മാത്യൂ ചെമ്പുകണ്ടത്തിൽ
🔴 “കമ്യൂണിസ്റ്റു പാര്‍ട്ടി ഓഫ് ഇന്ത്യയ്ക്കു നൂറു വയസ്സു തികയുന്നു. 1925 ഡിസംബര്‍ 26ന് കാണ്‍പൂരില്‍ നടന്ന സമ്മേളനത്തിലാണ് കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ആരംഭിക്കുന്നത്” 🔴
കമ്യൂണിസം എന്നത് ഒരു സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ പ്രത്യയശാസ്ത്രമാണ്. സ്വകാര്യസ്വത്ത് ഇല്ലാതാക്കി ഉത്പാദന ഉപാധികളെല്ലാം സമൂഹത്തിന്‍റെ മൊത്തം (സര്‍ക്കാര്‍) ഉടമസ്ഥതയിലാക്കി, വര്‍ഗ്ഗരഹിത, രാഷ്ട്രരഹിത, സ്വകാര്യസ്വത്തുരഹിത സമൂഹം സ്ഥാപിക്കുക എന്നതാണ് കമ്യൂണിസം മുന്നോട്ടുവയ്ക്കുന്ന അടിസ്ഥാനലക്ഷ്യം. ഈ ആശയത്തിന് അടിത്തറയിട്ടതു ജര്‍മ്മന്‍ തത്വചിന്തകനായ കാള്‍ മാര്‍ക്സും (Karl Marx) ഫ്രഡറിക് എംഗല്‍സുമാണ് (Friedrich Engels). ഇതിന്‍റെ പ്രാരംഭരേഖയാണ് മാര്‍ക്സും എംഗല്‍സും ചേര്‍ന്നു 1848 ഫെബ്രുവരിയില്‍ തയ്യാറാക്കിയ “കമ്യുണിസ്റ്റ് മാനിഫെസ്റ്റോ”.
“സര്‍വ്വരാജ്യ തൊഴിലാളികളേ സംഘടിക്കുവിന്‍” എന്നതായിരുന്നു കമ്യൂണിസം ഉയർത്തിയ പ്രധാന മുദ്രാവാക്യം. മുതലാളിത്തം അതിന്‍റെ വൈരുദ്ധ്യങ്ങള്‍മൂലം തകരുമെന്നും തൊഴിലാളിവര്‍ഗ്ഗം വിപ്ലവത്തിലൂടെ അധികാരം പിടിച്ചടക്കുമെന്നും ഒടുവില്‍ യഥാര്‍ത്ഥ കമ്യൂണിസ്റ്റു സമൂഹത്തില്‍ ലോകം എത്തിച്ചേരുമെന്നുമായിരുന്നു മാര്‍ക്സ് സ്വപ്നംകണ്ടത്.
മാര്‍ക്സിയന്‍ ദര്‍ശനങ്ങളില്‍ ആകൃഷ്ടനായ വ്ളാഡിമിര്‍ ലെനിന്‍റെ നേതൃത്വത്തില്‍ നടന്ന ഒക്ടോബര്‍ വിപ്ലവത്തിലൂടെ റഷ്യയില്‍ 1917-ല്‍ ലോകത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റു രാഷ്ട്രം സ്ഥാപിക്കപ്പെട്ടു. രണ്ടാം ലോക മഹായുദ്ധാനന്തരമാണു യൂറോപ്പ് കമ്യൂണിസത്തിന് കീഴടങ്ങുന്നത്. ഇതിന് ചരിത്രപരമായ നിരവധി കാരണങ്ങളുണ്ട്. അതിലൊന്ന്, ഹിറ്റ്ലറുടെ ജര്‍മ്മിനിയെ തോല്‍പ്പിക്കുന്നതില്‍ റഷ്യന്‍ സേനയ്ക്ക് മറ്റു രാജ്യങ്ങളേക്കാള്‍ നിര്‍ണ്ണായക പങ്കുണ്ടായിരുന്നു. കിഴക്കന്‍ യൂറോപ്പിലെ പല രാജ്യങ്ങളുമായുള്ള സഹകരണത്തിലൂടെയാണ് റഷ്യ ഇതു സാധ്യമാക്കിയത്. യുദ്ധാനന്തരം ഈ രാജ്യങ്ങളുമായുള്ള ബന്ധം റഷ്യ കൂടുതല്‍ ശക്തമാക്കുകയും തല്‍ഫലമായി കിഴക്കന്‍ യൂറോപ്പിലെ രാജ്യങ്ങള്‍ കമ്യൂണിസ്റ്റു ഭരണത്തിലേക്കു നീങ്ങുകയും ചെയ്തു. 1949-ല്‍ മാവോ സെതൂങ്ങിന്‍റെ നേതൃത്വത്തില്‍ ചൈനയില്‍ സമാനരീതിയിലുള്ള വിപ്ലവം നടക്കുകയും ചൈനയും കമ്യൂണിസ്റ്റു രാഷ്ട്രമാവുകയും ചെയ്തു. ഇതിലൂടെ കമ്യൂണിസ്റ്റു പ്രത്യയശാസ്ത്രത്തിന് ആഗോളതലത്തില്‍ വലിയ സ്വാധീനമുണ്ടാക്കാന്‍ സാധിച്ചു.
