പാരിസ്:ഹൈന്ദവ സംഘടനയുടെ പ്രതിനിധി സംഘത്തിന്റെ സന്ദർശനത്തിനിടെ വനിതാ ജീവനക്കാരെ മാറ്റിനിർത്തിയതിൽ പ്രതിഷേധിച്ച് പാരിസിലെ പ്രശസ്തമായ ഐഫിൽ ടവർ താൽക്കാലികമായി അടച്ചു. ബിഎപിഎസ് (ബോച്ചാസൻവാസി അക്ഷർ പുരുഷോത്തം സ്വാമിനാരായണൻ സൻസ്ഥ) സംഘടനയുമായി ബന്ധപ്പെട്ട നൂറോളം പേരാണ് ശനിയാഴ്ച ഐഫിൽ ടവർ സന്ദർശിക്കാനെത്തിയത്.
സംഘത്തിന്റെ ആവശ്യപ്രകാരം വനിതാ ജീവനക്കാർ ‘കാഴ്ചയിൽപ്പെടരുത്’ എന്ന രീതിയിൽ സന്ദർശനപാതയിലെ വനിതാ ജീവനക്കാരെ മാറ്റി പകരം പുരുഷ ജീവനക്കാരെ നിയോഗിച്ചതാണ് പ്രതിഷേധത്തിന് കാരണമായത്. പാരിസിൽ പുതിയ ഹൈന്ദവ ക്ഷേത്രം തുറക്കുന്നതുമായി ബന്ധപ്പെട്ടാണ് പ്രതിനിധി സംഘം എത്തിയതെന്നാണ് റിപ്പോർട്ട്.
സംഭവം സ്ത്രീകളെ അപമാനിക്കുന്നതും ലിംഗസമത്വത്തിന് വിരുദ്ധവുമായ നടപടിയാണെന്ന് ചൂണ്ടിക്കാട്ടി വനിതാ ജീവനക്കാർ പ്രതിഷേധിച്ചു. ജീവനക്കാർ പണിമുടക്കിയതിനെ തുടർന്ന് തിങ്കളാഴ്ച ഐഫിൽ ടവർ അടയ്ക്കുകയായിരുന്നു. മാനേജ്മെന്റ് വനിതാ ജീവനക്കാരോട് ക്ഷമാപണം നടത്തുകയും ചർച്ചയ്ക്ക് ക്ഷണിക്കുകയും ചെയ്തു.
സംഭവത്തിൽ ഫ്രഞ്ച് രാഷ്ട്രീയ നേതൃത്വവും പ്രതിഷേധം രേഖപ്പെടുത്തി. ഐഫിൽ ടവറിലെ പ്രതിഷേധത്തിന് കാരണമായ ആരോപണങ്ങളിൽ പാരിസ് ഡപ്യൂട്ടി മേയർ ഇമ്മാനുവൽ ഗ്രിഗ്വാർ അന്വേഷണത്തിന് ഉത്തരവിട്ടു. ജീവനക്കാരുടെ ആശങ്കകൾ ന്യായമാണെന്നും അടിയന്തര ശ്രദ്ധ അർഹിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
‘സ്ത്രീകളുമായുള്ള സമ്പർക്കം’ പരിമിതപ്പെടുത്തുന്ന തരത്തിൽ സന്ദർശനം ക്രമീകരിക്കണമെന്ന ആവശ്യം പ്രതിനിധി സംഘം ഉന്നയിച്ചിരുന്നതായി ഐഫിൽ ടവറിന്റെ നടത്തിപ്പുകാരായ SETE സ്ഥിരീകരിച്ചു. ഇത്തരം നിബന്ധനകൾ അംഗീകരിക്കുന്നത് നീതീകരിക്കാനാകില്ലെന്നും സ്ത്രീകൾക്കും പുരുഷന്മാർക്കും വിവേചനമില്ലാതെ ജോലി ചെയ്യാനും സഞ്ചരിക്കാനും കഴിയണമെന്നുമാണ് ഗ്രിഗ്വാർ പ്രതികരിച്ചത്.
അതേസമയം, സന്ദർശകർക്കുണ്ടാകാവുന്ന തടസ്സങ്ങൾ കുറയ്ക്കുന്നതിനും സാധാരണ പ്രവേശനം ഉറപ്പാക്കുന്നതിനുമായി ഐഫിൽ ടവർ മാനേജ്മെന്റുമായി ഏകോപിച്ചാണ് സന്ദർശനം നടത്തിയതെന്ന് ബിഎപിഎസ് അറിയിച്ചു. സന്ദർശനത്തിനിടെ മറ്റ് പൊതുജനങ്ങൾക്ക് പ്രവേശനം നിഷേധിച്ചതായി അറിവില്ലെന്നും സംഘടന വ്യക്തമാക്കി.

