ഛത്തീസ്ഗഡിലെ സഹോദരിമാരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഒരു വാക്ക്. നിങ്ങളെ മർദ്ദിക്കുകയും നിങ്ങളെ ഭീഷണിപ്പെടുത്തുകയും നിങ്ങളെ അപമാനിക്കുകയും ചെയ്ത ബജ്റംഗ്ദൾ പ്രവർത്തകരോട് ഒരു കത്തോലിക്കാ പുരോഹിതൻ എന്നുള്ള നിലയിൽ ഭാരതത്തിലേക്കും ലോകം മുഴുവനിലേക്കും നൂറുകണക്കിന് ആയിരക്കണക്കിന് മിഷനറിമാരെ സംഭാവന ചെയ്ത കേരള സഭയിലെ ഒരു എളിയ വൈദികൻ എന്ന നിലയിൽ എനിക്ക് ബജ്റംഗ്ദൾ പ്രവർത്തകരോട് വളരെയേറെ നന്ദി പറയാനുണ്ട്.കാരണം നിങ്ങളുടെ ആ തോന്ന്യാസം കാരണം, നിങ്ങളുടെ ആ മനുഷ്യത്വമില്ലായ്മ കാരണം, നിങ്ങൾ പ്രകടിപ്പിച്ച സാഹോദര്യമില്ലായ്മ കാരണം ഇന്ന് ലോകം മുഴുവൻ ക്രിസ്തുവിന്റെ ഈ എളിയ ദാസികളുടെ ശുശ്രൂഷകൾ അളന്നു മുറിച്ച് പരിശോധിക്കാൻ തുടങ്ങി. നിങ്ങളും പരിശോധിക്കണം. കേരളത്തിലും ഭാരതത്തിലും ലോകം മുഴുവനും ക്രിസ്തുവിന്റെ നാമത്തിൽ കത്തോലിക്ക സന്യാസിനികൾ ചെയ്യുന്ന എല്ലാ സേവനങ്ങളെയും നിങ്ങൾ അറത്ത് മുറിച്ച് അളന്നു തിരിച്ച് പരിശോധിക്കണം. എന്നിട്ട് അതിൽ എത്ര പേരാണ് മാനസാന്തരപ്പെട്ട് ക്രൈസ്തവ മതത്തിലേക്ക് വന്നത് എന്ന് അന്വേഷിക്കണം. അങ്ങനെ അന്വേഷിക്കുമ്പോൾ ബിജെപിയുടെയും ആർഎസ്എസിന്റെയും സമുന്നതരായ നേതാക്കൾ കേരളത്തിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുമുള്ള വിവിധ രാഷ്ട്രീയ പാർട്ടികളുടെ വിവിധ മതങ്ങളിലെ ഒക്കെ ആയിരക്കണക്കിന് ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ ക്രൈസ്തവ സ്ഥാപനങ്ങളുടെ, ക്രൈസ്തവ സമർപ്പിതരുടെ, സിസ്റ്റേഴ്സിന്റെ ജീവകാരുണ്യത്തിന്റെ നന്മയനുഭവിച്ച് ജീവിതത്തിലേക്ക് പിച്ചവെച്ച് കടന്നുവന്നവരാണ്. അവരിൽ എത്ര പേരാണ് സ്വന്തം മതവിശ്വാസം ഉപേക്ഷിച്ചു ക്രൈസ്തവ മതത്തിലേക്ക് വന്നിട്ടുള്ളത് എന്ന് നിങ്ങൾ കണക്കെടുക്കണം. വെറുതെ ഒച്ച വയ്ക്കരുത്.

വെറുതെ ബഹളം കൂട്ടരുത്. നിങ്ങൾ കണക്ക് എടുക്ക്. എന്നിട്ട് ആ കണക്ക് നിങ്ങൾ പബ്ലിഷ് ചെയ്യ്.