ലോകത്തിതുവരെ 40 രാജ്യങ്ങളിലാണ് കമ്യൂണിസ്റ്റു ഭരണം പരീക്ഷിച്ചുനോക്കിയത് (ലിസ്റ്റ് കമന്‍റ് ബോക്സില്‍). കമ്യൂണിസ്റ്റു ഭരണം നിലനിന്നിരുന്ന രാജ്യങ്ങളുടെ ഭൂമിശാസ്ത്രപരമായ വലിപ്പം നോക്കുമ്പോള്‍ ഭൂമിയിലെ ഏകദേശം മൂന്നിലൊന്ന് ഭാഗം ഒരുകാലത്ത് കമ്യൂണിസ്റ്റു പ്രത്യയശാസ്ത്രത്തിന്‍റെ നിയന്ത്രണത്തിലായിരുന്നു. ഇന്നു വെറും അഞ്ചു രാജ്യങ്ങളില്‍ മാത്രമാണ് കമ്യൂണിസം നിലനില്‍ക്കുന്നത്. അത് ചൈന, വിയറ്റ്നാം, ക്യൂബ, ലാവോസ്, ഉത്തര കൊറിയ എന്നീ രാജ്യങ്ങളില്‍ മാത്രം. ഈ രാജ്യങ്ങള്‍ കമ്യൂണിസത്തില്‍ നിലനില്‍ക്കുന്നതു മാര്‍ക്സിയന്‍ ദര്‍ശനങ്ങളില്‍ കാര്യമായ മാറ്റം വരുത്തിയാണ്. മറ്റ് രാജ്യങ്ങളിലെല്ലാം കമ്യൂണിസം തകര്‍ന്നതിന് പലവിധ കാരണങ്ങള്‍ കണ്ടെത്താന്‍ സാധിക്കും.
🔴 എന്തുകൊണ്ട് കമ്യൂണിസ്റ്റ്
രാഷ്ട്രങ്ങള്‍ തകര്‍ന്നു?
സോവ്യറ്റ് യൂണിയന്‍, കിഴക്കന്‍ യൂറോപ്പ് രാജ്യങ്ങള്‍ ഉള്‍പ്പെടെ എല്ലാ രാജ്യങ്ങളിലെയും കമ്യൂണിസ്റ്റു സ്വപ്നലോകത്തേക്കുള്ള യാത്ര പാതിവഴിയില്‍ നിലച്ചുപോയത് വളരെ സങ്കീര്‍ണ്ണവും ബഹുമുഖവുമായ കാരണങ്ങള്‍ കൊണ്ടാണ്. കമ്യൂണിസം ഒരു നൂതന സമ്പദ് വ്യവസ്ഥയെ അവതരിപ്പിച്ചുവെങ്കിലും അതിന്‍റെ പോരായ്മ കമ്യൂണിസത്തന്‍റെ തകര്‍ച്ചയ്ക്ക് ഏറ്റവും പ്രധാനഘടകമായി മാറി. സ്വകാര്യസ്വത്തോ ലാഭേഛയോ ഇല്ലാതിരുന്നതിനാല്‍ തൊഴിലാളികള്‍ കഠിനാധ്വാനം ചെയ്യാനോ ഉത്പന്നങ്ങളുടെ ഗുണമേന്മ വര്‍ദ്ധിപ്പിക്കാനോ തയ്യാറായില്ലെന്ന ആക്ഷേപം എങ്ങും ഉയര്‍ന്നു. പാശ്ചാത്യ മുതലാളിത്ത രാജ്യങ്ങള്‍ സാങ്കേതികമായി വളര്‍ന്നപ്പോള്‍ കമ്യൂണിസ്റ്റു രാജ്യങ്ങള്‍ക്ക് ആധുനിക സാങ്കേതിക വിദ്യയിലും ഉത്പാദനക്ഷമതയിലും പിന്നോട്ടുപോകേണ്ടിവന്നു. തല്‍ഫലമായി കമ്യൂണിസ്റ്റു രാജ്യങ്ങളിലെ ജനങ്ങളുടെ ജീവിതനിലവാരവും പാശ്ചാത്യ മുതലാളിത്ത രാജ്യങ്ങളിലെ ജനങ്ങളുടെ ജീവിതനിലവാരവും തമ്മില്‍ വലിയ അസന്തുലിതാവസ്ഥ സംജാതമായി.
