സി.എസ്.ഐ. മധ്യകേരള മഹായിടവക തൃതീയ ജൂബിലി സ്മാരക കൺവൻഷന്റെ അറുപതാമത് യോഗങ്ങളോടനുബന്ധിച്ച് സംഘടിപ്പിച്ച എക്യൂമെനിക്കൽ സമ്മേളനത്തിന് അധ്യക്ഷത വഹിച്ചു. കേരളത്തിലെ ഐക്യപ്രസ്ഥാന സംരംഭങ്ങൾക്ക് സമ്പന്നമായ ഒരു ചരിത്രമാണുള്ളത്.
“അവർ എല്ലാവരും ഒന്നാകേണ്ടതിന്” എന്ന ആപ്തവാക്യം സ്വീകരിച്ചിരിക്കുന്ന സി.എസ്.ഐ. സഭയുടെ മഹായിടവകകളിൽ ഒന്നായ മധ്യകേരള മഹായിടവക വിശാലമായ എക്യൂമെനിക്കൽ ദർശനത്തോടെ സഭൈക്യ ഉദ്യമങ്ങൾക്ക് ഒരു മാർഗ്ഗദർശിയായി നിലകൊള്ളുന്നു എന്നത് തീർത്തും അഭിമാനകരവും സന്തോഷകരമാണ്.
സഭയ്ക്ക് പുറത്തുനിന്നും സഭയ്ക്കുള്ളിൽനിന്നും ഉയർന്നുവരുന്നതും ഇന്ന് ക്രൈസ്തവ സഭ അഭിമുഖീകരിക്കുന്നതുമായ ഒട്ടനവധി വെല്ലുവിളികളുടെയും പ്രതിസന്ധികളുടെയും മദ്ധ്യേ ക്രിസ്തുവിൽ ഏകശരീരമായ സഭ അതിന്റെ വൈവിധ്യങ്ങൾ നിലനിർത്തുന്നതിനോടൊപ്പം ഒന്നായി നിലനിൽക്കേണ്ടതിന്റെ പ്രാധാന്യം പ്രസ്തുത സമ്മേളനം ഊന്നിപ്പറഞ്ഞു.

മലങ്കര ഓർത്തഡോൿസ് സുറിയാനി സഭയുടെ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയും മലങ്കര മാർത്തോമ്മാ സുറിയാനി സഭയിലെ റൈറ്റ് റവ. ഡോ. ജോസഫ് മാർ ബർണബാസ് സഫ്‌റഗൻ മെത്രാപ്പോലീത്താ മുഖ്യസന്ദേശം നൽകുകയും ചെയ്തു. കേരളത്തിലെ വിവിധ സഭകളുടെ മേലധ്യക്ഷന്മാർ, മധ്യകേരള മഹായിടവകയുടെ മുൻ അധ്യക്ഷന്മാർ, ചർച്ച് ഓഫ് നോർത്ത് ഇന്ത്യ ഡൽഹി മഹായിടവക ബിഷപ്പ് റൈറ്റ് റവ. ഡോ. പോൾ സ്വരൂപ്, ഇതര സഭാപ്രതിനിധികൾ എന്നിവർ ആശംസകൾ അറിയിച്ചു. കൂടാതെ വിവിധ ക്രിസ്തീയ പ്രസ്ഥാനങ്ങൾ, ക്രിസ്‌തീയ പ്രസാധകർ, സെമിനാരികൾ, സഭൈക്യ പ്രസ്ഥാനങ്ങൾ ആദിയായവയെ പ്രതിനിധീകരിച്ച് അംഗങ്ങൾ, മഹായിടവക ഔദ്യോഗിക ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

