കാൻ്റർബറി ആർച്ച് ബിഷപ് സാറാ മുല്ലാലി (Sarah Mullally) പാകിസ്താനിലെ ഒരു മുസ്ലിം പണ്ഡിതന് നൽകിയ പുരസ്കാരം ആംഗ്ലിക്കൻ സഭയിലും ബ്രിട്ടീഷ് രാഷ്ട്രീയത്തിലും വലിയ വിവാദമായി. ആർച്ച് ബിഷപ്പിൻ്റെ നടപടിക്കെതിരേ പൊതുജനങ്ങളുടെയും മാധ്യമങ്ങളുടെയും ശക്തമായ പ്രതിഷേധത്തെത്തുടർന്ന് കാന്റർബറി ആർച്ച് ബിഷപ്പിന്റെ ഔദ്യോഗിക വസതിയായ ലാംബെത്ത് പാലസ് ഒടുവിൽ ആ പുരസ്കാരം പിൻവലിക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു.
പാകിസ്താൻ ഉലമ കൗൺസിൽ (Pakistan Ulema Council) ചെയർമാനായ ഹാഫിസ് മുഹമ്മദ് താഹിർ മെഹമൂദ് അഷ്ഫി (Hafiz Muhammad Taahir Mehmood Ashrafi) എന്ന മുസ്ലിം പണ്ഡിതനാണ് കാൻ്റർബറി ആർച്ച് ബിഷപ് സാറാ മുല്ലാലി ലാംബെത്ത് പാലസിൽ വെച്ച് പുരസ്കാരം നൽകിയത്.
പാകിസ്താനിലെ മതസൗഹാർദ്ദത്തിനും ന്യൂനപക്ഷങ്ങളുടെ, പ്രത്യേകിച്ചും ക്രിസ്ത്യൻ സമൂഹത്തിന്റെ സംരക്ഷണത്തിനും നൽകിയ സംഭാവനകൾ മാനിച്ചാണ് ‘ഹ്യൂബർട്ട് വാൾട്ടർ അവാർഡ് ഫോർ റീകൺസിലിയേഷൻ ആൻഡ് ഇൻ്റർഫെയ്ത്ത് കോപ്പറേഷൻ’ (Hubert Walter Award for Reconciliation and Interfaith Cooperation) എന്ന പുരസ്കാരം നൽകാൻ ആഗ്ളിക്കൻ സഭ തീരുമാനിച്ചത്.
എന്നാൽ ഈ അവാർഡു നൽകിയ ദിവസം 9/11 ഭീകരാക്രമണത്തിന്റെ വാർഷിക ദിനവുമായി (സെപ്റ്റംബർ 11) ഒത്തുവന്നത് പലരും ശ്രദ്ധിച്ചിരുന്നു. പുരസ്കാര പ്രഖ്യാപനത്തിന് പിന്നാലെ ഹാഫിസ് അഷ്റഫി മുൻകാലങ്ങളിൽ നടത്തിയ ചില വിവാദ പരാമർശങ്ങൾ പുറത്തുവന്നതോടെയാണ് രാജ്യത്തു വലിയ പ്രതിഷേധങ്ങൾ ഉയർന്നത്.
2007-ൽ പ്രശസ്ത എഴുത്തുകാരൻ സൽമാൻ റുഷ്ദിക്ക് ബ്രിട്ടീഷ് സർക്കാർ ‘സർ’ പദവി നൽകിയതിനെതിരെ പ്രതികരിക്കവെ, അഷ്റഫി അന്ന് ഒസാമ ബിൻ ലാദനെ ‘സെയ്ഫുല്ല’ (ദൈവത്തിന്റെ വാൾ) എന്നും റഷ്യൻ, അമേരിക്കൻ, ബ്രിട്ടീഷ് ശക്തികൾക്കെതിരെ പോരാടിയ ഒരു ‘മുജാഹിദ്’ എന്നും വിശേഷിപ്പിച്ചിരുന്നു. 9/11 ആക്രമണത്തിന്റെ മുഖ്യ ആസൂത്രകനെ പ്രകീർത്തിച്ച ഒരാൾക്ക് മതസൗഹാർദ്ദത്തിനുള്ള പുരസ്കാരം നൽകിയത് വലിയ വഞ്ചനയാണെന്നാണ് വിമർശകർ ചൂണ്ടിക്കാണിച്ചത്.