കമ്യൂണിസ്റ്റ് ഭരണാധികാരികളുടെ ഏകാധിപത്യ പ്രവണതകള്‍ ഈ പ്രത്യയശാസ്ത്രത്തിന്‍റെ തകര്‍ച്ചയ്ക്ക് കാരണമായ മറ്റൊരു ഘടകമായിരുന്നു. എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്തല്‍, പ്രതിപക്ഷത്തിന് ഭരണത്തില്‍ ഇടമില്ലാത്ത സാഹചര്യം, പൗരാവകാശങ്ങള്‍ നിഷേധിക്കപ്പെടുകയും അഭിപ്രായസ്വാതന്ത്ര്യത്തിനും മാധ്യമസ്വാതന്ത്ര്യത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തതെല്ലാം കമ്യൂണിസ്റ്റു ഭരണകൂടങ്ങളുടെ തകര്‍ച്ചയുടെ ആഘാതം വര്‍ദ്ധിപ്പിച്ചു. പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നിലനിന്ന അഴിമതിയും കെടുകാര്യസ്ഥതയും പാര്‍ട്ടിയുടെ വിശ്വാസ്യത തകര്‍ത്ത സംഗതികളാണ്.
സോവ്യറ്റ് യൂണിയനും അമേരിക്കയും തമ്മിലുള്ള ശീതയുദ്ധം കമ്യൂണിസ്റ്റു ബ്ലോക്കിന് വലിയ സാമ്പത്തികഭാരം അടിച്ചേല്‍പ്പിച്ചു. അമേരിക്കയുടെ പ്രതിരോധശേഷിയോടു മത്സരിക്കുന്നതിനും സൈനികശേഷിക്കും ആയുധങ്ങള്‍ക്കുംവേണ്ടിയും സോവ്യറ്റ് യൂണിയനു വലിയ തുക ചെലവഴിക്കേണ്ടി വന്നു. ആഭ്യന്തര സാമ്പത്തിക വികസനത്തിന് ഉപയോഗിക്കേണ്ട പണം അതിനായി വഴിതിരിച്ചുവിടേണ്ടിവന്നു. കൂടാതെ പാശ്ചാത്യ രാജ്യങ്ങള്‍ ക്യൂണിസത്തിനെതിരേയും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കേതിരേയും നടത്തിയ ശക്തമായ പ്രചാരണം കമ്യൂണിസ്റ്റു രാജ്യങ്ങളിലെ ജനങ്ങളില്‍ ഭരണകൂടത്തോടു വലിയ വെറുപ്പുളവാക്കാന്‍ കാരണമായി. എല്ലാറ്റിനുമൊടുവില്‍, സോവ്യറ്റ് യൂണിയനില്‍ അധികാരത്തില്‍ വന്ന മിഖായേല്‍ ഗോര്‍ബച്ചേവിന്‍റെ പരിഷ്കാരങ്ങള്‍ കമ്യൂണിസ്റ്റു രാജ്യങ്ങളുടെ പതനം ത്വരിതപ്പെടുത്തി. മറ്റ് കമ്യൂണിസ്റ്റു രാജ്യങ്ങളുടെ ആഭ്യന്തര, സാമ്പത്തിക വളര്‍ച്ചയ്ക്കു യാതൊരു സഹായവും നല്‍കില്ലെന്നു ശഠിച്ചുകൊണ്ടുള്ള ഗ്ലാസ്നോസ്ത്, പെരിസ്ട്രോയിക്ക തുടങ്ങിയ പരിഷ്കാരങ്ങള്‍ സോവ്യറ്റ് യൂണിയനെ ആശ്രയിച്ചു കഴിയുന്ന രാജ്യങ്ങളുടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കുകയും ചെയ്തു.
