കുമ്പനാട്: ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭയിലെ (ഐ.പി.സി) സീനിയർ ശുശ്രൂഷകനും അനുഗ്രഹീത പ്രഭാഷകനും പ്രവചന വിഷയങ്ങളുടെ ആഴമേറിയ വ്യാഖ്യാതാവുമായിരുന്ന തോന്ന്യാമല കവുങ്ങുംപുരയിടത്തിൽ പാസ്റ്റർ കെ.കെ. ചെറിയാൻ (84) ഒക്ടോബർ 5 നു നിത്യതയിൽ ചേർക്കപ്പെട്ടു. വാർദ്ധക്യസഹജമായ വിശ്രമജീവിതത്തിനായി ഏതാനും വർഷങ്ങളായി കുമ്പനാടിനടുത്ത് ഇരവിപേരൂരിലായിരുന്നു അദ്ദേഹത്തിന്റെ താമസം. തിരുവല്ല ഐപിസി പ്രയർ സെന്റർ സഭയിലായിരുന്നുഅവസാന കാലത്ത് അദ്ദേഹം ആരാധനയിൽ പങ്കെടുത്തിരുന്നത്.
കേരളത്തിലെ പെന്തെക്കോസ്ത് പ്രഭാഷകരിൽ, പ്രവചന വിഷയങ്ങൾ ഇത്രത്തോളം സമഗ്രമായി കൈകാര്യം ചെയ്തിരുന്ന അപൂർവ്വം വ്യക്തിത്വങ്ങളിൽ ഒരാളായിരുന്നു പാസ്റ്റർ കെ.കെ. ചെറിയാൻ. ദാനിയേൽ പ്രവചനവും വെളിപ്പാട് പുസ്തകവും അടിസ്ഥാനമാക്കി അദ്ദേഹം നടത്തിയിട്ടുള്ള തിരുവചന പ്രഭാഷണങ്ങൾ പതിനായിരങ്ങളെയാണ് ആത്മീയമായി സ്വാധീനിച്ചിട്ടുള്ളത്. ഒരു മികച്ച പ്രഭാഷകൻ എന്നതിലുപരി, അനുഗ്രഹീതനായ ഒരു വേദാധ്യാപകൻ എന്ന നിലയിലും അദ്ദേഹംഏവർക്കും സുസമ്മതനായിരുന്നു.
ഇലന്തൂരിൽ നിന്നും തോന്ന്യാമലയിലേക്ക് കുടിയേറിയ കവുങ്ങുംപുരയിടത്തിൽ എന്ന മാർത്തോമ്മാ കുടുംബത്തിലാണ് അദ്ദേഹം ജനിച്ചുവളർന്നത്.
ചെറുപ്രായത്തിൽ തന്നെ മാർത്തോമ്മാ സഭയിൽ വെച്ചു രക്ഷയുടെ അനുഭവം പ്രാപിക്കുകയും, പിന്നീട് പെന്തെക്കോസ്ത് വിശ്വാസത്തിലേക്ക് നയിക്കപ്പെടുകയും ചെയ്തു. തോന്ന്യാമല അസംബ്ലീസ് ഓഫ് ഗോഡ് (എ.ജി) സഭയുടെ ആരംഭ കുടുംബങ്ങളിലൊന്ന് പാസ്റ്റർ കെ.കെ. ചെറിയാന്റേതാണ്.
പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ദൈവവിളി തിരിച്ചറിഞ്ഞ അദ്ദേഹം, തിരുവചന പഠനത്തിനായി പുനലൂർ ബഥേൽ ബൈബിൾ സ്കൂളിൽ ചേർന്നു. റവ. പി.എസ്. ഫിലിപ്പ്, റവ. ടി.ജെ. സാമുവൽ തുടങ്ങിയ പ്രഗത്ഭരുടെ സമകാലികനായി അവിടെ പഠനം പൂർത്തിയാക്കിയെങ്കിലും, തന്റെ ഭാവി ശുശ്രൂഷാമേഖലയായി അദ്ദേഹം തിരഞ്ഞെടുത്തത് ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭയെയായിരുന്നു. ഐ.പി.സിയുടെ റാന്നി, എറണാകുളം, വാളകം, ആലപ്പുഴ എന്നീ സെന്ററുകളിൽ ചീഫ് പാസ്റ്ററായി അദ്ദേഹം സ്തുത്യർഹമായ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മാവേലിക്കര വാണിയംപറമ്പിൽ ജയാ ചെറിയാനാണ് ഭാര്യ.
മക്കൾ: റേച്ചൽ, കോശി, എലിസബത്ത്, സാം, ഏബ്രഹാം, സൂസൻ (എല്ലാവരും യു.എസ്.എ). മരുമക്കൾ: റവ ബിനു ജോൺ, ഡോ. ഷൈനി, ഡോ. പ്രമോദ്, ഷെറിൻ, ജാൻസി, ജോഷ്വ (എല്ലാവരും യു.എസ്.എ).

