തൃശൂർ :തൊഴിൽപരമായ തർക്കങ്ങളും ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങളും നിയമപരവും ജനാധിപത്യപരവുമായ ചർച്ചകളിലൂടെ പരിഹരിക്കപ്പെടേണ്ട വിഷയങ്ങളാണെന്നും, അതിന്റെ മറവിൽ ക്രൈസ്തവ സഭയുടെ ആത്മീയ നേതൃത്വത്തെയും സേവനസ്ഥാപനങ്ങളെയും ലക്ഷ്യമിട്ട് വ്യക്തിഹത്യയും വ്യാജപ്രചാരണങ്ങളും നടത്തുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും പ്രോ ലൈഫ് ഗ്ലോബൽ ഫെലോഷിപ്പ് അഭിപ്രായപ്പെട്ടു. ജൂബിലി മിഷൻ, അമല ആശുപത്രികളുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ പേരിൽ തൃശൂർ അതിരൂപത അധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത് പിതാവിനെ വ്യക്തിപരമായി അധിക്ഷേപിക്കുകയും ആർച്ചുബിഷപ്പ് ഹൗസിനെ ലക്ഷ്യമിട്ട് പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്യുന്നത് പ്രശ്നപരിഹാരത്തിന് സഹായകരമല്ലെന്നും, അത് വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്നും ഫെലോഷിപ്പ് ചൂണ്ടിക്കാട്ടി. ക്രൈസ്തവ ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സാമൂഹിക സേവന സ്ഥാപനങ്ങളും ഏതെങ്കിലും മെത്രാന്റെയോ സന്യാസ സഭാ മേധാവിയുടെയോ സ്വകാര്യ സ്വത്തല്ല. തലമുറകളായി വിശ്വാസികൾ സമർപ്പിച്ച നേർച്ചപ്പണവും സംഭാവനകളും സമൂഹത്തിന്റെ വിശ്വാസവും അനേകരുടെ ത്യാഗപൂർണമായ സേവനവുമാണ് ഈ സ്ഥാപനങ്ങളുടെ യഥാർത്ഥ മൂലധനം. രൂപതകളുടെയും സന്യാസസഭകളുടെയും സ്ഥാപനങ്ങൾ ട്രസ്റ്റ് സംവിധാനങ്ങളുടെയും ഭരണസമിതികളുടെയും സാമ്പത്തിക സമിതികളുടെയും നിയമാനുസൃതമായ സംവിധാനങ്ങളിലൂടെയാണ് പ്രവർത്തിക്കുന്നത്. സ്ഥാപനങ്ങളുടെ ആത്മീയവും ഭരണപരവുമായ നേതൃത്വം നൽകുകയും അവയുടെ സുഗമമായ നടത്തിപ്പിന് ആവശ്യമായ സാഹചര്യം ഒരുക്കുകയും ചെയ്യുക എന്നതാണ് മെത്രാൻമാരുടെയും പ്രൊവിൻഷ്യൽ സുപ്പീരിയർമാരുടെയും ഉത്തരവാദിത്വം. അതിനാൽ ആശുപത്രികളുടെ ഭരണപരമായ എല്ലാ വിഷയങ്ങൾക്കും മെത്രാൻമാരെ വ്യക്തിപരമായി ഉത്തരവാദികളാക്കി അവഹേളിക്കുന്നത് വസ്തുതകൾക്ക് നിരക്കുന്നതല്ല എന്ന് പ്രോ ലൈഫ് ഗ്ലോബൽ ഫെലോഷിപ്പ് ചെയർമാനും കെ.സി.ബി.സി. പ്രോ ലൈഫ് സമിതിയുടെ ആനിമേറ്ററുമായ സാബു ജോസ് പറഞ്ഞു.