കമ്യൂണിസത്തിന്‍റെ തകര്‍ച്ചയുടെ കാലഘട്ടം 1989 മുതല്‍ 1991 വരെയുള്ള കാലത്താണെന്നു കണക്കാക്കുന്നു. 1991 ഡിസംബര്‍ 25ന് സോവ്യറ്റ് യൂണിയന്‍ ഔദ്യോഗികമായി പിരിച്ചുവിടുകയും ഗോര്‍ബച്ചേവ് രാജിവയ്ക്കുകയും സോവ്യറ്റ് യൂണിയന്‍റെ ചെങ്കൊടി ക്രെംലിനില്‍നിന്ന് താഴ്ത്തുകയും ചെയ്തു. ഇതോടെ സോവ്യറ്റ് യൂണിയന്‍റെ ഭാഗമായിരുന്ന 15 രാജ്യങ്ങള്‍ സ്വതന്ത്ര രാഷ്ട്രങ്ങളായി മാറി. ഇങ്ങനെ യൂറോപ്പിലെയും റഷ്യയിലെയും കമ്യൂണിസ്റ്റു യുഗം പൂര്‍ണ്ണായും അവസാനിച്ചു. മാര്‍ക്സിയന്‍ സ്വപ്നം ഈ ഭൂമുഖത്തു നടപ്പാക്കാന്‍ കഴിയില്ലെന്നു നാല്‍പതോളം രാജ്യങ്ങളാണ് ഒരുപോലെ തെളിയിച്ചത്.
🔴 1925-ഡിസംബർ 26- ലെ
കാൺപൂർ സമ്മേളനവും ഇന്ത്യന്‍
കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ രൂപീകരണവും
ഇന്ത്യന്‍ കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ ചരിത്രം പ്രധാനമായും മൂന്നു ഘട്ടങ്ങളായി മനസ്സിലാക്കണം. ഒന്നാം ഘട്ടമായി, 1917ലെ റഷ്യന്‍ വിപ്ലവത്തിന്‍റെ വിജയത്തോടെ ഇന്ത്യയില്‍ കമ്യൂണിസ്റ്റു പ്രസ്ഥാനം രൂപീകരിക്കുന്നതിനുള്ള ശ്രമങ്ങള്‍ പല ഭാഗത്തുനിന്നും ആരംഭിച്ചിരുന്നു. 1920 ഒക്ടോബര്‍ 17-നു സോവ്യറ്റ് യൂണിയന്‍റെ ഭാഗമായിരുന്ന താഷ്കന്‍റില്‍ ആയിരുന്നു ഈ ശ്രമങ്ങള്‍ക്കു തുടക്കം കുറിച്ചത്. ബുദ്ധിജീവിയായി കമ്യൂണിസ്റ്റുകള്‍ വാഴ്ത്തുന്ന എം.എന്‍. റോയിയുടെ നേതൃത്വിത്തില്‍ പ്രവാസി ഇന്ത്യക്കാരാണ് ആദ്യമായി ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് തുടക്കമിടുന്നത്. ഇവര്‍ക്ക് സോവ്യറ്റ് യൂണിയനില്‍നിന്നു വേണ്ട സഹായങ്ങള്‍ ലഭിച്ചിരുന്നു. രണ്ടാംഘട്ടമായിട്ടാണ് ഇന്ത്യയില്‍ ആദ്യസമ്മേളനം 1925 ഡിസംബര്‍ 26ന് കാണ്‍പൂരില്‍ നടന്നത്. അവിടെവച്ചാണ് ”കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ” (CPI) രൂപംകൊണ്ടത്. എന്നാല്‍ ഇന്ത്യയിലെ കമ്യൂണിസ്റ്റ് നീക്കത്തെ ബ്രിട്ടന്‍ അടിച്ചമര്‍ത്തി. നേതാക്കള്‍ പലരും ജയിലിലായെങ്കിലും ഈ അടിച്ചമര്‍ത്തല്‍ കമ്യൂണിസ്റ്റ് ആശയങ്ങള്‍ ദേശീയശ്രദ്ധയിലേക്കു കടന്നുവരുവാന്‍ കാരണമായി.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതോടെ കമ്യൂണിസ്റ്റു പ്രസ്ഥാനത്തിന് ഇന്ത്യയിലെ ഏതാനും സ്റ്റേറ്റുകളില്‍ മാത്രമാണ് സ്വീകാര്യത ലഭിച്ചത്. അതില്‍ കേരളം, പശ്ചിമ ബംഗാള്‍, ത്രിപുര എന്നീ സംസ്ഥാനങ്ങളുടെ പേരുകള്‍ എടുത്തുപറയേണ്ടതാണ്. 1957ല്‍ ജനാധിപത്യ പ്രക്രിയയിലൂടെ ലോകത്ത് ആദ്യമായി ഇ.എം.എസ് നമ്പൂതിരിപ്പാടിന്‍റെ നേതൃത്വത്തില്‍ കമ്യൂണിസ്റ്റു ഭരണകൂടം കേരളത്തില്‍ അധികാരത്തില്‍ വന്നു.