കൂടാതെ പാകിസ്താനിലെ കടുത്ത മതനിന്ദാ നിയമങ്ങളെ അഷ്റഫി പിന്തുണയ്ക്കുന്നതും, സ്ത്രീകളുമായ ബന്ധപ്പെട്ട് അയാൾ സ്വീകരിക്കുന്ന കടുത്ത യാഥാസ്ഥിതിക നിലപാടുകളും മനുഷ്യാവകാശ സംഘടനകളുടെയും മതേതര സംഘടനകളുടെയും വിമർശനത്തിന് ഇടയാക്കിയിരുന്നു.
വ്യത്യസ്ത വിശ്വാസങ്ങൾക്കിടയിൽ സംവാദങ്ങൾ നടക്കേണ്ടത് അത്യാവശ്യമാണെങ്കിലും, അഷ്റഫിയുടെ മുൻകാല പരാമർശങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് പുരസ്കാരം പിൻവലിക്കാൻ തീരുമാനിക്കുകയായിരുന്നു എന്ന് സഭ വ്യക്തമാക്കി. എന്നാൽ താൻ നടത്തിയ പഴയ പരാമർശങ്ങൾ സന്ദർഭത്തിൽ നിന്ന് അടർത്തിമാറ്റി തനിക്കെതിരെ അപവാദ പ്രചാരണം നടത്തുകയാണെന്നാണ് അഷ്റഫി ബിബിസിയോട് പ്രതികരിച്ചത്.
ഇതിനിടെ ലണ്ടനിലെ ചരിത്രപ്രസിദ്ധമായ സെന്റ് പോൾസ് കത്തീഡ്രലിൽ (St Paul’s Cathedral) പ്രശസ്ത നൈറ്റ്ക്ലബായ ഫാബ്രിക്കിനു (Fabric) സംഗീത പരിപാടികൾ സംഘടിപ്പിക്കാൻ വിട്ടുകൊടുത്തതും, ലണ്ടൻ മേയർ സാദിഖ് ഖാൻ ഇതിനെ പിന്തുണച്ച് രംഗത്തുവന്നതും ബ്രിട്ടനിൽ വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിട്ടുണ്ട്.
2030 വരെ കത്തീഡ്രലിൽ സമകാലിക സംഗീത പരിപാടികൾ സംഘടിപ്പിക്കും. ലോകോത്തര സംഗീതവും ലണ്ടന്റെ പ്രധാന നാഴികക്കല്ലുകളിലൊന്നായ സെൻ്റ് പോൾസ് കത്തീഡ്രലും ഒത്തുചേരുന്നത് ഒരു പുതിയ അനുഭവമായിരിക്കുമെന്നാണ് സാദിഖ് ഖാൻ പറഞ്ഞത്.
ക്രിസ്ത്യൻ ആരാധനാലയങ്ങളെയും പള്ളികളെയും ഒരു ‘നൈറ്റ്ക്ലബ്’ പോലെ മാറ്റിമറിക്കാൻ ശ്രമിക്കുന്നുവെന്നും, ഇത് പള്ളിയുടെ പവിത്രതയെ തകർക്കുന്നതാണെന്നും ചൂണ്ടിക്കാട്ടി വിവിധ ക്രൈസ്തവ സംഘടനകളും പൊതുജനങ്ങളും ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്.
ഇത് നൈറ്റ്ക്ലബ് പാർട്ടികളോ റേവുകളോ അല്ലെന്നും, പൂർണ്ണമായും ഇരുന്നുള്ള സംഗീത കച്ചേരികൾ (Seated, minimal-amplification concerts) മാത്രമായിരിക്കുമെന്നുമാണ് കത്തീഡ്രൽ അധികൃതർ പറയുന്നത്.
ബിൻലാദനെ പ്രകീർത്തിച്ച വ്യക്തിക്ക് കാൻ്റർബറി ആർച്ചുബിഷപ് അവാർഡു നൽകിയതും ആംഗ്ലിക്കൻ സഭയുടെ ലോകത്തിലെ ഏറ്റവും പ്രമുഖ കത്തീഡ്രൽ നൈറ്റ്ക്ലബ് സംഗീത പരിപാടികൾക്ക് നൽകിയതിൽ ഇടപെടാതിരുന്നതിനാലും കാന്റർബറി ആർച്ച് ബിഷപ്പിൻ്റെ രാജിക്കായുള്ള മുറവിളി സഭയിൽ ഉയരുന്നുണ്ട്.
വേണ്ടത്ര പരിശോധനകൾ നടത്താതെ ഇത്തരത്തിലുള്ള തീരുമാനങ്ങളെടുത്ത ലാംബെത്ത് പാലസിന്റെയും ആർച്ച് ബിഷപ്പിന്റെയും നടപടിയെ തീവ്രവലതുപക്ഷ നേതാവായ നൈജൽ ഫറാജ് ചോദ്യം ചെയ്തിരുന്നു.

