പി പി ചെറിയാൻ
അറ്റ്ലാന്റ, ജോർജിയ: 2026 ഒക്ടോബർ 23 — മലങ്കര മാർത്തോമ്മാ സുറിയാനി സഭയും കൊളംബിയ തിയോളജിക്കൽ സെമിനാരിയും ചേർന്ന് വടക്കേ അമേരിക്കൻ ഭദ്രാസനത്തിലെ യുവതലമുറയ്ക്ക് ദൈവശാസ്ത്ര പഠനത്തിനും പരിശീലനത്തിനും കൂടുതൽ അവസരങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെ അറ്റ്ലാന്റയിലെ കാർമൽ മാർത്തോമ്മാ സെന്ററിൽ ധാരണാപത്രത്തിൽ (Memorandum of Understanding – MOU) ഒപ്പുവച്ചു.
മലങ്കര മാർത്തോമ്മാ സുറിയാനി സഭയെ പ്രതിനിധീകരിച്ച് റൈറ്റ് റവ. ഡോ. ഐസക് മാർ ഫിലക്സിനോസ് എപ്പിസ്കോപ്പയും കൊളംബിയ തിയോളജിക്കൽ സെമിനാരിയെ പ്രതിനിധീകരിച്ച് പ്രസിഡന്റ് ആൻഡ് പ്രൊഫസർ ഓഫ് പ്രാക്ടിക്കൽ തിയോളജി റവ. ഡോ. വിക്ടർ അലോയോയുമാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്
ധാരണാപത്രം ഒപ്പുവയ്ക്കുന്ന ചടങ്ങിൽ കൊളംബിയ തിയോളജിക്കൽ സെമിനാരിയുടെ പ്രതിനിധികൾക്കൊപ്പം മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ മറ്റ് പ്രതിനിധികളും സന്നിഹിതരായിരുന്നു.

കൊളംബിയ തിയോളജിക്കൽ സെമിനാരിയുടെ സീനിയർ വൈസ് പ്രസിഡന്റും ഡീൻ ഓഫ് ഫാക്കൽറ്റി ആൻഡ് അക്കാദമിക് അഫയേഴ്സുമായ ഡോ. ക്രിസ്റ്റീൻ റോയ് യോഡർ, ന്യൂ ടെസ്റ്റമെന്റ് വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. രാജ് നടെല്ല, തിയോളജി പ്രൊഫസർ ഡോ. മാർത്ത മൂർ-കീഷ്, റവ. ഡോ. ചെറിയാൻ തോമസ്, റവ. സ്കറിയ വർഗീസ്, റവ. ജേക്കബ് തോമസ്, അറ്റ്ലാന്റയിലെ കാർമൽ മാർത്തോമ്മാ സെന്റർ ഡയറക്ടർ റവ. ഡോ. ജെയിംസൺ കെ. പള്ളിക്കുന്നേൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
യുവതലമുറയെ ദൈവശാസ്ത്ര പഠനത്തിലേക്ക് പ്രോത്സാഹിപ്പിക്കുക, സഭയുടെ ഭാവി നേതൃത്വത്തെ വാർത്തെടുക്കുക, വടക്കേ അമേരിക്കയിലെ മാർത്തോമ്മാ സഭയുടെ ദൗത്യവും ശുശ്രൂഷയും കൂടുതൽ ശക്തിപ്പെടുത്തുക എന്നിവയാണ് ഈ പങ്കാളിത്തത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.
ക്രിസ്തു നൽകിയ മഹത്തായ സുവിശേഷ ദൗത്യമായ “നിങ്ങൾ പുറപ്പെട്ടു, സകല ജാതികളെയും ശിഷ്യരാക്കുവിൻ” (മത്തായി 28:19) എന്ന ആഹ്വാനവും “ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും” (അപ്പൊസ്തലപ്രവൃത്തികൾ 1:8) എന്ന കല്പനയും ഏറ്റെടുത്തുകൊണ്ട്, വരുംതലമുറകളിൽ വിശ്വാസവും ദൈവശാസ്ത്രപരമായ അറിവും സഭാശുശ്രൂഷയോടുള്ള പ്രതിബദ്ധതയും വളർത്തുന്നതിനുള്ള സുപ്രധാന ചുവടുവയ്പായാണ് ഈ ധാരണാപത്രം വിലയിരുത്തപ്പെടുന്നത്