🔴 കമ്യൂണിസ്റ്റ് പാർട്ടിയിലെ പിളർപ്പും
മാവോയിസ്റ്റ് രൂപീകരണവും
1964-ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടായി. ചൈനയുടെയും റഷ്യയുടെയും കമ്യൂണിസ്റ്റു നേതാക്കള്‍ തമ്മില്‍ പ്രത്യയശാസ്ത്രപരമായുള്ള തര്‍ക്കങ്ങള്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റുകളെയും ബാധിച്ചതാണ് ഇതിനു കാരണമെന്നു പറയപ്പെടുന്നു. കൂടാതെ, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസുമായുള്ള ബന്ധം, സായുധവിപ്ലവം വേണ്ടിവരുമോ എന്നതിനേക്കുറിച്ചുള്ള അഭിപ്രായവ്യത്യാം തുടങ്ങിയവയെല്ലാം ഈ പിളര്‍പ്പിനു കാരണമായി. റഷ്യന്‍ ഭാഗത്ത് നിലയുറപ്പിച്ചവര്‍ “കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ”യെന്നും (CPI) ചൈനയുടെ നിലപാടിനോടു ചേര്‍ന്നുനിന്നവര്‍ “കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിറ്റ്)” എന്നും (CPI(M)) അറിയപ്പെട്ടു. എന്നാല്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റു പാര്‍ട്ടികളുടെ പാര്‍ലമെന്‍ററി രീതികളോടു വിയോജിച്ചുകൊണ്ട് ഒരുവിഭാഗം പശ്ചിമബംഗാളിലെ നക്സല്‍ബാരിയില്‍ സമ്മേളിച്ച് സായുധവിപ്ലവത്തിലൂടെ കമ്യൂണിസ്റ്റ് ഭരണം സ്ഥാപിക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കി. അവരാണ് പിന്നീട് “മാവോയിസ്റ്റു” (Maoist)കളായി അറിയപ്പെട്ടത്.
ഇന്ത്യന്‍ കമ്യൂണിസ്റ്റു പാര്‍ട്ടിക്ക് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ സ്വാധീനമുണ്ടായിരുന്നെങ്കിലും പിന്നീട് ഇതിന്‍റെ ശക്തികേന്ദ്രങ്ങളായി മാറിയത് കേരളവും പശ്ചിമബംഗാളും മാത്രമാണ്. 1977 മുതല്‍ 2011 വരെ തുടര്‍ച്ചയായി 34 വര്‍ഷം ജ്യോതിബസുവിന്‍റെയും ബുദ്ധദേവ് ഭട്ടാചാര്യയുടെയും നേതൃത്വത്തില്‍ പശ്ചിമബംഗാള്‍ CPI (M) ഭരിച്ചു. ലോകത്തില്‍ ജനാധിപത്യപരമായ രീതിയില്‍ അധികാരത്തല്‍ വന്ന് ഏറ്റവും കൂടുതല്‍കാലം ഭരണത്തിലിരുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി എന്ന റെക്കോര്‍ഡിട്ടാണ് കമ്യൂണിസ്റ്റ് ഭരണം പശ്ചിമബംഗാളില്‍ അവസാനിച്ചത്. ഇപ്പോഴത്തെ ഇന്ത്യന്‍ രാഷ്ട്രീയം വീക്ഷിക്കുമ്പോള്‍ കമ്യൂണിസത്തിന് പശ്ചിമബംഗാളില്‍ ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകില്ല എന്നുറപ്പിക്കാം.