ഇനി ഞാൻ കഴിഞ്ഞ രണ്ടുമാസം മുമ്പ് ക്രൈസ്തവരുടെ ഭാരതത്തിലെ കത്തോലിക്കർ എങ്ങനെ കോടിക്കണക്കിന് ഏക്കർ സ്ഥലം സ്വന്തമാക്കി എന്നൊക്കെ പറഞ്ഞ ആർഎസ്എസിന്റെ മുഖപത്രത്തിൽ വാർത്ത വന്നപ്പോൾ ഒരു ചർച്ചയിൽ ഞാൻ പറഞ്ഞിരുന്നു. ഈ കത്തോലിക്ക സ്ഥാപനങ്ങളുടെ സേവന മേഖലകളിലെ ഗുണഭോക്താക്കളുടെ ഒരു എച്ച് ആർ ഓഡിറ്റ് എടുക്ക്. ബജരംഗ്ദൾ എടുക്ക്. ആർ എസ് എസ് എടുക്ക്. എന്നിട്ട് അത് പബ്ലിഷ് ചെയ്യ്. ആരാണ് ഈ കത്തോലിക്കാ സമർപ്പിതരുടെ, ഈ സിസ്റ്റേഴ്സിന്റെ സേവനങ്ങളുടെ ഗുണഭോക്താക്കൾ ആരാണ്. ഇനി നിങ്ങൾ ജാതിയാണ് ഇതിനകത്ത് കാണുന്നതെങ്കിൽ ജാതി തിരിച്ചു നിങ്ങൾ അത് പബ്ലിഷ് ചെയ്യൂ. എന്നിട്ട് നിങ്ങൾ അത് സത്യസന്ധമായി അവതരിപ്പിക്കൂ.
പ്രിയപ്പെട്ട സഹോദരങ്ങളേ, ബജരംഗദൾ സഹോദരങ്ങളേ,ആർഎസ്എസ് സഹോദരങ്ങളേ നിങ്ങൾ ജാതിയുടെയും മതത്തിന്റെയും പേരിൽ മാത്രമാണ് മനുഷ്യരെ കാണുന്നതെങ്കിൽ മനുഷ്യത്വത്തിന്റെ പേരിൽ ദൈവീകമായ കർമ്മങ്ങൾ ചെയ്യുന്ന ഒരു സമൂഹം ഇവിടെ ഉണ്ട് എന്ന്, അവർ ചെറിയ സമൂഹം ആയിരിക്കാം, ശക്തിയില്ലാത്ത സമൂഹമായിരിക്കാം പക്ഷേ അവരുടെ സമർപ്പണത്തിന്റെ ശക്തി അവരുടെ നിസ്വാർത്ഥമായ സേവനത്തിന്റെ ശക്തി അത് അനേകരുടെ മനസ്സിനെ സ്പർശിക്കുന്നുണ്ട്. മനുഷ്യത്വത്തിന്റെ വിനിമയമാണ് നടക്കുന്നത്, മതത്തിന്റേതല്ല. അതുകൊണ്ട് മനുഷ്യത്വത്തിന്റെ ഭാഷയ്ക്ക് ഇവിടെ സംവേദന ക്ഷമതയുണ്ട് എന്നും മനുഷ്യത്വത്തിന്റെ ഗാഥകൾക്ക് ഇവിടെ ശ്രോതാക്കൾ ഉണ്ട് എന്നും ചരിത്രത്തിലൂടെ ഒഴുകുന്ന ഈയൊരു കാരുണ്യത്തിന്റെ കഥകൾ ഇനിയും നമ്മെ ഓർമിപ്പിച്ചു കൊണ്ടിരിക്കും. അപ്പോൾ നിങ്ങൾ ഇങ്ങനെ ഇടയ്ക്കിടയ്ക്ക് മനുഷ്യത്വമില്ലാത്ത പ്രവർത്തികൾ ചെയ്യുന്നതുകൊണ്ട് ഈ മനുഷ്യത്വത്തിന് കൂടുതൽ മഹത്വം ഉണ്ടാവുകയാണ് ചെയ്യുന്നത്. അതുകൊണ്ട് നിങ്ങൾക്ക് ഒരിക്കൽക്കൂടി ഞാൻ നന്ദി പറയുകയാണ്. ഒപ്പം വേദനിക്കുന്ന ആ സഹോദരിമാരോട്, ഞങ്ങൾ കൈകോർക്കുകയാണ്. ഇനിയും ക്രിസ്തുവിന് വേണ്ടി ഇത്തരത്തിൽ അപമാനിതരാകാൻ നിങ്ങൾ മാത്രമല്ല, നിങ്ങളുടെ പുറകെ ഞങ്ങളും വരുന്നു എന്ന് പറയാനായിട്ട് ഈ അവസരം ഉപയോഗിക്കുകയാണ്. ദൈവത്തിന് സ്തുതി.
