയുടെ സന്ദർശനത്തെ തുടർന്ന് ഉപരോധം ഉപേക്ഷിച്ച ദേശീയപാത 2ൽ കുക്കികൾ വീണ്ടും ഉപരോധം പ്രഖ്യാപിച്ചു. കുക്കി നാഷനൽ ഓർഗനൈസേഷൻ ലീഡർ കാൽവിൻ ഐക്കൻതാംഗിന്റെ വീട് കഴിഞ്ഞ ദിവസം രാത്രി ഒരുകൂട്ടം അക്രമികൾ അഗ്നിക്കിരയാക്കി. മറ്റൊരു കുക്കി നേതാവായ ജീൻസ്വാൻ സോംഗിന്റെ വീടും തീയിട്ടു നശിപ്പിച്ചു. ചുരാചന്ദ്പൂരിൽ വൻ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ഇതിനിടെ ഗോത്ര വിഭാഗക്കാരായ കുക്കി, സോമി വിഭാഗക്കാർ ചില കരാറുകളെച്ചൊല്ലി പരസ്പരം ഏറ്റുമുട്ടി.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയെ കണ്ട കുക്കി എം.എൽ.എമാർ സംസ്ഥാനത്ത് പുതിയ സർക്കാർ ഉണ്ടാക്കാനുള്ള നീക്കത്തിനെതിരെ രംഗത്തുവന്നിരുന്നു. മെയ്തികളുമായി ഒരിക്കലും ഒന്നിച്ച് പോകാൻ കഴിയില്ലെന്ന് അവർ പ്രധാനമന്ത്രിയെ ധരിപ്പിച്ചു.
പ്രധാനമന്ത്രിയുടെ സന്ദർശനം പ്രഹസനമായിരുന്നെന്നും ചെലവഴിച്ച തുകയുണ്ടായിരുന്നെങ്കിൽ സ്ത്രീകളുടെ ദുരിതം മാറ്റാൻ ഉപകാരപ്പെടുമായിരുന്നുവെന്നും മെയാ പെയ്ബീസിന്റെ നേതൃത്വത്തിലുള്ള സ്ത്രീ കൂട്ടായ്മ പറഞ്ഞു.