🔴 കമ്യൂണിസം
കേരളത്തില്‍
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ സോഷ്യലിസ്റ്റ് ചേരിയില്‍നിന്നവരാണ് കേരളത്തില്‍ കമ്യൂണിസത്തിനു വഴിതുറുന്നത്. എ.കെ. ഗോപാലന്‍, കെ.കേളപ്പന്‍, ഇ.എം.എസ്. നമ്പൂതിരിപ്പാട് എന്നിവര്‍ ഇതിന് നേതൃത്വം നല്‍കി. തുടര്‍ന്ന് കയ്യൂര്‍ സമരം, മൊറാഴ സമരം, കരിവെള്ളൂര്‍ കാവുമ്പായി സമരം, പുന്നപ്ര വയലാര്‍ സമരം തുടങ്ങി വിവിധ സായുധപോരാട്ടങ്ങള്‍ സംഘടിപ്പിച്ചുകൊണ്ടാണ് കമ്യൂണിസ്റ്റുപാര്‍ട്ടി കേരളത്തില്‍ വേരുറപ്പിച്ചത്. 1957, 1967, 1980, 1987, 1996, 2006, 2016, 2021 എന്നീ കാലഘട്ടങ്ങളില്‍ കമ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ കേരളത്തില്‍ അധികാരത്തില്‍ വന്നു. ഇപ്പോള്‍ ഭരിക്കുന്ന പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന കമ്യൂണിസ്റ്റ് (ഇടതുപക്ഷ) സര്‍ക്കാര്‍, കേരളചരിത്രത്തില്‍ തുടര്‍ച്ചയായി രണ്ടാം പ്രാവശ്യവും അധികാരത്തിലെത്തിയ സര്‍ക്കാരെന്ന ഖ്യാതിയും നേടി.
🔴 അനിവാര്യമായ അന്ത്യത്തിലേക്കു
മടങ്ങുന്ന ഇന്ത്യൻ കമ്യൂണിസം
ബംഗാളിലും ത്രിപുരയിലും അധികാരം നഷ്ടമായതോടെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ദേശീയസ്വാധീനം ഗണ്യമായി കുറഞ്ഞു. ഇപ്പോൾ കേരളത്തിൽ മാത്രമായൊതുങ്ങി ഒരു ‘പ്രാദേശിക പാർട്ടി’ എന്ന ലേബലിലേക്ക് ചുരുങ്ങി. കൂടാതെ ദേശീയലതത്തിലും കേരളത്തിലും ബി.ജെ.പിയുടെ വളര്‍ച്ചയും വലതുപക്ഷ ദേശീയതയുടെ വ്യാപനവും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കനത്ത വെല്ലുവിളി ഉയര്‍ത്തുന്നു. എല്ലാറ്റിനുമുപരിയായി ആഗോളവല്‍ക്കരണത്തിന്‍റെ കാലഘട്ടത്തില്‍ പരമ്പരാഗതമായ മാര്‍ക്സിസ്റ്റ് നിലപാടുകളെയും സോഷ്യലിസ്റ്റ് ആശയങ്ങളെയും എങ്ങനെ സമകാലികമായി വ്യാഖ്യാനിക്കാമെന്ന കാര്യത്തില്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ വലിയ പ്രതിസന്ധി നേരിടുന്നുവെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.
