മിഡ്നാപൂർ: പശ്ചിമ ബംഗാളില്‍ ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കുവാന്‍ ആവശ്യപ്പെട്ട് തീവ്രഹിന്ദുത്വവാദികള്‍ ആക്രമണം നടത്തിയ ബംഗാളിലെ ക്രിസ്ത്യൻ കുടുംബങ്ങൾക്ക് പോലീസ് സംരക്ഷണം. പാസ്കിം മിഡ്നാപൂർ ജില്ലയിൽ ക്രിസ്ത്യൻ കുടുംബങ്ങൾക്കുനേരെ തീവ്ര ഹിന്ദുത്വ സംഘടനയായ ബജ്രംഗ്ദള് പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയെന്ന ആരോപണത്തിൽ പോലീസ് എഫ്.ഐ.ആർ (FIR) രജിസ്റ്റർ ചെയ്ത ശേഷമാണ്, ഇരകളായ കുടുംബങ്ങൾക്ക് പോലീസ് സംരക്ഷണം ഏർപ്പെടുത്തിയത്. കഴിഞ്ഞ ശനിയാഴ്ച ഇവരുടെ വീടുകൾക്ക് പുറത്ത് പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചുകൊണ്ടാണ് സംരക്ഷണം നൽകിയത്.
യേശുക്രിസ്തുവിലുള്ള വിശ്വാസം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട്, പ്രായപൂർത്തിയാകാത്ത കുട്ടികളടങ്ങിയ മൂന്ന് കുടുംബങ്ങളെ ആക്രമിച്ചുവെന്നും, ബലാത്സംഗ ഭീഷണിയും വധഭീഷണിയും മുഴക്കിയെന്നും ആരോപിച്ച് ക്രൈസ്തവ വിശ്വാസിയായ സ്ത്രീ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഒക്ടോബർ 20-ന് ചന്ദ്രകോണ പോലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു കേസെടുത്തത്. എഫ്.ഐ.ആറിൽ പതിമൂന്ന് പേരെ പ്രതിചേർത്തിട്ടുണ്ട്. പരാതിക്കാരിയുടെ മൊഴിപ്രകാരം ഇവർ ബജ്രംഗ്ദളുമായി ബന്ധമുള്ളവരാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കുടുംബങ്ങൾക്ക് പോലീസ് സംരക്ഷണം നൽകിയിട്ടുണ്ടെങ്കിലും, ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലായെന്ന് ബംഗിയ ക്രിസ്റ്റിയ പരിസേബ’ (BCP) എന്ന സംഘടനയുടെ സ്ഥാപകനായ ഹെറോദ് മല്ലിക്ക് ‘ഹിന്ദു’ ദിനപത്രത്തോട് വെളിപ്പെടുത്തി.