സാമ്പത്തിക ഉദാരവൽക്കരണത്തിന് ശേഷം ഇന്ത്യയിലുണ്ടായ വലിയൊരു മധ്യവർഗം (Middle Class) കമ്മ്യൂണിസ്റ്റ് വിരുദ്ധമായ വിപണി താല്പര്യങ്ങൾ പുലർത്തുന്നവരാണ്. കൂടാതെ, വികസനത്തിനായി മൂലധന നിക്ഷേപങ്ങളെ (Capital Investment) സ്വാഗതം ചെയ്യേണ്ടി വരുന്നതും എന്നാൽ പ്രത്യയശാസ്ത്രപരമായി മുതലാളിത്തത്തെ എതിർക്കുന്നതും തമ്മിലുള്ള വൈരുദ്ധ്യം അണികളിലും ജനങ്ങളിലും ആശയക്കുഴപ്പമുണ്ടാക്കുന്നു.
കേരളത്തിലെ കമ്യൂണിസത്തിന് ആഗോള കമ്യൂണിസത്തിനു സംഭവിച്ചതുപോലെയോ ബംഗാളിലും ത്രിപുരയിലും സംഭവിച്ചതുപോലെയുള്ള പെട്ടെന്നുള്ള ഒരു അന്ത്യം ഉണ്ടാകാനുള്ള സാധ്യത കുറവാണ്. എന്നാല്‍ പാര്‍ട്ടിയുടെ സ്വാധീനിത്തില്‍ ക്രമാനുഗതമായ ക്ഷയം സംഭവിക്കുന്നു എന്നത് ശ്രദ്ധേയവുമാണ്.
കമ്യൂണിസ്റ്റു പാര്‍ട്ടി കെട്ടിപ്പടുത്ത കാലത്തെ പോരാട്ടചരിത്രവുമായി ഇന്നത്തെ യുവതലമുറയ്ക്ക് യാതൊരു വൈകാരിക ബന്ധവുമില്ല. ആഗോള തൊഴിൽ വിപണിയും സ്റ്റാർട്ടപ്പ് സംസ്കാരവും സ്വപ്നം കാണുന്ന പുതുതലമുറയ്ക്ക് പഴയകാല സമരചരിത്രങ്ങളേക്കാൾ പ്രധാനം തൊഴിലവസരങ്ങളും ആധുനിക അടിസ്ഥാന സൗകര്യങ്ങളുമാണ്. അവര്‍ക്കു വേണ്ടത് മുതലാളിത്ത രാജ്യങ്ങളിലെ സമപ്രായക്കാര്‍ ആസ്വദിക്കുന്ന വികസനവും സൗകര്യങ്ങളുമാണ്. നൂതനസാങ്കേതിക വിദ്യയും ശക്തമായ ഭരണനേതൃത്വവും സാമ്പത്തിക സുരക്ഷയും ഉറപ്പുനല്‍കുന്ന രാഷ്ട്രീയമാണ് അവരുടെ ലക്ഷ്യം. കേന്ദ്രത്തിലെ ശക്തമായ ബി.ജെ.പി സര്‍ക്കാരും നരേന്ദ്രമോദിയുടെ വ്യക്തിപ്രഭാവവും കേരളത്തിലെ യുവാക്കളെ പ്രത്യയശാസ്ത്രത്തോടുള്ള പ്രണയത്തില്‍നിന്നും ദേശീയപുരോഗതി ലക്ഷ്യമാക്കി യാഥാര്‍ത്ഥ്യബോധത്തോടെ രാഷ്ട്രീയത്തെ കാണാന്‍ പ്രേരിപ്പിക്കുന്നു.
തകര്‍ന്നടിഞ്ഞാല്‍ പിന്നീടൊരു തിരിച്ചുവരവ് അസാധ്യമാകുന്ന വിധത്തിലാണ് ആഗോളതലത്തില്‍ കമ്യൂണിസം അസ്തമിച്ചത്. ഇതുപോലൊരു അനിവാര്യമായ അന്ത്യത്തിലൂടെ കേരളത്തിലെ കമ്യൂണിസവും ഒരുകാലത്ത് ഇല്ലാതെയാകുമെന്നു തീര്‍ച്ച. പാര്‍ട്ടി അതിന്‍റെ ചരിത്രപരമായ അന്ത്യത്തിലേക്കുള്ള യാത്ര ആരംഭിച്ചു. തെരഞ്ഞെടുപ്പുകളിൽ കമ്യൂണിസ്റ്റ് കോട്ടകൾ ഒന്നൊന്നായി തകർന്നു വീഴുന്ന കാഴ്ചകൾ അത് സാക്ഷ്യപ്പെടുത്തുന്നു.
